സമരകേരളത്തിന്റെ നാവരിയരുത്‌

ഡോ ആസാദ്‌ ആഗോളവത്‌ക്കരണ വിരുദ്ധ സമരത്തിന്റെ ഒന്നര വ്യാഴവട്ടത്തിന്റെ ചരിത്രമാണ്‌ കേരളീയം എന്ന മാസികക്കുള്ളത്‌. പ്യൂപ്പിള്‍ എഗെന്‍സ്റ്റ്‌ ഗ്ലോബലൈസേഷന്‍ പ്രസിദ്ധീകരിക്കുന്ന പി.എ.ജി ബുള്ളറ്റിന്‍ മാത്രമേ ഇതിനു സമാനമായി കേരളത്തില്‍ എടുത്തു പറയാനുള്ളു. ഇവ തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്‌. പി.എ.ജി ബുള്ളറ്റിന്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലകളിലെ പുത്തന്‍ മുതലാളിത്താധിനിവേശത്തെ സംബന്ധിച്ചും അതിനു ഗവണ്‍മെന്റുകള്‍ കീഴ്‌പ്പെടുമ്പോള്‍ രൂപപ്പെടുന്ന ജനജീവിതവുമായുള്ള കൂടിവരുന്ന വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ചും അറിവു നല്‍കുന്നു. കേരളീയമാകട്ടെ, ഒരു പടികൂടി കടന്നു സമരോന്മുഖമായിത്തീരുന്നു. ഒന്നര വ്യാഴവട്ടത്തിലേറെയായി […]

kkഡോ ആസാദ്‌

ആഗോളവത്‌ക്കരണ വിരുദ്ധ സമരത്തിന്റെ ഒന്നര വ്യാഴവട്ടത്തിന്റെ ചരിത്രമാണ്‌ കേരളീയം എന്ന മാസികക്കുള്ളത്‌. പ്യൂപ്പിള്‍ എഗെന്‍സ്റ്റ്‌ ഗ്ലോബലൈസേഷന്‍ പ്രസിദ്ധീകരിക്കുന്ന പി.എ.ജി ബുള്ളറ്റിന്‍ മാത്രമേ ഇതിനു സമാനമായി കേരളത്തില്‍ എടുത്തു പറയാനുള്ളു. ഇവ തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്‌. പി.എ.ജി ബുള്ളറ്റിന്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാംസ്‌ക്കാരിക മേഖലകളിലെ പുത്തന്‍ മുതലാളിത്താധിനിവേശത്തെ സംബന്ധിച്ചും അതിനു ഗവണ്‍മെന്റുകള്‍ കീഴ്‌പ്പെടുമ്പോള്‍ രൂപപ്പെടുന്ന ജനജീവിതവുമായുള്ള കൂടിവരുന്ന വൈരുദ്ധ്യങ്ങള്‍ സംബന്ധിച്ചും അറിവു നല്‍കുന്നു. കേരളീയമാകട്ടെ, ഒരു പടികൂടി കടന്നു സമരോന്മുഖമായിത്തീരുന്നു. ഒന്നര വ്യാഴവട്ടത്തിലേറെയായി കേരളത്തിലെ സൂക്ഷ്‌മജീവിതത്തിന്റെ സ്‌പന്ദനമാണ്‌ കേരളീയം.
പാരിസ്ഥിതികമോ പ്രാന്തീയമോ ആയ അതിക്രമങ്ങളുടെയും കടന്നുകയറ്റങ്ങളുടെയും മുന്നില്‍ കേരളം എങ്ങനെ പകച്ചുനിന്നുവെന്നോ പിന്നീട്‌ പരിഭ്രമം മാറ്റി ചെറുത്തുനിന്നുവെന്നോ അറിയണമെങ്കില്‍ അഥവാ നവകേരളത്തിന്റെ ചരിത്രമെഴുതണമെങ്കില്‍ കേരളീയത്തിന്റെ പഴയ ലക്കങ്ങളെ ആശ്രയിക്കാതെ നിര്‍വ്വാഹമില്ല. മുഖ്യധാരാ മാധ്യമങ്ങള്‍ക്കു കാണാന്‍ സാധിക്കാത്ത മലയാളി ജീവിതം അവിടെ രേഖപ്പെട്ടിരിക്കുന്നു. പൊങ്ങച്ചമോ പൊലിമകളോ ഇല്ലാതെ നമുക്കിടയില്‍ അതു നമ്മെത്തന്നെ പകര്‍ത്തുകയായിരുന്നു. ഒരു വായനക്കാരന്‍ എന്ന നിലയില്‍ മാത്രമേ ഈ ലേഖകന്‌ കേരളീയവുമായി ബന്ധമുള്ളു.
ഇപ്പോള്‍ കേരളീയത്തില്‍ പൊലീസ്‌ നടത്തിയിരിക്കുന്ന റെയ്‌ഡിന്റെ വാര്‍ത്തയാണ്‌ ഇങ്ങനെയൊരു കുറിപ്പിനു പ്രേരണ. അര്‍ദ്ധരാത്രിയില്‍ കടന്നുചെന്ന്‌ റെയ്‌ഡും അറസ്റ്റും നടത്താനുള്ള സാഹചര്യമെന്തായിരുന്നു? കുറെകാലമായി ഒരു മാവോയിസ്റ്റ്‌ ഭീതി വളര്‍ത്തി ആക്‌റ്റിവിസ്റ്റുകളെ ഞെട്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്‌. മാവോയിസ്റ്റുകളെ സഹിക്കാം, മാവോയിസ്റ്റ്‌ ഭീതി വളര്‍ത്തി ജനങ്ങളെ വേട്ടയാടുന്ന പൊലീസിനെ സഹിക്കുക പ്രയാസം എന്നു ജനങ്ങളെക്കൊണ്ട്‌ പറയിപ്പിക്കാനുള്ള ശ്രമത്തിലാണോ ഗവണ്‍മെന്റ്‌?
പുതിയ വികസനത്തിന്റെ പേരില്‍ കോര്‍പറേറ്റ്‌ ഭീമന്മാര്‍ക്കു വേണ്ടി ജനങ്ങളെ കഠിനോപദ്രവം ചെയ്യുകയോ ഉന്മൂലനം ചെയ്യുകയോ ആണ്‌ പലപ്പോഴും ഭരണക്കാര്‍. ഇതിന്റെതന്നെ മറു വശമാണ്‌ മാവോയിസ്റ്റുകളുടെ പരാക്രമം. വ്യവസ്ഥയോടുള്ള കലാപമല്ല, ജനതയോടുള്ള യുദ്ധമാണ്‌ മിക്കപ്പോഴും നടക്കുന്നത്‌. രണ്ടിന്റെയും ഫലം ഒന്നുതന്നെ. ഗവണ്‍മെന്റിന്റെ മര്‍ദ്ദനോപകരണങ്ങളെ ജനങ്ങള്‍ക്കെതിരെ തിരിച്ചുവിടാന്‍ കോര്‍പറേറ്റു മത്സരമെന്നപോലെ മാവോയിസ്റ്റ്‌ കലാപങ്ങളും സാഹചര്യമൊരുക്കുന്നു. അതുവഴി യഥാര്‍ത്ഥത്തില്‍ ഭരണകൂടത്തിനെതിരെ ഉയര്‍ന്നു വരേണ്ട സ്വാഭാവിക സമരങ്ങളാണ്‌ നിലച്ചുപോവുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്യുന്നത്‌. തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും കൈകോര്‍ക്കുന്നത്‌ വിശാലമായ ജനകീയ മുന്നേറ്റങ്ങള്‍ രൂപപ്പെടാതിരിക്കാനാണ്‌.
ഇവിടെ കേരളത്തിലാകട്ടെ, യഥാര്‍ത്ഥത്തില്‍ മാവോയിസ്റ്റ്‌ ഭീതി വളര്‍ത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്‌ നടക്കുന്നത്‌. തീവ്രവാദി വേട്ടക്കുള്ള ആനുകൂല്യങ്ങള്‍ക്ക്‌ ഗവണ്‍മെന്റിന്‌ കഥ മെനയേണ്ടിവരുന്നുണ്ടോ എന്നു സംശയിക്കണം. മാവോയിസ്റ്റ്‌ ബന്ധം ആരോപിച്ച്‌ വയനാട്ടില്‍ ശ്യാം ബാലകൃഷ്‌ണനെ അറസ്റ്റു ,ചെയ്‌ത സംഭവം ആരും മറന്നുകാണില്ല. അതു സംബന്ധിച്ചു ശ്യാം ഹൈക്കോടതിയില്‍ നല്‍കിയ കേസ്‌ നടന്നുകൊണ്ടിരിക്കുന്നു. കേസിന്റെ വിചാരണ ഗവണ്‍മെന്റിന്‌ വലിയ തലവേദനയാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌. നിരപരാധികളെ കരുക്കളാക്കി മാവോയിസ്റ്റുകളെ സൃഷ്ടിക്കാനുള്ള പദ്ധതിയാണ്‌ തുറന്നുകാട്ടപ്പെടുന്നത്‌. ഈ കേസില്‍ വിയര്‍ക്കുമ്പോഴാണ്‌ നാട്ടില്‍ മാവോയിസ്റ്റ്‌ അതിക്രമം കെട്ടുകഥയല്ലെന്നു സ്ഥാപിക്കാന്‍ ഗവണ്‍മെന്റിന്‌ ബദ്ധപ്പെടേണ്ടി വരുന്നത്‌. അതുകൊണ്ടുതന്നെ വെള്ളമുണ്ടയിലും മറ്റും നടന്നുവെന്നു പറയുന്ന അക്രമ കഥകള്‍ വെള്ളംതൊടാതെ വിഴുങ്ങുവാന്‍ ബുദ്ധിമുട്ടുണ്ട്‌.
അതിന്റെ തുടര്‍ച്ചയിലാണ്‌ ജനകീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും സമര സഖാക്കള്‍ക്കും എതിരെ പൊലീസ്‌ നടപടി വരുന്നത്‌. കഴിഞ്ഞ കുറെ ലക്കങ്ങളായി ആദിവാസി പ്രശ്‌നങ്ങളും നില്‍പ്പുസമരവും കേരളീയത്തിലെ മുഖ്യ പ്രമേയമായിരുന്നു. ആദിവാസി താല്‍പ്പര്യം ഗവണ്‍മെന്റുകള്‍ മാവോയിസ്റ്റുകള്‍ക്കു പതിച്ചു നല്‍കിയിരിക്കുകയാണ്‌. കേരളത്തിലെ പൊതു സമൂഹത്തില്‍ ആദിവാസി സമരം വലിയ പിന്തുണയാണ്‌ ആര്‍ജ്ജിച്ചത്‌. സാമാന്യ നീതിബോധത്തിന്റെ മാത്രം പ്രേരണ മതിയായിരുന്നു അതിന്‌.
ജനവിരുദ്ധമായ കോര്‍പറേറ്റ്‌ വികസനങ്ങള്‍ക്കു ജീവിതം പണയം വെക്കേണ്ടി വരുന്നിടത്തെല്ലാം ജനങ്ങള്‍ സമരരംഗത്താണ്‌. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരം സമരങ്ങളെയെല്ലാം അടിച്ചൊതുക്കുന്നത്‌ സമരക്കാരെ മാവോവാദികളെന്നു മുദ്രകുത്തിയാണ്‌. ഇതേ കൗശലം കേരളത്തിലേക്കും കടന്നു വന്നിരിക്കുന്നു. ദേശീയപാതാ വികസനത്തിന്റെ മറവിലെ കൊള്ളയ്‌ക്കും കോഴയ്‌ക്കും കുടിയൊഴിപ്പിക്കലിനും എതിരെ സമരരംഗത്തുള്ളവരെ തീവ്രവാദികളെന്നാണ്‌ വിശേഷിപ്പിച്ചത്‌. പാലിയേക്കര ടോള്‍ വിരുദ്ധ സമരത്തിലും ആദിവാസി സമരത്തിലും ഏറ്റവുമൊടുവില്‍ ചുംബനസമരത്തില്‍വരെ മാവോവാദികളുണ്ടെന്നായിരുന്നു പൊലീസ്‌ പ്രചാരണം.
അപ്പോള്‍ ഇവിടത്തെ മാവോഭീതി ഗവണ്‍മെന്റിനെയാണ്‌ തുണയ്‌ക്കുന്നത്‌. അതല്ലെങ്കില്‍ കോര്‍പറേറ്റുകളെ. ഇതൊരു സ്‌പോണ്‍സേര്‍ഡ്‌ പരിപാടിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടിവരും. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ നല്ല ആയുധമാണിത്‌. മുഖ്യധാരാ പ്രതിപക്ഷങ്ങള്‍ പുതിയ സാമ്പത്തികാധിനിവേശങ്ങളുടെ സുഖോപലബ്ധികള്‍ ആസ്വദിക്കുന്നവരായിട്ടുണ്ട്‌. ജനങ്ങളെ തള്ളിക്കളഞ്ഞും അത്തരം വികസനങ്ങള്‍ വരട്ടെ എന്നായിരിക്കുന്നു അവരുടെ നിലപാട്‌. ഈ പിന്തുണയിലാണ്‌ ഭരണകൂടം ജനങ്ങള്‍ക്കെതിരെ അക്രമങ്ങളാരംഭിച്ചിരിക്കുന്നത്‌. അരുതേ എന്നു നിലവിളിക്കാന്‍ ശേഷിച്ച നാവുകളെക്കൂടി അരിഞ്ഞു കളയാനാണ്‌ അധികാരികള്‍ തുനിയുന്നത്‌.
സമരങ്ങളിലോ സമരമുന്നേറ്റങ്ങളിലോ കേരളീയത്തില്‍തന്നെയോ അക്രമകാരികളും തീവ്രവാദികളും നുഴഞ്ഞുകയറി എന്നു വരാം. മാവോവാദികളും ഇല്ലെന്നു പറയാനുള്ള അറിവൊന്നും എനിക്കില്ല. കേരളീയം പ്രചരിപ്പിക്കുന്നത്‌ മാര്‍ക്‌സിസമോ മാവോയിസമോ അല്ലെന്നറിയാം. മാസികാ പ്രവര്‍ത്തനത്തിനെതിരെ സന്ദേഹം പരത്താനുള്ള ശ്രമം സദുദ്ദേശപരമല്ലെന്നു വ്യക്തം. തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിയായ രീതിയില്‍ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ ശ്യാം ബാലകൃഷ്‌ണനെ ചെയ്‌തതുപോലെ മാവോഭീതിക്കു ഇരകളെ തേടുന്ന പദ്ധതി പൊലീസ്‌ ഉപേക്ഷിക്കണം. അടിയന്തിരാവസ്ഥാ കാലത്തെന്നപോലെയുള്ള വേട്ടയില്‍നിന്നു പിന്മാറണം. കരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും ഇക്കാര്യം ഗൗരവത്തിലെടുക്കണം. സൂക്ഷ്‌മതലത്തില്‍ ജനങ്ങളുടെ അതീവ ജാഗ്രതയും ഐക്യവും ആവശ്യപ്പെടുന്നുണ്ട്‌ വര്‍ത്തമാനകാലം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply