വേണ്ടത് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം

കെ എസ് ഭഗവാന്‍ ‘മഹത്തായ ആത്മീയതയല്ല, സംഘപരിവാറിന്റെ ആക്രമണോത്സുകമായ പ്രത്യശാസ്ത്രവും അധികാരവുമാണ് ജനാധിപത്യത്തിനു തടസം. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സാമൂഹികനീതിയും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയും അതില്‍ അധിഷ്ഠിതമായ ജനാധിപത്യവും സംരക്ഷിക്കുകയാണ് ഇന്നു പരമപ്രധാനം. സമഭാവനയുടെ ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാനത്ത് രാമായണത്തില്‍ അധിഷ്ഠിതമായ ഭരണഘടന പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ഭരണക്കാര്‍ ശ്രമിക്കുന്നത്. മതം വ്യക്തിപരമായ ഒന്നാണെന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്. എന്നാല്‍ മതത്തെ കേന്ദ്രസ്ഥാനത്തു കൊണ്ടുവരാനാണു ശ്രമം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യം കാണുന്നതാണിത്. സാമൂഹികനീതിയുടെ വിളംബരമായ ഭരണഘടനയെ ഇല്ലാതാക്കാനാണ് […]

ksകെ എസ് ഭഗവാന്‍

‘മഹത്തായ ആത്മീയതയല്ല, സംഘപരിവാറിന്റെ ആക്രമണോത്സുകമായ പ്രത്യശാസ്ത്രവും അധികാരവുമാണ് ജനാധിപത്യത്തിനു തടസം. സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സാമൂഹികനീതിയും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയും അതില്‍ അധിഷ്ഠിതമായ ജനാധിപത്യവും സംരക്ഷിക്കുകയാണ് ഇന്നു പരമപ്രധാനം. സമഭാവനയുടെ ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥാനത്ത് രാമായണത്തില്‍ അധിഷ്ഠിതമായ ഭരണഘടന പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ഭരണക്കാര്‍ ശ്രമിക്കുന്നത്.
മതം വ്യക്തിപരമായ ഒന്നാണെന്നാണ് നമ്മുടെ ഭരണഘടന പറയുന്നത്. എന്നാല്‍ മതത്തെ കേന്ദ്രസ്ഥാനത്തു കൊണ്ടുവരാനാണു ശ്രമം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ്യം കാണുന്നതാണിത്. സാമൂഹികനീതിയുടെ വിളംബരമായ ഭരണഘടനയെ ഇല്ലാതാക്കാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഭരണഘടനയ്‌ക്കെതിരേ അവര്‍ തിരിയുന്നത് അത് ചാതുര്‍വര്‍ണ്യവസ്ഥയ്‌ക്കെതിരായ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നതുകൊണ്ടാണ്. ആ ഭരണഘടനയെക്കാള്‍ രാമായണാധിഷ്ഠിതമായ ഭരണഘടന പ്രതിഷ്ഠിക്കാനാണു ഭരണക്കാര്‍ ശ്രമിക്കുന്നത്.
ഭരണഘടന ഡോ. അംബേദ്കര്‍ നല്‍കിയ മഹത്തായ സംഭാവനയാണ്. അതുകൊണ്ട് ഫാസിസത്തിനെതിരായ ചെറുത്തുനില്‍പിന് ബാബാ സാഹബ് ഡോ. അംബേദ്കറെത്തന്നെ പഠിക്കണം. അംബേദ്കറെ പഠിക്കുമ്പോള്‍ വ്യാജമായ ചിത്രത്തെ നാം തിരിച്ചറിയും. വേദേതിഹാസഹങ്ങള്‍ ബുദ്ധനുശേഷമാണ് എഴുതപ്പെട്ടതെന്ന യാഥാര്‍ഥ്യം വെളിപ്പെടും. കാരണം സാമൂഹികനീതിക്കായി ലോകത്ത് ആദ്യം ഉയര്‍ന്ന ശബ്ദവും ആശയവും അദ്ദേഹത്തിന്റേതായിരുന്നു. എന്നാല്‍ രാമായണമടക്കം എല്ലാ ബ്രാഹ്മണികകൃതികളും വര്‍ണവ്യവസ്ഥയെയാണ് അടിസ്ഥാനമാക്കുന്നത്.
അവയില്‍ ഒന്നില്‍പ്പോലും സാമൂഹികനീതി എന്ന സങ്കല്പമില്ല. ആ സങ്കല്‍പ്പത്തിനു എതിരുമായിരുന്നു. ചാതുര്‍വര്‍ണവ്യവസ്ഥയുടെ വക്താക്കളും അതിനെ എതിര്‍ത്തവരും തമ്മിലുള്ള പോരാട്ടത്തിന്റെ ചരിത്രമാണ് നമുക്കുള്ളത്. അതിന്റെ തുടര്‍ച്ചയാണ് മതനിരപേക്ഷതയ്ക്കും മാനവിതയ്ക്കും ജനാധിപത്യത്തിനും എതിരായ ഹൈന്ദവഫാസിസ്റ്റുകളുടെ ആക്രമണങ്ങള്‍.
എല്ലാ മതഫാസിസ്റ്റുകളും സമനീതിക്കെതിരാണ്. അതു വ്യക്തികളുടെ എഴുത്തിനെ, ചിന്തയെ ആശയപ്രകാശനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കും. ഭരണഘടനയുടെ അന്തസത്തയെ ഇല്ലാതാക്കാന്‍ ശ്രമിക്കും. ഇന്ത്യക്ക് യഥാര്‍ഥത്തിലുള്ളത് മതനിരപേക്ഷമായ പാരമ്പര്യമാണ്. എന്നാല്‍ ശങ്കരാചാര്യര്‍ തുടങ്ങിവച്ച ചാതുര്‍വര്‍ണ്യത്തെ മഹത്വവല്‍ക്കരിക്കുന്ന രാഷ്ര്ടീയം അത് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ശൂദ്രന് അധികാരത്തിന് അവകാശമില്ലെന്നു പറഞ്ഞ ശങ്കരാചാര്യര്‍ എങ്ങനെയാണ് മാനവികവാദിയാകുകയെന്നും അദ്ദേഹം ചോദിച്ചു. ആദിശങ്കരന്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്കുവേണ്ടി നിലകൊണ്ടയാളാണ്. ശങ്കരാചാര്യരെ തത്വചിന്തകനും മാനവികവാദിയുമാണെന്നു പറയാനേ ആവില്ല. ചാതുര്‍വര്‍ണ്യം കൊണ്ടുവന്ന മഹാന്‍മാരെ അവര്‍ എത്ര വലിയവരായാലും മനുഷ്യവാദി എന്നു വിശേഷിപ്പിക്കാനാവില്ല. ശൂദ്രന്‍ വേദം കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നും ചൊല്ലിയാല്‍ നാക്ക് കളയണമെന്നുമായിരുന്നു അന്നത്തെ ചിന്താരീതി. ഇക്കാര്യത്തിലുള്ള തെറ്റിദ്ധാരണകള്‍ സ്വയം ദൂരീകരിക്കുന്നതിന് സഹായകമായത് ഡോ. അംബേദ്കറുടെ ചിന്തകളും കൃതികളുമാണ്.
ലോകം കണ്ട ഏറ്റവും മഹാനായ ചിന്തകനാണ് അംബേദ്കര്‍. വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും എല്ലാം ഇത്രത്തോളം പഠിച്ച അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ കൃതികകളും വായിച്ചതിലൂടെയാണ് എനിക്കു സ്വയം തിരുത്താനായത്. എല്ലാവരെയും സമഭാവത്തില്‍ ദര്‍ശിച്ച ശ്രീരാമകൃഷ്ണ പരമഹംസനെയാണ് ആധുനിക ഇന്ത്യയുടെ പ്രവാചകനായി പരിഗണിക്കേണ്ടത്. അദ്ദേഹവും വിവേകാനന്ദനും ചാതുര്‍വര്‍ണ്യത്തെ അംഗീകരിച്ചിരുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ ഹിന്ദുമത്തിലെ അനീതികളെ ഇത്രമേല്‍ എതിര്‍ത്തിരുന്ന ഒരാള്‍ വേറെയില്ല. വിവേകാനന്ദന്‍ ചിക്കാഗോയില്‍ പ്രസംഗിച്ചത് എല്ലാവര്‍ക്കും വേണ്ടിയായിരുന്നു.
കേരളത്തിനു ശ്രീനാരായണഗുരുവിനെപ്പോലുള്ളവരുടെ മഹത്തായ നവോത്ഥാന, മതനിരപേക്ഷ ചരിത്രമുണ്ട്. അത് ആഹ്ലാദകരമായ ഒന്നാണ്. ഇ.എം.എസ്, എ.കെ.ജി. തുടങ്ങിയവരുടെ ഒരു പാരമ്പര്യവും ഇവിടെയുണ്ട്. രാജ്യം ഇന്നു നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മോഡി അധികാരത്തില്‍ വന്നതിനുശേഷം മതം രാഷ്ര്ടീയത്തില്‍ ശക്തമായി ഇടപെടുന്നവിധം നാടിന്റെ ചിത്രത്തെ മാറ്റി. മതമല്ല നമ്മുടെ പ്രശ്‌നം. സംഘപരിവാര്‍ ഭീകരതയാണ്. അത് ഇന്ത്യയുടെ മഹത്തായ ആത്മീയതയല്ല. അവര്‍ ജനാധിപത്യത്തെയാണ്, ഭരണഘടനയെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. വര്‍ണവ്യവസ്ഥയെ പ്രഘോഷിക്കുന്ന മനുസ്മൃതിയെ അടിസ്ഥാനമാക്കണമെന്നാണ് അവര്‍ പറയുന്നത്. അതിനാല്‍ എന്തു വിലകൊടുത്തും ഭരണഘടനയെ സംരക്ഷിക്കാനുള്ള ചെറുത്തുനില്‍പാണ് പ്രധാനം. ജാതിക്കെതിരായ പോരാട്ടത്തിന്റേതാണ് കേരളീയരുടെ ചരിത്രം. അതില്‍ ഗുരുവിനെപ്പോലുള്ളവരുടെ സംഭാവന മഹത്തരമാണ്. ഗുരുവിനെപ്പോലെയുള്ള ബസവണ്ണയുടെ വചനങ്ങളെക്കുറിച്ച് എഴുതിയതിനാണ് ഫാസിസ്റ്റുകള്‍ കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയത്.
ഇന്ത്യ ഒരു വലിയ സംഘര്‍ഷാവസ്ഥയിലൂടെ കടന്നു പോവുകയാണിപ്പോള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷമാണ് ഈ മാറ്റമുണ്ടായത്. മതത്തെ ചിലര്‍ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കുന്നതുമൂലമാണ് ഈ ദുരവസ്ഥ. മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നു മാര്‍ക്‌സ് പറഞ്ഞത് ഇപ്പോള്‍ ഇന്ത്യയില്‍ ഫാഷിസ്റ്റുകള്‍ പ്രവര്‍ത്തനശൈലിയിലൂടെ സത്യമെന്നു തെളിയിക്കുന്നു.
എതിര്‍ശബ്ദങ്ങളെ കൊന്നൊടുക്കുക എന്നാല്‍ അത് രാജ്യത്തിന്റെ നാശത്തിലേക്കുള്ള യാത്രയുടെ ഏറ്റവും പ്രകടമായ ലക്ഷണമാണ്. വേറിട്ട ശബ്ദങ്ങള്‍ക്കും വേറിട്ട മതങ്ങള്‍ക്കും ബഹുമാനം നല്‍കുന്നിടത്താണു രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ. അത്തരമൊരു ഏകത്വം ഇല്ലാത്ത വികസനം വികസനമല്ല. എല്ലാവര്‍ക്കും ആനന്ദം പകരാത്ത വികസനം പിന്നോട്ടു നടത്തമാണ്.
ഇവിടെ ഇപ്പോള്‍ എതിര്‍ശബ്ദങ്ങളെ കഴുത്തുഞെരിച്ച് ഇല്ലാതാക്കുന്നു. ഫാഷിസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവമാണത്. എന്റെ സുഹൃത്ത് കല്‍ബുറഗിയുടെ രക്തം ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ചുമര്‍ വൃത്തികേടാക്കിയിരിക്കുന്നു. എന്നും നമ്മുടെ രാജ്യത്തിനു ചീത്തപ്പേരായി അതു തെളിഞ്ഞു നില്‍ക്കും. അവരുടെ അടുത്ത ലക്ഷ്യം ഞാനാണത്രെ.
ഭീഷണിപ്പെടുത്തി ഒരാളെ നിശ്ശബ്ദനാക്കുമ്പോള്‍ മറ്റൊരു ശബ്ദം ഉയര്‍ന്നിരിക്കും. അതാണ് ഇന്ത്യ എന്നും കണ്ടിട്ടുള്ളത്. ജനങ്ങള്‍ക്കുവേണ്ടി, രാജ്യത്തിനു വേണ്ടി മരിക്കാന്‍ കഴിയുന്നത് വലിയൊരു വിജയമാണെന്നു ഞാന്‍ കരുതുന്നു.
ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തരാണെന്നു പറയുന്നു. പക്ഷേ, അവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്; ഭരണം നേടിയെങ്കിലും 31% വോട്ടുമാത്രമേ നേടാനായിട്ടുള്ളൂ. 69% വോട്ടര്‍മാരും പുറത്തു നില്‍ക്കുകയാണ്. അതായത്, മതനിരപേക്ഷ ചിന്തയുള്ള വലിയൊരു സമൂഹത്തിന്റെ പിന്തുണ അവര്‍!ക്കില്ല. ആ വോട്ടര്‍മാര്‍ ഒന്നുചേരുകയും പ്രതികരിക്കുകയും ചെയ്താല്‍ തങ്ങള്‍ പുറന്തള്ളപ്പെടുമെന്ന തിരിച്ചറിവ് ഇവര്‍ക്കെന്നാണുണ്ടാവുക? പുറത്തേക്കുള്ള വഴിക്ക് ആക്കം കൂട്ടുകയാണവര്‍. ഇപ്പോള്‍ ഗോവധത്തിന്റെ പേരിലുള്ള മനുഷ്യവധം അടക്കമുള്ള പ്രവൃത്തികള്‍.മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണുന്നവന്‍ ഒരിക്കലും മതവിശ്വാസിയല്ല. മതതീവ്രവാദിയെന്നേ അവരെ വിളിക്കാനാവൂ.
മതത്തെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള ശ്രമം എവിടെ നിന്നുണ്ടായാലും അതു ശരിയല്ല. മതത്തിനും ജാതിക്കുമപ്പുറം ഇന്ത്യന്‍ സമൂഹത്തെ കാണാന്‍ കഴിയാത്ത നേതാക്കള്‍ എത്ര മിടുക്കന്മാരായാലും ആ മിടുക്ക് നമുക്കു ഗുണം ചെയ്യില്ല. ശ്രീരാമകൃഷ്ണ പരമഹംസരെപ്പോലുള്ളവര്‍ എല്ലാ മതങ്ങളെയും കുറിച്ചു പഠിക്കാനുള്ള തുറന്ന മനസ്സാണു കാട്ടിയത്. ഇപ്പോഴുള്ള പലരും അങ്ങനെയല്ല. മറ്റു മതസ്ഥരെയും തന്നെപ്പോലെ കാണാന്‍ അവര്‍ ശീലിച്ചത് ബൈബിള്‍ പഠിച്ചും ഖുര്‍ആന്‍ പഠിച്ചും അതില്‍ തന്റെ മതത്തിന്റെ അന്തസ്സത്തയുണ്ട് എന്നു തിരിച്ചറിഞ്ഞാണ്. ആ വിശാലമായ മനസ്സ് ഇപ്പോഴെന്തേ നമുക്കു കൈവിട്ടു പോകുന്നു?
രാജ്യത്തിന്റെ സദ്പാരമ്പര്യം സംരക്ഷിക്കേണ്ടത് എഴുത്തുകാരുടെ മാത്രം ഉത്തരവാദിത്തമല്ല. സാറാ ജോസഫ് ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരസ്‌കരിച്ചിതിലൂടെ ആ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണ്ട്. പെന്‍ എന്ന അന്താരാഷ്ര്ട സംഘടനയും രംഗത്തുവന്നു. ഇതെല്ലാം ശരിയായ കാര്യവുമാണ്. ജനങ്ങളും ഭരണാധികാരികളും തമ്മില്‍ സംവാദം ഇല്ലെങ്കില്‍ അത് ജനാധിപത്യത്തെ വലിയ പ്രതിസന്ധിയിലെത്തിക്കും. തനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാവണം. ഇന്ത്യ മതസൗഹാര്‍ദത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മടിത്തട്ടിലേക്കു മടങ്ങണം. അല്ലെങ്കില്‍ നാശത്തിലേക്കു പോകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്തായാലും ഇക്കാര്യത്തില്‍ ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്.

(തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply