സാഹിത്യ പുരസ്‌കാരങ്ങള്‍ വൈകുന്നു. അഴിമതിയില്‍ മുങ്ങി സാംസ്‌കാരിക സ്ഥാപനങ്ങള്‍

സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതികളും സ്വജനപക്ഷപാതവും വര്‍ദ്ധിക്കുന്നതായ ആരോപണം ശക്തമാകുന്നു. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, ചലചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളൊന്നും തന്നെ അഴിമതി ആരോപണങ്ങളില്‍ നിന്നു വിമുക്തമല്ല. രാഷ്ട്രീയ മേഖലയേക്കാള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് സംസ്‌കാരികരംഗം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി ചേര്‍ന്നിരിക്കുന്നു. പുരസ്‌കാരങ്ങളാണ് മിക്കപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദു. സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ വിവാദം ആരംഭിച്ചിരിക്കുന്നത്. പതിവനുസരിച്ച് രണ്ടുമാസം മുമ്പാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ […]

images
സാംസ്‌കാരിക സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതികളും സ്വജനപക്ഷപാതവും വര്‍ദ്ധിക്കുന്നതായ ആരോപണം ശക്തമാകുന്നു. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിത കലാ അക്കാദമി, ചലചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളൊന്നും തന്നെ അഴിമതി ആരോപണങ്ങളില്‍ നിന്നു വിമുക്തമല്ല. രാഷ്ട്രീയ മേഖലയേക്കാള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ് സംസ്‌കാരികരംഗം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി ചേര്‍ന്നിരിക്കുന്നു. പുരസ്‌കാരങ്ങളാണ് മിക്കപ്പോഴും വിവാദങ്ങളുടെ കേന്ദ്രബിന്ദു.
സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ടാണ് ഏറ്റവും പുതിയ വിവാദം ആരംഭിച്ചിരിക്കുന്നത്. പതിവനുസരിച്ച് രണ്ടുമാസം മുമ്പാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കേണ്ടത്. എന്നാല്‍ ഇനിയും പ്രഖ്യാപനം വന്നിട്ടില്ല. രാഷ്ട്രീയ ഇടപെടലാണ് ഇതിനു കാരണം. ഇരുമുന്നണികള്‍ ഭരിക്കുമ്പോഴും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് പുരസ്‌കാരങ്ങല്‍ നല്‍കാറുണ്ട്. എന്നാല്‍ ഇക്കുറി അതും തര്‍ക്കത്തിലാണത്രെ. സാംസ്‌കാരിക മന്ത്രിയുടെ താല്‍പ്പര്യത്തിനനുസരിച്ച് ഭരണസമിതിയംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കാതെ പ്രസിഡന്റും സെക്രട്ടറിയും ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് അനുഭാവികളായ അംഗങ്ങള്‍ തന്നെ പരാതി പറയുന്നു. ഇടതുപക്ഷ അനുഭാവമുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കരുതെന്ന കാര്യത്തില്‍ യോജിക്കുമ്പോഴും ആര്‍ക്കുകൊടുക്കണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. സമഗ്രസംഭാവനക്കുള്ള പുരസ്‌കാരമാകട്ടെ സിപിഎമ്മിനോട് കലഹിച്ചു നില്‍ക്കുന്ന സാറാജോസഫിനു നല്‍കണമെന്നും അതല്ല എന്നും കോണ്‍ഗ്രസ്സ് അനുഭാവിയായ യൂസഫലി കേച്ചേരിക്കു നല്‍കമെന്നുള്ള അഭിപ്രായ വ്യത്യാസങ്ങളും രൂക്ഷമാണ്.
മാസങ്ങള്‍ക്കുമുമ്പു തിരുവനന്തപുരത്തു നടന്ന ലോകമലയാള സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ന്ന ആരോപണങ്ങള്‍ക്കു സമാനമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സെക്രട്ടറിയുടെനേതൃത്വത്തിലുള്ള മൂന്നംഗസംഘം തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. സമ്മേളനാനന്തരം ആരോപണങ്ങള്‍ ഉന്നയിച്ച വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്തടക്കമുള്ളവരെ ഭരണസമിതിയില്‍ നിന്നു ഒഴിവാക്കിയിരുന്നു. അതിനെതിരെ അക്കാദമി മുറ്റത്ത് കുത്തിയിരിപ്പു നടത്തിയ വടക്കേടത്ത്, എംടിയും മറ്റും ഇരുന്ന സീറ്റില്‍ പ്രസിഡന്റ് പെരുമ്പടവം ഇരിക്കുന്നത് സാഹിത്യലോകത്തിനു നാണക്കേടാണെന്ന് പറഞ്ഞിരുന്നു. അതിനു വള്ളത്തോള്‍ അടക്കമുള്ളവര്‍ ഇരുന്ന സീറ്റില്‍ ഇരിക്കാന്‍ എന്തു യോഗ്യതയാണ് വടക്കേടത്തിനുള്ളതെന്ന മറുപടിയാണ് മറുപക്ഷം ഉയര്‍ത്തുന്നത്.
വടക്കേടത്ത് പുറത്തുപോയ ശേഷവും കാര്യങ്ങളില്‍ വലിയ വ്യത്യാസമില്ല എന്നാണറിവ്. എക്‌സിക്യൂട്ടീവ് അറിയാതെ അവാര്‍ഡുകള്‍ നിശ്ചയിച്ചു കഴിഞ്ഞു എന്നാണ് ആരോപണം. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടാണത്രെ തീരുമാനങ്ങള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നല്‍കിയ വിലാസിനി പുരസ്‌കാരവുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു. കൃതികള്‍ ക്ഷണിക്കുകയോ ഏതെങ്കിലും ജഡ്ജിംഗ് കമ്മിറ്റി പരിശോധിക്കുകയോ ചെയ്യാതെയാണ് എം.കെ ഹരികുമാറിന് പുരസ്‌കാരം നല്‍കിയത്. 50000 രൂപയുടെ വലിയ പുരസ്‌കാരമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലെന്ന വിവരമാണ് വിവരാവകാശനിയമമനുസരിച്ച് ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത്. ക്ഷത്രിയവിഭാഗത്തില്‍ പെട്ട ഒരു എഴുത്തുകാരന്‍ സെക്രട്ടറിയായ കാലഘട്ടത്തില്‍ ആ വിഭാഗത്തില്‍പെട്ട നിരവധി എഴുത്തുകാര്‍ക്ക് പുരസ്‌കാരം നല്‍കിയതായ പരാതിയും ഉയര്‍ന്നിരുന്നു.
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനുവേണ്ടിയും ശക്തമായ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നുണ്ട്. ഇക്കുറി ചെറുപ്പക്കാരിയായ എഴുത്തുകാരിയും മധ്യവയസ്‌കനാണെങ്കിലും ചെറുപ്പക്കാരനെപോലെ നടക്കുന്ന എഴുത്തുകാരനും അതിനായുള്ള ഓട്ടത്തിലാണ്.
നാടകോത്സവുമായി ബന്ധപ്പെട്ടാണ് സംഗീത നാടക അക്കാദമിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. കഴിഞ്ഞ പ്രൊഫഷണല്‍ നാടകോത്സവത്തിലേക്ക് തിരഞ്ഞെടുത്ത നാടകങ്ങളെ കുറിച്ച് ശക്തമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരുടെ നാടകങ്ങള്‍ തിരഞ്ഞെടുത്തു എന്നു തന്നെയാണ് വിമര്‍ശനം. അതിനെതിരെ ഉദാഘാടനവേളയില്‍ നാടകപ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തിയിരുന്നു. നേരത്തെ നടന്ന അമേച്വര്‍ നാടക മത്സരത്തില്‍ വിധി കര്‍ത്താക്കളുടെ അഭിപ്രായങ്ങളെ തിരസ്‌കരിച്ച് പുരസ്‌കാരത്തിനര്‍ഹമായ നാടകങ്ങള്‍ ഇല്ലെന്ന അക്കാദമിയുടെ പ്രഖ്യാപനവും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. പ്രമുഖ നാടകപ്രവര്‍ത്തകര്‍ തൃശൂരില്‍ പത്രസമ്മേളനം നടത്തി പ്രതിഷേധം രേഖപ്പെടുത്തി.
സൂര്യകൃഷ്ണമൂര്‍ത്തി ചെയര്‍മാനായി എത്തിയ ശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ സ്വന്തം താല്‍പ്പര്യപ്രകാരമാണെന്നും നാടകപ്രവര്‍ത്തകരുടെ താല്‍പ്പര്യപ്രകാരമല്ല എന്നാണ് പ്രധാന ആരോപണം.. കൃഷ്ണമൂര്‍ത്തി നാടകക്കാരനല്ലെന്നും ലൈറ്റ് ആന്റ് സൗണ്ട് ടെക്‌നിഷ്യന്‍ മാത്രമാണെന്നും നാടകപ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്തെ ഗ്രാമീണ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന ധനസഹായം നിര്‍ത്തലാക്കിയതായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം തന്നെ. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ ഉയര്‍ന്നു. അതിലേക്കു തിരഞ്ഞെടുത്ത മലയാളനാടകങ്ങള്‍ മിക്കവയും നിലവാരമുള്ളവയായിരുന്നില്ല. നാടകങ്ങള്‍ ക്ഷണിക്കാതെ ചെയര്‍മാന്റെ താല്‍പ്പര്യപ്രകാരമാണത്രെ തിരഞ്ഞെടുത്തത്. മുന്‍സര്‍ക്കാരിന്റെ കാലത്തുനടന്ന ചട്ടപ്രകാരമല്ലാത്ത നടപടികളെ കുറിച്ച് തെളിവുസഹിതം പരാതികള്‍ ലഭിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്ന പരാതിയുമുണ്ട്. കടലാസുസംഘടനകള്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയതുമുതല്‍ അക്കാദമി മുറ്റത്തെ മരങ്ങള്‍ വെട്ടിയതും ചുറ്റും പരസ്യങ്ങള്‍ വെക്കാന്‍ നല്‍കിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വരെ അതിലുള്‍പ്പെടും. അന്വേഷണം നടത്തി വിവാദമുണ്ടാക്കാന്‍ തനിക്കും താല്‍പ്പര്യമില്ലെന്നാണ് സെക്രട്ടറി ഡോ പി വി കൃഷണന്‍ നായരും പറയുന്നത്.
ജില്ലയില്‍തന്നെ പ്രവര്‍ത്തിക്കുന്ന ലളിത കലാ അക്കാദമിയുമായി ബന്ധപ്പെട്ടും ആരോപണങ്ങളുണ്ട്. കൃതികള്‍ ക്ഷണിക്കാതെയാണ് പൊന്ന്യം ചന്ദ്രന്റെ കെ സി എസ് പണിക്കരുടെ ജീവിതകളും കലകളും എന്ന കൃതിക്ക് പുരസ്‌കാരം നല്‍കിയത്. കൂടാതെ ചട്ടങ്ങള്‍ ലംഘിച്ച് വിവര്‍ത്തനകൃതികള്‍ക്കും രണ്ടാം പതിപ്പുകള്‍ക്കും പുരസ്‌കാരം കൊടുത്ത സംഭവവും ഇവിടെയുണ്ടായിട്ടുണ്ട്. കേരളകലാമണ്ഡലവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളില്‍ മുന്‍ വിസിമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം തന്നെ നടക്കുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply