ഷൈലജടീച്ചര്‍ ശരിയാണ്.. പക്ഷേ..
പറഞ്ഞത് കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനാകാം, കെ രാധാകൃഷ്ണനെ രക്ഷിക്കാനാവാം, രാധാകൃഷ്ണനുപകരം കോണ്‍ഗ്രസ്സ് നേതാവാണെങ്കില്‍ പറയില്ലായിരിക്കാം. എന്നാലും വടക്കാഞ്ചേരി സംഭവത്തില്‍ സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയോടുള്ള മന്ത്രി കെ കെ ഷൈലജയുടെ പ്രതികരണം തെറ്റാണന്നു പറയാനാവില്ല. മാനഭംഗക്കേസുകളില്‍ ഇരകളായ പെണ്‍കുട്ടികളുടെ പേരു പറയത്തക്ക വിധം സമൂഹത്തിന്റെ മനഃസാക്ഷി മാറണമെന്നാണ് ടീച്ചര്‍ പറഞ്ഞത്. പീഡനത്തിന് ഇരയായവരുടെ ഭാവിയെക്കരുതിയാണ് ഇപ്പോള്‍ പേരു പറയാതിരിക്കുന്നത്. എന്നാല്‍, ഒരു തെറ്റും ചെയ്യാത്ത പെണ്‍കുട്ടിയുടെ പേര് എന്തിനാണ് മറച്ചു വയ്ക്കുന്നത്? പീഡനത്തിന് ഇരയാകുന്നതോടെ […]
പറഞ്ഞത് കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനാകാം, കെ രാധാകൃഷ്ണനെ രക്ഷിക്കാനാവാം, രാധാകൃഷ്ണനുപകരം കോണ്‍ഗ്രസ്സ് നേതാവാണെങ്കില്‍ പറയില്ലായിരിക്കാം. എന്നാലും വടക്കാഞ്ചേരി സംഭവത്തില്‍ സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയോടുള്ള മന്ത്രി കെ കെ ഷൈലജയുടെ പ്രതികരണം തെറ്റാണന്നു പറയാനാവില്ല.
മാനഭംഗക്കേസുകളില്‍ ഇരകളായ പെണ്‍കുട്ടികളുടെ പേരു പറയത്തക്ക വിധം സമൂഹത്തിന്റെ മനഃസാക്ഷി മാറണമെന്നാണ് ടീച്ചര്‍ പറഞ്ഞത്. പീഡനത്തിന് ഇരയായവരുടെ ഭാവിയെക്കരുതിയാണ് ഇപ്പോള്‍ പേരു പറയാതിരിക്കുന്നത്. എന്നാല്‍, ഒരു തെറ്റും ചെയ്യാത്ത പെണ്‍കുട്ടിയുടെ പേര് എന്തിനാണ് മറച്ചു വയ്ക്കുന്നത്? പീഡനത്തിന് ഇരയാകുന്നതോടെ വ്യക്തിത്വം നഷ്ടപ്പെടുന്നവരായി പെണ്‍കുട്ടികള്‍ മാറുകയാണ്. ഈ അവസ്ഥയില്‍ നിന്നു സമൂഹം മാറണം. സൂര്യനെല്ലിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഇപ്പോഴും സൂര്യനെല്ലി പെണ്‍കുട്ടിയാണ്, അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതായി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും അന്തസ്സുണ്ട്. ഭാവിയില്‍ അവരുടെ പേരു പറയാന്‍ കഴിയുന്ന സാമൂഹിക സ്ഥിതി ഉണ്ടാകണം. എന്നിങ്ങനെയാണ് ടീച്ചര്‍ പറഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പേരു പറയാതിരിക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു. ഇതെലന്താണ് തെറ്റ്?
മലയാളികളുടെ അഹങ്കാരമായ മാധവിക്കുട്ടി അഥവാ കമലാ സുരയ്യ എന്നേ വിഷയത്തോട് കൃത്യമായ നിലപാട് പറഞ്ഞിരുന്നു. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി അതിനെ ഏറ്റവും വലിയ അക്രമമായി കണ്ട് പ്രതികരിക്കണം, അതേസമയം ഒന്നു ഡെറ്റോളുപയോഗിച്ച് കുളിച്ചാല്‍ പോകുന്നതേയുള്ളു അവളുടെ ‘അശുദ്ധി’ എന്നാണവര്‍ പറഞ്ഞത്. എത്രയോ ശരിയായ നിലപാടാണത്. സത്യത്തില്‍ മാനം പോകുന്നത് അക്രമകാരിയുടേതല്ലേ…? ഇരയുടേതല്ലല്ലോ.
തീര്‍ച്ചയായും കേരളീയസമൂഹം അത്രക്കു വളര്‍ന്നിട്ടില്ല എന്നത് ശരിയാണ്. ബലാല്‍സംഗം ചെയ്യപ്പെട്ടാലും കുറ്റം ഇരയുടേതാണെന്ന പൊതുബോധം തന്നെയാണിവിടെ നിലനില്‍ക്കുന്നത്. അതോടെ അവര്‍ക്ക് മാനമായി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു എന്നും. ഈ പെണ്‍കുട്ടിയോടുള്ള പോലീസ് ഇന്‍സ്‌പെക്ടറുടെ ചോദ്യവും ഞങ്ങള്‍ ഉപയോഗിച്ച പെണ്ണിന്റെ കൂടെ നീ എങ്ങനെ ജീവിക്കുന്നു എന്ന ഭര്‍ത്താവിനോടുള്ള പ്രതികളുടെ ചോദ്യവും അതിനുള്ള ഉദാഹരണം മാത്രം. മുഖം മറച്ചു മാധ്യമങ്ങളെ കാണേണ്ടിവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്തരം സാഹചര്യത്തിലാണ് ഇരയുടെ പേരുപറയാതിരിക്കണമെന്ന നിയമം പ്രസക്തമാകുന്നത്. അതിനാല്‍ രാധാകൃഷ്ണന്‍ ചെയ്തതു നിയമലംഘനം തന്നെയാണ്. അതില്‍ നടപടി അനിവാര്യവുമാണ്. ലളിതമായി പറഞ്ഞാല്‍ ആണും പെണ്ണും ഒരുമിച്ചിരുന്നു യാത്ര ചെയ്യുന്നതാണ് ശരിയെങ്കിലും ഇപ്പോള്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സംവരണസീറ്റുണ്ടല്ലോ. സ്ത്രീകള്‍ നില്‍ക്കുമ്പോള്‍ പുരുഷന്‍ ആ സീറ്റിലിരിക്കുന്നത് കുറ്റകരവുമാണല്ലോ. തമിഴ് നാട്ടില്‍ പോലും സ്ഥിതി അതല്ലല്ലോ. അതുപോലെതന്നെയാണ് ഈ വിഷയവും. ഷൈലജടീച്ചറുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാമെങ്കിലും അവര്‍ പറഞ്ഞത് ശരി തന്നെയാണ്.
ഒരുപക്ഷെ രാധാകൃഷ്ണന്‍ മനപൂര്‍വ്വം പറഞ്ഞതല്ലായിരിക്കാം. എന്ന്ാല്‍ കയ്യോടെ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടികാട്ടിയിട്ടും അദ്ദേഹം തിരുത്തിയില്ല എന്നു മാത്രമല്ല, ന്യായീകരിക്കുക കൂടി ചെയ്തു. വേണ്ട, പിന്നീട് കുറെ സമയം കിട്ടിയിട്ടും രാത്രി ചാനല്‍ ചര്‍്ച്ചകളിലും അദ്ദേഹം തിരുത്തിയില്ല. അതോടെ രാധാകൃഷ്ണന് മാന്യതയുടേയും സൗമ്യതയുടേയും പേരില്‍ ലഭിച്ചിരുന്ന പരിഗണന ഇ്ല്ലാതായി. തന്റെ രാഷ്ട്രീയജീവിതത്തില്‍ നേടിയ സല്‍പ്പേര് അദ്ദേഹം കളഞ്ഞു കുളിച്ചു.
ഒരു വിഷയത്തിന്റെ തീവ്രതയേക്കാള്‍ പ്രാധാന്യം കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തിനു നല്‍കുന്നവര്‍ പതിവുപോലെ രംഗത്തിറങ്ങിയിട്ടുണ്ട്. ആദിവാസി പ്രശ്‌നത്തില്‍ മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞപോലെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എന്തുണ്ടായി, കോണ്‍ഗ്രസ്സുകാര്‍ അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ എന്നിങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങള്‍. കോണ്‍ഗ്രസ്സുകാരാണെങ്കില്‍ ഇതേചോദ്യം തിരിച്ചും ചോദിക്കും. കക്ഷിരാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമുന്നില്‍ എല്ലാ നീതിബോധവും നഷ്ടപ്പെട്ട, മസ്തിഷ്‌കം പാര്‍ട്ടി നേതൃത്വത്തിനു പണയംവെച്ച രാഷ്ട്രീയ പ്രവര്‍ത്തകരുടേയും അനുയായികളുടേയും നാടായി കേരളം മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. പാര്‍ട്ടികളാകട്ടെ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ അകപ്പെട്ടിരിക്കുന്നു. ബലാല്‍സംഗത്തില്‍ ജയന്തന്‍ ഉള്‍പ്പെടാനിടയില്ല എന്നു പറയുന്നവര്‍ പോലും അദ്ദേഹത്തിന്റെ അനധികൃതപണമിടപാടുകള്‍ നിഷേധിക്കുന്നില്ല. ഇതേസമയത്തുതന്നെ എറണാകുളത്തു നടക്കുന്നതും നാം കണ്ടു. ഇരുകൂട്ടര്‍ക്കുമെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി എത്രയോ നിസ്സാരമാണ്. അതിനെ ന്യായീകരിക്കാനാവട്ടെ കോണ്‍ഗ്രസ്സുകാരുടെ ചരിത്രം ചൂണ്ടികാട്ടുന്നു.
സിപിഎം സംസ്ഥാനസെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ എന്താണു പറഞ്ഞത്? ഉമ്മന്‍ചാണ്ടിയുടെ കാലത്തെ സ്ത്രീ പീഡനം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതത്രെ. 2014ല്‍ നടന്ന വടക്കാഞ്ചേരി സംഭവത്തിലെ പരാതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എങ്ങനെ കൈകാര്യംചെയ്തു എന്ന വസ്തുത ഇപ്പോള്‍ പുറത്തുവന്നതായി അദ്ദേഹം പറയുന്നു. മുഖ്യമായും സി ഐയുടെ ചോദ്യമാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോഴും തെമ്മാടിത്തം പറഞ്ഞ ആ സിഐക്കെതിരെ നടപടിയില്ല എന്നു മറക്കരുത്. പ്രതേകസാഹചര്യത്തിലാണ് രാധാകൃഷ്ണന്‍ ഇരയുടെ പേരു പറഞ്ഞതെന്ന് ടി എന്‍ സീമ പറയുന്നു. കുറ്റാരോപിതന്‍ സിപിഎം നേതാവാണെന്നതല്ലാതെ മറ്റെന്താണ് ഇവിടെ പ്രതേക സാഹചര്യം..?? ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാകട്ടെ ഒരക്ഷരം മിണ്ടുകയോ പെണ്‍കുട്ടിയെ കാണാന്‍ തയ്യാറാകുകയോ ചെയ്യുന്നില്ല.
വാസ്തവത്തില്‍ ഇവിടെ പ്രതികരിക്കേണ്ടത് എല്ലാ പാര്‍ട്ടികളിലും പെട്ട വനിതാ നേതാക്കളാണ്. എന്നാല്‍ അവരുടെ കാര്യവും തഥൈവ. ഇന്ദിരാഗാന്ധിയും ജയലളിതയും മമതയും മായാവതിയും സുഷമാ സിരാജും വൃന്ദാകാരാട്ടുമൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ സാന്നിധ്യം തെളിയിച്ചിട്ടും കേരളത്തില്‍ നിന്ന് എടുത്തുപറയത്തക്ക ഒരു വനിത മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലല്ലോ. ഒരുപക്ഷെ ഗൗരിയമ്മ ഒഴികെ. ഷാനിമോള്‍, ബിന്ദുകൃഷ്ണ, ടി എന്‍ സീമ, ജോസഫൈന്‍, ശോഭ സുരേന്ദ്രന്‍, ബിജിമോള്‍ തുടങ്ങി നിരവധി വനിതാനേതാക്കള്‍ നമുക്കുണ്ട്. എന്നാല്‍ ഇവരും തങ്ങളുടെ മസ്തിഷകം പുരുഷാധിപത്യത്താല്‍ നിയന്ത്രിക്കപ്പെടുന്ന പാര്‍ട്ടികള്‍ക്ക് പണയം വെച്ചിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ഇനിയും വടക്കാഞ്ചേരികള്‍ ആവര്‍ത്തിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in