സര്‍ക്കാര്‍ നയം എം.കെ.ദാമോദരന്‍ തീരുമാനിക്കുമ്പോള്‍
സി. ആര്‍.നീലകണ്ഠന്‍ സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായതിനെ പലരും വിമര്‍ശിച്ചു കണ്ടു. കേരള രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരോ ഇവര്‍? ദാമോദരന്‍ എന്തെങ്കിലും തെറ്റു ചെയ്തുവോ? സര്‍ക്കാരിന്റെ നിലപാടിന് എതിരായാണോ ദാമോദരന്‍ ഇങ്ങനെ ഹാജരായത്? അല്ലേയല്ല. പിണറായി സര്‍ക്കാരിന്റെ നിലപാട് തന്നെയാണിത്. അല്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം പറയുമായിരുന്നല്ലോ. അതേ ദിവസം തന്നെ സുപ്രീം കോടതിയില്‍ ഐസ് ക്രീം പാര്‍ലര്‍ കേസില്‍ കേരളത്തിന് വേണ്ടി പ്രത്യേകം നിയമിച്ച വിലയേറിയ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ […]
സാന്റിയാഗോ മാര്ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ ഹാജരായതിനെ പലരും വിമര്‍ശിച്ചു കണ്ടു. കേരള രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരോ ഇവര്‍? ദാമോദരന്‍ എന്തെങ്കിലും തെറ്റു ചെയ്തുവോ? സര്‍ക്കാരിന്റെ നിലപാടിന് എതിരായാണോ ദാമോദരന്‍ ഇങ്ങനെ ഹാജരായത്? അല്ലേയല്ല. പിണറായി സര്‍ക്കാരിന്റെ നിലപാട് തന്നെയാണിത്. അല്ലെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം പറയുമായിരുന്നല്ലോ. അതേ ദിവസം തന്നെ സുപ്രീം കോടതിയില്‍ ഐസ് ക്രീം പാര്‍ലര്‍ കേസില്‍ കേരളത്തിന് വേണ്ടി പ്രത്യേകം നിയമിച്ച വിലയേറിയ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചതും ഇങ്ങനെ തന്നെ കാണണം. കേരള സര്‍ക്കാരിന്റെ സ്ഥിരം അഭിഭാഷകരെ സര്‍ക്കാര്‍ മാറ്റി എന്നതില്‍ നിന്നും ഇതൊന്നും അറിയാതെ സംഭവിക്കുന്നതല്ലെന്നു തീര്‍ച്ച. എന്നിട്ടും മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അഭിഭാഷകനെ മാറ്റാന്‍ മറന്നു പോയതാകില്ല. കേസ് രാഷ്ട്രീയപ്രേരിത മെന്നുള്ള യുഡി.എഫ് സര്‍ക്കാരിന്റെ വാദം തന്നെ എല്‍ഡി എഫ് സര്‍ക്കാരിനു വേണ്ടിയും അദ്ദേഹം ആവര്‍ത്തിച്ചു. . വി.എസ് ഐസ് ക്രീം പാര്‍ലര്‍ കേസില്‍ ഇടപെടുന്നതു രാഷ്ട്രീയപ്രേരിതമായാണ് എന്നത് ശരി തന്നെയാണ് . ഏതു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ഏതു ഇടപെടലിലും രാഷ്ട്രീയമുണ്ടാകും അഥവാ ഉണ്ടാകണം. പക്ഷെ അതു കക്ഷിരാഷ്ട്രീയം അല്ല, സ്ത്രീപക്ഷ ജനപക്ഷ രാഷ്ട്രീയമാണ് വി എസ ഇതിലുടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. ഇതുതന്നെ ലോട്ടറി കേസിലും കാണാം. വന്‍ അഴിമതി നടത്തി കേരളത്തെ കൊള്ളയടിച്ചെന്നു ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്ന, അങ്ങനെ മുന്‍കാലങ്ങളില്‍ പ്രചരിപ്പിച്ച ഒരു വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍.അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്.
ഇങ്ങനെ ഒരാള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഹാജരായെങ്കില്‍ അതു മുഖ്യമന്ത്രിയുടെ അറിവോടെയല്ല എന്നു കരുതുന്നവരല്ലേ വിഡ്ഢികള്‍? ഇവര്‍ ഈ സര്‍ക്കാരിന്റെ, അതിലെ പ്രധാന കക്ഷിയുടെ പ്രധാന നേതാക്കളുടെ നിലപാട് അറിയാത്തവരാണ്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനിക്ക് രണ്ട് കോടി രൂപ വാങ്ങിയപ്പോള്‍ അതില്‍ ഒരു തെറ്റും കണ്ടില്ല.. ജനങ്ങള്‍ അതറിഞ്ഞതിലേ തെറ്റു കണ്ടുള്ളു. അപ്പോള്‍ തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞു. കൊടുത്തോ എന്നാര്‍ക്കറിയാം? ( കേരളത്തിലും പുറത്തും തട്ടിപ്പു കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മാര്ട്ടിന് എങ്ങനെ പാര്‍ട്ടി പണം തിരിച്ചു കൊടുക്കുമെന്ന ചോദ്യവുമുണ്ട്.) ആ പണം വാങ്ങിയ വ്യക്തി അന്നും ഇന്നും പാര്‍ട്ടി കേന്ദ്രസമിതി അംഗവും ഇപ്പോള്‍ വ്യവസായമന്ത്രിയുമാണ്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പിണറായി വിജയനടക്കമുള്ളവരുടെ നിലപാടുകളും രഹസ്യമൊന്നുമല്ല. സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ തന്നെയാണ് ഇപ്പോള്‍ കോടതിയിലും പറഞ്ഞിരിക്കുന്നത്. ഇതില്‍ ഒരു വൈരുധ്യവുമില്ല. ഉണ്ടെന്നു പറയുന്നവര്‍ സര്‍ക്കാരിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നവരാണ്.മുമ്പ് കോണ്‍ഗ്രസിന്റെ വക്താവായിരുന്നു മനു അഭിഷേക് സിംഗ്‌വി ഒരു വക്കീലെന്ന നിലയില്‍ മാര്ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായപ്പോള്‍ പിണറായി വിജയനും പാര്‍ട്ടിയുമെടുത്ത നിലപാടുകള്‍ നമുക്കോര്‍മ്മയുണ്ട്. പക്ഷെ ഇത്തരം പഴയ കാര്യങ്ങളൊന്നും ഓര്‍ക്കാന്‍ പാര്‍ട്ടി ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാരിനോ സി പി എമ്മിനോ ഒരു ആശയക്കുഴപ്പവുമില്ല. അതുകൊണ്ടാണ് ആ പാര്‍ട്ടിയില്‍ പെട്ട ആരും ഒരു വിശദീകരണവുമായി വരാത്തത്. ജനങ്ങളില്‍ സര്‍ക്കാരിനെതിരെ വികാരമുണ്ടാകുമെന്നു ഭയപ്പെട്ട ചില അനുഭാവികള്‍ പ്രകടിപ്പിക്കുന്ന ആശങ്കയൊന്നും ഇരട്ടച്ചങ്കുള്ള നേതാവിനും പാര്ടിക്കുമില്ല. സര്‍ക്കാരിനെ ന്യായീകരിക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന വൃഥാശ്രമങ്ങള്‍ കണ്ടു സഹതാപം തോന്നുന്നു. ഒരു സര്‍ക്കാരെന്ന നിലയില്‍ ഇത് മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്. ഐസ് ക്രീം പാര്‍ലര്‍ കേസിലും പഴയ നിലപാട് തുടരുന്നു എന്നു മാത്രം എന്നും മറ്റും അവര്‍ പറയുന്നു. അങ്ങനെ എങ്കില്‍ ലാവ്‌ലിന്‍ , അരിയില്‍ ഷുക്കൂര്‍ വധം, ടി പി വധം തുടങ്ങിയ കേസുകളിലും ഇതേ നിലപാടെടുക്കുമോ? മുന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഈ സര്‍ക്കാരും തുടരുമോ? അവിടെയാണ് രാഷ്ട്രീയം വരുന്നത്. ഒരു സര്‍ക്കാരിനെ രാഷ്ട്രീയാടിസ്ഥാനത്തില്‍ മാറ്റി മറ്റൊന്ന് വരുന്നത് മറ്റൊരു രാഷ്ട്രീയം അവര്‍ക്കുണ്ടെന്നതിനാലാണ്. പക്ഷെ ഐസ് ക്രീം കേസില്‍ മുന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് വി എസ് രാഷ്ട്രീയപ്രേരിതമായി കൊടുത്ത കേസാണിത് എന്ന നിലപാട് തന്നെ ഈ സര്‍ക്കാരിനുമുണ്ടെന്നു വ്യക്തം. അപ്പോള്‍ പിന്നെ വി എസ് ഉന്നയിച്ച രാഷ്ട്രീയം എന്തു? അതു ഈ സര്‍ക്കാരിന് സ്വീകാര്യമല്ലാത്തതെന്തു കൊണ്ട്? കവി പാടിയതുപോലെ ‘ ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായ ‘ ഒരു പ്രശ്‌നമാണിത് എന്നും പറയാം. ഇടതുപക്ഷം വലതുപക്ഷത്ത്തില്‍ നിന്നും വ്യത്യസ്തമാണെന്ന് കരുതി വോട്ടു ചെയ്തവരുടെ ആശയക്കുഴപ്പം മാത്രം. ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ പാര്‍ട്ടി താല്പര്യപ്പെടുന്നില്ല. സാധാരണ ജനങ്ങള്‍ എന്തു ധരിച്ചാലും പാര്‍ട്ടിക്കൊരു പ്രശ്‌നവുമില്ല എന്നര്ത്ഥം.
മത്രിസഭായോഗങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനമെന്നത് നാലര പതിറ്റാണ്ടായി തുടരുന്ന ഒരു കീഴ്വഴക്കമാണ്. അതു നിയമപരമായ ബാധ്യതയൊന്നുമല്ല. പുതിയ മുഖ്യമന്ത്രി അതുപെക്ഷിച്ചപ്പോള്‍ അതൊരു ധീര തീരുമാനമായി പ്രകീര്‍ത്തിച്ച് സ്തുതിപാടകാരെ വിടാം. അങ്ങനെ ചെയ്താല്‍ സമ്പുര്‍ണ്ണ സുതാര്യതയാകുമെന്നു പറയാനുമാകില്ല. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അനുഭവം വച്ചുകൊണ്ട് പറഞ്ഞാല്‍. മുഴുവന്‍ സത്യങ്ങളും പറയാതിരിക്കുക, അസത്യങ്ങള്‍ വ്യംഗ്യ രൂപേണയും അര്‍ദ്ധ സത്യങ്ങളും പറയുക തുടങ്ങിയ കലാപരിപാടികളില്‍ അദ്ദേഹം വിദഗ്ധനായിരുന്നല്ലോ. പക്ഷെ അതുകൊണ്ട് മാത്രം ആ കീഴ്വഴക്കം മുടക്കുന്നത് ശരിയെന്നു പറയാന്‍ കഴിയില്ല. ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതില്‍ നിന്നും മുഖ്യമന്ത്രിക്കൊഴിവാകാം എന്നത് മാത്രമാകും നേട്ടം. താന്‍ പാര്‍ട്ടിയുടെ അനിഷേധ്യനേതാവാണെന്നതിനാല്‍ തന്റെ തീരുമാനങ്ങള്‍ ആരും ചോദ്യം ചെയ്യില്ലെന്നാണദ്ദേഹം കരുതുന്നത്. പാര്‍ട്ടിയുടെ , പ്രത്യേകിച്ചു അദ്ദേഹത്തിന്റെ നാടായ കണ്ണൂരിലെ അവസ്ഥ മാത്രമാണിത്. പക്ഷെ പ്രിയ മുഖ്യമന്ത്രി അറിയുക, താങ്കള്‍ പാര്‍ട്ടിയുടെ മാത്രം മുഖ്യമന്ത്രിയല്ല, കണ്ണൂര്‍ ജില്ലയുടെ മാത്രമവുല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വ്യക്തമായി അറിയാന്‍ ഓരോ പൗരനും അവകാശമുണ്ട് . ഇത്തരം ഒളിച്ചുകളികൊണ്ടു രക്ഷപ്പെടാമെന്നു മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ മാധ്യമരംഗത്തെ ഒരു വിദഗ്ദ്ധനെയും ഉപദേഷ്ടാവായി നിയമിച്ചിട്ടൂണ്ടല്ലോ. അവിടെയും സര്‍ക്കാര്‍ ചട്ടപ്രകാരം നിയമിക്കപ്പെട്ട പ്രസ് സെക്രട്ടറിക്ക് മുകളിലാണ് നിയമനം.
ഇനി അല്പം നിയമപ്രശനം. സര്‍ക്കാരിനെ നിയമവിഷയങ്ങളില്‍ ഉപദേശിക്കാനും സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കാനും വേണ്ടി അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തില്‍ വലിയൊരു വക്കീല്പട തന്നെ സര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ നികുതിപ്പണം ശമ്പളമായി പറ്റുന്നവരായുണ്ട്. ക്രിമിനല്‍ക്കേസുകളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍ പ്രോസിക്യൂട്ടര്മാരും അതിന്റെ തലപ്പത്ത് ഡയരക്ടര്‍ ജനറലും ഉണ്ട്. ഇതിനെല്ലാം പുറമേ മുഖ്യമന്ത്രിക്ക് ഒരു നിയമോപദേഷ്ടാവിനെ നിയമിക്കുന്നതിന്റെ സാംഗത്യമെന്തു? ഈ ഉപദേഷ്ടാവ് അഡ്വക്കറ്റ് ജനറലിനും മുകളിലാണോ? ഒപ്പമാണോ? അങ്ങനെ എങ്കില്‍ അത് സൃഷ്ടിക്കാവുന്ന നിയമക്കുരുക്കുകള്‍ ചെറുതല്ല. അഡ്വക്കറ്റ് ജനറല്‍ എന്നത് ഒരു ഭരണഘടനാ പദവിയാണ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ ഔദ്യോഗികമായി സര്‍ക്കാരിന്റെ നിലപാടാണ്. അതിലെ ശരിതെറ്റ്കളെ ചോദ്യം ചെയ്യാന്‍ ഏതു പൌരനും അവകാശമുണ്ട്. വിവരാവകാശ നിയമാത്ത്തിന്റെ പരിധിയില്‍ അദ്ദേഹത്തിന്റെ ഓഫീസ് വരുന്നു. എന്നാല്‍ ഈ നിയമോപദേഷ്ടാവിന്റെ ഓഫീസ് പൊതു ഓഫീസാണോ? ആരോടാണ് ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തം? മുഖ്യമന്ത്രിക്ക് ജനങ്ങളോട് നിയമപരവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഈ ഉപദേഷ്ടാവിന് ഇതില്‍ എവിടെയാണ് നിയമപരമായ സ്ഥാനം? അഡ്വ ക്കറ്റ് ജനറല്‍ നല്‍കുന്ന ഉപദേശത്തിനെതിരെ ഇദ്ദേഹം ഉപദേശം നല്‍കിയാല്‍ സര്‍ക്കാര്‍ ഇത്തില്‍ ഏതു സ്വീകരിക്കും? ഉപദേഷ്ടാവിന്റെ രാഷ്ട്രീയ സ്വാധീനം വളരെ കുടുതലാണെന്നതിനാല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കാനും സാദ്ധ്യതയുണ്ട്. അത് നിയമലംഘനത്തിനു സര്‍ക്കാരിനെ പ്രേരിപ്പിക്കും. ക്രിമിനല്‍ കേസുകളില്‍ ഇപ്പോഴും സര്‍ക്കാരാണ് വാദിഭാഗം. അതില്‍ നിയമത്തിനപ്പുറമുള്ള തീരുമാനങ്ങള്‍ ഉണ്ടാകാം. അതുവഴി ജനങ്ങള്‌ടെ നികുതിപ്പണം ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ അപ്രസ്‌കതരാകും. അവരുടെ ഭരണഘടനാപരമായ ബാധ്യതകളും അധികാരങ്ങളും ഇല്ലാതാകും.
വാല്‍കഷ്ണം : ലോട്ടറി വിഷയത്തില്‍ പ്രതിപക്ഷത്തുള്ള വി.ഡി.സതീശന്‍ അടക്കമുല്ലവരുമായി നെടുനെടുങ്കന്‍ സംവാദങ്ങള്‍ നടത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് ഇക്കാര്യത്തില്‍ എന്ത് നിലപാടാനുള്ളതെന്നരിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. അതദ്ദേഹം വെളിപ്പെടുത്തുമെന്നു പ്രതീക്ഷിക്കുക.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in