സിനിമയില്‍ അമ്മമാരില്ലാതാകുന്നത് സ്വാഭാവികം

കെപിഎസി ലളിത/ഐ ഗോപിനാഥ് നവസിനിമയില്‍ എന്തേ അമ്മമാരില്ലാത്തത്? ഈ ചോദ്യത്തിനു മറുപടി പറയാന്‍ ഏറ്റവും അര്‍ഹതയുള്ള നടിമാരിലൊരാള്‍ കെ പി എ സി ലളിത തന്നെ. തന്നേക്കാള്‍ പ്രായമേറിയ പ്രേംനസീറിന്റെ അമ്മയായിപോലും മലയാളികളുടെ ലളിതേച്ചി അഭിനയിച്ചിട്ടുണ്ട്. അവരുടെ മക്കളായി അഭിനയിക്കാത്ത നടീനടന്മാര്‍ മലയാളത്തില്‍ കുറവ്. ജീവിതത്തിലും സ്‌നേഹമയിയായ അമ്മ. എന്നാല്‍ ഇന്നവര്‍ ഒറ്റക്കാണ്. ഭരതേട്ടന്റെ പ്രിയപ്പെട്ട എങ്കക്കാട് പ്രകൃതിയോടു ചേര്‍ന്ന് നിര്‍മ്മിച്ച മനോഹരമായ വസതിയില്‍. മകള്‍ ശ്രീകുട്ടി വിവാഹം കഴിഞ്ഞ് പൂനയിലും മകന്‍ സിദ്ധാര്‍ത്ഥ് എറണാകുളത്തും. ഒഴിവുള്ളപ്പോഴെല്ലാം […]

kpകെപിഎസി ലളിത/ഐ ഗോപിനാഥ്

നവസിനിമയില്‍ എന്തേ അമ്മമാരില്ലാത്തത്? ഈ ചോദ്യത്തിനു മറുപടി പറയാന്‍ ഏറ്റവും അര്‍ഹതയുള്ള നടിമാരിലൊരാള്‍ കെ പി എ സി ലളിത തന്നെ. തന്നേക്കാള്‍ പ്രായമേറിയ പ്രേംനസീറിന്റെ അമ്മയായിപോലും മലയാളികളുടെ ലളിതേച്ചി അഭിനയിച്ചിട്ടുണ്ട്. അവരുടെ മക്കളായി അഭിനയിക്കാത്ത നടീനടന്മാര്‍ മലയാളത്തില്‍ കുറവ്. ജീവിതത്തിലും സ്‌നേഹമയിയായ അമ്മ. എന്നാല്‍ ഇന്നവര്‍ ഒറ്റക്കാണ്. ഭരതേട്ടന്റെ പ്രിയപ്പെട്ട എങ്കക്കാട് പ്രകൃതിയോടു ചേര്‍ന്ന് നിര്‍മ്മിച്ച മനോഹരമായ വസതിയില്‍. മകള്‍ ശ്രീകുട്ടി വിവാഹം കഴിഞ്ഞ് പൂനയിലും മകന്‍ സിദ്ധാര്‍ത്ഥ് എറണാകുളത്തും. ഒഴിവുള്ളപ്പോഴെല്ലാം ഇവിടെത്തെ പച്ചപ്പിലിരുന്ന്  ലളിതേച്ചി ഓര്‍ക്കുന്നത് ജീവിതത്തിലെ അമ്മയേയും സിനിമയിലെ അമ്മയേയും കുറിച്ചുതന്നെ. അപ്പോഴും വൈകാരികമാകാതെ പുതുലോകത്തെ യാഥാര്‍ത്ഥ്യബോധത്തോടെ നോക്കികണഅടാണ് അവരീ വിഷയത്തില്‍ പ്രതികരിക്കുന്നത്.

ഒരുപാട് സിനിമകളില്‍ അമ്മയായി അഭിനയിച്ച താങ്കള്‍ക്ക് ഇപ്പോഴത്തെ സിനിമകള്‍ കാണുമ്പോള്‍ എന്തു തോന്നുന്നു? മലയാള സിനിമ അമ്മയെ മറക്കുകയാണോ?
തീര്‍ച്ചയായും അമ്മമാരുടെ പ്രാധാന്യം മലയാള സിനിമയില്‍ കുറഞ്ഞുവരുകയാണ്. അതിലാര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ അതിലെന്തെങ്കിലും അസ്വാഭാവികതയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. മലയാളികളുടെ ജീവിതം തന്നെയല്ലേ സിനിമയിലും പ്രതിഫലിക്കുക. നമ്മുടെ ജീവിതം എത്രയോ മാറിക്കഴിഞ്ഞു. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളാണല്ലോ ഉണ്ടായിരുന്നത്. അച്ഛന്‍, അമ്മ, അമ്മായി, ചിറ്റമ്മ, ചിറ്റപ്പന്‍ എന്നിങ്ങനെപോയി എത്രപേരാണ് ഒരു വീട്ടിലുണ്ടാകുക. അതൊരു വ്യത്യസ്ഥമായ ജീവിതമായിരുന്നല്ലോ. എല്ലാവരും തമ്മില്‍ സ്‌നേഹം നിലനിന്നിരുന്ന കാലം. അതിന്റെ പ്രതിഫലനം സിനിമയിലും കണ്ടു. സ്വാഭാവികമായും കുടുംബത്തിനായിരുന്നു അന്ന് സിനിമയില്‍ പ്രാധാന്യം. അമ്മക്കും അച്ഛനും മാത്രമല്ല, മറ്റു കുടുംബാംഗങ്ങളും സിനിമകളില്‍ കഥാപാത്രങ്ങളായി വരുമായിരുന്നു. അമ്മമാരെ പ്രധാന കഥാപാത്രങ്ങളാക്കിയ നിരവധി സാഹിത്യകൃതികളും അന്ന് സിനിമകളായി മാറിയുന്നു. എന്നാല്‍ കാലം മാറി. കൂട്ടുകുടുംബങ്ങള്‍ക്കുപകരം ഇന്ന് അണുകുടുംബങ്ങളാണല്ലോ. അച്ഛനും അമ്മയും ഒന്നോ പരമാവധി രണ്ടോ കുട്ടികളും. കഴിഞ്ഞില്ല. ജീവിതചിലവ് രൂക്ഷമായതിനാല്‍ മിക്കവാറും വീടുകളില്‍ അച്ഛനും അമ്മയും ജോലിക്കു പോകുന്നു. രാവിലെ തിരക്കുപിടിച്ച ജോലി. എല്ലാവര്‍ക്കും ഭക്ഷണം പാത്രത്തിലാക്കി നല്‍കി ജോലിക്കുപോകും. പിന്നെ തിരിച്ചു വരുക വൈകീട്ട്. കുട്ടികളുടെ പഠിപ്പിലൊഴികെ മറ്റു കാര്യങ്ങളിലൊന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നില്ല. അവരെ കുറ്റപ്പെടുത്തുകയല്ല. അത് സാധ്യവുമല്ല. അങ്ങനെ നമ്മുടെ കുടുംബങ്ങളില്‍ വന്ന മാറ്റം സിനിമയിലും കാണാതിരിക്കുമോ? ഇത്തരത്തില്‍ വളര്‍ന്നു വന്ന കുട്ടികളല്ലേ നവസിനിമ സൃഷ്ടിക്കുന്നത്. സ്വാഭാവികമായും അവരുടെ ലോകവും അനുഭവങ്ങളുമല്ലേ അവരുടെ സിനിമകളില്‍ പ്രതിഫലിക്കുക. അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

താങ്കളുടെ കുടുംബത്തിലെ അനുഭവം എങ്ങനെയായിരുന്നു?
വലിയ വ്യത്യാസമൊന്നുമില്ല. ഞങ്ങള്‍ കേരളത്തിനുപകരം ചെന്നൈയിലായിരുന്നു എന്നുമാത്രം. ഞാനും ഭരതേട്ടനും വളര്‍ന്ന സാഹചര്യത്തില്‍ നിന്ന് എത്രയോ വ്യത്യസ്ഥമായ സാഹചര്യമായിരുന്നു ഞങ്ങളുടെ മക്കളുടേത്. അവര്‍ക്ക് ഗ്രാമീണ ജീവിതമറിയില്ല. മുത്തശ്ശികഥകള്‍ കേട്ടിട്ടില്ല. ഓണവും വിഷുവുമൊന്നും അവര്‍ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്ന ഓര്‍മ്മകളല്ല. ഓണത്തിനൊക്കെ അവരെ നാട്ടില്‍ കൊണ്ടുവരാന്‍ ഞങ്ങളെത്ര പാടുപെട്ടിട്ടുണ്ടെന്നറിയാമോ? എന്തിനു നാട്ടില്‍ പോകുന്നു, ഫോണ്‍ വിളിച്ചാല്‍ പോരേ എന്നൊക്കെയാണവര്‍ ചോദിക്കാറ്. വന്നാലും അവര്‍ക്കിവിടെ ബോറടിയാണ്. അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം? മാതാപിതാക്കളോടുള്ള അവരുടെ സമീപനം എന്റേതുപോലെയല്ലല്ലോ. എന്തിന്? എന്റെ മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളെ കണ്ടിരുന്നപോലെയല്ലല്ലോ ഞാന്‍ കണ്ടിരുന്നത്.  ഈ മാറ്റം സ്വാഭാവികമാണ്. അങ്ങനെ വളര്‍ന്ന എന്റെ മകന്‍ സിനിമയെടുക്കുമ്പോള്‍ അതില്‍ പഴയ സിനിമകളെ പോലെ അമ്മക്കും അച്ഛനും പ്രാധാന്യമുണ്ടാകണമെന്നു വാദിക്കുന്നതില്‍ എന്താണര്‍ത്ഥമുള്ളത്? അവര്‍ കണ്ട ജീവിതമാണ് അവരുടെ സിനിമകളില്‍ കാണുക.

അതുകൊണ്ടാണോ ന്യൂ ജനറേഷന്‍ സിനിമകളില്‍ നഗരജീവിതം പ്രധാനമായി വരുന്നത്?
ആകാം. ന്യൂ ജനറേഷന്‍ എന്നു വിളിക്കപ്പെടുന്ന ഈ സിനിമകളുടെ സംവിധായകരായ ചെറുപ്പക്കാര്‍ ഭൂരിഭാഗവും നഗരവാസികളാണല്ലോ. കൊച്ചിയും ഇന്നൊരു മെട്രോ നഗരം തന്നെ. ഈ നഗരങ്ങളില്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്നവര്‍ പഴയപോലെ സിനിമയെടുക്കണമെന്ന് പറയുന്നതുതന്നെ ശരിയല്ല.

ഈ സിനിമകള്‍ താങ്കള്‍ കാണാറുണ്ടോ?
ചിലതൊക്കെ. അടുത്തുവന്ന ബാംഗ്ലൂര്‍ ഡേയ്‌സ് നല്ലൊരു സിനിമയാണ്. പുതുതലമുറയില്‍ മികച്ച സംവിധായകര്‍ ധാരാളമുണ്ട്. അവരുടെ സിനിമകളില്‍ അമ്മമാരില്ല എന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ല. മാതാപിതാക്കളേക്കാള്‍ അവര്‍ക്ക് പലര്‍ക്കും ബന്ധം സുഹൃത്തുക്കളോടാണ്. നമുക്കതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. ഈ കുട്ടികളൊക്കെ ഡീസന്റാണ്. പിന്നെ പണ്ടത്തേതില്‍ നിന്ന് വ്യത്യസ്ഥമായി അവര്‍ അടുത്തിടപഴുകും. പഴയ പല ധാരണകളും ഇവര്‍ക്കില്ല. അതൊക്കെ സ്വാഭാവികമല്ലേ.
പിന്നെ പുതിയ കാലത്തെ ചെറിയ കുട്ടികള്‍ പോലും മോശക്കാരല്ലല്ലോ. എത്രയോ കാര്യങ്ങളാണ് അവര്‍ മുതിര്‍ന്നവര്‍ക്കു പറഞ്ഞു കൊടുക്കുന്നത്. ഞങ്ങളുടെ മക്കളില്‍ നിന്ന് ഞങ്ങള്‍ എന്തെല്ലാം പഠിച്ചിട്ടുണ്ട്.

നിരവധി സിനിമകളില്‍ താങ്കള്‍ അമ്മയായി അഭിനയിച്ചിട്ടുണ്ടല്ലോ. അതേകുറിച്ച്..
സത്യം പറയാമല്ലോ, നിരവധി സിനിമകളില്‍ അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും അങ്ങനെ അറിയപ്പെടാനല്ല എനിക്ക് താല്‍പ്പര്യം. ഒരു നടിക്ക് ഏതുറോളും ചെയ്യാന്‍ കഴിയണം. ഭാഗ്യവശാല്‍ എല്ലാവിധത്തിലുമുള്ള റോളുകളും ചെയ്യാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്. അമ്മമാരുടെ റോളുകള്‍ കൂടുതല്‍ ചെയ്തു. അതാകട്ടെ വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചു. ചീനവലയില്‍ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചപ്പോള്‍ എന്റെ മേയ്ക്കപ്പ് കണ്ട് അദ്ദേഹം ഏറെ കളിയാക്കിയത് ഓര്‍മ്മവരുന്നു. അന്നുമുതലിന്നോളം മിക്കവാറും നായികാ നായകന്മാരുടേയും അമ്മയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന പ്രധാന അമ്മ കഥാപാത്രങ്ങളെ കുറിച്ചു പറയാമോ?
മറക്കാനാകാത്ത കുറെ അമ്മ കഥാപാത്രങ്ങളുണ്ട്. ഓര്‍മ്മയില്‍ വരുന്ന ചിലതു പറയാം. സന്മനസ്സുള്ളവര്‍ക്ക് സമാധാനം, അമരം, വിയറ്റ്‌നാം കോളനി, ആദ്യത്തെ കണ്മണി തുടങ്ങിയ സിനിമകളിലെ അമ്മമാര്‍ മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. മലയാളികള്‍ക്കെല്ലാം അതിഷ്ടപ്പെടുകയും ചെയ്തു. അതുപോലെ രാഷ്ട്രീയ കൊലപാതകത്തിന്റെ കഥ പറയുന്ന ജയരാജിന്റെ ശാന്തത്തിലെ അമ്മ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പഴയ ഒരു അമ്മ കഥാപാത്രമുണ്ട്. എന്നെ ഞാനാക്കിയതില്‍ മുഖ്യപങ്കുവഹിച്ച തോപ്പില്‍ ഭാസിയുടെ ചക്രവാകം എന്ന സിനിമയിലാണത്. തെരുവിലൂടെ കുഞ്ഞിനേയും കൊണ്ട് പിച്ചയെടുത്തിരുന്ന അമ്മയായിരുന്നു അത്. അന്ന് പാവപ്പെട്ടവരും പിച്ചക്കാരുമൊക്കെ സിനിമയില്‍ കഥാപാത്രങ്ങളായിരുന്നു. ചക്രവാകത്തില്‍ നസീറും സുജാതയും സുമിത്രയുമെല്ലാം അഭിനയിച്ചിരുന്നു.

സമകാലീകരായ ആറന്മുള പൊന്നമ്മ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരെ കുറിച്ച്
ഞാനൊക്കെ സിനിമാഭിനയം തുടങ്ങിയത് പൊന്നമ്മ ചേച്ചിമാരുടെ അഭിനയം കണ്ടാണ്. ശരിക്കും മലയാളികളുടെ അമ്മമാരാണവര്‍. അതേസമയം അവര്‍ മറ്റു റോളുകള്‍ കാര്യമായി അഭിനയിച്ചില്ല. അവര്‍ക്കതില്‍ വലിയ താല്‍പ്പര്യമില്ല എന്നാണ് തോന്നുന്നത്. എന്നാല്‍ അതും അഭിനയിക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. ഒരു റോളില്‍ മാത്രം കെട്ടിയിടപ്പെടാന്‍ പാടില്ല.

അന്നൊക്കെ സിനിമയില്‍ അമ്മറോളിലും അല്ലാതേയും  സ്ത്രീകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നല്ലോ. അതിപ്പോള്‍ നഷ്ടപ്പെട്ടോ?
അങ്ങനെ പറയുന്നവരുണ്ട്. അതില്‍ അല്‍പ്പമൊക്കെ ശരിയുണ്ട്. പക്ഷെ അതും നേരത്തെ പറഞ്ഞപോലെ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ്. സിനിമയില്‍ ഒറ്റക്കുണ്ടാകുന്ന മാറ്റമല്ല.

അതുപോലെ പഴയ കാലത്തെ നടിമാര്‍ എത്രയോ കാലമായി അഭിനയിക്കുന്നു. മിക്കവരും മരണം വരെ. പുതിയ കാലത്തെ നടികളാകട്ടെ മിക്കവാറും വിവാഹം കഴിയുമ്പോള്‍ അഭിനയം നിര്‍ത്തുന്നു. അവര്‍ക്കൊന്നും അമ്മറോളുകള്‍ അഭിനയിക്കാനവസരം ലഭിക്കുന്നില്ല?
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. നമുക്കതിനെ കുറ്റം പറയാനാകുമോ? പിന്നെ മുമ്പ് അഭിനയത്തെ പ്രൊഫഷനായാണ് കണ്ടിരുന്നത്. ഞങ്ങളൊക്കെ അതില്‍ പെട്ടവരാണ്. ഇപ്പോള്‍ അങ്ങനെയല്ല എന്നു തോന്നുന്നു. ഞാനതേകുറിച്ച് എന്തുപറയാന്‍? അതേസമയം അഭിനയം നിര്‍ത്തിപോയ പലരും തിരിച്ചുവരുന്നുണ്ട്. ചിലര്‍ ഇടക്ക് അഭിനയിക്കുന്നുണ്ട്. ഗോപികയും മറ്റും ഉദാഹരണം.

നമ്മുടെ നായകനടന്മാര്‍ എത്ര പ്രായമായാലും നായകരായി തുടരുന്നു. ഒപ്പം അഭിനയിച്ചിരുന്നവര്‍ അമ്മമാരായി അഭിനയിക്കുമ്പോള്‍ അവര്‍ മക്കളേക്കാള്‍ പ്രായം കുറഞ്ഞവരുടെ നായകരായും അഭിനയിക്കുന്നു. എന്തുകൊണ്ടിത് സംഭവിക്കുന്നു?
നേരത്തെ പറഞ്ഞപോലെ ഇപ്പോഴത്തെ നടികളില്‍ ഭൂരിഭാഗവും അഭിനയം പ്രൊഫഷനായി എടുത്തവരല്ല. അതേസമയം പുതിയ നടികള്‍ വന്നുകൊണ്ടേയിരിക്കുന്നു. നടന്മാരാകട്ടെ മിക്കവാറും പേര്‍ക്ക് അഭിനയം തൊഴിലാണ്. അപ്പോള്‍ അങ്ങനെയൊക്കെ സംഭവിക്കും. പിന്നെ സമൂഹത്തിലും പ്രാധാന്യം പുരുഷനാണല്ലോ.

മഞ്ജുവാര്യരുടെ തിരിച്ചുവരവിനെ കുറിച്ച്
മഞ്ജുവാര്യര്‍ ദൈവാനുഗ്രഹം ലഭിച്ച കലാകാരിയാണ്. അവര്‍ ജന്മനാ കലാകാരിയാണ്. എവിടേയും കല പഠിച്ചിട്ടല്ല അവര്‍ നടിയായത്. അവരെപോലുള്ളവരെ സമൂഹം ആദരിക്കണം. കുറച്ചുകാലം അവര്‍ക്കു മാറി നില്‍ക്കേണ്ടിവന്നു. ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നു. അവരുടെ മികച്ച സിനിമകള്‍ വരാനിരിക്കുന്നതേയുള്ളു.

സത്യത്തില്‍ സിനിമയില്‍ ഇപ്പോള്‍ കാണുന്ന പ്രവണതകളുടെ തുടക്കം ഭരതനിലുണ്ടായിരുന്നില്ലേ?
ഉണ്ടായിരുന്നു. സ്‌നേഹത്തിന്റേയും കുടുംബത്തിന്റേയും പതിവുശൈലിയില്‍ നിന്ന് വിട്ട് നിരവധി സിനിമകള്‍ ഭരതന്‍ സംവിധാനം ചെയ്തിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. തികച്ചും പരുക്കനായ കഥാപാത്രങ്ങളേയും അതിനനുസരിച്ച നടീനടന്മാരേയും ഭരതന്‍ സിനിമയിലേക്ക് കൊണ്ടുവന്നു. വെങ്കലവും ആരവവും ലോറിയും നിദ്രയും തകരയുമൊക്കെ ഉദാഹരണം. അപ്പോഴും സ്‌നേഹത്തെ ഉദാത്തവല്‍ക്കരിക്കുന്ന പാര്‍വ്വതി പോലുള്ള സിനിമകളും അദ്ദേഹം ചെയ്തു. ഇന്നുള്ളവര്‍ ആ സിനിമ ഇഷ്ടപ്പെടുമോ എന്ന് എനിക്ക് സംശയമുണ്ട്.

പുതിയ പ്രോജക്ടുകള്‍ എന്തൊക്കെയാണ്? അവയിലും അമ്മ റോലുകളാണോ?
ജിബു ജേക്കബിന്റെ വെള്ളിമൂങ്ങ ഷൂട്ടിംഗ് കഴിഞ്ഞ് റിലീസിംഗിന് തയ്യാറായിട്ടുണ്ട്. ്അതില്‍ ബിജുമേനോന്റെ അമ്മയാണ്. സിബി മലയലിന്റെ സിനിമ അവസാനഘട്ടത്തിലാണ്. അതിലും അമ്മ തന്നെ. ഇനി പ്രിയദര്‍ശന്റെ പ്രോജക്ട് വരുന്നുണ്ട്. അതിലെ റോള്‍ എന്താണെന്നറിയില്ല.

ആദ്യകാലത്തെ കെപിഎസി കാലഘട്ടത്തെ ഇപ്പോള്‍ എങ്ങനെ ഓര്‍ക്കുന്നു?
അക്കാലഘട്ടം മറക്കാന്‍ ഈ ജന്മം കഴിയുമോ? എന്റെ അച്ഛന്‍ കമ്യൂണിസ്റ്റായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിച്ചിരുന്ന കാലം. സമരങ്ങള്‍ക്കൊപ്പം സ്‌നേഹത്തിന്റേയും പ്രവാചകരായിരുന്നു അവര്‍. കെപിഎസിയുടെ നാടകങ്ങള്‍ കേരളത്തിലുണ്ടാക്കിയ തരംഗങ്ങള്‍ അറിയാത്തവരില്ലല്ലോ. തോപ്പില്‍ ഭാസിയിലൂടെ തന്നെയാണ് പിന്നീട് ഞാന്‍ സിനിമയിലുമെത്തിയത്. പിന്നീട് പാര്‍ട്ടിയിലേക്കോ കെപിഎസിയിലേക്കോ തിരിച്ചുപോയില്ലെങ്കിലും അക്കാലം എന്നും ഞാനോര്‍ക്കും. ഇപ്പോള്‍ കാലം മാറിയതനുസരിച്ച് പാര്‍ട്ടിക്കും കുറെ മാറ്റങ്ങളൊക്കെ വന്നു.

വടക്കാഞ്ചേരിയിലെ ഇപ്പോഴത്തെ ജീവിതം?
ഭരതേട്ടന്റെ മരണശേഷമാണ് ചെന്നൈ വിട്ടത്. അവിടത്തെ വീടെല്ലാം വിറ്റ് വടക്കാഞ്ചേരി എങ്കക്കാട്ടില്‍ വീടു പണിതു. ഇവിടെ നമ്മുടെയെല്ലാം ഉള്ളിലുള്ള മനോഹരമായ ഗ്രാമീണതയുണ്ട്, മരങ്ങളുണ്ട്, നെല്‍വയലുകളുണ്ട്. പിന്നെ ഭരതേട്ടന്റെ ഓര്‍മ്മകളുണ്ട്. നമ്മുടെ തലമുറക്ക് ഇതൊക്കെ പ്രധാനമാണ്. അതേസമയം മക്കള്‍ രണ്ടുപേരും ഇവിടെയില്ല. മകള്‍ വിവാഹം കഴിഞ്ഞ് പൂനയില്‍. ഭര്‍ത്താവ് അവിടെ തന്നെ ജനിച്ചുവളര്‍ന്നു. അവള്‍ നാട്ടില്‍ വരുന്നത് വല്ലപ്പോഴും. മകന്‍ എറണാകുളത്ത്. അവനും ഈ ഗ്രാമീണ അന്തരീക്ഷം ഇഷ്ടപ്പെടാത്തതില്‍ അത്ഭുതമില്ല. ചെന്നൈയില്‍ വളര്‍ന്നവര്‍. മലയാളം എഴുതാനും വായിക്കാനും അറിയാമോ എന്നു ചോദിച്ചാല്‍ ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. അവരില്‍ നിന്നു തന്നെ പുതിയ തലമുറയുടെ ചിന്തകളും വികാരങ്ങളും എനിക്കു മനസ്സിലാകും. അതിനാല്‍ തന്നെ പുതുതലമുറയെ  ഞാന്‍ കുറ്റപ്പെടുത്തില്ല. ഒറ്റക്കാണെങ്കിലും ജീവിതത്തിലെ കടമകളെല്ലാം ചെയ്തു കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇനി കഴിയുന്നിടത്തോളം, എന്നെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നിടത്തോളം ഞാന്‍ അഭിനയം തുടരും. എന്റെ ജീവിതകഥയുടെ തലകെട്ടുപോലെ കഥ തുടരും. സ്വാഭാവികമായും അമ്മയെന്ന കഥാപാത്രം തന്നെയായിരിക്കും ഇനിയും കൂടുതല്‍ അഭിനയിക്കാന്‍ സാധ്യത. കാരണം മലയാളികള്‍ മുഴുവന്‍ അമ്മമാരെ മറന്നു എന്നു പറയാനാകില്ലല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply