സഹ്യന്റെ ഉരുള്‍പ്പൊട്ടിയൊലിക്കുന്ന മുറിവുകള്‍
ജി.ശ്രീകുമാര്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോകത്തിലെ ചുരുക്കം ചില ജൈവവൈവിദ്ധ്യ മേഖലകളിലൊന്നാണ് നമ്മുടെ സഹ്യപര്‍വ്വതം ഉള്‍പ്പെടുന്ന പശ്ചിമഘട്ടം. സംസ്ഥാനത്തെ ബയോ ഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടുകള്‍ എല്ലാം തന്നെ പശ്ചിമഘട്ടത്തിലാണ് ഉള്ളത്. അതുകൊണ്ട് ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് അതീവജാഗ്രത പുലര്‍ത്തേണ്ട മേഖലയാണിത്. ഗുജറാത്തിലൂടെ ഒഴുകുന്ന താപ്തി നദി മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ക്ക് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വന്‍തോതിലുള്ള നശീകരണവും കയ്യേറ്റവും അതുമൂലം കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിദ്ധ്യശോഷണവും ഉണ്ടായിട്ടുണ്ട് എന്നത് നിസ്സാരമായി കാണാവുന്ന സംഗതിയല്ല. […]
ജി.ശ്രീകുമാര്‍
വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ലോകത്തിലെ ചുരുക്കം ചില ജൈവവൈവിദ്ധ്യ മേഖലകളിലൊന്നാണ് നമ്മുടെ സഹ്യപര്‍വ്വതം ഉള്‍പ്പെടുന്ന പശ്ചിമഘട്ടം. സംസ്ഥാനത്തെ ബയോ ഡൈവേഴ്സിറ്റി ഹോട്ട്സ്പോട്ടുകള്‍ എല്ലാം തന്നെ പശ്ചിമഘട്ടത്തിലാണ് ഉള്ളത്. അതുകൊണ്ട് ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് അതീവജാഗ്രത പുലര്‍ത്തേണ്ട മേഖലയാണിത്. ഗുജറാത്തിലൂടെ ഒഴുകുന്ന താപ്തി നദി മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന പശ്ചിമഘട്ട മലനിരകള്‍ക്ക് കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി വന്‍തോതിലുള്ള നശീകരണവും കയ്യേറ്റവും അതുമൂലം കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിദ്ധ്യശോഷണവും ഉണ്ടായിട്ടുണ്ട് എന്നത് നിസ്സാരമായി കാണാവുന്ന സംഗതിയല്ല. നിരവധിയായ സസ്യജന്തു ജനസുകള്‍ അപ്രത്യക്ഷമായതായും അതില്‍ തന്നെ മറ്റൊരിടത്തും ഇല്ലാത്തതായ നിരവധിയായ സപുഷ്ഷി സസ്യങ്ങളും ഉള്‍പ്പെടുന്നുവെന്നതും വേദനാജനകമായ സത്യമാണ്. ഗോദാവരി, കൃഷ്ണ, കാവേരി, വൈഗ തുടങ്ങിയ ഒട്ടേറെ നദികളുടെയും കേരളത്തിലെ 42 നദികളുടെയും ഉത്ഭവസ്ഥാനമായ സഹ്യസാനു പ്രായം കൊണ്ട് ഹിമവാന്റെയും മുതുമുത്തച്ഛനാണ്. നമ്മുടെ നിലനില്‍പ്പിന്റെ അടിസ്ഥാനഘടകമാണ് പശ്ചിമഘട്ടമെന്ന് തിരിച്ചറിയാതെ അതിനെ ചൂഴ്ന്നെടുത്ത് നശിപ്പിക്കുന്ന പ്രവണതയാണ് ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണം. കേവലം ദുരന്തങ്ങളുടെ പ്രകടമായ ദോഷഫലങ്ങള്‍ നിര്‍ണ്ണയിച്ചതുകൊണ്ട് മാത്രം ഇതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കാക്കാനാവില്ല. വിലമതിക്കാനാവാത്ത ജൈവസമ്പത്തിന്റെ നാശം കണക്കാക്കാവുന്നതിനും അപ്പുറമാണ്.
പശ്ചിമഘട്ടത്തില്‍ ഉത്തര കന്നട ജില്ലയിലെ കാളിനദിയുടെ വടക്കുഭാഗം ബലംകുറഞ്ഞ പാറക്കൂട്ടങ്ങളും തെക്കുഭാഗം, അതായത് കേരളം ഉള്‍പ്പെടുന്ന ഭാഗം കടുപ്പമേറിയ പാറകളോട് കൂടിയ ഉരുണ്ട മലകളുമാണ്. അതുതന്നെയാണ് കേരളത്തില്‍ ക്വാറികളുടെ എണ്ണം ഇത്രകണ്ട് വര്‍ദ്ധിക്കാന്‍ കാരണം. പശ്ചിമഘട്ടം കേരളത്തിന്റെ കാലാവസ്ഥയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നറിയാന്‍ പാലക്കാട്, ആര്യങ്കാവ് ചുരങ്ങള്‍ ഉദാഹരണമാക്കി പരിശോധിച്ചാല്‍ മതിയാകും. പശ്ചിമഘട്ടത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുന്ന കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ഭാഗങ്ങള്‍ ഇവയാണ്. പാലക്കാടന്‍ ചുരത്തിന് 30 കി.മീ വരെ വീതിയുണ്ട്. കേരളത്തില്‍ പശ്ചിമഘട്ടം മഴമേഘങ്ങളെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിക്കുന്നതു കൊണ്ടാണ് നമുക്ക് രണ്ട് മഴക്കാലങ്ങള്‍ നിറസമൃദ്ധിയില്‍ ലഭിക്കുന്നത്. എന്നാല്‍ ഈ ചുരങ്ങളുള്ള ഭാഗങ്ങളില്‍ അത് കേവലം ഒരു മഴക്കാലമായി ചുരുങ്ങി. കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റ് അവിടെത്തി ചൂട് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചിന്നാറിലെ പോലെ മഴനിഴല്‍കാടുകള്‍ മാത്രമായി മാറിയിരിക്കുന്നു അവിടങ്ങളിലെ വനമേഖല.
1982 ല്‍ നീലകുറിഞ്ഞി പൂത്തിരുന്ന പല പുല്‍മേടുകളിലും 1994 ലും 2006 ലും അത് പൂക്കാതിരുന്നതായി പഠനങ്ങള്‍ പറയുന്നു. കുറിഞ്ഞിമല സാങ്ച്വറിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പോകുന്നിടത്ത് ഇപ്പോള്‍ കുറിഞ്ഞിയേക്കാള്‍ കൂടുതല്‍ അക്കേഷ്യയും യൂക്കാലിയും മറ്റ് കാര്‍ഷിക വിളകളുമായിരിക്കുന്നു. സഹ്യാദ്രിയില്‍ നിന്നുല്‍ഭവിക്കുന്ന നദികളിലെ 30 ല്‍പരം ഇനം മത്സ്യങ്ങള്‍ അന്യംനിന്നതായും പഠനങ്ങള്‍ പറയുന്നു. മലബാര്‍ വെരുക് പോലെ നിരവധി ജന്തുജാലങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനം പശ്ചിമഘട്ട മലനിരകളിലെ ജൈവ ജന്തു സമ്പത്തിന് നാശം ഉണ്ടാക്കിയെന്ന് പറയുമ്പോള്‍ ആ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുള്ളത് തുടര്‍ച്ച നഷ്ടപ്പെട്ട് പല കഷണങ്ങളായി മാറിയ വനങ്ങളും യാതൊരു തത്വദിക്ഷയുമില്ലാത്ത ഖനനവും ലോലമായ പാരിസ്ഥിതിക മേഖലയിലേക്കുള്ള അനിയന്ത്രിതമായ കയ്യേറ്റവുമാണെന്നതു കൂടി മനസ്സിലാക്കണം.
കഴിഞ്ഞ വര്‍ഷം വരെ നടത്തിയ കണക്കെടുപ്പ് അനുസരിച്ച് 7800 ഹെക്ടര്‍ (20000 ത്തോളം ഏക്കര്‍) വനഭൂമി കയ്യേറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റമുള്ളത് പാലക്കാടാണ്. 3134 ഹെക്ടര്‍. മൊത്തം കയ്യേറ്റത്തിന്റെ പകുതിയോളവും പാലക്കാടാണ്. അതോടൊപ്പം തന്നെ റവന്യൂ ഭൂമി കയ്യേറിയതില്‍ ആലപ്പുഴയും പാലക്കാടുമാണ് മുന്നില്‍. സംസ്ഥാനത്ത് ആകെയുള്ള 2636 റവന്യൂ ഭൂമി കയ്യേറ്റത്തില്‍ 594 എണ്ണം ആലപ്പുഴയിലും 575 എണ്ണവും പാലക്കാടുമാണ് എന്നാണ് നിയമസഭാചോദ്യത്തിന് മറുപടിയായി പറഞ്ഞിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്ന ജില്ലയാണ് പാലക്കാട് എന്ന് പാലക്കാടുകാരായ ജനപ്രതിനിധികള്‍ വിലപിക്കുമ്പോഴും ഏറ്റവും കൂടുതല്‍ വനഭൂമി കയ്യേറ്റം നടന്നിട്ടുള്ള ജില്ലയും പാലക്കാടാണെന്ന വസ്തുത പലരും വിസ്മരിക്കുന്നു.
ഉരുള്‍പ്പൊട്ടല്‍, ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിവ കേരളത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളായിരുന്നു. ലോകത്ത് പലഭാഗങ്ങളിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും അടിയ്ക്കടി പല ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് അതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് കഥയാകെ മാറിയിരിക്കുന്നു. മലയോര മേഖലയിലെ കുന്നുകളും പര്‍വ്വതങ്ങളും വരെ വെട്ടിനിരത്തി കപ്പയും, തെങ്ങും വാഴയും ഇഞ്ചിയും പോലെ മണ്ണിനെ ബലപ്പിച്ച് നിര്‍ത്താന്‍ കഴിയാത്ത ബലംകുറഞ്ഞതും ആഴത്തില്‍ പടരാന്‍ കഴിയാത്തതുമായ വേരുകള്‍ മാത്രമുള്ള കൃഷിയിനങ്ങള്‍ കൃഷി ചെയ്തതോടെ ഉരുള്‍പൊട്ടല്‍ സാധാരണമായിരിക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഉരുള്‍പ്പൊട്ടലില്‍ മാത്രം നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. 1974 ല്‍ ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 33 പേരും 1976 വാളറയില്‍ നാലുപേരും മരിച്ചു. 1984 ല്‍ കോഴിക്കോട് പുതുപ്പാടിയില്‍ എട്ടുപേരും കൂരാച്ചുണ്ടില്‍ 17 പേരും വയനാട് മുണ്ടക്കൈയില്‍ 15 പേരും ഉരുള്‍പ്പൊട്ടലില്‍ മരിക്കുകയുണ്ടായി. 1985 ല്‍ ഇടുക്കിയില്‍ കുംഭപ്പാറയില്‍ 30 പേരാണ് മരിച്ചത്. 1992 ല്‍ വയനാട് കാപ്പിക്കളത്ത് 11 പേര്‍ മരിച്ചു. 2001 ജൂലായില്‍ ഇടുക്കി വെണ്ണിയാനിയില്‍ 3 പേര്‍ മരിച്ചു. 2001 നവംബര്‍ 9 ന് അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടിയപ്പോള്‍ 38 പേരാണ് മരിച്ചത്. 2002 ഒക്ടോബറില്‍ കണ്ണൂര്‍ മണിക്കടവ് കോളിത്തട്ടിലുണ്ടായി ഉരുള്‍പ്പൊട്ടലില്‍ ഒരേ സമയത്ത് പതിനൊന്നിടത്താണ് സംഭവിച്ചത്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ കോഴിക്കോട് കട്ടിപ്പാറയിലുണ്ടായ ദുരന്തവും 14 ജീവനുകളാണ് അപഹരിച്ചിരിക്കുന്നത്. കാണാതായവര്‍ വേറെയും. ഓരോ ഉരുള്‍പ്പൊട്ടലും മനുഷ്യ-ജന്തു ജീവനുകള്‍ക്ക് പുറമെ ആ പ്രദേശത്തെ പരിസ്ഥിതിയെ ആകെത്തന്നെ തകിടം മറിക്കുകയും അവിടം മരുഭൂമി സമാനമാക്കുകയും ചെയ്യും.
കേരളത്തില്‍ 350 ഗ്രാമങ്ങള്‍ ഉരുള്‍പ്പൊട്ടല്‍ ഭീഷണിയിലാണെന്നാണ് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. 30 ഡിഗ്രിയിലേറെ ചരിവുള്ള ഭാഗങ്ങളില്‍ യാതൊരു ശാസ്ത്രീയതയുമില്ലാത്ത ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി കയ്യേറി മരങ്ങള്‍ വെട്ടിയൊതുക്കുന്നതും കാടുകള്‍ വെട്ടിനശിപ്പിച്ച് കൃഷിയിറക്കുന്നതും കുന്നിന്‍ ചെരുവുകളില്‍ അശാസ്ത്രീയമായ ഭൂവിനിയോഗവും മലഞ്ചെരുവുകളിലെ അശാസ്ത്രീയമായ നിര്‍മ്മാണവും ഉരുള്‍പ്പൊട്ടല്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അക്കൂട്ടത്തില്‍ അതിന്റെ സാദ്ധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതാണ് മണ്ണിന്റെയും പാറയുടെയും ഘടന ശാസ്ത്രീയമായി പഠിക്കാതെ സ്വകാര്യ ലോബികള്‍ തയ്യറാക്കുന്ന തടയണകള്‍. കേരളത്തിന്റെ തലയ്ക്ക് മുകളിലെ ജലബോംബുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.
പുഴ മണലിന്റെ ദൗര്‍ലഭ്യം പാറ മണലിന്റെ ആവശ്യകത വര്‍ദ്ധിപ്പിച്ചപ്പോള്‍ നേരത്തെ കരിങ്കല്‍ കഷണങ്ങള്‍ക്ക് വേണ്ടി മാത്രം ഖനനം ചെയ്തിരുന്ന പാറകള്‍ മണലിന് വേണ്ടി കൂടി കണക്കില്ലാതെ ഖനനം ചെയ്യപ്പെടാന്‍ തുടങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധനവ് പാറഖനനത്തിന്റെ ആയം കൂടി. അതോടെ ഭൂകമ്പസാദ്ധ്യതയും കൂടിയിരിക്കുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പ്പൊട്ടല്‍ സാദ്ധ്യത ഇടുക്കി ജില്ലയ്ക്കാണ്. തൊട്ടുപുറകില്‍ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവയുണ്ട്. ആദ്യം മരങ്ങള്‍ മുറിച്ചു മാറ്റി കുരിശിന്‍തൈകള്‍ കൃഷിചെയ്യുകയും പിന്നെ കപ്പയും, വാഴയും കൃഷി ചെയ്യുകയും ചെയ്യുന്ന മലഞ്ചെരുവുകളില്‍ കുടിയേറിയവര്‍ക്ക് ജലം ലഭ്യമാകാനുള്ള തടയണകള്‍ അതിനു മുകളില്‍ തയ്യാക്കുക കൂടിയാകുമ്പോള്‍ എല്ലാംകൂടി ഒടുവില്‍ പൊട്ടിച്ചിതറുന്നു. മാധവ് ഗാഡ്ഗിലിനെയും കസ്തൂരി രംഗനെയും മൂലയ്ക്കിരുത്തിയത് കൃഷിഭൂമിയുള്ളവര്‍ അപകടത്തില്‍ എന്ന പ്രചരണത്തിലൂടെയാണ്. പൗരോഹിത്യ രാഷ്ട്രിയം മലഞ്ചെരുവുകളെ പോരാട്ട ഭൂമിയാക്കുമ്പോള്‍ കുട്ടനാട് വികസന സമിതി എക്സിക്യൂട്ടീവ് ഡയറക്ടറെ പോലുള്ള ചിലര്‍ മാത്രമാണ് കേവലം അന്വേഷണത്തിനെങ്കിലും വിധേയരാകുന്നത്. അവര്‍ക്ക് ഭൂമിയുടേയോ പ്രകൃതിയുടെയോ നാശത്തെക്കുറിച്ച് ആവലതായില്ല. വനം, മണ്ണ്, പാറ – മാഫിയകള്‍ പശ്ചിമഘട്ടത്തില്‍ അനുദിനം അവകാശവാദങ്ങള്‍ ഉന്നയിച്ച് കയ്യേറ്റം തുടരുന്നു. സര്‍ക്കാര്‍ കൃഷിക്കാരെയും ആദിവാസികളെയും പുറത്താക്കി ഗ്രാമങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പ്രചരിപ്പിച്ച് അവരെ ഒപ്പം നിര്‍ത്തുന്നു. നിയമവിരുദ്ധമായി മരംമുറിച്ച് കടത്തുന്നതിലും ഖനനം നടത്തുന്നതിലും അനധികൃത റിസോര്‍ട്ടുകളിലൂടെ നിയമവിരുദ്ധ ടൂറിസം നടത്തുന്നതിനും കഞ്ചാവു കൃഷി തുടങ്ങിയവ നടത്തുന്നതിനും കാരണഭൂതന്മാരായിട്ടുള്ളവരാണ് തങ്ങളുടെ സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് കുറവ് വരുമെന്ന് കണ്ട് കര്‍ഷകരെയും ആദിവാസികളെയും രംഗത്തിറക്കി പുറകിലിരുന്ന് ചരട് വലിക്കുന്നത്. ‘പരിസ്ഥിതി സംരക്ഷണത്തിന്റെ പേര് പറഞ്ഞ് നമ്മെ പുറത്താക്കാനും ചൂഷണം ചെയ്യാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്നും ആ കര്‍ഷക വിരുദ്ധ റിപ്പോര്‍ട്ടിനെതിരെ ഒരുമിച്ച് നില്‍ക്കണം ‘ എന്നും ഇടയലേഖനം ഇറക്കിയ അതേ രൂപതയുടെ കീഴിലുള്ള മേഖലയിലാണ് ഇപ്പോള്‍ ഉരുള്‍പ്പൊട്ടി ഇത്രയും മരണങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് ഇത്തരം ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണക്കാര്‍ ആരെന്ന് വെളിവാക്കുന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കാടുകളും ഫോറസ്റ്റ് ഓഫീസുകളും തീയിട്ടതും വന്യജീവികളെ കൊന്നൊടുക്കിയതും അത്ര പെട്ടെന്ന് നമുക്ക് മറക്കാനാവില്ലല്ലോ.
പശ്ചിമഘട്ടത്തെ സംരക്ഷിക്കാതെ അതിനെ തുരന്ന് തളളുന്നവര്‍ തമിഴ്നാടിനെക്കാള്‍ രൂക്ഷമായ വരള്‍ച്ചയിലാകും നമ്മെ കൊണ്ടെത്തിക്കുന്നത്. വര്‍ഷംതോറും ശരാശരി 3000 മില്ലീമീറ്ററിലധികം മഴ ലഭിക്കുമായിരുന്ന കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നമ്മുടെ ശിരുവാണിയിലെ ഏറ്റവും ശുദ്ധമായ ജലം അണക്കെട്ടിന്റെ ചിലവല്ലാതെ മറ്റൊരു നയാപൈസാ ചെലവില്ലാതെ ഭൂമിയുടെ ചരിവ് ഉപയോഗിച്ച് ഒഴുക്കി കൊണ്ടു പോയി തമിഴ്നാട് കുപ്പിവെള്ളമുണ്ടാക്കി ലാഭം കൊയ്യുന്നു. അത് നാം തന്നെ വിലയ്ക്ക് വാങ്ങി കുടിക്കുകയും ചെയ്യുന്നു. കൂടാതെ വൈദ്യുതി ഉണ്ടാക്കി ലാഭം കൊയ്യുകയും കോയമ്പത്തൂരും സമീപ പ്രദേശങ്ങളിലുമെല്ലാം കുടിവെള്ളം ലഭ്യമാക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാറും പറമ്പിക്കുളവും അപ്പര്‍ഷോളയാറും ഒക്കെയായി നമ്മുടെ ജലം കൊണ്ട് മാത്രം ജീവിച്ചു പോകാന്‍ കഴിയുന്ന എത്രയധികം ജില്ലകളാണ് തമിഴ്നാട്ടിലുള്ളത്. സഹ്യപര്‍വ്വതത്തിന് നാശം സംഭവിക്കുമ്പോള്‍ നമുക്ക് മാത്രമല്ല, തമിഴ്നാടിന് പോലും അത് ദുരന്തമായി മാറും.
പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് വരുംതലമുറകളുടെ ഭാവി സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം. കൈയ്യേറ്റത്തിന്റെ മുറിപ്പാടുകളും ഖനനത്തിന്റെ വേദനകളും കാരണം പ്രകൃതി എങ്ങനെയാണ് ഇതിനെതിരെ പ്രതികരിക്കുക എന്ന് പ്രവചിക്കാന്‍ പോലും സാധിക്കുകയില്ല. ഉരുള്‍പ്പൊട്ടലും ഭൂകമ്പവും വെള്ളപ്പൊക്കവും വരള്‍ച്ചയും പ്രവചനങ്ങള്‍ അല്ലാതായി മാറും. ഇപ്പോള്‍ സംഭവിക്കുന്നത് കേവലം സൂചനകള്‍ മാത്രം. നമ്മുടെ ജീവിതസുഖങ്ങള്‍ക്ക് നാം പശ്ചിമഘട്ടത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിന്റെ മുറിവുണക്കാന്‍ നാം ശ്രമിച്ചില്ലെങ്കില്‍ വരും തലമുറ നമ്മെ പുച്ഛിച്ചു തള്ളും. അവരെ മരുഭൂമിയില്‍ ഉപേക്ഷിച്ച പൂര്‍വ്വികര്‍ക്ക് അവര്‍ ഒരിക്കലും മാപ്പു നല്‍കുകയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in