സ്ത്രീ ശരീരം – കാമന, ഭീതി, വെറുപ്പ്

ജി പി രാമചന്ദ്രന്‍ വസ്ത്രം കൊണ്ട് മൂടിയതും അല്ലാത്തതുമായ സ്ത്രീശരീരം, പുരുഷ കാമനയുടെ അടിസ്ഥാന ചോദനയാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യം മാത്രമല്ല; പരസ്യ/ദൃശ്യമാധ്യമ വ്യവസായത്തിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ ഇറങ്ങി മറിയുന്ന മുതലാളിത്ത നിലനില്‍പ്/അതിജീവന ഫോര്‍മുല കൂടിയാണ്. സ്ത്രീ ശരീരത്തെ സംബന്ധിച്ച പുരുഷ കേസരികളുടെ മനോവിചാരങ്ങളും നിലപാടുകളും വിചാരത്തിനും വിചാരണക്കും വിധേയമാക്കുന്നത് ഈ അടിസ്ഥാന വസ്തുതയെയും ചരിത്ര യാഥാര്‍ത്ഥ്യത്തെയും മറന്നു കൊണ്ടായാല്‍ നാം ചെന്നെത്തുക സദാചാര പൊലീസുകാരുടെ കപട/മൂഢ സ്വര്‍ഗ/നരകത്തിലായിരിക്കും. ഈ ആലോചന തുടങ്ങാനുള്ള കാരണം, കവിയും ഡോക്ടറും ആം […]

imagesജി പി രാമചന്ദ്രന്‍
വസ്ത്രം കൊണ്ട് മൂടിയതും അല്ലാത്തതുമായ സ്ത്രീശരീരം, പുരുഷ കാമനയുടെ അടിസ്ഥാന ചോദനയാണെന്നത് അവിതര്‍ക്കിതമായ യാഥാര്‍ത്ഥ്യം മാത്രമല്ല; പരസ്യ/ദൃശ്യമാധ്യമ വ്യവസായത്തിലൂടെ ശതകോടിക്കണക്കിന് ഡോളര്‍ ഇറങ്ങി മറിയുന്ന മുതലാളിത്ത നിലനില്‍പ്/അതിജീവന ഫോര്‍മുല കൂടിയാണ്. സ്ത്രീ ശരീരത്തെ സംബന്ധിച്ച പുരുഷ കേസരികളുടെ മനോവിചാരങ്ങളും നിലപാടുകളും വിചാരത്തിനും വിചാരണക്കും വിധേയമാക്കുന്നത് ഈ അടിസ്ഥാന വസ്തുതയെയും ചരിത്ര യാഥാര്‍ത്ഥ്യത്തെയും മറന്നു കൊണ്ടായാല്‍ നാം ചെന്നെത്തുക സദാചാര പൊലീസുകാരുടെ കപട/മൂഢ സ്വര്‍ഗ/നരകത്തിലായിരിക്കും.
ഈ ആലോചന തുടങ്ങാനുള്ള കാരണം, കവിയും ഡോക്ടറും ആം ആദ്മി പാര്‍ടി നേതാവും രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാന്‍ തുനിയുന്ന വിദ്വാനുമായ ഡോക്ടര്‍ കുമാര്‍ വിശ്വാസിന്റെ പഴയ ഒരു പ്രസംഗം യുട്യൂബില്‍ പ്രചരിച്ചതിന്റെ കോലാഹലമാണ്. ആം ആദ്മി നേതാക്കളായ മല്ലികാ സാരാഭായിയും സാറാ ജോസഫും തള്ളിപ്പറഞ്ഞ അളവിലും അര്‍ത്ഥവ്യാപ്തിയിലും, ഡോക്ടര്‍ കുമാര്‍ വിശ്വാസോ അരവിന്ദ് കെജ്‌രിവാളോ ഈ പ്രസംഗത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതു പോട്ടെ. സ്ത്രീ ശരീരത്തെ സാംസ്‌ക്കാരിക കാഴ്ചവസ്തു എന്ന നിലക്ക് പരിഗണിക്കുന്ന, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യ/പൈതൃകാധികാര പിന്തുടര്‍ച്ചാ വ്യവസ്ഥക്ക് കീഴ്‌പ്പെട്ടുകൊണ്ടാണ് കുമാര്‍ വിശ്വാസിന്റെ ഈ പൊതുപ്രസംഗ/കവിത ഉരുത്തിരിഞ്ഞിരിക്കുന്നതെന്നതാണ് ആദ്യമേ എടുത്തു പറയേണ്ടത്. നിഷ സൂസന്‍, ലേഡീസ് ഫിംഗര്‍ (വെണ്ടക്ക) എന്ന വെബ്‌സൈറ്റില്‍ എഴുതിയതു പോലെ; കുമാര്‍ വിശ്വാസിന്റെ മാനസികകൊട്ടാര(മൈന്റ് പാലസ്)ത്തിലെ സ്ത്രീ താമസക്കാരുടെ ശരീരങ്ങള്‍, നിറങ്ങള്‍, അഴകളവുകള്‍, ലൈംഗിക പ്രതിനിധാനങ്ങള്‍ ഇവയെ അഭിസംബോധന ചെയ്തുകൊണ്ട് തന്നിലും തന്നിലൂടെ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍(ഉത്തരേന്ത്യന്‍/ഹിന്ദു/സവര്‍ണ/ബ്രാഹ്മണ) പുരുഷന്റെയും ആസക്തികള്‍ എപ്രകാരമാണ് ഉത്പാദിപ്പിക്കപ്പെടുന്നത് എന്ന പ്രശ്‌നത്തെ സമീപിക്കാവുന്നതാണ്. ഈ പ്രശ്‌നത്തെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, ഇന്ത്യന്‍ നഗരസ്ഥിത-മുഖ്യധാരാ മധ്യവര്‍ഗത്തിന്റെ ലിംഗ/ലൈംഗിക പരിഗണനകള്‍ക്കു പുറമെ അഴിമതി, വര്‍ഗീയത, ദേശസ്‌നേഹം, ഫാസിസം, വര്‍ഗ പരിഗണനകള്‍ എന്നിവയെ സംബന്ധിച്ച നിലപാടുകളും പിന്നാലെയും മുന്നാലെയും തെളിഞ്ഞു വരും.
മലയാളി നഴ്‌സുമാരുടെ കറുകറുത്തതും മെലിഞ്ഞൊട്ടിയതുമായ – കാലീ പീലി -ശരീരങ്ങള്‍, തന്നിലെ(തന്നിലൂടെ പ്രതിനിധാനപ്പെടുത്തപ്പെടുന്ന ഇന്ത്യന്‍(ഉത്തരേന്ത്യന്‍/ഹിന്ദു/സവര്‍ണ/ബ്രാഹ്മണ) പുരുഷന്റെ) ലൈംഗിക ഭാവനയെ ഉണര്‍ത്തുകയും ലിംഗത്തെ ഉദ്ധരിപ്പിക്കുന്നുമില്ലെന്നാണ് വിശ്വാസ് നിരീക്ഷിക്കുന്നത്. അതിനാല്‍, കാലീ പീലികളായ മലയാളി നഴ്‌സുമാരെ നമുക്ക് സിസ്റ്റര്‍മാര്‍(സഹോദരിമാര്‍ എന്ന അര്‍ത്ഥത്തില്‍) എന്ന് സധൈര്യം വിളിക്കാന്‍ കഴിയുമത്രെ. ഞാന്‍ കറുത്ത് കുള്ളനായതിനാല്‍ എന്നെ എല്ലാ പെണ്‍കുട്ടികളും ബ്രദേഴ്‌സ് (സഹോദരന്മാര്‍) ആയിട്ടാണ് കണക്കാക്കുന്നതെന്ന് ശ്രീനിവാസന്റെ കഥാപാത്രം ഏതോ സിനിമയില്‍ പറയുന്നതും ഇതു കണ്ടപ്പോള്‍ ഓര്‍ത്തു പോയി. ഇവിടെ പ്രത്യയശാസ്ത്ര നിര്‍മുക്തമായ ആം ആദ്മി പാര്‍ടിക്കകത്ത് സജീവമാകുന്ന ഒരു വൈരുദ്ധ്യം തെളിഞ്ഞു വരുന്നുണ്ടെന്ന് നിഷാ സൂസന്‍ നിരീക്ഷിക്കുന്നു. കറുത്ത സ്ത്രീ ശരീരങ്ങളെല്ലാം ഒരു പോലെ പുരുഷ കാമനകള്‍ ഉണര്‍ത്താന്‍ പര്യാപ്തമല്ല എന്ന് ആം ആദ്മി പാര്‍ടി സാമാന്യമായി വിശ്വസിക്കുന്നില്ല. മലയാളി കറുപ്പ് കടന്ന് കറുകറുത്ത ആഫ്രിക്കന്‍ നിറമായാല്‍ അത് ഉത്തരേന്ത്യന്‍ ലൈംഗികതയെ ഉണര്‍ത്തുമെന്ന് മാത്രമല്ല, നാട്ടു സദാചാരം ലംഘിക്കപ്പെടുമെന്നുമാണ് ആം ആദ്മിയുടെ നിയമമന്ത്രിയും വക്കീലും സുനില്‍ മേനോന്റെ ഭാഷയില്‍ നഗര ഖാപ് പഞ്ചായത്തുകാരനുമായ സോമനാഥ് ഭാരതി കരുതുന്നത്. ഖിഡ്ക്കി വില്ലേജില്‍ താമസിക്കുന്ന ഉഗാണ്ടക്കാരും നൈജീരിയക്കാരും കെനിയക്കാരുമായ സ്ത്രീകളെ വളഞ്ഞു വെച്ച് ഉപദ്രവിക്കുകയും അവരുടെ മൂത്രം പരിശോധിക്കാനായി പരസ്യമായി ആവശ്യപ്പെടുകയും ചെയ്ത ഈ മന്ത്രിപുംഗവന്റെ ആള്‍ക്കൂട്ട ഭ്രാന്തിന് കൂട്ടു നിന്നില്ല എന്ന ആവശ്യത്തിനു കൂടിയാണ് ദില്ലി പോലീസിനെതിരായ അരവിന്ദ് കെജ്‌രിവാളിന്റെ ധര്‍ണ തുടങ്ങിയത്. കറുപ്പിനെ സംബന്ധിച്ചും ഇരുട്ടിനെ സംബന്ധിച്ചും ആം ആദ്മി പാര്‍ടിക്ക് വ്യക്തമായ നിലപാടില്ല എന്നതില്‍ ദു:ഖിക്കേണ്ടതില്ല. കാരണം, പ്രത്യയശാസ്ത്രങ്ങളും ആശയഭാണ്ഡങ്ങളുമില്ലാത്തതിനാലാണ് നഗരസ്ഥിത-മധ്യവര്‍ഗത്തിന്റെ ചാരുകസാര തലച്ചോറുകളില്‍ ആം ആദ്മി പാര്‍ടിക്ക് പിടി മുറുക്കാന്‍ സാധിക്കുന്നത്.
1953ല്‍ തന്നെ കേരള സര്‍ക്കാര്‍, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ എന്ന സ്വയംഭരണ സ്ഥാപനം രൂപീകരിച്ചു.  ആരോഗ്യം, കുടുംബക്ഷേമം എന്നീ വകുപ്പുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുമാണ്. സംസ്ഥാനത്തുള്ള നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ; നഴ്‌സിംഗ്, ഓക്‌സിലറി നഴ്‌സ്/മിഡ്‌വൈവ്‌സ്, ഹെല്‍ത്ത് വിസിറ്റേഴ്‌സ് എന്നീ പഠന വിഭാഗങ്ങളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും പരിശോധിക്കുകയും ഇവയെ ഏകീകരിക്കുകയും ചെയ്യുന്നത് ഈ കൗണ്‍സിലാണ്. ഇപ്രകാരം പഠിച്ചു പാസായി വരുന്നവര്‍ക്ക്, രജിസ്‌ത്രേഷന്‍ നല്‍കുക; ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുക; മറ്റു പരീക്ഷകള്‍ നടത്തുക എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് കൗണ്‍സില്‍ ചെയ്തു വരുന്നത്. നഴ്‌സുമാരുടെ ജീവിത/ജീവന പരിതസ്ഥിതികള്‍ പരിശോധിക്കുകയും അവയെ മനുഷ്യസമാനമാക്കുകയും ചെയ്യുക എന്ന ഗൗരവമേറിയ കാര്യം ഈ കൗണ്‍സിലിന്റെ പരിധിയില്‍ വരുന്നില്ലെന്നു ചുരുക്കം. ഒരു കാലത്ത്, ലോകവ്യാപകമായി തന്നെ പതിത്വം കല്‍പ്പിക്കപ്പെട്ടിരുന്ന നിര്‍ണായകമായ ഒരു ജോലി സധൈര്യം സംശയലേശമെന്യേ ഏറ്റെടുക്കുകയും അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശംസ പിടിച്ചു പറ്റുന്ന തരത്തില്‍ നിര്‍വഹിക്കുകയും ചെയ്തു പോരുന്നവരാണ് കേരളീയരായ സ്ത്രീ നഴ്‌സുമാര്‍ എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ ഔദ്യോഗികമായും അനൗദ്യോഗികമായും നാം അംഗീകരിച്ചില്ലെന്നാണിത് കാണിക്കുന്നത്. അന്ന് ആ ജോലി കേരളീയരായ നഴ്‌സുമാര്‍ ഏറ്റെടുത്തിരുന്നില്ലെങ്കില്‍ ലോകവ്യാപകമായി തന്നെ സംഭവിക്കുമായിരുന്ന, ആതുരശുശ്രൂഷാ രംഗത്തെ വിടവും പ്രതിസന്ധിയും വിനാശവും എവിടെയും അന്വേഷിക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ മേഖലയിലല്ലാത്ത നഴ്‌സുമാര്‍ക്ക് കേരളത്തിനകത്ത് ഒരു സംഘടന രൂപീകരിക്കപ്പെടുന്നതു പോലും 2011ലാണ്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന ഈ സംഘടനയിലെ ഇപ്പോഴത്തെ അംഗസംഖ്യ നാലു ലക്ഷത്തി എഴുപത്തൊമ്പതിനായിരമാണ്. മറ്റു ട്രേഡ് യൂണിയനുകളൊന്നും തിരിഞ്ഞു നോക്കാത്ത ഈ മേഖലയില്‍ നഴ്‌സുമാര്‍ സംഘടിച്ചപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടക്കമുള്ളവര്‍ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തു വന്നുവെന്നതും ശ്രദ്ധേയമാണ്.
കേരളത്തിനു പുറത്ത്, ഇന്ത്യക്കകത്തും പുറത്തുമായി ലക്ഷക്കണക്കിന് മലയാളി സ്ത്രീ നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. ഇവര്‍ പട്ടിണിയിലും അര്‍ദ്ധ പട്ടിണിയിലുമായിരുന്ന എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി പടുത്തുയര്‍ത്തുകയും സുസ്ഥിരമാക്കുകയും ചെയ്തു. കേരളത്തിലെ പല പ്രദേശങ്ങളും, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിലെ മിക്കവാറും ഗ്രാമങ്ങള്‍ സാമ്പത്തികമായും മറ്റു വിധത്തിലും ആധുനികമായത് നഴ്‌സുമാരുടെ പ്രവാസവും സാമ്പത്തിക സംഭാവനകളും മൂലമാണ്. കഴിഞ്ഞ പതിറ്റാണ്ടുകള്‍ മുഴുവനും ഈ പ്രവണത തുടര്‍ന്നു വന്നു. ഭൂപരിഷ്‌ക്കരണവും ഗള്‍ഫ് പ്രവാസവും കേരളത്തെ ആധുനികീകരിച്ചതും മധ്യവര്‍ഗവത്ക്കരിച്ചതും വലിയ വായില്‍ സിദ്ധാന്തീകരിച്ചവരും ഗവേഷണം ചെയ്തവരും നഴ്‌സുമാരുടെ പ്രവാസത്തെയും ത്യാഗസഹനത്തെയും കണ്ടില്ലെന്നു നടിച്ചു. കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, നഴ്‌സുമാര്‍ പൊതുവെ വ്യഭിചാരിണികളോ സൈ്വരിണികളോ ആണെന്ന പൊതു ബോധം വ്യാപിപ്പിക്കുകയും ചെയ്തു. ന്യൂജനറേഷന്‍ കാലത്തു പോലും നഴ്‌സ് എന്നത് ഗ്ലോറിഫൈഡ് വേശ്യയാണെന്നു സ്ഥാപിക്കുന്ന 22 ഫീമെയില്‍ കോട്ടയം പോലുള്ള സിനിമകള്‍ ആഘോഷിക്കപ്പെട്ടത് വെറുതെയല്ല. നഴ്‌സുമാരെ വ്യഭിചാരിണികളാണെന്ന് കുറ്റപ്പെടുത്താത്ത മിതവാദികള്‍ തന്നെ, ഭര്‍ത്താക്കന്മാരെ വിലക്കെടുക്കുന്നവരും മൂലക്കിരുത്തുന്നവരുമായി അവരെ സ്ഥിരമായി ചിത്രീകരിച്ചു. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി പോലുള്ള സിനിമകളില്‍ ഇത്തരം കഥാപാത്രങ്ങളെ കാണാം. ഇനി അതിലും കടന്ന്, വൃദ്ധരായ മാതാപിതാക്കളെ കുമ്പനാട്ടും തിരുവല്ലയിലും മല്ലപ്പള്ളിയിലും കാത്തു കിടന്ന് പരിചരിക്കാതെ കാശിനു വേണ്ടി യൂറോപ്പിലും അമേരിക്കയിലും പോയി പണിയെടുക്കുന്ന ഉത്തരവാദിത്തമില്ലാത്തവരും കുടുംബസ്‌നേഹമില്ലാത്തവരുമായി പൈശാചികവത്ക്കരിച്ചു. വിദ്യാലയങ്ങളിലെയും റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളിലെയും മറ്റും ബോധവത്ക്കരണപ്രസംഗങ്ങളില്‍ ഓക്കാനിക്കുന്ന ഈ വാദങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നു. വൃദ്ധ സദനങ്ങള്‍ എന്ന, സത്യത്തില്‍ അംഗീകരിക്കപ്പെടേണ്ട സാമൂഹ്യരൂപീകരണങ്ങളെ മികച്ച രീതിയില്‍ വികസിപ്പിക്കാന്‍ സാധിക്കാത്തത് ഈ ചരിത്രവിരുദ്ധ മനോഭാവം കൊണ്ടാണ്.
മുല്ലപ്പൂ വിപ്ലവത്തിലെന്നതു പോലെ, ദില്ലിയിലും കൊല്‍ക്കത്തയിലും ദുരിതം സഹിക്കാതെ നഴ്‌സുമാര്‍ ആത്മഹത്യ ചെയ്തപ്പോഴാണ് നഴ്‌സുമാരുടെ സമരം എല്ലായിടത്തും ആരംഭിച്ചത്. മത-രാഷ്ട്രീയ-സാമ്പത്തിക താല്പര്യങ്ങളുണ്ടായിരുന്നതിനാല്‍, നഴ്‌സുമാരുടെ സമരത്തെ പിന്തുണക്കാന്‍ പോലും പൊതു സമൂഹം അറച്ചു നിന്നു. ഈ വിഷയത്തിന്റെ മറ്റു വശങ്ങള്‍ കൂടുതല്‍ ഗൗരവവും സൂക്ഷ്മവുമായ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. നഴ്‌സുമാര്‍; വ്യഭിചാരിണികളും ഭര്‍ത്താക്കന്മാരെ അടിമകളാക്കി വെക്കുന്നവരും മാതാപിതാക്കളെ പരിചരിക്കാത്തവരും ആയതിനാല്‍ പിശാചിന്റെ വര്‍ഗത്തില്‍ പെട്ടവരാണെന്ന് കഴിഞ്ഞ പതിറ്റാണ്ടുകള്‍ കൊണ്ട് നാം സ്ഥിരീകരിച്ചെടുത്തു. അങ്ങിനെ; ആധുനിക വൈദ്യശാസ്ത്രം, രോഗീ ശുശ്രൂഷ, കുടുംബങ്ങളുടെയും നാട്ടിന്‍പുറങ്ങളുടെയും സാമ്പത്തിക വളര്‍ച്ച, വ്യക്തിവികാസം, സ്ത്രീകളുടെ സാമൂഹ്യ പദവി എന്നിങ്ങനെ നിരവധി മേഖലകളില്‍ അവര്‍ നല്‍കിയ സംഭാവനകളും കുതിച്ചുചാട്ടങ്ങളും നമുക്ക് തമസ്‌ക്കരിക്കാനും സാധിച്ചു. അവരുടെ വ്യക്തിത്വത്തെ അവരുടെ ആത്മബോധത്തില്‍ തന്നെ ഇടിച്ചു താഴ്ത്തിയിടാനും സാധ്യമായി. അപ്പോള്‍ അവരെ അടിമകളാക്കി തുടര്‍ന്നും ചൂഷണം ചെയ്തു നിലനിര്‍ത്താന്‍ എളുപ്പമാകുമല്ലോ. അതു കൊണ്ട് ഡോക്ടര്‍ കുമാര്‍ ബിശ്വാസ് എന്ന ആം ആദ്മി രാജകുമാരന്റെ കവിത, കേരളീയ സാമാന്യ ബോധത്തിനെക്കൂടി ആത്മപരിശോധന നടത്തിക്കുന്നതിന് പ്രാപ്തമാക്കുന്ന വിധത്തില്‍ രൂക്ഷമായി പുനര്‍ വായിക്കുകയും കേള്‍ക്കുകയുമാണ് നാം വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply