സോണിയ തന്നെ കോണ്‍ഗ്രസിനെ രക്ഷിക്കട്ടെ
സിവിക് ചന്ദ്രന്‍ … ഒരു ദിവസം, അത്യന്തം നിരാശാകുലയായി സോണിയ രാജീവിനോട് പറഞ്ഞു: രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നെ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെങ്കില്‍, സോറി, വേറൊരു വഴിയുമില്ല എന്റെ മുമ്പില്‍. ഞാനൊരു വിവാഹ മോചനം ആവശ്യപ്പെടുകയാണ്. ഞാന്‍ ഇറ്റലിയിലേക്ക് തിരിച്ചു പോകുന്നു. പുറത്തിറങ്ങി ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തിയ സോണിയാ ഗാന്ധിയുടെ ജീവചരിത്രത്തിലാണ് ഇങ്ങനെ ഒരു ഭാഗമുള്ളത്. റെഡ് സാരി എന്ന ഈ നാടകീയ ജീവചരിത്രം എഴുതിയിരിക്കുന്നത് ജാവിയര്‍ മോറോയാണ്. പുസ്‌തകത്തിന്റെ ചില എഡിഷനുകളില്‍ ‘നോവല്‍’ എന്നു തന്നെയാണിത് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. സോണിയയുടെ […]
… ഒരു ദിവസം, അത്യന്തം നിരാശാകുലയായി സോണിയ രാജീവിനോട് പറഞ്ഞു: രാഷ്ട്രീയത്തിലിറങ്ങാന്‍ തന്നെ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞെങ്കില്‍, സോറി, വേറൊരു വഴിയുമില്ല എന്റെ മുമ്പില്‍. ഞാനൊരു വിവാഹ മോചനം ആവശ്യപ്പെടുകയാണ്. ഞാന്‍ ഇറ്റലിയിലേക്ക് തിരിച്ചു പോകുന്നു.
പുറത്തിറങ്ങി ഏഴു വര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തിയ സോണിയാ ഗാന്ധിയുടെ ജീവചരിത്രത്തിലാണ് ഇങ്ങനെ ഒരു ഭാഗമുള്ളത്. റെഡ് സാരി എന്ന ഈ നാടകീയ ജീവചരിത്രം എഴുതിയിരിക്കുന്നത് ജാവിയര്‍ മോറോയാണ്. പുസ്‌തകത്തിന്റെ ചില എഡിഷനുകളില്‍ ‘നോവല്‍’ എന്നു തന്നെയാണിത് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. സോണിയയുടെ ‘സ്വകാര്യത’യെ പ്രതിയുള്ള ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസുകാര്‍ ഈ പുസ്‌തകം ഇന്ത്യയിലെത്തുന്നത് തടയുകയായിരുന്നു.
സോണിയയുടെ അച്ഛന്‍ സ്‌റ്റെഫാനോ മയ്‌നോയെക്കുറിച്ച്, സോണിയയുടെ തന്നെ കേംബ്രിഡ്‌ജ് കാലത്തെ കുറിച്ചുമെല്ലാമുള്ള വിവാദ പരാമര്‍ശനങ്ങള്‍ അവിടെ നില്‍ക്കട്ടെ. പുസ്‌തകം അപ്പ്‌ഡേറ്റ് ചെയ്‌തപ്പോള്‍ 2014 ലെ കോണ്‍ഗ്രസിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഗ്രന്ഥകാരന്‍. യുവരാജ രാഹുല്‍ അവസരത്തിനൊത്തുയരുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. കോണ്‍ഗ്രസിന് അധികാരത്തിലേക്കു തിരിച്ചുവരാന്‍ ഇനിയൊരൊറ്റ ആശ്രയമേയുള്ളൂ ഇന്ദിരയുടെ ഒരൊറ്റ കൊച്ചുമോള്‍ പ്രിയങ്കയെ വിളിക്കുക.
ജനകീയാടിത്തറയും രാഷ്ട്രീയ വിവേകവുമുള്ള അവസാനത്തെ കോണ്‍ഗ്രസുകാരനെ രാഷ്ട്രപതി ഭവനിലേക്കയച്ച് നെഹ്‌റു കുടുംബത്തെ തന്നെ വെച്ച് ചൂതു കളിക്കാനിറങ്ങിയ കോണ്‍ഗ്രസതില്‍ അമ്പേ തോറ്റ് തൊപ്പിയിട്ടിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ദെല്‍ഹി തിരഞ്ഞെടുപ്പ് തന്നെ നോക്കുക. മത്സരത്തില്‍ ഒന്നും രണ്ടും കക്ഷി പോലുമല്ല കോണ്‍ഗ്രസ്. എന്നാല്‍ കെജ്‌റിവാളുമായൊരു രാഷ്ട്രീയ സഖ്യത്തിനു കൈ നീട്ടാനുള്ള വിനയവും പ്രകടിപ്പിക്കാനാവുന്നില്ല. സ്വന്തം തല തന്നെയാണോ കോണ്‍ഗ്രസ് വെള്ളിത്തളികയില്‍ മോദിക്കു വെച്ചു നീട്ടുന്നത്?
ഇത്തരമൊരു സാഹചര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുക സോണിയക്കു മാത്രം. നെഹ്‌റു കുടുംബത്തെ മാത്രമല്ല പത്തു കൊല്ലം നാഷനല്‍ അഡൈ്വസറി കൗണ്‍സിലിനേയും നോക്കി നടത്തിയവരാണല്ലോ. റെഡ്‌സാരി എന്ന ജീവചരിത്ര ഗ്രന്ഥത്തില്‍ എഴുതിയതോ നടന്നതോ നടക്കാനിടയുണ്ടായിരുന്നതോ ആയ ആ സീനുണ്ടല്ലോ, ഇറ്റലിയിലേക്കു മക്കളേയും കൊണ്ട് തിരിച്ചു പോവുക എന്ന സീന്‍ ഒന്നാവര്‍ത്തിക്കാന്‍ സോണിയക്കു തോന്നാന്‍ പ്രാര്‍ത്ഥിച്ചാലോ? മഹാത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ (രാഷ്ട്രീയം മഹാത്ഭുതങ്ങളുടെ കൂടി കലയാണ്) നെഹ്‌റു കുടുംബത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് ഇന്ത്യയിലൊരു ഭാവിയുമില്ല. അതുകൊണ്ട് സ്വയം രക്ഷപ്പെടാനും കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താനും സോണിയ ആലോചിക്കേണ്ടതല്ലേ? സ്വന്തം വിധി കയ്യിലെടുത്ത് ഇന്ത്യ വിടുക. കോണ്‍ഗ്രസിനെ അതിന്റെ സ്വന്തം വിധിക്കു വിടുക. ദേശീയ പ്രസ്ഥാനം സൃഷ്ടിച്ച പ്രസ്ഥാനമല്ലേ, ഇന്നത്തെ ഇന്ത്യയെ അതിന്റെ ശക്തി ദൗര്‍ബല്യങ്ങളോടെ സൃഷ്ടിച്ച പ്രസ്ഥാനമല്ലേ, അതിന്റെ ഉള്ളില്‍ തന്നെയുള്ള ഏതോ ഒരു ശക്തി കൊണ്ട് അതിജീവിച്ചെന്നും വരാം. സ്വന്തം വിധിയെ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കുകയാണിപ്പോള്‍ നെഹ്‌റു കുടുംബം ചെയ്യേണ്ടത്. സോണിയക്ക് ഇപ്പോള്‍ ചെയ്യാനാവുന്ന സല്‍പ്രവൃത്തിയും അതു തന്നെ, അല്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in