സിനിമക്കാരും ക്രിക്കറ്റുകാരും അംബാനിയും ഫുട്‌ബോളിനെ രക്ഷിക്കുമോ?

ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ളത്‌ സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ്‌ താരങ്ങള്‍ക്കുമാണല്ലോ. ക്രിക്കറ്റിന്റെ അതിപ്രസരമാണ്‌ നമ്മുടെ ഹോക്കിയും ഫുട്‌ബോളുമടക്കമുള്ള കായികരൂപങ്ങളെ പുറകോട്ടുതള്ളിയതില്‍ പ്രധാന പങ്കുവഹിച്ചത്‌. ഇപ്പോഴിതാ സിനിമാ താരങ്ങളും ക്രിക്കറ്റ്‌ താരങ്ങളും ചേര്‍ന്ന്‌ ഫുട്‌ബോളിനെ രക്ഷിക്കുകയാണോ? പിന്നെ എല്ലാവരും എപ്പോഴും ശകാരിക്കുന്ന അംബാനിയും. ഐഎസ്‌എല്‍ നല്‍കുന്ന പ്രതീക്ഷ അതുതന്നെ. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷകളുടെ വിത്തുവിതച്ച ഐഎസ്‌എല്‍ പ്രഥമകിരീടം ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ കൊല്‍ക്കത്തക്കുതന്നെ. രണ്ടാം സ്ഥാനം ഫുടേബോളിനെ ഇപ്പോഴും നെഞ്ചിലേറ്റുന്ന കേരളത്തിനും. 25 ലക്ഷം പേര്‍ നേരിട്ടും കോടിക്കണക്കിനാളുകള്‍ ടെലിവിഷനിലുടെയും കണ്ട ഇന്ത്യന്‍ […]

imagesഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ളത്‌ സിനിമാതാരങ്ങള്‍ക്കും ക്രിക്കറ്റ്‌ താരങ്ങള്‍ക്കുമാണല്ലോ. ക്രിക്കറ്റിന്റെ അതിപ്രസരമാണ്‌ നമ്മുടെ ഹോക്കിയും ഫുട്‌ബോളുമടക്കമുള്ള കായികരൂപങ്ങളെ പുറകോട്ടുതള്ളിയതില്‍ പ്രധാന പങ്കുവഹിച്ചത്‌. ഇപ്പോഴിതാ സിനിമാ താരങ്ങളും ക്രിക്കറ്റ്‌ താരങ്ങളും ചേര്‍ന്ന്‌ ഫുട്‌ബോളിനെ രക്ഷിക്കുകയാണോ? പിന്നെ എല്ലാവരും എപ്പോഴും ശകാരിക്കുന്ന അംബാനിയും. ഐഎസ്‌എല്‍ നല്‍കുന്ന പ്രതീക്ഷ അതുതന്നെ.
ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷകളുടെ വിത്തുവിതച്ച ഐഎസ്‌എല്‍ പ്രഥമകിരീടം ഫുട്‌ബോളിന്റെ കളിത്തൊട്ടിലായ കൊല്‍ക്കത്തക്കുതന്നെ. രണ്ടാം സ്ഥാനം ഫുടേബോളിനെ ഇപ്പോഴും നെഞ്ചിലേറ്റുന്ന കേരളത്തിനും. 25 ലക്ഷം പേര്‍ നേരിട്ടും കോടിക്കണക്കിനാളുകള്‍ ടെലിവിഷനിലുടെയും കണ്ട ഇന്ത്യന്‍ ചരിത്രത്തിലെ ആദ്യ ഫുട്‌ബോള്‍ ലീഗിനു അങ്ങനെ തിരശ്ശീല വീണു. ഒപ്പം ബ്രിട്ടീഷ്‌ ലീഗിനു പുറകില്‍ ഐ എസ്‌ എലും ആരാധകരുടെ കാര്യത്തില്‍ ബോഴ്‌സലോണക്കു പുറകില്‍ കേരളബ്ലാസ്റ്റേഴ്‌സും സ്ഥാനം പിടിച്ചു.
ലോക ഫുട്‌ബോളും യൂറോപ്യന്‍ ലീഗുമൊക്കെ കാണുന്ന നമുക്ക്‌ അതിഗംഭീര വിരുന്നൊന്നും ഐഎസ്‌എല്‍ നല്‍കിയില്ല. എങ്കിലും അധികം താമസിയാതെ ലോകകപ്പ്‌ കളിക്കുകയെങ്കിലും ചെയ്യുക എന്ന മിനിമം ലക്ഷ്യം മാത്രമുള്ള ഇന്ത്യക്ക്‌ ടൂര്‍ണ്ണമെന്റ്‌ വിജയം പ്രതീക്ഷ നല്‍കുന്നു. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ അത്‌ സാധ്യമാകും എന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ഫുട്‌ബോളിനു പ്രഫഷനലിസത്തിന്റെയും താരമൂല്യത്തിന്റെയും പുതിയ നിറങ്ങള്‍ നല്‍കിയാണു സൂപ്പര്‍ ലീഗ്‌ കൊടിയിറങ്ങിയത്‌.
കിരീടം കൈവിട്ടെങ്കിലും ഫൈനല്‍ മല്‍സരത്തിലുടനീളം ആക്രമിച്ചു കളിച്ചു കാണികളുടെ കിരീടം ഏറ്റുവാങ്ങിയാണു ബ്ലാസ്‌റ്റേഴ്‌സ്‌ മടങ്ങുന്നത്‌. മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരവും കേരളത്തിനാണ്‌. അതേസമയം ഫൈനലിലും സെമിയുടെ ഒന്നാം പാദത്തിലുമാണ്‌ കേരളം മികച്ചു കളിച്ചതെന്നത്‌ വേറെ കാര്യം. ഇനിയും നാം ഒരുപാട്‌ മുന്നോട്ടുപോകാനുണ്ട്‌. നഷ്‌ടപ്പെടുത്തിയ ഗോളവസരങ്ങളുടെ പേരിലാണ്‌ കേരളം ഈ ടൂര്‍ണമെന്റില്‍ ചര്‍ച്ചയായത്‌. ഫൈനലില്‍ നമ്മെ തോല്‍പ്പിച്ചത്‌ കൊല്‍ക്കത്ത ഗോളിതന്നെ.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഫുട്‌ബോളിനോടുള്ള നമ്മുടെ ഇപ്പോഴത്തെ അമിതാവേശം സത്യസന്ധമാണോ എന്നുകൂടി പരിശോധിക്കണം. ലോകകപ്പും ഐഎസ്‌എല്ലും വരുമ്പോള്‍ മാത്രം ആവേശമുണ്ടായിട്ട്‌ എന്തുകാര്യം? മാതാപിതാക്കള്‍ കുട്ടികളെ രാവിലെ എണീല്‍പ്പിച്ച്‌ കളിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ട്‌ ശകാരിക്കുന്ന രാജ്യങ്ങളാണ്‌ നമ്മുടെ ഇഷ്ടരാജ്യങ്ങളായ ബ്രസീലും അര്‍ജന്റീനയും. അതേസമയത്ത്‌ ഇവിടെ നമ്മള്‍ നമ്മുടെ കുട്ടികളോട്‌ പറയുന്നതെന്താണ്‌? പഠിക്കൂ, പഠിക്കൂ, പഠിച്ച്‌ ഡോക്ടറാകൂ, എഞ്ചിനിയറാകൂ, ഐ എ എസ്‌ കാരനാകൂ. അധ്യാപകരും അതുതന്നെ പറയുന്നു. എല്ലാ അഭ്യുദയകാംക്ഷികളും അതുതന്നെ പറയുന്നു. നമ്മുടെ ചോരയിലും ഫുട്‌ബോള്‍ ലഹരിയുണ്ടെന്നു പറയുന്നതില്‍ എന്തര്‍ത്ഥം?
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എത്രയോ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളായിരുന്നു കേരളത്തില്‍ നടന്നിരുന്നത്‌. ചാക്കോള ട്രോഫിയും ജി വി രാജയുമൊക്കെ ഉദാഹരണം. ടെലിവിഷന്‍ പോലുമില്ലാതിരുന്ന കാലമായിട്ടും ജനം അവ നെഞ്ചിലേറ്റിയിരുന്നു. കളി നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക്‌ ആകാശവാണിയിലെ കമന്ററിയായിരുന്നു ആശ്രയം. ടൈറ്റാനിയം, പ്രീമിയര്‍ ടയേഴ്‌സ്‌, ഫാക്ട്‌ തുടങ്ങിയ ടീമുകള്‍. പയസ്സ്‌, നജിമുദ്ദീന്‍, നജീബ്‌ പോലുള്ള താരങ്ങള്‍. കേരള പോലീസിനും ഐ എം വിജയനും മുമ്പത്തെ കാലമാണ്‌ പറയുന്നത്‌. ബംഗാള്‍, ഗോവ, മുംബൈ പോലുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മികച്ച ടീമുകള്‍ ഇവിടെ കളിച്ചിരുന്നു. നമ്മുടെ ഗ്രൗണ്ടുകളിലും കൊയ്‌ത്തു കഴിഞ്ഞ പാടത്തുമെല്ലാം തുണിപന്തുകളികള്‍ വ്യാപകമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയോ? പഴയതെല്ലാം നന്നെന്നും പുതുതെല്ലാം മോശമെന്നുമുള്ള പതിവുപല്ലവിയല്ല പറയുന്നത്‌. ഇപ്പോഴത്തെ ഈ ആരവങ്ങള്‍ കാണുമ്പോള്‍ പറയുന്നു എന്നുമാത്രം. ബാല്യത്തിന്റെ അവകാശമായ കളികള്‍ നിഷേധിച്ചാണ്‌ ഈ നാട്യങ്ങള്‍. ഒരു കുഞ്ഞിനെയെങ്കിലും പന്തുകളിക്കാന്‍ വിട്ടിട്ടാണ്‌ ഇതു ചെയ്യുന്നതെങ്കില്‍ പോട്ടേ എന്നു വെക്കാമായിരുന്നു.
ലോകകപ്പ്‌ ടിവിയില്‍ കാണാനാരരംഭിച്ചപ്പോള്‍ നാമെത്ര പുറകിലാണ്‌ എന്നു ബോധ്യപ്പെട്ടതാണ്‌ ഇവിടെ ഫുട്‌ബോള്‍ മുരടിക്കാന്‍ കാരണമെന്നു പറയാറുണ്ട്‌. തികച്ചും തെറ്റാണത്‌. ലോകനിലവാരത്തിലെ കളികള്‍ നേരില്‍ കാണാന്‍ കഴിയുന്നത്‌ നമ്മുടെ നിലവാരം ഉയര്‍ത്തുകയാണ്‌ ചെയ്യേണ്ടത്‌. ക്രിക്കറ്റില്‍ നാം വളരെ മുന്നിലാണെന്നും പലരും വാദിക്കാറുണ്ട്‌. എത്ര രാജ്യത്ത്‌ ആ കളിയുണ്ട്‌, ആ രാജ്യങ്ങളുടെ ചരിത്രം എന്താണ്‌ എന്നു പരിശോധിക്കുന്നത്‌ നന്നായിരിക്കും.
എന്തായാലും ഐഎസ്‌എല്ലിനോടൊപ്പം നഷ്ട്‌പ്പെട്ട ടൂര്‍ണ്ണമെന്റുകള്‍ തിരിച്ചുപിടിക്കണം. എല്ലാ ജില്ലയിലും ടൂര്‍ണ്ണമെന്റുകള്‍ നടത്തണം. കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമികളും പരിശീലനങ്ങളും വ്യാപകമാക്കണം. എല്ലാ പഞ്ചായത്തിലും കളിക്കാനുള്ള ഗ്രൗണ്ടുകള്‍ വേണം. അടിത്തട്ടില്‍ നിന്നു തുടങ്ങിയാലേ എന്തെങ്കിലും ഗുണമുണ്ടാകൂ. ഐ എസ്‌ എല്‍ അതിനെല്ലാം പ്രചോദനമാകണമെന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply