ഹാരിസണ്‍ മലയാളം ഭൂമി ; ഭൂരഹിതരുടെ സ്വപ്‌നങ്ങള്‍ തല്ലിക്കെടുത്തരുത്
പ്രഫ. റോണി കെ. ബേബി എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികള്‍ അട്ടിമറിക്കപ്പെടുകയാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസണ്‍ സര്‍വതന്ത്രങ്ങളും പയറ്റിയെങ്കിലും യു.ഡി.എഫ്. സര്‍ക്കാരും സ്‌പെഷ്യല്‍ ഓഫീസറും ഹൈക്കോടതിയിലെ റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടും ഉറച്ച നിലപാടുകള്‍ […]
എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികള്‍ അട്ടിമറിക്കപ്പെടുകയാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു. തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസണ്‍ സര്‍വതന്ത്രങ്ങളും പയറ്റിയെങ്കിലും യു.ഡി.എഫ്. സര്‍ക്കാരും സ്‌പെഷ്യല്‍ ഓഫീസറും ഹൈക്കോടതിയിലെ റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ആര്‍. ഭട്ടും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയാണുണ്ടായത്. എന്നാല്‍, കേരള ചരിത്രത്തില്‍ വിപ്ലവകരമായേക്കാവുന്ന ഒരു നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇപ്പോള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. ആറ് ജില്ലകളിലായി ഹാരിസണ്‍ മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍.) കൈവശംവെച്ചിരിക്കുന്നത് പതിനായിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ്.
കേരളത്തിലെ ഫലഭൂയിഷ്ടമായ ഭൂമി എങ്ങനെയാണ് വിദേശകമ്പനിയായ ഹാരിസണിന്റെ കൈവശം എത്തിയത് എന്നു പരിശോധിക്കാം. 1834 മുതല്‍ ഇതിന്റെ ചരിത്രം ആരംഭിക്കുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളിലെ ഏറ്റവും ഫലഭൂഷ്ടമായ പ്രദേശങ്ങള്‍ രാജാക്കന്‍മാരില്‍നിന്നും അവരുടെ സാമന്തന്‍മാരില്‍നിന്നും പാട്ടത്തിനെടുത്തു ഹാരിസണിന്റെ മുന്‍ഗാമികള്‍ ഏലം, കാപ്പി, തേയില, റബര്‍തോട്ടങ്ങള്‍ ആരംഭിച്ചു. ദി റബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ ട്രസ്റ്റ് ലിമിറ്റഡ്, ദി മലയാളം റബര്‍ ആന്‍ഡ് ടീ പ്ര?ഡ്യൂസിംഗ് കമ്പനി, വാളാര്‍ഡി ടീ എസ്‌റ്റേറ്റ് ലിമിറ്റഡ്, ദി ഈസ്റ്റ് ഇന്ത്യാ ടീ ആന്‍ഡ് പ്ര?ഡ്യൂസംഗ് കമ്പനി, ദി മേപ്പാടി വയനാട് ടീ കമ്പനി തുടങ്ങിയ പല പേരുകളില്‍ ഹാരിസണിന്റെ മുന്‍ഗാമികള്‍ അറിയപ്പെട്ടു. എങ്കിലും ഇവയുടെ എല്ലാം ലണ്ടനിലെ മേല്‍വിലാസം 14, ഗ്രേറ്റ്ടവര്‍ സ്ട്രീറ്റ്, ലണ്ടന്‍ എന്നതായിരുന്നു.
1908 ലെ ഇംഗ്ലീഷ് കമ്പനി നിയമപ്രകാരം 1921 ല്‍ മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡ്, ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍സ് (യുകെ) ലിമിറ്റഡ് രണ്ട് പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടിയാണ് ഭൂമിതട്ടിപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. 1834 ല്‍ പ്രവര്‍ത്തനം ആരംഭിച്ച 14, ഗ്രേറ്റ്ടവര്‍ സ്ട്രീറ്റ്, ലണ്ടന്‍ എന്ന മേല്‍വിലാസത്തില്‍ പ്രവര്‍ത്തിച്ചുവന്ന അഞ്ച് കമ്പനികള്‍ കൂടിച്ചേര്‍ന്ന് മലയാളം പ്ലാന്റേഷന്‍സ് (യു.കെ.) ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനിയായി മാറുകയായിരുന്നു. ഈ പുതിയ കമ്പനി ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്നതിനു വേണ്ടി രൂപീകരിച്ച കമ്പനിയാണ് ഹാരിസണ്‍സ് ആന്‍ഡ് ക്രോസ്ഫീല്‍ഡ് (യുകെ) ലിമിറ്റഡ് എന്ന കമ്പനി.
1921 ല്‍ പുതിയ കമ്പനി രൂപീകരിച്ചതിന്റെ ലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുവരുമ്പോഴാണ് വന്‍ഭൂമി തട്ടിപ്പിന്റെ യഥാര്‍ഥ ചിത്രം മനസിലാകുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലേക്ക് ഒരുലക്ഷത്തോളം ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റപ്പെടുന്നത് വലിെയാരു ചതിയിലൂടെയാണ്. 1923 ല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ പാട്ടംവ്യവസ്ഥയില്‍ നിശ്ചിതകാലത്തേക്ക് മാത്രം കൈവശാധികാരം ഉണ്ടായിരുന്ന ഭൂമി മുഴുവന്‍ ഒരു സുപ്രഭാതത്തില്‍ തീറാധാരപ്രകാരം സ്വന്തമാക്കുന്ന മഹാത്ഭുതമാണ് ഇവിടെ സംഭവിച്ചത്. 87,000 ഏക്കര്‍ ഭൂമി പുതിയ കമ്പനിയിലേക്ക് കൈമാറുന്നതിന് ചമച്ച ആധാരങ്ങള്‍ വ്യാജമാെണന്ന ഗുരുതരമായ പ്രശ്‌നവും ഉയര്‍ന്നുവന്നിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ തോട്ടങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഹാജരാക്കിയ കൊല്ലം രജിസ്ട്രാര്‍ ഓഫീസിലെ 1600/1923 ാം നമ്പര്‍ ആധാരം വ്യാജമാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
1970 ല്‍ കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കപ്പെട്ടതോടുകൂടി വിദേശകമ്പനിയായ തങ്ങള്‍ക്ക് അധികംനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയിെല്ലന്നു മനസിലാക്കിയ ഉടമകള്‍ 1978 ല്‍ രൂപീകരിച്ച മലയാളം പ്ലാന്റേഷന്‍സ് (ഇന്‍ഡ്യ) ലിമിറ്റഡ് എന്ന കമ്പനിക്ക് ഭൂമിയില്‍ അവകാശമുണ്ടെന്നു വരുത്തുന്നതിനു തട്ടികൂട്ടിയതാണ് ഈ ആധാരം. 1970 കളില്‍ ലണ്ടനിലാണ് 1923 ലെ എന്ന പേരില്‍ ആധാരം വ്യാജമായി നിര്‍മ്മിച്ചത് എന്നാണ് സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്.
1999 മുതല്‍ സര്‍ക്കാര്‍ ആറ് വ്യത്യസ്ത കമ്മിഷനുകളെ നിയമിച്ചിരുന്നു. ഇവയെല്ലാം അന്വേഷണ റിപ്പോട്ടില്‍ പറഞ്ഞത് ഹാരിസണ്‍ കൈവശംവച്ചിരിക്കുനനത് സര്‍ക്കാര്‍ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണമെന്നുമാണ്. സുമിത എന്‍. മേനോന്‍ റിപ്പോര്‍ട്ട് (1999), നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് (2005), ജസ്റ്റിസ് എല്‍. മനോഹരന്‍ റിപ്പോര്‍ട്ട് (2007), സജിത്ത് ബാബു റിപ്പോര്‍ട്ട് (2010), വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് (2013), ഡോ. എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് (2015) എന്നിവയാണ് ഇത്. ഫെറ നിയമങ്ങളുടെയും വിദേശകമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തില്‍ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തലത്തിലുള്ള അന്വേഷണമാണ് രാജമാണിക്യം ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ഈ സാഹചര്യതിലാണ് ഹാരിസണ്‍ മലയാളം കമ്പനിക്ക് അനുകൂലമായി ഉന്നതലതലത്തില്‍ വന്‍ഗൂഢാലോചന അരങ്ങേറുന്നത്. കഴിഞ്ഞ എന്‍.ഡി.എഫ്. ഭരണത്തില്‍ 2006 മുതല്‍ 2011 വരെ നിയമനടപടികള്‍ വലിച്ചുനീട്ടുകയായിരുന്നു. 2007 ല്‍ ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിന് അഞ്ച് മന്ത്രിമാര്‍ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടമസമില്ലെന്ന് ജസ്റ്റീസ് എല്‍. മനോഹരന്‍ കമ്മിറ്റി മന്ത്രസഭാ ഉപസമിതിക്കു റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പഠിക്കാന്‍ എന്ന പേരില്‍ അസിസ്റ്റന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റിയെ വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
വീണ്ടും ഒരു കാരണവുമില്ലാതെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ച് സര്‍ക്കാര്‍ 2011 ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയാണ് ചെയ്തത്. ഒന്നിനു പിറകെ ഒന്നായി ആറ് ഹൈക്കോടതി ബെഞ്ചുകളാണ് ഹാരിസണിന് എതിരായ കേസുകള്‍ കേള്‍ക്കുന്നതില്‍ നിന്നും അന്ന് പിന്‍മാറിയത്. കൂടാതെ ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്‌റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസില്‍ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയില്‍ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്. മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയില്‍ ഹാരിസണ്‍ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്തമാക്കുന്ന നിവേദിത പി. ഹരന്‍ റിപ്പോട്ട്, ജസ്റ്റീസ് എല്‍. മനോഹരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് എന്നിവ അന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാതെ പൂഴ്ത്തിവെച്ചു. 2009 ല്‍ തികച്ചും അസാധാരണമായ സാഹചര്യത്തില്‍ ഞായറാഴ്ച കോടതി ചേര്‍ന്നാണ് മുപ്ലിവാലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി വിവിധ എസ്‌റ്റേറ്റുകളിലെ പതിനയ്യായിരത്തില്‍പരം ഏക്കര്‍ സ്ഥലം ഹാരിസണ്‍ അനധികൃതമായി വില്‍ക്കുകയും ചെയ്തു.
ഇക്കുറി ഇടതുസര്‍ക്കാര്‍ അധികാരത്തിവന്ന് ഉടന്‍തന്നെ ഭൂമിൈകയേറ്റ കേസുകളില്‍ സര്‍ക്കാരിനു വേണ്ടി ശക്തമായി വാദിച്ചിരുന്ന സുശീല ആര്‍. ഭട്ടിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. പകരം നിയമിക്കപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകര്‍ കമ്പനികള്‍ക്ക് അനുകൂലമായി കേസുകള്‍ അട്ടിമറിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. നാലു മാസമായി ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി കേസുകള്‍ വാദിക്കാന്‍ പ്രഗല്‍ഭരായ അഭിഭാഷകര്‍ ഇല്ലാത്ത അവസ്ഥയാണ്. ഹാരിസണ്‍ കമ്പനയുടെ ഉന്നതരുമായി കേരളത്തിന്റെ മുഖ്യമന്ത്രി പലതവണ കൂടിക്കാഴ്ച നടത്തിയെന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു. ഹാരിസണിനുവേണ്ടി എല്ലാ സഹായവും ചെയ്തുനല്‍കണമെന്ന് ആവശ്യപ്പെട്ട് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തും പുറത്തുവന്നു.
ഹാരിസണെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ഇല്ലാതാക്കാന്‍ കമ്പനി ശ്രമിക്കുകയാണ്. ഫെബ്രുവരി 21 ന് മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിങ്ങ്) എന്ന കമ്പനി പിരിച്ചുവിട്ടതായി ബ്രിട്ടീഷ് കമ്പനി ഹൗസിന്റെ വിജ്ഞാപനംവന്നത് ഇതിന്റെ ഭാഗമാണ്. ഇത്രയും ഗുരുതരമായ വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുപോലും സര്‍ക്കാര്‍ നടപടി എടുക്കാത്തത് സംശയാസ്പദമാണ്. ഭൂരഹിതരുടെയും ഭൂസമരസംഘടനകളുടെയും വലിയ ആവശ്യമാണ് ഹാരിസണ്‍ മലയാളം കൈവശപ്പെടുത്തിയിരിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുക എന്നത്. ചെങ്ങറയുടെ സമരഭൂമിയില്‍ ആയിരങ്ങള്‍ ഇന്നും കാത്തുകിടക്കുന്നു. ഹാരിസണിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുത്താല്‍ തീരാവുന്നതേയുള്ളു ചെങ്ങറയിലെ സമരക്കാരുടെ ആവശ്യങ്ങള്‍.
(ടിആര്‍ ആന്‍ഡ് ടി തോട്ടം സമരസമിതി കണ്‍വീനറാണ് ലേഖകന്‍)
മംഗളം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in