സമീപവാസികള്‍ക്കുള്ള സൗജന്യയാത്ര അവസാനിപ്പിക്കണമെന്ന് ടോള്‍ കമ്പനി – ലക്ഷ്യം പുതിയ ബൂത്തുകള്‍

കേരളത്തിലെ ആദ്യത്തെ ടോള്‍ പാതയായ മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയില്‍ നടക്കുന്നത് വന്‍ കൊള്ളയാണെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകാനിടയില്ല. ടോള്‍ പാതകള്‍ ശരിയാണോ എന്ന ചോദ്യം മുതല്‍ ന്യായമായ ലാഭമടക്കം ചിലവിനനുപാതികമായ നിരക്കല്ല ടോള്‍ ബൂത്തില്‍ ഈടാക്കുന്നതെന്നുവരെയുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്. കരാര്‍ പ്രകാരമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ടോള്‍ ബൂത്ത്് അവസാനിപ്പിക്കാനും നിരക്കു കുറക്കാനുമൊക്കെ ആവശ്യപ്പെട്ട് എത്രയോ പ്രക്ഷോഭങ്ങള്‍ നടന്നു. എന്നാല്‍ ഒരു ഗുണവുമുണ്ടായില്ല എന്നു മാത്രമല്ല കാലാകാലങ്ങളില്‍ വന്‍തോതിലുള്ള നിരക്കുവര്‍ദ്ധനവാണ് ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ […]

7
കേരളത്തിലെ ആദ്യത്തെ ടോള്‍ പാതയായ മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയില്‍ നടക്കുന്നത് വന്‍ കൊള്ളയാണെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകാനിടയില്ല. ടോള്‍ പാതകള്‍ ശരിയാണോ എന്ന ചോദ്യം മുതല്‍ ന്യായമായ ലാഭമടക്കം ചിലവിനനുപാതികമായ നിരക്കല്ല ടോള്‍ ബൂത്തില്‍ ഈടാക്കുന്നതെന്നുവരെയുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്. കരാര്‍ പ്രകാരമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ടോള്‍ ബൂത്ത്് അവസാനിപ്പിക്കാനും നിരക്കു കുറക്കാനുമൊക്കെ ആവശ്യപ്പെട്ട് എത്രയോ പ്രക്ഷോഭങ്ങള്‍ നടന്നു. എന്നാല്‍ ഒരു ഗുണവുമുണ്ടായില്ല എന്നു മാത്രമല്ല കാലാകാലങ്ങളില്‍ വന്‍തോതിലുള്ള നിരക്കുവര്‍ദ്ധനവാണ് ടോള്‍ പിരിക്കുന്ന ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നടത്തികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബൂത്തിനു 10 കിമീ ദൂരയളവിനുള്ളില്‍ താമസിക്കുന്നവര്‍ക്കു നല്‍കുന്ന സൗജന്യയാത്ര അവസാനിപ്പിക്കണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കമ്പനി സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.
2012ല്‍ നിരവധി പ്രതിഷേധങ്ങള്‍ക്കിടയില്‍ ടോള്‍ ബൂത്ത് ആരംഭിക്കുമ്പോള്‍ സമീപസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യാത്രാസൗജന്യമുണ്ടായിരുന്നില്ല. അത്തരം നിര്‍ദ്ദേശം നിലവിലുണ്ടായിട്ടുപോലും നടപ്പായില്ല. പിന്നീട് നടന്ന നിരവധി സമരങ്ങളുടെ ഭാഗമായുള്ള ഒത്തുതീര്‍പ്പുകളിലാണ് ഈ ആവശ്യം അംഗീകരിച്ചത്. സത്യത്തില്‍ ഈ സൗജന്യം കമ്പനി നല്‍കുന്നതല്ല. അവര്‍ക്കനുദിക്കുന്ന സൗജന്യത്തിനു തുല്യമായ പണം സര്‍ക്കാര്‍ കമ്പനിക്കു നല്‍കുന്നു എന്നതാണ് വസ്ുത. എന്നാല്‍ പലപ്പോഴും അതു സമയത്തുകിട്ടാതിരിക്കുകയും മറ്റുമുള്ളതിനാല്‍ സൗജന്യം അവസാനിപ്പിക്കണമെന്ന ആഗ്രഹം കമ്പനിക്കു അന്നുമുതലേ ഉണ്ട്.
അടുത്തയിടെ നടപ്പാക്കിയ ഫാസ്റ്റാഗ് (FASTag) സംവിധാനത്തിന്റെ മറപിടിച്ചാണ് ഇപ്പോള്‍ ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിറ്റി കാര്‍ഡാണ് ഫാസ്റ്റാഗ്. അതൊട്ടിച്ച വാഹനങ്ങളെ തിരിച്ചറിഞ്ഞ് നിര്‍ത്താതെ തന്നെ കടത്തിവിടാന്‍ കഴിയും. മുന്‍കൂര്‍ പണം കൊടുത്ത് സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഈ കാര്‍ഡ് നല്‍കുന്നത്. ബൂത്തില്‍ ഓരോ വശത്തുമുള്ള ഏഴു പാതകളില്‍ ഓരോന്നുവീതം ഇവര്‍ക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇതുമൂലം കാര്യമായ സമയനഷ്ടമില്ലാതെ വാഹനങ്ങള്‍ക്കു കടന്നുപോകാനാകും. നിലവിലെ സാങ്കേതിക സംവിധാനമനുസരിച്ച് പണം മുന്‍കൂര്‍ അടക്കുന്നവര്‍ക്കേ ഈ കാര്‍ഡ് നല്‍കാനാവൂ. സമീപവാസികളുടെ പണം പിന്നീടാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നതിനാല്‍ അവര്‍ക്ക് ഫാസ്റ്റാഗ് വല്‍കാനാവില്ലെന്നാണ് കമ്പനിയുടെ വാദം. അതുകൊണ്ടാണത്രെ ഇത്തരമൊരാവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യമതല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പാതയില്‍ മണ്ണുത്തി – പാലക്കാട് ഭാഗത്തേക്ക് ടോള്‍ബൂത്തുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുകയാണ്. അതിനുമുമ്പെ ഈ സൗജന്യം നിര്‍ത്തിയില്ലെങ്കില്‍ അവിടേയും നല്‍കേണ്ടിവരുമെന്ന ഭയമാണത്രെ ഈ ആവശ്യത്തിനു പിന്നില്‍. ഒരു വരിയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങളുണ്ടെങ്കില്‍ ടോള്‍ വാങ്ങാതെ തുറന്നു വിടണമെന്ന നിര്‍ദ്ദേശവും ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
പൊതുപാതയെ സ്വകാര്യവല്‍ക്കരിച്ചശേഷം ടോളെന്ന പേരില്‍ ഇവിടെ നടക്കുന്ന കൊള്ള ആരേയും ഞെട്ടിപ്പിക്കുന്നതാണ്. ബൂത്ത് സ്ഥാപിക്കുന്നതിനു വര്‍ഷങ്ങള്‍ക്കുമുമ്പ് 2006ല്‍ നാറ്റ് പാക്ക് നടത്തിയ സര്‍വ്വേയില്‍ ഈ വഴി ദിനംപ്രതി സഞ്ചരിച്ചിരുന്നത് 25000ല്‍ പരം വാഹനങ്ങളായിരുന്നു. ഇന്നത് ഇരട്ടിയേക്കാള്‍ അധികമാണ്. പുതിയ പാത നിര്‍മ്മിക്കുകയല്ല, നിലവിലുണ്ടായിരുന്ന പാത നവീകരിക്കുകയാണ് ചെയ്തത്. കരാര്‍ പ്രകാരം ചെയ്യേണ്ട കാര്യങ്ങള്‍ പോലും ഇത്രയും വര്‍ഷമായി ടോള്‍ കമ്പനി ചെയ്തിട്ടില്ല എന്നതാണ് വസ്തുത. വേണ്ടത്ര ഓവര്‍ ബ്രിഡ്ജുകളോ കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളോ ബസ് ബേകളോ വഴി വിളക്കുകളോ സര്‍വ്വീസ് റോഡുകളോ ഇല്ലാതെയാണ് ടോള്‍ കൊള്ള നടക്കുന്നത്. സിഗ്നലുകളില്‍ കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണ് വഴിനീളെ. ടോള്‍ കൊടുത്ത് ഉടന്‍ നമ്മെ സ്വീകരിക്കുക ആമ്പല്ലൂരിലെ ചുവന്ന സിഗ്‌നല്‍ ലൈറ്റാണ്. തിരക്കുപിടിച്ച അങ്കമാലി സെന്ററില്‍ പോലും ഓവര്‍ ബ്രിഡ്ജില്ല. ഇത്രയും ദൂരത്തിനിടയില്‍ ഒറ്റ ടോള്‍ ബൂത്ത് മാത്രമേ ഉള്ളു എന്നതിനാല്‍ ചെറിയ ദൂരത്തിനുപോലും വലിയ തുകയാണ് കൊടുക്കേണ്ടിവരുന്നത്. വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന സമാന്തരപൊതുപാതപോലും അടച്ചുപൂട്ടി. മാത്രമല്ല, അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഫലമായി അപകടങ്ങളുടെ പരമ്പരയാണ് ഈ പാതയില്‍ നടക്കുന്നത്. തൃശ്ശൂരിലെ നേര്‍വഴി സംഘടന ശേഖരിച്ച കണക്കുകള്‍ പ്രകാരം മണ്ണുത്തിമുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കറുകുറ്റി വരെയുള്ള 38 കിലോമീറ്റര്‍ പരിധിയില്‍ രണ്ട് വര്‍ഷത്തിനിടെ 252 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. ഇവരില്‍ 54 പേര്‍ കാല്‍ നടയാത്രക്കാരാണ്. കാല്‍നടക്കാരേയോ സൈക്കിള്‍ യാത്രക്കാരേയോ പരിഗണിക്കുകപോലും ചെയ്യാതെയാണ് റോഡു നിര്‍മ്മാണം നടന്നിട്ടുള്ളത്. 1168 അപകടങ്ങളിലായി 1518 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ടോള്‍ പിരിവ് നടക്കുന്ന പുതുക്കാട് പ്രദേശത്ത് മാത്രം 411 അപകടങ്ങളില്‍ 65 പേര്‍ മരിച്ചതായാണ് കണക്ക്. 520 പേര്‍ക്ക് പരിക്കേറ്റു. അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത. ഇതായിരുന്നു മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിര്‍മ്മാണത്തിലെ പ്രധാന കരാര്‍ വ്യവസ്ഥ. എന്നാല്‍ പാത കണ്ടാല്‍ ഈ അവകാശവാദങ്ങളെല്ലാം പൊളിയും. അതിന്റെ പേരില്‍ തന്നെ വേണമെങ്കില്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താവുന്നതാണ്. ഇപ്പോഴിതാ മനുഷ്യാവകാശ കമ്മീഷന്‍ നിയമിച്ച അഭിഭാഷക കമ്മീഷനും ഈ വീഴ്ചകളെല്ലാം സംഭവിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. പക്ഷെ കൊള്ളക്കൊരു കുറവുമില്ല എന്നതാണ് ദുഖകരം. പാതനിര്‍മ്മാണത്തിന് 725 കോടിയാണ് കമ്പനി ചിലവാക്കിയിട്ടുള്ളത്. 5 വര്‍ഷത്തെ ടോള്‍ പിരിവ് തന്നെ 506 കോടിയാണ്. ഈ നിലക്കുമാത്രം പോയാല്‍ 20 വര്‍ഷത്തെ പിരിവ് 2024 കോടിയാകും. വാഹനങ്ങളുടെ എണ്ണവും നിരക്കും കൂടുമെന്നതിനാല്‍ വരവ് അതിനേക്കാള്‍ ഏറെ കൂടും. ബൂത്ത് നടത്താനുള്ള ചിലവ് എത്ര പര്‍വ്വതീകരിച്ചാല്‍ പോലും കമ്പനിക്കു ലഭിക്കുന്ന ലാഭം എത്ര ഭീമമായിരിക്കും. ടോള്‍ പാത അനിവാര്യമാണെന്നു കരുതുന്നവര്‍ക്കുപോലും അംഗീകരിക്കാനാവാത്ത കൊള്ളലാഭമാണ് കമ്പനി നേടുന്നതെന്നു സാരം. എന്നിട്ടും ഉപഭോക്താക്കളോട് നീതി പുലര്‍ത്തുന്നില്ല എന്നതാണ് വൈരുദ്ധ്യം. അതിനെല്ലാം പുറമെയാണ് നിലവിലെ സൗജന്യങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കം.
ഇക്കാലയളവില്‍ ഭരിച്ച ഇരുമുന്നണികളും ഈ കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. എല്ലാ പാര്‍ട്ടികളും ചില സമരപ്രഹസനങ്ങളൊക്കെ നടത്തിയെങ്കിലും പതുക്കെ പതുക്കെ പിന്മാറുകയായിരുന്നു. അതിനായി വന്‍തുകകള്‍ തന്നെ കമ്പനി വാരിയെറിഞ്ഞു എന്നത് പരസ്യമായ രഹസ്യം. ചെറിയ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും ഏറെ കാലം സമരം തുടര്‍ന്നു. അവരില്‍ മിക്കവാറും പേര്‍ സ്വന്തമായി വാഹനങ്ങള്‍പോലുമില്ലാത്തവരായിരുന്നു. ടോളിനെതിരെ ശക്തമായ സമരം നടക്കുമ്പോള്‍ നിരക്കു കുറക്കാനാവശ്യപ്പെടുന്ന സമീപനമാണ് പല പാര്‍ട്ടികളും സ്വീകരിച്ചതെന്നും അത് സമരത്തെ തകര്‍ക്കാനായിരുന്നു എന്നും അവര്‍ ആരോപിക്കുന്നു. പക്ഷെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ അവരും പിന്‍വാങ്ങി. ഇപ്പോള്‍ എത്രതവണ നിരക്കു കൂട്ടിയാലും ചെറിയ പ്രതിഷേധം പോലും ഇല്ലാത്ത അവസ്ഥയുമായി. ഈ സാഹചര്യത്തിലാണ് പുതിയ ആവശ്യങ്ങളുമായി കമ്പനി പിടിമുറുക്കുന്നതെന്നതാണ് ദുരന്തം. പുതിയ ആവശ്യത്തിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തത് സി എന്‍ ജയദേവന്‍ എം പിയാണ്. എന്നാല്‍ കമ്പനി എന്തു നടപ്പാക്കിയാലും ചെറുത്തുതോല്‍പ്പിക്കാനാവുമെന്ന മുന്‍കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ വിശ്വസിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply