ഹാ കഷ്ടം ജോര്‍ജ്ജ്

സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബി ജെ പി സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടത്തില്‍ പങ്കെടുത്തത് ഫഌഗ് ഓഫ് ചെയ്തത് വിവാദമായിരിക്കുകയാണല്ലോ. പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങില്‍ അദ്ദേഹം ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം വേദി പങ്കിട്ടു. മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത് പാപമായി കരുതുന്നില്ലെന്നും സര്‍ദാര്‍ പട്ടേലിനോടുള്ള ബഹുമാനം […]

xസര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബി ജെ പി സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടത്തില്‍ പങ്കെടുത്തത് ഫഌഗ് ഓഫ് ചെയ്തത് വിവാദമായിരിക്കുകയാണല്ലോ. പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം നടന്ന ചടങ്ങില്‍ അദ്ദേഹം ബി ജെ പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം വേദി പങ്കിട്ടു. മോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ട് അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത് പാപമായി കരുതുന്നില്ലെന്നും സര്‍ദാര്‍ പട്ടേലിനോടുള്ള ബഹുമാനം മൂലമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നുമാണ് വിവാദത്തോട് ജോര്‍ജ്ജിന്റെ മറുപടി. കെ എം മാണി സി പി എം പ്ലീനത്തില്‍ പങ്കെടുത്തതുപോലെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 1100 കേന്ദ്രങ്ങളില്‍ ഞായറാഴ്ച റണ്‍ ഫോര്‍ യൂണിറ്റി കൂട്ടയോട്ടം നടന്നു. വഡോദരയില്‍ നരേന്ദ്ര മോഡിയും അഹമ്മദാബാദില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുമാണ് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മുന്‍കൈയ്യെടുത്താണ് പ്രതിമ സ്ഥാപിക്കുന്നത്.
പിസി ജോര്‍ജ്ജിന് ഏതു പരിപാടിയിലും പങ്കെടുക്കാം. പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചര്‍ച്ച നടക്കട്ടെ. എന്നാല്‍ സിപിഎം പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ മാണി പങ്കെടുത്തുപോലെയല്ല ഇത്. പട്ടേലിനെ ഇപ്പോള്‍ എന്തിന് മോഡി ഉയര്‍ത്തി കൊണ്ടുവരുന്നു, പട്ടേല്‍ എങ്ങനെയാണ് ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമാകുന്നത്, ഗാന്ധിജിയും ജവഹര്‍ലാലുമടക്കമുള്ളവര്‍ക്ക് എന്തുകൊണ്ട് പ്‌ട്ടേലുമായി ഭിന്നതയുണ്ടായി തുടങ്ങിയ കാര്യങ്ങളെങ്കിലും ജോര്‍ജ്ജ് പരിശോധിക്കേണ്ടതായിരുന്നു.
പൊതുവില്‍ ഇടത്തോട്ടായിരുന്ന നെഹ്‌റു യുഗത്തില്‍ വലതുപക്ഷ വിചാരഗതി കൊണ്ടുനടന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖനായിരുന്നു പട്ടേല്‍. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസുകാരനായി ജീവിക്കുകയും നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരം കൈയാളുകയും ചെയ്ത അദ്ദേഹം ആര്‍.എസ്.എസിനും നരേന്ദ്ര മോഡിക്കും പ്രിയങ്കരനായത്.
അഹമ്മദാബാദില്‍ വക്കീല്‍പണിയുമായി കഴിഞ്ഞുകൂടിയ പട്ടേലിനെ ഗാന്ധിജിയാണ് കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്കും 1931ല്‍ പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്കും ആനയിച്ചതും ഗാന്ധിജി തന്നെ. അല്ലാത്തപക്ഷം ഒരുപക്ഷെ അന്നുതന്നെ പട്ടേല്‍ ഹിന്ദുത്വത്തിന്റെ പ്രകടമായ വക്താവാകുമായിരുന്നു. ഹിന്ദു മഹാസഭയുടെയും ആര്‍.എസ്.എസിന്റെയും ചിന്താഗതിയുമായി തുടക്കം മുതലേ പട്ടേല്‍ ആഭിമുഖ്യം കാട്ടിയിരുന്നു എങ്കിലും അതുമായി പൂര്‍ണ്ണമായി താദാത്മ്യം പ്രാപിച്ചില്ല. മുസ്ലിംകള്‍ക്കുവേണ്ടി പാകിസ്താന്‍ പിറവികൊണ്ട സ്ഥിതിക്ക് സ്വതന്ത്ര ഇന്ത്യ ഹിന്ദുരാഷ്ട്രം ആവണമെന്ന ഗോള്‍വാള്‍ക്കറുടെയും സമാനചിന്താഗതിക്കാരുടെയും വാദത്തെയും പട്ടേല്‍ അംഗീകരിച്ചിരുന്നില്ല. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ആസാദിന്റെയും സാമീപ്യമാവണം നിര്‍ണായകഘട്ടങ്ങളില്‍ പട്ടേലിനെ മതേതരനായി നിലനിര്‍ത്തിയത്. സ്വാതന്ത്ര്യത്തിനും മഹാത്മജിയുടെ വധത്തിനും ഇടയിലുള്ള ആറുമാസം ഗാന്ധിജിയും നെഹ്‌റുവും പട്ടേലും ചേര്‍ന്ന ത്രിമൂര്‍ത്തികളാണ് ഇന്ത്യയെ മതേതര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അണിയറ ഒരുക്കങ്ങള്‍ നടത്തിയതെന്ന് പട്ടേലിന്റെ ജീവചരിത്രകാരനായ രാജ്‌മോഹന്‍ ഗാന്ധി പറയുന്നു.
എന്നാല്‍ ഇന്ത്യാ – പാക് വിഭജനത്തോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. ഹിന്ദു – മുസ്ലിം വര്‍ഗീയത അതിന്റെ ബീഭത്സമുഖം തുറന്നുകാട്ടുകയും ദശലക്ഷക്കണക്കിന് നിരപരാധികള്‍ അതിര്‍ത്തിയിലും തലസ്ഥാനനഗരിയിലും പിടഞ്ഞുമരിക്കുകയും ചെയ്തപ്പോള്‍ പട്ടേലും മാറുകയായിരുന്നു. അപ്പോള്‍ ആഭ്യന്തരം കൈയാളുന്ന പട്ടേലിനു വന്‍ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മൂക്കിനുതാഴെ കലാപങ്ങള്‍ പടരുകയായിരുന്നു. അതോടെ ഗാന്ധിജിയും നെഹ്‌റുവും അസ്വസ്ഥരായി. എന്നാല്‍ പ്രശ്‌നത്തെ വളരെ ലളിതമായായിരുന്നു പട്ടേല്‍ കണ്ടത്. ന്യൂനപക്ഷവിഭാഗങ്ങള്‍ കൊല്ലപ്പെടുന്നില്ല എന്നും പലായനം ചെയ്യപ്പെടുന്നില്ല എന്നുമായിരുന്നു അദ്ദേഹത്തെിന്റെ മറുപടി.
തുടര്‍ന്നാണ് 1948 ജനുവരി 12ന് മഹാത്മജി നിരാഹാരം തുടങ്ങിയത്. അതുമായി ബന്ധപ്പെട്ട് ഗാന്ധിയും പട്ടേലുമായി വാഗ്വാദങ്ങളും ഉണ്ടായിട്ടുണ്ട്. രോഷാകുലനായ സര്‍ദാര്‍ പട്ടേല്‍, ഗാന്ധിജിയോട് വളരെ പരുഷമായ ഭാഷയില്‍ തട്ടിക്കയറിയെന്നും അതു കണ്ട് താനും ജവഹര്‍ലാലും നടുങ്ങുകയും ആശ്ചര്യപ്പെടുകയും ചെയ്തതായി മൗലാനാ ആസാദ് രേഖപ്പെടുത്തിയിട്ടുണ്ട്.. നിരാലംബരായ മുസ്ലിംകളെ ഇനി കൊന്നൊടുക്കില്ലെന്നും അഭയാര്‍ഥികളായി തെരുവില്‍ കഴിയുന്നവരെ അവരുടെ വീടുകളിലേക്ക് തിരിച്ചത്തെിക്കുമെന്നും ഉറപ്പുതന്നാലേ നിരാഹാരം അവസാനിപ്പിക്കൂ എന്ന് മഹാത്മജി ശഠിച്ചു. 2,00,000ത്തോളം വരുന്ന ഹിന്ദു – സിഖ് വിശ്വാസികള്‍ ഒത്തുചേര്‍ന്ന് ഗാന്ധിജിക്ക് ആ നിലയില്‍ ഉറപ്പുനല്‍കി. മൗലാനാ ആസാദ് നല്‍കിയ നാരങ്ങാനീര് കുടിച്ച് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. തുടര്‍ന്ന് 1948 ജനുവരി 30ന് ഗാന്ധിജി ഗോദ്‌സെയുടെ വെടിയേറ്റു മരിച്ചു.
ഗാന്ധി വധത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ആഭ്യന്തര മന്ത്രിക്ക് രക്ഷപ്പെടാനാവില്ലെന്ന് ജയപ്രകാശ് നാരായണനടക്കമുള്ളവര്‍ പരസ്യമായി പ്രഖ്യാപിച്ചു. അങ്ങനെയാണ് മനമില്ലാമനസ്സോടെ പട്ടേല്‍ ആര്‍ എസ്എസിനെ നിരോധിച്ചത്. എങ്കിലും വൈകാതെ ചില ഉറപ്പുകളുടെ മറവില്‍ സംഘടനയുടെ മേലുള്ള നിരോധം പിന്‍വലിച്ചു.
ഇത്തരത്തില്‍ ദേശീയപ്രസ്ഥാനത്തിന്റെ പ്രകടമായ ദൗര്‍ബല്യങ്ങളിലൊന്നായിരുന്നു സര്‍ദാര്‍ പട്ടേല്‍. കോണ്‍ഗ്രസ്സായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ആര്‍എസ്എസുകാരന്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ ഐക്യപ്രതീകമായി ഇന്ന് സര്‍ദാര്‍ പട്ടേലിനെ ഉയര്‍ത്തിക്കാട്ടുന്നതും നര്‍മദയുടെ തീരത്ത് 182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഉരുക്കുപ്രതിമയുണ്ടാക്കുന്നതും അതിനായി കൂട്ടയോട്ടങ്ങളും മറ്റും സംഘടിപ്പിക്കുന്നതും. അത് കേവലം നാട്ടുരാജ്യങ്ങളെ ബലം പ്രയോഗിച്ചും അല്ലാതേയും ഇന്ത്യയുടെ ഭാഗമാക്കിയതിന്റെ പേരിലല്ല.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്ഥാനത്ത് സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുമായിരുന്നു എന്നുപോലും മോഡി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഗാന്ധിജിയും പട്ടേലും ഒരേ സംസ്ഥാനത്തുനിന്നുള്ളവരായിരുന്നിട്ടും ഗാന്ധി പിന്തുണച്ചത് നെഹ്‌റുവിനെയായിരുന്നു എന്നത് നിസ്സാരകാര്യമല്ല. കാരണം മതേതര ആദര്‍ശങ്ങള്‍ നെഹ്‌റുവിന്റെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അദ്ദേഹം കരുതി.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ തന്ത്രപൂര്‍വ്വമാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പട്ടേലിനെ പൊടിതട്ടി പുറത്തെടുക്കുന്നത്. അതുമനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കുശാഗ്രബുദ്ധിമാനായ ജോര്‍ജ്ജിന് അതു മനസ്സിലായില്ല എന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒരുപക്ഷെ മാണി സിപിഎം പ്ലീനത്തില്‍ പങ്കെടുത്തതിനു ബദലായാണ് ജോര്‍ജ്ജ് ഈ പരിപാടിയില്‍ പങ്കെടുത്തത്? എങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍…..?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply