വേണ്ടത് ഗ്രീന്‍ ക്രിസ്മസ്സ്
ഡേവിസ് വളര്‍ക്കാവ് ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്സ്. മനുഷ്യപുത്രനായ യേശുവിന്റെ ജന്മദിനമാണിത്. യേശുദേവന്റെ പിറവിയുടെ ആഘോഷം യൂറോപ്പിലും ചരിത്രപരമായ കാരണങ്ങളാല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുമാണ് കൂടുതലും. ഭാരതത്തില്‍ ഡിസംബറിലും ജനുവരിയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളില്‍ ഫെബ്രുവരി,മാര്‍ച്ച് എന്നീ മാസങ്ങളില്‍പോലും ക്രിസ്മസ്സ് ആഘോഷിച്ചുവരുന്നുണ്ട്. തീയതികള്‍ക്കപ്പുറം പിറവിയുടെ സന്ദേശം എന്തെങ്കിലും ഉണ്ടോ ? ഈ ആഘോഷങ്ങളുടെ പൊരുള്‍ എന്താണ് ? ഇക്കാര്യം വിലയിരുത്താന്‍ ഒന്നു ശ്രമിക്കാം. ‘അത്യുന്നതങ്ങളില്‍ മഹത്വവും ഭൂമിയില്‍ സമാധാനവും’ എന്നതാണ് പിറവിയുടെ സന്ദേശമായി ഗ്രന്ഥങ്ങളില്‍ നാം […]
ഡേവിസ് വളര്‍ക്കാവ്
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്സ്. മനുഷ്യപുത്രനായ യേശുവിന്റെ ജന്മദിനമാണിത്. യേശുദേവന്റെ പിറവിയുടെ ആഘോഷം യൂറോപ്പിലും ചരിത്രപരമായ കാരണങ്ങളാല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലുമാണ് കൂടുതലും. ഭാരതത്തില്‍ ഡിസംബറിലും ജനുവരിയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളില്‍ ഫെബ്രുവരി,മാര്‍ച്ച് എന്നീ മാസങ്ങളില്‍പോലും ക്രിസ്മസ്സ് ആഘോഷിച്ചുവരുന്നുണ്ട്. തീയതികള്‍ക്കപ്പുറം പിറവിയുടെ സന്ദേശം എന്തെങ്കിലും ഉണ്ടോ ? ഈ ആഘോഷങ്ങളുടെ പൊരുള്‍ എന്താണ് ? ഇക്കാര്യം വിലയിരുത്താന്‍ ഒന്നു ശ്രമിക്കാം. ‘അത്യുന്നതങ്ങളില്‍ മഹത്വവും ഭൂമിയില്‍ സമാധാനവും’ എന്നതാണ് പിറവിയുടെ സന്ദേശമായി ഗ്രന്ഥങ്ങളില്‍ നാം വായിക്കുന്നത്. സമാധാനത്തിന്റെ തിരുപ്പിറവി വളരെ അത്യാവശ്യമായിരിക്കുന്ന കാലഘട്ടമാണ് അന്ന്. ഇന്നും ലോകസ്ഥിതി കാര്യമായൊന്നും മാറിയിട്ടില്ല. ഈ അര്‍ത്ഥത്തില്‍ ഓരോ അത്രിക്രമങ്ങളും ക്രിസ്മസ്സിനെതിരും ഓരോ സമാധാനശ്രമങ്ങളും ക്രിസ്മസ്സുമാണ്. അപ്പോള്‍ ആഘോഷം മാത്രമല്ല ക്രിസ്മസ്സ് എന്ന് തിരിച്ചറിയേണ്ടതുണ്ട് ഏതെങ്കിലും ഒരു ദിവസത്തെ ആഘോഷം കൊണ്ടിത് തീരുന്നതുമല്ല.
മതം, രാഷ്ട്രീയം, ശാസ്ത്രം ഇവ പലപ്പോഴും ഹിംസാത്മകമായി ക്രിസ്മസ്സ് സന്ദേശത്തെ മലിനപ്പെടുത്താറുണ്ട്. ഉണ്ണിയേശുവിന്റെ തിരുപ്പിറവി നിരന്തര സാന്നിദ്ധ്യമായിരിക്കേണ്ടത്, അതിനാല്‍ മനുഷ്യരാശിയുടെ നിത്യജീവിതത്തില്‍ അത്യാവശ്യമാണ്. ഹിംസാത്മകത മനുഷ്യഹൃദയങ്ങളെ കീഴടക്കുന്ന വര്‍ത്തമാന കാലത്ത് ഭൂമിയില്‍ സമാധാനമെന്നത് സന്മനസ്സിനുള്ള പ്രതിഫലവും, ഒഴുക്കിനെതിരെ നീന്താനുള്ള ശക്തിയും, ഭാവിയുടെ പ്രത്യാശയുമാണ്. ഇത് ലോകത്തിന്റെ മതാതീത ആത്മീയ മൂല്യങ്ങളുടെ മഹത്വമാണ്. എല്ലാ പുണ്യപുരുഷന്മാരിലും സമാനമായിരിക്കുന്ന ഒരു ധാര മനുഷ്യരാശിയോടുള്ള അഗാധമായ അനുകമ്പയാണ്. വിപണി ഒരുക്കുന്ന ക്രിസ്മസ്സ് പകിട്ടില്‍ സാധാരണ മനുഷ്യര്‍ വീണുകൊണ്ടിരിക്കുന്ന കഷ്ടകാലമാണിന്ന്. അതുപോലെ ആവര്‍ത്തന വിരസമായ അനുഷ്ഠാനങ്ങളില്‍ കുടുങ്ങിയും ഒട്ടേറെ പേര്‍ ക്രിസ്മസ്സ് ആഘോഷിക്കുന്നു. നമ്മുടെ ജീവിത യാനത്തെ സമാധാനത്തിന്റെ തീരങ്ങളില്‍ അടുപ്പിക്കാനും, എന്നും ക്രിസ്മസ്സ് അനുഭവിക്കാനും മനുഷ്യരാശിക്ക് ഭാഗ്യവും അവസരമുണ്ട്. എന്നാല്‍ അതെത്ര പേര്‍ തിരിച്ചറിയുന്നുവെന്ന് ആശങ്കതോന്നും വിധമാണ് ഭൗതികാസക്തിയുടെ ആഘോഷമാമാങ്കങ്ങള്‍ ! ശാന്തിമനുഷ്യാത്മാവിന്റെ ആഗ്രഹവും അവകാശവും ആയിരിക്കുന്നതിനാല്‍ സമാധാനത്തിന്റെ പിറവി മതത്തിനുമപ്പുറത്തെ, മതാതീതമായ സന്ദേശമാണ് വിവേകികള്‍ക്ക് നല്‍കുക. അനുഷ്ഠാനങ്ങളുടെ പ്രളയത്തില്‍ ശാന്തിയുടെ ജീവിത യാനത്തിന് കരയിലടുക്കാനാകാത്ത വിധമാണ് ഇന്ന് ക്രിസ്മസ് ആഘോഷങ്ങള്‍. ആര്‍ത്തിയുടെ ആഘോഷമാണിന്ന് ക്രിസ്മസ്സ്. ക്രിസ്തു ജനിച്ചത് കാലിത്തൊഴുത്തിലാണ്. പുല്‍ക്കൂട് എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ്. പൊരുള്‍ വിസ്മരിച്ചുകൊണ്ടുള്ള ആഘോഷമാണ് ലോകമെമ്പാടും നടന്നുവരുന്നത്. മനുഷ്യരുടെ ഈ ആര്‍ത്തിപൂണ്ട ജീവിതരീതിയാണ് പ്രകൃതിയെ നശിപ്പിക്കുന്ന ഒരു വില്ലന്‍. എന്നാല്‍ ഭാരതത്തിന്റെ പല സ്ഥലത്തും ഈ പിറവിയുടെ ആഘോഷം ലളിതമായും അര്‍ത്ഥപൂര്‍ണ്ണമായും നാടിന്റെ സാംസ്‌കാരിക പൈതൃകത്തിനിണങ്ങിയ രീതിയിലും ആചരിക്കുന്നുണ്ട്. ആഘോഷങ്ങളില്‍ നിന്ന് മദ്യമൊഴിവാക്കിയും കൈത്തണ്ടില്‍ കുഞ്ഞാടുമായ് നില്‍ക്കുന്ന യേശുനാഥന്റെ കാരുണ്യത്തെ വിസ്മരിക്കാതെ, ജന്തുഹത്യചെയ്യാതെ, മംഗളദിനമായി തന്നെ സസ്യാഹാരഭക്ഷണം ഒരുക്കിയും ആഘോഷിക്കുന്ന ഇടങ്ങള്‍ അനേകമാണ്. ശ്രീരാമകൃഷ്ണമഠങ്ങളില്‍ ലോകത്തെല്ലായിടത്തും ക്രിസ്മസ് ഈയര്‍ത്ഥത്തില്‍ ആഘോഷിക്കാറുണ്ട്. ശ്രീനാരായണ ഗുരുകുലങ്ങളിലും പരമേശ പവിത്രപുത്രന്റെ പിറന്നാള്‍ അര്‍ത്ഥസംപുഷ്ടമായി ആഘോഷിക്കുന്നുണ്ട്. പുട്ടപര്‍ത്തിയില്‍ ഇത് ഒരു ഉത്സവം തന്നെയാണ്.
അനുഷ്ഠാനപരമായി ശ്രീയേശുവിന്റെ ജനനം ആഘോഷിക്കപ്പെട്ടു തുടങ്ങിയത് ക്രിസ്തുവിന് ഒട്ടേറെ കാലങ്ങള്‍ക്കുശേഷമാണ്. പെസഹയും ഉത്ഥാനവുമായിരുന്നു ശിഷ്യന്മാരെ സ്വാധീനിച്ചിരുന്നത്. ആശയങ്ങള്‍ ക്രോഡീകരിക്കപ്പെട്ടതിനുശേഷമാണ് ക്രിസ്മസ്സ് ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. അപ്പോഴേക്കും ക്രിസ്തുവിന്റെ പേരില്‍ മതം, ഒരു ക്രിസ്തുമതം തന്നെ രൂപപ്പെട്ടിരുന്നു.
റോമന്‍ മതങ്ങളിലെ അവശിഷ്ടങ്ങള്‍, ആരാധനാരീതികള്‍ ക്രിസ്മസ്സിലും കാണാം. റോമാക്കാരുടെ സൂര്യദേവന്റെ ഉത്സവരീതിയാണ് ക്രിസ്മസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. മദ്യം, മാംസാഹാരം, ആട്ടവും പാട്ടും, നിശാവിരുന്നുകള്‍ ഇങ്ങനെയാണീ സ്വാധീനങ്ങള്‍. അതിനെത്തന്നെയാണ് ഇന്ന് കേരളത്തിലും പിന്തുടരുന്നത്. അനുഷ്ഠാനങ്ങള്‍ക്കപ്പുറം ആഘോഷങ്ങളുടെ പൊരുളറിയാന്‍ പലര്‍ക്കും കഴിയാതെ പോകുന്നത് ദുഃഖകരമാണ്.
”ജീവന്‍ ഉണ്ടാകുന്നതിനും അത് സമൃദ്ധിയായി ഉണ്ടാകുന്നതിനും വേണ്ടിയാണ് ഞാന്‍ വന്നരിക്കുന്നതെ”ന്നും ”കൊല്ലരുത്” എന്നും ബൈബിളില്‍ (യോഹന്നാന്‍10:10) എഴുതപ്പെട്ടിരിക്കുന്നു. നീ മാംസം ഭക്ഷിക്കുമ്പോള്‍ നിന്നെ തന്നെയാണ് ഭക്ഷിക്കുന്നത് എന്നു മനുഷ്യപുത്രന്‍ അരുളി ചെയ്യുന്നു. ഭൂമിയിലെ സകല ജീവജാതികള്‍ക്കും സസ്യാഹാരമായിരിക്കട്ടെ അവരുടെ ഭക്ഷണമെന്ന് ഉല്‍പ്പത്തി പുസ്തകം 1-ാം അദ്ധ്യായം 28, 29.30, 31 വാക്യങ്ങളില്‍ രേഖപ്പെടുത്തിയത് ആരൊക്കെയോ മറയ്ക്കുന്നു. ഇതിന്റെ ഫലമായി മതത്തിന് ആത്മീയത നഷ്ടമാകുന്നു. ആചരണങ്ങളില്‍ അത് കുടുങ്ങുന്നു. ക്രൈസ്തവ സമൂഹം രോഗത്തിലും ശാപത്തിലും ഭീതിയിലും വീണുപോകുന്നു.
സമാധാനത്തിന്റെ നക്ഷത്രം അനന്തതയില്‍ നിന്ന് മണ്ണില്‍ പിറന്നുവീണത് ആദ്യം ദര്‍ശിച്ച ജീവികള്‍ ആടുകളും പശുക്കളുമായിരുന്നല്ലോ അവര്‍ക്കാണ് ആദ്യദര്‍ശനം. അതിനുശേഷം ഇടയന്മാര്‍ക്ക്. മിണ്ടാപ്രാണികളായിരുന്നു ആദ്യസ്തുതിപ്പുകാരും സംരക്ഷകരും. പിന്നെ മിണ്ടാപ്രാണികളെ സംരക്ഷിക്കുന്ന ഇടയന്മാരും. സമാധാനം കരുണാര്‍ദ്രമായ ഹൃദയങ്ങളിലാണെന്നും അത് മനുഷ്യര്‍ക്കുമാത്രമല്ല എന്നും ഈ സംഭവം കാട്ടിത്തരുന്നു. നാല്‍ക്കാലികള്‍ക്കിടയില്‍ പിറന്ന രക്ഷകന്റെ ജന്മദിനം അവയെ കൊന്നുതിന്നുകൊണ്ടാകുന്നത് ക്രിസ്മസ്‌സന്ദേശത്തെ മലിനമാക്കുന്നതാണ്. ക്രിസ്മസ്സ് സന്ദേശത്തിന്റെ ആഴങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുവാനും നാം വീണ്ടു വീണ്ടും ജനിക്കുവാനും ഈ ആഘോഷം നമ്മെ പ്രാപ്തരാക്കേണ്ടതാണ്. കെട്ടുകാഴ്ചകളുടെ പ്രലോഭനങ്ങളില്‍പെടാത്ത ക്രിസ്മസ്സ് സന്ദേശവും സമാധാനത്തിന്റെ സമകാലിക പ്രസക്തിയും അറിഞ്ഞ് ആഘോഷത്തെ ക്രമപ്പെടുത്താം.
നദികള്‍ക്കും പര്‍വ്വതങ്ങള്‍ക്കും ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും പുഴുവിനും പുല്‍ച്ചാടിക്കും പൂമ്പാറ്റകള്‍ക്കും പറവകള്‍ക്കും നാല്‍ക്കാലികള്‍ക്കും ഇരുകാലികള്‍ക്കും സകല ജീവജാതികള്‍ക്കും മംഗളം ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്ന പൈതൃകം കൊണ്ട് സമൃദ്ധമാണ് നമ്മുടെ നാട്. ഈ സംസ്‌കാരത്തെ അറിഞ്ഞ് നമുക്ക് ആഘോഷിക്കാം. സകല ജീവന്റെയും നിലനില്‍പ്പിന്റേയും പാരസ്പര്യത്തിന്റെയും സംരക്ഷണമാണ് ഇതിന്റെ സന്ദേശം. ഈ വര്‍ഷത്തെ ക്രിസ്മസ്സ് ഈ സന്ദേശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാകട്ടെ. ഗ്രീന്‍ ക്രിസ്മസ്സ് ആകട്ടെ. എല്ലാപ്രാണികള്‍ക്കും മംഗളം ഭവിക്കട്ടെ.
ഫോണ്‍ : 98 95 14 89 98
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in