ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമോ
എസ് എം രാജ് ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ അമ്പലങ്ങളില്‍ ഒന്നാണ് ശബരിമല . 41 ദിവസത്തെ വ്രതത്തിന് ശേഷമാണ് ശബരിമലയില്‍ പോകേണ്ടതെന്നാണ് ആളുകളുടെ വിശ്വാസം . ആരോഗ്യമുള്ള സ്ത്രീകള്‍ മുപ്പത് ദിവസത്തിലൊരിക്കല്‍ ആര്‍ത്തവം ഉള്ളവര്‍ ആയതിനാല്‍ അവര്‍ക്കീ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയില്ല .അതുകൊണ്ട് നിലവിലുള്ള ആചാരം അനുസരിച്ച് അവര്‍ക്ക് ”സ്വാഭാവികമായും” ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല . ഇതാണ് ശബരിമല അമ്പലവും സ്ത്രീകളും തമ്മില്‍ ഇപ്പോഴുള്ള ബന്ധം. ആര്‍ത്തവം തുടങ്ങാത്ത പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ […]
ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ അമ്പലങ്ങളില്‍ ഒന്നാണ് ശബരിമല . 41 ദിവസത്തെ വ്രതത്തിന് ശേഷമാണ് ശബരിമലയില്‍ പോകേണ്ടതെന്നാണ് ആളുകളുടെ വിശ്വാസം . ആരോഗ്യമുള്ള സ്ത്രീകള്‍ മുപ്പത് ദിവസത്തിലൊരിക്കല്‍ ആര്‍ത്തവം ഉള്ളവര്‍ ആയതിനാല്‍ അവര്‍ക്കീ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയില്ല .അതുകൊണ്ട് നിലവിലുള്ള ആചാരം അനുസരിച്ച് അവര്‍ക്ക് ”സ്വാഭാവികമായും” ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയില്ല . ഇതാണ് ശബരിമല അമ്പലവും സ്ത്രീകളും തമ്മില്‍ ഇപ്പോഴുള്ള ബന്ധം. ആര്‍ത്തവം തുടങ്ങാത്ത പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവ വിരാമം വന്ന സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്. .ജാതിമത ഭേദമന്യേ എല്ലാ പുരുഷന്മാര്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന ഒരിടത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത്,അതും അവരുടെ ശരീരത്തിലെ സ്വാഭാവികമായ ഒരു ജൈവ അവസ്ഥയുടെ പേരില്‍ ആകുമ്പോള്‍ അത് ന്യായീകരിക്കാന്‍ കഴിയുന്ന ഒരാചാരം ആണോ എന്ന് പരിശോധിക്കേണ്ടി ഇരിക്കുന്നു .
എന്റെ അറിവ് ശരിയാണെങ്കില്‍ കേരളത്തിലെ ഏതോ ഒരു ക്ഷേത്രത്തിലെ ദേവിക്ക് മാസം മാസം ആര്‍ത്തവം വരാറുണ്ടെന്നും ആ ആര്‍ത്തവ രക്തം പുരണ്ട തുണി ഭക്തര്‍ മുന്‍കൂട്ടി പണമടച്ച് വാങ്ങി പൂജിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് .ആര്‍ത്തവ തുണിക്കായുള്ള മുന്‍കൂര്‍ ബുക്കിംഗ് എത്രയോ വര്‍ഷങ്ങള്‍ക്കുള്ളത് ഇപ്പോഴേ കഴിഞ്ഞതായും വായിച്ചിട്ടുണ്ട് .ദേവിയുടെ ആര്‍ത്തവം അമൂല്യമായ ഒന്നാകുമ്പോള്‍ ഭക്തയുടെ ആര്‍ത്തവം അവളെ ഈശ്വരനില്‍ നിന്നും അകറ്റുന്നതിനുള്ള ഉപാധിയായി മാറുന്നുവെന്ന വൈരുധ്യമാണ് നമുക്ക് മുന്‍പില്‍ ഉള്ളത് . ഹിന്ദുക്കള്‍ എന്ന് വിളിക്കപ്പെടുന്ന ആളുകള്‍ ഇന്ത്യയില്‍ പാലിച്ചുവരുന്ന ആചാരങ്ങളും ശീലങ്ങളും സംസ്‌കാര സവിശേഷതകളും ഒക്കെയൊന്ന് ചുമ്മാ നോക്കിയാല്‍ തന്നെ അവയിലൊക്കെ കാണുന്ന വൈചിത്ര്യങ്ങളും വൈരുധ്യങ്ങളും ആരെയും അമ്പരപ്പിക്കുന്നതാണ് . അയിത്തവും അസ്പ്രശ്യതയും പാലിക്കുന്നതില്‍ ഒന്നാമന്മാര്‍ ആണ് ഹിന്ദുക്കള്‍ .എന്നാല്‍ എല്ലാവരും ബ്രഹ്മം ആണെന്നും പറയുന്നവര്‍ അവര്‍ തന്നെയാണ്. കോടിക്കണക്കിന് ദൈവങ്ങളെ ആരാധിക്കുന്ന അവര്‍ക്കിടയില്‍ നിന്നാണ് യുക്തിവാദികളും നിരീശ്വര വാദികളും ആയ ചാര്‍വാകന്മാര്‍ ഉണ്ടായത് . ജാതി വ്യവസ്ഥയെ നൂറുശതമാനം അനുകൂലിച്ച ഹിന്ദു പണ്ഡിതന്മാര്‍ക്കൊപ്പം ജാതി വ്യവസ്ഥയേയും ദൈവത്തേയും നിഷേധിച്ച ബുദ്ധനും ജീവിച്ചത് ഈ മണ്ണില്‍ ആയിരുന്നു . ചുരുക്കി പറഞ്ഞാല്‍ ഇന്നതാണ് ഹിന്ദുമത സംസ്‌കാരം എന്ന് കൃത്യമായി അക്കമിട്ട് കള്ളികള്‍ക്കകത്താക്കി പറയാന്‍ ആര്‍ക്കും കഴിയില്ല എന്ന് ചുരുക്കം . അതുകൊണ്ട് തന്നെ ഇന്ത്യ ഇന്നൊരു ജനാധിപത്യ രാജ്യം ആയി നിലനില്‍ക്കുന്ന അവസ്ഥയില്‍ രാജ്യത്തെ ഭരണഘടനാനുസാരിയായ പൌരാവകാശങ്ങള്‍ക്കനുസരിച്ച് മനുഷ്യരുടെ ദൈവങ്ങളും മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ടാനങ്ങളും ക്രമീകരിക്കുന്നത് ആയിരിക്കും കാലോചിതം എന്ന് കരുതുന്നു .
ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത അതെല്ലാ ഇന്ത്യക്കാരേയും ഇന്ത്യന്‍ പൌരന്മാര്‍ ആയി പരിഗണിക്കുന്നു എന്നതാണ്. ഇന്ത്യയിലെ ഒരാളും പൌരത്വ സങ്കല്‍പ്പനത്തിനും ഭരണഘടന അനുവദിക്കുന്ന പൌരാവകാശങ്ങള്‍ക്കും അതീതരായ ,ഭരണഘടനയ്ക്ക് വെളിയില്‍ സവിശേഷമായ അധികാരങ്ങളോ ,അവകാശങ്ങളോ ഉള്ള ആളുകള്‍ ആയി പരിഗണിക്കപ്പെടുന്നില്ല. .അതായത് ആളുകളുടെ ജാതിയോ മതമോ പണമോ പദവിയോ വിദ്യാഭ്യാസമോ തൊഴിലോ നിറമോ സൌന്ദര്യമോപാരമ്പര്യമോ ഒന്നും പരിഗണിക്കാതെ എല്ലാവരേയും തുല്യമായി ഇന്ത്യന്‍ പൌരന്മാര്‍ എന്ന് പരിഗണിച്ച് തുല്ല്യ അധികാരങ്ങളും അവകാശങ്ങളും കടമകളും നല്‍കിയിരിക്കുന്ന ലോകത്തിലെ തന്നെ ഏക ഭരണഘടനയാണ് നമ്മുടേത്. ഒപ്പം പിറന്നുവീണ മിക്ക രാജ്യങ്ങളും തകര്‍ച്ചയുടെ പടുകുഴിയില്‍ വീണപ്പോഴും ഇന്ത്യ എന്ന മഹാരാജ്യം എല്ലാ വര്‍ഗീയ ജീവികളേയും പ്രതിരോധിച്ചു കൊണ്ട് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത് ഈ ഭരണഘടനയുടെ മേന്മ കൊണ്ട് മാത്രമാണ് .ഇന്ത്യന്‍ ഭരണഘടന ദൈവം എന്ന സങ്കല്‍പ്പത്തെ നിഷേധിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല .എന്നാല്‍ ഒരുമതത്തിന്റെ ആചാരങ്ങള്‍ മറ്റുള്ളവരുടെ നിയന്ത്രണങ്ങളില്‍ നിന്നും വിമുക്തരായി അവര്‍ക്ക് ആചരിക്കാന്‍ കഴിയുന്ന ഒരവസ്ഥ രാജ്യത്ത് ഉണ്ടാകണം എന്ന് ഭരണഘടന നിര്‍ബന്ധ ബുദ്ധി പുലര്‍ത്തുന്നുണ്ട് .ഭൂരിപക്ഷ ന്യൂനപക്ഷ ഭേദം കൂടാതെ ഏതൊരു മതക്കാര്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ പുലര്‍ത്താമെന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ സുനിശ്ചിതമായ നിലപാട് .
എല്ലാ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വിനിമയങ്ങളിലും ”സ്ത്രീ പുരുഷ തുല്യത” എന്നത് ആധുനീക സമൂഹങ്ങളിലെ അംഗീകൃത ആചാരം ആയിട്ടുള്ളപ്പോള്‍ എന്ത് ന്യായത്തിന്റെ പേരില്‍ ആണെങ്കിലും ദൈവീക കാര്യങ്ങളിലും പൌരോഹിത്യത്തിലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നതിന് യാതൊരു ന്യായീകരണവും ഇല്ല . എല്ലാ മതങ്ങളിലും സ്ത്രീ പുരുഷ തുല്യത ഏര്‍പ്പെടുത്തുക എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ നയം . രാജ്യത്തെ പൌരന് അനുവദിച്ചിരിക്കുന്ന എല്ലാ പൌരാവകാശങ്ങളും സ്ത്രീക്കും പുരുഷനും തുല്യമായി അനുഭവിക്കാന്‍ കഴിയണം .സ്ത്രീയെന്നതുകൊണ്ട് മാത്രം ഏതെങ്കിലും മതങ്ങള്‍ അവരിലെ സ്ത്രീകളുടെ മേല്‍ എന്തെങ്കിലും വിവേചനം ഏര്‍പ്പെടുത്തുന്നുവെങ്കില്‍ അവയൊക്കെ എടുത്ത് കുപ്പത്തൊട്ടിയില്‍ എറിയണം എന്നതായിരിക്കും ഇന്ത്യന്‍ ഭരണഘടനയുടെ ആത്മഗതം .അത് കേള്‍ക്കാനും അതനുസരിച്ച് മതങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ വെളിച്ചം വരുത്താനുമാണ് മനുഷ്യര്‍ ശ്രമിക്കേണ്ടത് .അല്ലാതെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആര്‍ത്തവം കീര്‍ത്തവം എന്നും പറഞ്ഞ് സ്ത്രീകളുടെ പൌരാവകാശങ്ങളെ ഹനിക്കല്‍ അല്ല വേണ്ടത് .
ഇത്രയും വായിച്ചിട്ടും കാര്യം തിരിയാത്ത പുരുഷന്മാര്‍ കോടതിയില്‍ പോയി പഴയ ”ആര്‍ത്തവ പുരകള്‍ ” വീടുകള്‍ക്ക് വെളിയില്‍ സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ അവകാശം തങ്ങള്‍ക്കുണ്ടോ എന്ന് പരിശോധിക്കണം .ഉണ്ടെന്ന് കോടതി പറഞ്ഞാല്‍ ഇപ്പോള്‍ ശബരിമലയില്‍ തുടരുന്ന സ്ത്രീ വിലക്ക് തുടരാം .ഇല്ലെന്നാണ് കോടതി പറയുന്നതെങ്കില്‍ ശബരിമലയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി നമുക്ക് തുറന്നു കൊടുക്കാം . അമര്‍നാഥ് യാത്രയുടെ അത്രയും വിഷമം ഉണ്ടോ ശബരിമല യാത്രയ്ക്ക് .ഇല്ലെന്നാണ് എന്റെ തോന്നല്‍ . പൌരാവകാശങ്ങള്‍ക്ക് മുകളില്‍ അല്ല ഒരു മതത്തിന്റെയും ആചാരങ്ങള്‍ എന്നോര്‍ക്കുക .ശാസ്ത്ര ചിന്ത വളര്‍ത്തണം എന്ന് ശഠിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് എങ്ങനെയാണ് ആര്‍ത്തവ വിലക്കുകളെ ആചാരത്തിന്റെ പേരില്‍ അംഗീകരിക്കാന്‍ കഴിയുക .
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in