സോളാര്‍ : സ്വതന്ത്ര ഏജന്‍സി തന്നെ അന്വേഷിക്കണം

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നുവന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സിബിഐ റിപ്പോര്‍ട്ടിലെ സൂചനകളെ കുറിച്ച് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന കെ പി സി സിയുടെ ആവശ്യം തികച്ചും ന്യായമാണ്. രാഷ്ട്രീയമായ ആവശ്യവുമാണ്. അന്വേഷണം ആവശ്യപ്പെട്ടാല്‍ നടത്താമെന്നു നിയമസഭയില്‍ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനാല്‍ അതു നടക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.

സ്വതന്ത്ര ഏജന്‍സി എന്നതുകൊണ്ട് എന്താണ് കെ പി സി സി ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. ഏറെ കാലം കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസിലെ വിവിധ ഘട്ടങ്ങളില്‍ വിവിധ വിഷയങ്ങളില്‍ േൈക്രബ്രാഞ്ചും സിബിഐയും ജുഡീഷ്യല്‍ അന്വേഷണവുമൊക്കെ നടന്നിട്ടുണ്ട്. അതിലേതെങ്കിലും ഒന്നിനെയാണോ അതോ മറ്റെതെങ്കിലും ഏജന്‍സിയെയാണോ ഉദ്ദേശിക്കുന്നത് എന്ന് കെ പി സി സി വ്യക്തമാക്കിയിട്ടില്ല. കേരളപോലീസിനേയും സിബിഐയേയും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറാകില്ല എന്നുറപ്പ്. ഇക്കാരണങ്ങളാലാകാം അന്വേഷണമല്ല, നടപടിയാണ് വേണ്ടതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാല്‍ ഗൂഢാലോചന നടത്തിയവരെ മുഴുവന്‍ പുറത്തുകൊണ്ടുവരാതെ എങ്ങനെയാണ് നടപടി എടുക്കുക? എടുത്താല്‍ തന്നെ അത് അപൂര്‍ണ്ണമാകില്ലേ?

ഉമ്മന്‍ചാണ്ടിയുടെ മരണശേഷം ഒരുമാസം കഴിഞ്ഞപ്പോഴാണ് സോളാര്‍ വീണ്ടും കത്തിയിരിക്കുന്നത്. ചാണ്ടി ഉമ്മന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിഷയം നിയമസഭയിലുമത് കത്തിപടരുകയും ചെയ്തു. ലൈംഗിക പീഡന കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ കെ ബി ഗണേഷ്‌കുമാര്‍, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവരാണ്, പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുകൂട്ടിചേര്‍ത്തതെന്ന സൂചനയാണ് നല്‍കിയത്. ഇവര്‍ മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ പല ഉന്നതരും സംഭവത്തിനു പുറകിലുണ്ടെന്ന് വ്യക്തം. ഉമ്മന്‍ചാണ്ടിയെ കേസില്‍ കുടുക്കിയാല്‍ തനിക്ക് 10 കോടി നല്‍കാമെന്ന് സംസ്ഥാനത്തെ പ്രമുഖരായ രണ്ടു സിപിഎം നേതാക്കള്‍ വാഗ്ദാനം നല്‍കിയെന്ന വാര്‍ത്ത കവര്‍‌സ്റ്റോറിയായി വന്നത് രാജ്യത്തുതന്നെ ശ്രദ്ധേയമായ ഇന്ത്യ ടുഡേയിലായിരുന്നു. പണം കൊടുത്തോ എന്നറിയി്ല്ല. പക്ഷെ പരാതിക്കാരി തനിക്കെിരെയുള്ള മിക്കകേസുകളും പണം കൊടുത്ത ഒത്തുതീര്‍പ്പാക്കി എന്നതു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് പരാതിക്കാരി കേസ് സിബിഐക്കു വിടാന്‍ ആവശ്യപ്പെട്ടതും കയ്യോടെ സര്‍ക്കാര്‍ തീരുമാനമെടുത്തതും. കാസര്‍ഗോട്ടെ ഇരട്ടകൊല, ജിഷ്ണു പ്രണോയിയുടെ മരണം തുടങ്ങി എത്രയോ വിഷയങ്ങളില്‍ കേസ് സിബിഐക്കുവിടണമെന്നാവശ്യമുയര്‍ന്നിട്ടും തയ്യാറാകാതിരുന്ന സര്‍ക്കാരാണ് തിടുക്കപ്പെട്ട് ഈ തീരുമാനമെടുത്തത് എന്നതിനു പുറകില്‍ കക്ഷിരാഷ്ട്രീയമല്ലെന്ന് ഇടതു അനുകൂലികള്‍ പോലും പറയില്ല.

സോളാര്‍ തട്ടിപ്പുകേസിന്റെ തുടര്‍ച്ചയാണ് ലൈംഗിക പീഡനകേസ് എന്നു പറയാമെങ്കിലും രണ്ടും രണ്ടാണ്. സിബിഐയുടെ ഇപ്പോഴത്തെ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ രണ്ടിനേയും കൂട്ടിക്കുഴച്ച് അവ്യക്തതയുണ്ടാക്കാനാണ് നിയമസഭയില്‍ ഭരണപക്ഷം ശ്രമിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കുമെന്ന ഉറപ്പില്‍ സരിതാനായരംു ബിജു രാധാകൃഷ്ണനും നൂറോളം പേരെ വഞ്ചിച്ചു പണം തട്ടിയ കേസാണ് സോളാര്‍ തട്ടിപ്പുകേസ്. സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ടിം സോളാര്‍ കമ്പനിയാണ് വഞ്ചനയും തട്ടിപ്പും നടത്തിയത്. കേന്ദ്ര സര്‍ക്കാറിന്റെയോ അനര്‍ട്ടിന്റെയോ അംഗീകാരമില്ലാത്ത ടീം സോളാറിന് ഈ തട്ടിപ്പില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും ചില മന്ത്രിസഭാംഗങ്ങളും പാര്‍ട്ടിനേതാക്കളും പണംവാങ്ങി പങ്കുചേരുകയോ സഹായിക്കുകയോ ചെയ്തുവെന്നായിരുന്നു ആരോപണം. ആ ആരോപണം ശരിവെച്ച റിപ്പോര്‍ട്ടാണ് ജസ്റ്റിസ് ശിവരാജന്‍ സമര്‍പ്പിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സോളാര്‍ കേസ് കുത്തിപ്പൊക്കിയത് തങ്ങളല്ല, കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെയാണെന്ന സിപിഎമ്മിന്റെ ആരോപണം തട്ടിപ്പുുകേസിനെ കുറിച്ച് ഏറെക്കുറെ ശരിയാണ്. മുമ്പ് കരുണാകരനേയും പിന്നീട് ആന്റണിയേയും മുഖ്യമന്ത്രി പദങ്ങളില്‍ നിന്നു പുറത്താക്കിയത് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളായിരുന്നില്ലല്ലോ. കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. സമാനമായ സംഭവമായിരുന്നു സോളാര്‍ കേസിന്റെ ഉത്ഭവത്തിനും കാരണമായത്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എ ഗ്രൂപ്പും ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഐ ഗ്രൂപ്പുമായി വലിയ പോരാട്ടം നടന്നിരുന്ന സമയമായിരുന്നു അത്. അതിന്റെ ഭാഗമായി ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല എന്നതോര്‍ക്കാവുന്നതാണ്. ആ പോരാട്ടത്തിന്റെ ഭാഗമായി ഐ ഗ്രൂപ്പ് തന്നെയാണ് വിഷയം കുത്തിപ്പൊക്കിയതെന്നതില്‍ സംശയമില്ല. അന്നു പ്രതിപക്ഷം ഏറെക്കുറെ കാഴ്ചക്കാരായിരുന്നു. എന്നാല്‍ പിന്നീട് സരിതാനായരുടെ ഫോണ്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അതില്‍ ഭൂരിഭാഗം കോളുകളും ഐ ഗ്രൂപ്പുകാരുടേതായിരുന്നു എന്നതാണ് തമാശ. അതോടെ ഐ ഗ്രൂപ്പ് പുറകോട്ടുപോകുകയായിരുന്നു.

പിന്നീടാണ് കേസില്‍ വലിയ വഴിത്തിരിവുണ്ടാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയരംഗത്തെ പ്രമുഖരില്‍ നിന്ന് തനിക്ക് ലൈംഗികമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നു എന്ന ആരോപണം പരാതിക്കാരി ഉന്നയിക്കുന്നത് ജയിലില്‍ നിന്നാണ്. അവിടെ നിന്നു അവര്‍ തയ്യാറാക്കിയ കത്താണ് പിന്നീട് ഉമ്മന്‍ചാണ്ടിയുടെ പേര്‍ ചേര്‍ത്ത് പുറത്തുവന്നത്. അതോടെ ഐ ഗ്രൂപ്പ് പുറകോട്ടുപോകുകയും അക്രമണത്തിന്റെ കുന്തമുന സിപിഎം ഏറ്റെടുക്കുകയും ചെയ്തു. വളറെ മോശപ്പെട്ട രീതിയിലുള്ള പ്രചാരണങ്ങളാണ് പിന്നീട് കേരളം കണ്ടത്. സിഡി തേടിയുള്ള കോയമ്പത്തൂര്‍ യാത്രയും തിരുവനന്തപുരത്തു നടന്ന കുപ്രസിദ്ധ സമരവും കേരളം അടുത്ത കാലത്തൊന്നും മറക്കുമെന്നു തോന്നുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി സ്വതസിദ്ധമായി രീതിയില്‍ സത്യം ഒരിക്കല്‍ പുറത്തുവരുമെന്നു പറഞ്ഞ് എന്തിനേയും നേരിടാന്‍ തയ്യാരായിരുന്നു. തിനിക്കെതിരെ ഗൂഢാലോചന നടത്തി എന്നറിഞ്ഞിട്ടും, ഇന്ന് എല്ലാവര്‍ക്കുമാറിയാവുന്ന ഗണേഷ് കുമാറിനെ കുറിച്ചുള്ള രഹസ്യം പരസ്യമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. അന്വേ,ഷവുമായി സഹകരിച്ചു. കമ്മീഷന്‍ മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്ത രംഗവും കേരളം മറക്കാറായിട്ടില്ല.

ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഇപ്പോള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റി്‌പ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സത്യത്തില്‍ അതിന്റെ കോപ്പി ഏതാനും മാസം മുമ്പ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി പുറത്തു വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞതെന്നു അദ്ദേഹത്തിന്റെ ആത്മകഥ തയ്യാറാക്കിയ സണ്ണിക്കുട്ടി അബ്രഹാം പറയുന്നു. എന്നാല്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുമ്പ് അ്‌ദ്ദേഹം വിട്ടുപോയി. പിന്നാലെ ആത്മകഥയും പുറത്തുവന്നു. എന്നാല്‍ ആത്മകഥയിലും ആരേയും അനാവശ്യമായി കുറ്റപ്പെടുത്താതെ, താന്‍ മരിച്ചാലും സത്യം പുറത്തുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതുതന്നെയാണ് ഉമ്മന്‍ചാണ്ടിയെ മറ്റു നേതാക്കളില്‍ നിന്നു വ്യത്യസ്ഥനാക്കിയിരുന്നത്.

അതിനിടയില്‍ നന്ദകുമാറും ശരണ്യമനോജും ഫെനി ബാലകൃഷ്ണനുമൊക്കെ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അതില്‍ നിന്നെല്ലാം ഗൂഢാലോചന നടന്നു എന്നത് വ്യക്തമാണ്. കത്ത് തിരുത്തിയതടക്കമുള്ള ഗൂഢാലോചനകളില്‍ പങ്കാളികളായവരെയൊക്കെ പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായാലും കേരളം നേരിടുന്ന വളരെ മോശമായ പല പ്രവണതകളും സോളാര്‍ സംഭവത്തോടെ പുറത്തേക്കു വന്നിട്ടുണ്ട് എന്നു പറയാതിരിക്കാനാവില്ല. ഒന്നു നമ്മുടെ പൊതുരംഗത്തു വര്‍ദ്ധിക്കുന്ന അഴിമതികളും അതിനു അധികാരികള്‍ തന്നെ ഒത്താശ കൊടുക്കുന്നതുമാണ്. സോളാറിനു ശേഷവും അത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയഭേദമില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ മറ്റുപല ഭാഗങ്ങളേയും പോലെ കേരള രാഷ്ട്രീയത്തേയും ബാധിക്കുന്ന വലിയ പുഴുക്കുത്തായി അഴിമതിയും സ്വജനപക്ഷപാതവും മാറിയിരിക്കുന്നു. അതിനെതിരായ ജനകീയ ജാഗ്രത ശക്തമാക്കേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി തന്നെ ഈ കേസില്‍ സ്വതന്ത്ര അന്വേഷണം നടക്കണം. ജനം സത്യമറിയണം. അത് ജനാധിപത്യത്തില്‍ ജനങ്ങളുടെ അവകാശമാണ്. ഈ കേസില്‍ മാത്രമല്ല, ഇപ്പോള്‍ സജീവമായ മാസപ്പടി, സ്വര്‍ണ്ണകടത്ത് തുടങ്ങി ഏറെപഴക്കമുള്ള, 34 തവണ സുപ്രിംകോടതി നീട്ടിവെച്ച ലാവ്‌ലിന്‍ കേസിന്റെയടക്കം യാഥാര്‍ത്ഥ്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്്.

മറ്റൊന്ന് നമ്മുടെ സാമൂഹ്യരംഗത്ത് സജീവമായ സ്ത്രീവിരുദ്ധതയാണ്. ഏതുവിഷയത്തിലും സ്ത്രീകളുടെ പങ്കാളിത്തവുമുണ്ടായാല്‍ വലിയ തോതില്‍ ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പലപ്പോഴും യഥാര്‍ത്ഥ വിഷയം അവഗണിക്കപ്പെടുകയും ചെയ്യുന്നു. അതേറ്റവും പ്രകടമായ ഒന്നാണ് സോളാര്‍ കേസ്. പി്ന്നീട് സ്വര്‍ണ്ണകേസിലും അതു നമ്മള്‍ കണ്ടു. വളരെ മോശപ്പെട്ട ഒരു പ്രവണതയാണത്. മറ്റൊന്നു കൂടി. ഈ കേസിലെ പരാതിക്കാരിയുടെ സത്യസന്ധത സംശയകരം തന്നെ. അവരെ അതിജീവിത എന്നൊക്കെ വിളിക്കാമോ എന്ന ചോദ്യവും പ്രസക്തം തന്നെ. അപ്പോഴും പൊതുരംഗത്തോ സംരംഭകരംഗത്തോ മറ്റേതെങ്കിലും മേഖലയിലോ സജീവമായ സ,്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. സരിത നേരിട്ടതും അതു തന്നെ. എന്തൊക്കെ കൊട്ടിഘോഷിക്കുമ്പോഴും ലിംഗനീതിയെന്ന വിഷയത്തില്‍ കേരളം എത്രയോ പുറകിലാണെന്ന വസ്തുതയും സോളാര്‍ കേസ് പ്രകടമാക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply