ഷൈലജ ടീച്ചര്‍, ഇത് രാജഭരണമല്ല, ജനാധിപത്യമാണ്

ഹൃദ്യം പദ്ധതിയും കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയുമൊക്കെ മന്ത്രിയുടെ ഓദാര്യം പോലേയോ ഭരണമികവുപോലേയോ ആഘോഷിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണ്. ഫ്യൂഡല്‍ മനോഭാവത്തിന്റെ ബാക്കിപത്രമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയിരുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ചെറിയ പതിപ്പു മാത്രമാണിത്. ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമാണെന്നാണോ ഉമ്മന്‍ ചാണ്ടി ധരിച്ചുവെച്ചിരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ആ പരിപാടി ആഘോഷിക്കപ്പെട്ടിരുന്നത്.

ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്നത് ജനാധിപത്യ ഭരണ സമ്പ്രദായമാണെന്നും രാജഭരണമൊക്കെ എന്നേ അവസാനിച്ചു എന്നുമറിയാത്ത വലിയൊരു വിഭാഗം ഇവിടെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായി ജനങ്ങള്‍ കുറച്ചു കാലത്തേക്ക് തെരഞ്ഞെടുത്ത ഭരണാധികാരികള്‍ മാത്രമാണ് മന്ത്രിമാരെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുക അവരുടെ ഉത്തരവാദിത്തമാണെന്നും അവര്‍ മറക്കുന്നു. മാത്രമല്ല, മന്ത്രിയെന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ക്ക് വന്‍വേതനം പൊതുഖജനാവില്‍ നിന്നു കൊടുക്കുന്നുണ്ടെന്നും മരണം വരെ പെന്‍ഷനും ലഭിക്കുമെന്നും. ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ പ്രവര്‍ത്തനശൈലിയും അതുമായി ബന്ധപ്പെട്ട് അവരുടെ ആരാധകവൃങ്ങളുടെ അവകാശവാദങ്ങളും കാണുന്നതിനാലാണ് ഇങ്ങനെ പറയാന്‍ തോന്നുന്നത്.
ഹൃദയസംബന്ധമായ പ്രശ്ങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കുന്ന ”ഹൃദ്യം” എന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ സര#ക്കാരിന്റെ മിക്ക പദ്ധതികളേയും പോലെ ഈ പദ്ധതിയേയും കുറിച്ച് വലിയൊരു വിഭാഗത്തിന് അറിയില്ല. ഇത്തരം പദ്ധതികള്‍ ജനങ്ങള അറിയിക്കുകയും ആവശയക്കാര്‍ അവയുപയോഗിക്കുന്നു എന്നുറപ്പുവരുത്തുകയുമാണ് ആരോഗ്യവകുപ്പ് ചെയ്യേണ്ടത്. എന്നാല്‍ അടുത്ത കാലത്ത് കാണുന്ന പ്രവണത മറ്റൊന്നാണ്. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ ചികിത്സ ആരോഗ്യമന്ത്രി ഏറ്റെടുക്കുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നത്. അടുത്തയിടെ ഇത്തരം മൂന്നു സംഭവങ്ങള്‍ ഉണ്ടായി. മന്ത്രി അങ്ങനെ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അത്തരത്തിലാണ് ആരാധകവൃന്ദങ്ങള്‍ പ്രചരിപ്പിക്കുന്നത്. ജനാധിപത്യസംവിധാനത്തിലെ ഒരു മന്ത്രിയുടെ സ്വാഭാവിക ഉത്തരവാദിത്തം എന്നതിനു പകരം രാജഭരണത്തില്‍ രാജാവ് നല്‍കുന്ന ഔദാര്യം പോലെയാണ് മാധ്യമങ്ങളും ഇതവതരിപ്പിക്കുന്നത്. ഹൃദ്യം പദ്ധതി മാത്രമല്ല, മറ്റു പല വിഷയങ്ങളിലും ഇതേ പ്രവണത കാണാം. വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം സ്വദേശിക്ക് അത്യാധുനിക കൃത്രിമ കൈ നല്‍കിയ വാര്‍ത്തയും പോയദിവസം ആഘോഷിക്കപ്പെട്ടിരുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെയാണ് ആ സഹായം നല്‍കിയത് എന്നതാണ് വസ്തുത. ഇതെല്ലാം മന്ത്രിയുടെ ഓദാര്യം പോലേയോ ഭരണമികവുപോലേയോ ആഘോഷിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണ്. ഫ്യൂഡല്‍ മനോഭാവത്തിന്റെ ബാക്കിപത്രമാണ്.
വാസ്തവത്തില്‍ ഇതൊരു പുതിയ സംഭവമല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പാക്കിയിരുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ചെറിയ പതിപ്പു മാത്രമാണിത്. ഇവിടെ നിലനില്‍ക്കുന്നത് രാജഭരണമാണെന്നാണോ ഉമ്മന്‍ ചാണ്ടി ധരിച്ചുവെച്ചിരിക്കുന്നത് എന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ആ പരിപാടി ആഘോഷിക്കപ്പെട്ടിരുന്നത്. പാവപ്പെട്ട ഒരാള്‍ തങ്ങളുടെ അവകാശത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുമ്പോള്‍ പൊതുവില്‍ സംഭവിക്കുന്നതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എത്രയോ തവണ അതിനായി കയറിയിറങ്ങേണ്ടിവരുന്നു. സര്‍ക്കാരിന്റെ ചുവപ്പുനാടക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കും മുന്നില്‍ ജനം നിസ്സഹായരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ജനസമ്പര്‍ക്ക പരിപാടി ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ഭരണാധികാരികള്‍ ചെയ്യേണ്ടത് എന്താണ്? ഉദ്യോഗസ്ഥരെ കൊണ്ട് അവരുടെ തൊഴില്‍ ചെയ്യിക്കലാണ്. വില്ലേജ് ഓഫീസറുടെ ജോലി പോലും മുഖ്യമന്ത്രി ഏറ്റെടുക്കലല്ല. ജനസമ്പര്‍ക്കപരിപാടിയുടെ സംഘാടനരീതി രാജഭരണത്തെ അനുസ്മരിക്കുന്നതായിരുന്നു. എണിറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അവശരായ രോഗികള്‍ക്കിടയിലേക്ക് ആശ്വാസവുമായുള്ള മുഖ്യമന്ത്രിയുടെ വരവ് ഫ്യൂഡല്‍ ഭരണത്തെ അനുസ്മരിക്കുന്നതായിരുന്നു. നൂറുകണക്കിനു ക്യാമറകള്‍ക്കും അണികള്‍ക്കും മുന്നില്‍ നിന്ന് പ്രജകളുടെ പരാതി കേട്ട് ഉടനടി പരിഹാരം പ്രഖ്യാപിക്കുന്നത് ഒരു ജനാധിപത്യ ഗവണ്മന്റിന്റെ തലവനു ചേര്‍ന്ന രീതിയാണോ? മുഖ്യന്റെ ഔദാര്യമല്ലാതെ, ജനങ്ങളുടെ അവകാശമായിതന്നെ ലഭ്യമാക്കാനുള്ള നടപടിയാണ് സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടത്. അതിന്റെ തടസ്സങ്ങള്‍ നീക്കുന്നതിലാണ് മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കേണ്ടത്. അതല്ല നടക്കുന്നത്. അതിന്റെ ചെറയ പതിപ്പു ഇവിടെയും കാണാം.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തനശൈലിയിലും ആരാധകരുടെ സ്തുതിപാട്ടുകളിലും ഇതേ പ്രവണത കാണാം. പ്രളയകാലത്ത് അതു കേരളം ഏറെ കാണുകയും കേള്‍ക്കുകയും ചെയ്്തു. ഏതു മുഖ്യമന്ത്രിയുെ ചെയ്യേണ്ടതായ കാര്യങ്ങളല്ലാതെ മറ്റെന്താണ് പിണറായി ചെയ്തതെന്ന് അറിയില്ല. അതേസമയം അതിനുശേഷം ദ്രുതഗതിയില്‍ നടക്കേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്ന യാഥാര്‍ത്ഥ്യവും നാം മറക്കുന്നു. അതിനിടിയില്‍ പ്രകൃതിദുരന്തങ്ങളെ എങ്ങനെയാണ് വേരിടുക എന്ന്് ഒഡീഷ്യ ഇന്ത്യക്ക് കാണിച്ചു കൊടുത്തു. അവിടെ ഇത്തരത്തില്‍ വാഴ്ത്തുപാട്ടുകളുണ്ടോ എന്നറിയില്ല.
ഷൈലജ ടീച്ചറിലേക്ക് തിരിച്ചുവരാം. തൃശൂര്‍ ജൂബിലി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ട സോന എന്ന കുട്ടിയുടെ ചികിത്സ് ഇതുപോലെ തന്നെ ഏറ്റടുക്കുന്നതായി ഫേസ് ബുക്ക് പോസ്റ്റിലൂടെ തന്നെ മന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ ജൂബിലി ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നോ ചികിത്സാ ചിലവ് അവരില്‍ നിന്ന് ഈടാക്കുമെന്നോ മന്ത്രി പറയുന്നില്ല. സ്വന്തം ഉത്തരവാദിത്തമാണ് ഇവിടെ മന്ത്രി മറക്കുന്നത് എന്നു പറയാതിരിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply