വേണം നമുക്കൊരു ഗ്രീന്‍പാര്‍ട്ടി

അടുത്തൊന്നും കാണാത്ത വിധം കനത്തമഴയും പ്രളയവും വെള്ളപ്പൊക്ക കെടുതികളും ഉരുള്‍പ്പൊട്ടലുകളുമെല്ലാം കേരളത്തില്‍ പരിസ്ഥിതിയും വികസനവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. ചെറുഗ്രൂപ്പുകളും നവസാമൂഹ്യപ്രസ്ഥാനങ്ങളുമൊക്കെ കാലങ്ങളായി ഉന്നയിക്കുന്ന പരിസ്ഥിതിരാഷ്ട്രീയത്തെ വികസനരാഷ്ട്രീയം കൊണ്ട പ്രതിരോധിക്കാന്‍ ഇനിയുമാവില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കനത്ത മഴക്കു കാരണം മനുഷ്യന്റെ പ്രവര്‍ത്തികളല്ലെന്നു വാദിക്കാം. എന്നാല്‍ അതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വ്യാപകമായ ഉരുള്‍പ്പൊട്ടലുകളും വെള്ളക്കെട്ടുകളും മനുഷ്യനിര്‍മ്മിതമാണെന്നു പറയാതെ വയ്യ. അതാകട്ടെ യാദൃശ്ചികമായി സംഭവിക്കുന്നതുമല്ല. മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അന്ധമായി വിശ്വസിക്കുകയും പിന്‍തുടരുകയും ചെയ്യുന്ന വികസനത്തിന്റെ രാഷ്ട്രീയത്തിന്റെ സ്വാഭാവിക […]

ggg

അടുത്തൊന്നും കാണാത്ത വിധം കനത്തമഴയും പ്രളയവും വെള്ളപ്പൊക്ക കെടുതികളും ഉരുള്‍പ്പൊട്ടലുകളുമെല്ലാം കേരളത്തില്‍ പരിസ്ഥിതിയും വികസനവുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. ചെറുഗ്രൂപ്പുകളും നവസാമൂഹ്യപ്രസ്ഥാനങ്ങളുമൊക്കെ കാലങ്ങളായി ഉന്നയിക്കുന്ന പരിസ്ഥിതിരാഷ്ട്രീയത്തെ വികസനരാഷ്ട്രീയം കൊണ്ട പ്രതിരോധിക്കാന്‍ ഇനിയുമാവില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കനത്ത മഴക്കു കാരണം മനുഷ്യന്റെ പ്രവര്‍ത്തികളല്ലെന്നു വാദിക്കാം. എന്നാല്‍ അതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വ്യാപകമായ ഉരുള്‍പ്പൊട്ടലുകളും വെള്ളക്കെട്ടുകളും മനുഷ്യനിര്‍മ്മിതമാണെന്നു പറയാതെ വയ്യ. അതാകട്ടെ യാദൃശ്ചികമായി സംഭവിക്കുന്നതുമല്ല. മിക്കവാറും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അന്ധമായി വിശ്വസിക്കുകയും പിന്‍തുടരുകയും ചെയ്യുന്ന വികസനത്തിന്റെ രാഷ്ട്രീയത്തിന്റെ സ്വാഭാവിക പരിണതിയാണത്. അതിനാല്‍ തന്നെ ഈ വികസനരാഷ്ട്രാീയത്തിനുപകരം ഒരു ഹരിതരാഷ്ട്രീയം ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതാകട്ടെ കേവലം ചര്‍ച്ചകളുടേയോ പരിസ്ഥിതി സമരങ്ങളുടേയോ തലത്തില്‍ പോരാതാനും. ജനാധിപത്യസംവിധാനത്തില്‍ പൂര്‍ണ്ണമായും ഇടപെടുന്ന ശക്തമായ ഒരു ഗ്രീന്‍ പാര്‍ട്ടിയാണ് ഇന്നു കേരളം ആവശ്യപ്പെടുന്നത്.
ഹരിതരാഷ്ട്രീയവും ഗ്രാന്‍പാര്‍ട്ടിയുമൊന്നും ലോകത്തിനു പുതുമയല്ല. വികസനത്തിന്റേതെന്നവകാശപ്പെടുന്ന രാഷ്ട്രീയവും പരിപാടികളുമെല്ലാം പതിറ്റാണ്ടുകള്‍ക്കുമുന്നെ സജീവമായ യൂറോപ്പില്‍ നിന്നുതന്നെയായിരുന്നു അതിന്റെ തുടക്കമെന്നത് സ്വാഭാവികം മാത്രം. കേരളത്തില്‍ സൈലന്റ് വാലി പദ്ധതിക്കെതിരായ സമരം ശക്തമായ 1970കളില്‍ തന്നെ അവിടെ ഗ്രീന്‍ പൊളിറ്റിക്സ് എന്ന ആശയം ഉടലെടുത്തു. കവലം പരിസ്ഥിതി വിഷയങ്ങള്‍ മാത്രമല്ല, സാമൂഹ്യ നീതി, പങ്കാളിത്ത ജനാധിപത്യം, ഫെമിനിസം തുടങ്ങിയവയെല്ലാം ആ ഹരിത രാഷ്ട്രീയത്തിലുണ്ടായിരുന്നു. പാരിസ്ഥിതിക വിജ്ഞാനം, പങ്കാളിത്ത ജനാധിപത്യം, സാമൂഹികം, സാംസ്‌കാരികം, രാഷ്ട്രീയം, സാമ്പത്തികം എന്നീ വിഷയങ്ങളിലെ തുല്യത, ലിംഗ സമത്വം, എല്ലാവര്‍ക്കും തുല്യാവകാശം, അക്രമരാഹിത്യം, അധികാരവികേന്ദ്രീകരണം തുടങ്ങിയവയെല്ലാം അവരുടെ അജണ്ടയായിരുന്നു. 1972 മാര്‍ച്ചില്‍ യുണൈറ്റഡ് ടാസ്മാനിയ ഗ്രൂപ്പ് എന്ന ഓസ്‌ട്രേലിയന്‍ സംഘടനയാണ് ഇത്തരമൊരു നീക്കം ആദ്യം നടത്തിയത്. തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ വാല്യൂ പാര്‍ട്ടി , ഇംഗ്ലണ്ടില്‍ ഇക്കോളജി പാര്‍ട്ടി, ജര്‍മന്‍ ഗ്രീന്‍ പാര്‍ട്ടി തുടങ്ങിയ മുന്നേറ്റങ്ങള്‍ ഉണ്ടായി. ഡീ ഗ്രനേന്‍ എന്ന ഗ്രീന്‍ പാര്‍ട്ടി ജര്‍മനിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ഫെഡറല്‍ പാര്‍ലമെന്റില്‍ സ്ഥാനം നേടി. ജര്‍മ്മനിയിലെ ഹാംബര്‍ഗിലേയും ഹെസ്സെനിലെയും ഗ്രീന്‍ പാര്‍ട്ടികള്‍ അധികാരത്തില്‍ വരെ എത്തിയിട്ടുണ്ട്. 1998-2005ല്‍ ജര്‍മ്മനിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് ഗ്രീന്‍ പാര്‍ട്ടി ഭരിച്ചിട്ടുമുണ്ട്. ഫ്രാന്‍സ്, നോര്‍വേ, ഇറ്റലി, സ്വീഡന്‍, പോര്‍ട്ടുഗല്‍ തുടങ്ങി പല രാജ്യങ്ങളിലും ഗ്രീന്‍ പാര്‍ട്ടി ശക്തമാണ്. അതേസമയം ഇന്ത്യയില്‍ ഉത്തരാഖണ്ഡിലാണ് ഗ്രീന്‍ പാര്‍ട്ടി എന്ന ആശയം ആദ്യം സജീവമായത്. പരിവര്‍ത്തന്‍ പാര്‍ട്ടി എന്നാണതിന്റെ പേര്. തമിഴ് നാട്ടിലെ കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാറാണ് ഹരിതരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന ശക്തനായ നേതാവ്. എന്നാല്‍ ഹരിതരാഷ്ട്രീയം ഉന്നയിക്കുകയും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നവര്‍ പോലും ഇന്ത്യയില്‍ ഹരിതപാര്‍ട്ടിക്കായി ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത. ആ സമീപനം മാറുകയും ഹരിതരാഷ്ട്രിയം ഉന്നയിച്ച് ജനാധിപത്യസംവിധാനത്തില്‍ പങ്കാളികളാകുകയും ചെയ്യേണ്ട സമയമാണിത്. കേരളത്തില്‍ നിന്നുതന്നെ അതാരംഭിക്കാവുന്നതാണ്.
എന്തായാലും പാരിസ്ഥിതിക സമരങ്ങളെ അവഗണിച്ചിരുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇനിയുമതിനു കഴിയില്ല എന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. അതോടൊപ്പം ചെറിയ തോതിലെങ്കിലും ഈ വിഷയത്തില്‍ പ്രസ്ഥാനങ്ങളിലും നേതാക്കളിലും കൃത്യമായ ധ്രുവീകരണവും പ്രകടമായി കൊണ്ടിരിക്കുന്നു. വികസനത്തിന്റെ പേരുപറഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകരെ നിരന്തരമായി ആക്രമിച്ചിരുന്നവര്‍ ചെറിയ തോതിലെങ്കിലും ആത്മപരിശോധന നടത്തുന്നുണ്ട്. സൈലന്റ് വാലി സംരക്ഷണ സമരകാലത്തുതന്നെ ഇത്തരമൊരു ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍ വികസനത്തിന്റെ മാസ്മരികതയില്‍ ഇതെല്ലാം ഉന്നയിക്കുന്നവര്‍ ആക്ഷേപിക്കപ്പെടുകയായിരുന്നു. അതേസമയം സൈലന്‍ വാലി മാത്രമല്ല, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശക്തമായി ഉയര്‍ത്തിയ മാവൂര്‍, പ്‌ളാച്ചിമട, ലാലൂര്‍, പെരിങ്ങോം, വിളപ്പില്‍ ശാല, അതിരപ്പിള്ളി, പൂയംകുട്ടി തുടങ്ങി നിരവധി പാരിസ്ഥിതിക സമരങ്ങള്‍ വിജയിപ്പിക്കാന്‍ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കു സാധിച്ചു. എന്നാലവരും ഒരു ഗ്രീന്‍ പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കുന്നില്ല. കാതിക്കുടം, ദേശീയപാതക്കായി സ്ഥലമേറ്റെടുക്കല്‍, ഗെയ്ല്‍ പൈപ്പ്, നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണം, പശ്ചിമഘട്ടസംരക്ഷണം, വിഴിഞ്ഞം ഐ ഒ സി, ക്വാറികള്‍, തുടങ്ങി നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഇപ്പോള്‍ സജീവമാണ്. പക്ഷെ ഈ സമരങ്ങള്‍ക്കെതിരെ രാഷ്ട്രീയസംഘടനകളും തൊഴിലാളി യൂണിയനുകളും സാമുദായിക സംഘടനകളുമടക്കം വലിയൊരു വിഭാഗം കൈകോര്‍ത്തിരിക്കുന്ന കാവ്ചകാണാം. അതേറ്റവും പ്രകടമായത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണത്തിലുമാണ്. കേരളം ഇനിയും നിലനില്‍ക്കണമോ എന്ന ചോദ്യമുന്നയിച്ച ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എങ്ങനെയാണ് നാം നേരിട്ടത് എന്നു മറക്കാറായിട്ടില്ലല്ലോ. ഇന്നിതാ ഉരുള്‍പൊട്ടലുകളടക്കമുള്ള ദുരന്തങ്ങള്‍ ഗാഡ്ഗിലിനെ വീണ്ടും പ്രസക്തമാക്കുന്നു. അതുപോലെതന്നെയാണ് എത്രയോ പ്രക്ഷോഭങ്ങള്‍ക്കുശേഷം നടപ്പായ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണനിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന സംഭവവും. ഈ രണ്ടുപ്രശ്‌നങ്ങള്‍തന്നെയാണ് കനത്തെ മഴയെ തുടര്‍ന്നുള്ള ദുരന്തങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാണ്. അപ്പോള്‍പോലും അതുന്നയിക്കുന്ന വരെ ആക്രമിക്കുന്നതും കാണാം. വികസനരാഷ്ട്രീയത്തിനു ഈ ദുരന്തത്തില്‍ ഒരു പങ്കുമില്ലെന്നു സ്ഥാപിക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്.
സൈലന്റ് വാലിക്കുശേഷം കേരളത്തില്‍ നടന്ന നൂറുകണക്കിനു പരിസ്ഥിതി സമരങ്ങൡ ഈ പ്രസ്ഥാനങ്ങള്‍ മിക്കവാറും എതിര്‍പക്ഷത്തായിരുന്നു. കേരളത്തിന്റെ പ്രതേക സാഹചര്യത്തില്‍ അതില്‍ മുന്നില്‍ സിപിഎം തന്നെയാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയമനുസരിച്ച് അതില്‍ അത്ഭുതപ്പെടാനുമില്ല. വികസനം നടപ്പാക്കുന്നത് മുതലാളിത്ത രീതിയിലാകരുതെന്നും ‘സോഷ്യലിസ്റ്റ്’ രീതിയിലാകണമെന്നുമാത്രമേ അവര്‍ക്ക് അഭിപ്രായ ഭിന്നതയുള്ളു. സോഷ്യലിസമൊന്നുമല്ലെങ്കിലും കേരളത്തില്‍ പോലും അവര്‍ നടപ്പാക്കുന്നത് മറ്റൊരു രാഷ്ട്രീയമല്ലല്ലോ. വികസനത്തിന്റേയും തൊഴിലാളികളുടേയും പേരില്‍ പരിസ്ഥിതി പ്രവര്‍ത്തകരെ കായികമായിപോലും ആക്രമിച്ച ചരിത്രം അവര്‍ക്കുണ്ട്. കുറ്റവാളികളായ മാനേജ്‌മെന്റുകള്‍ക്കൊപ്പമാണ് അവരെപ്പോും. ഇപ്പോഴും അത് തുടരുന്നു. മാറ്റത്തിനായുള്ള ചെറിയ ശ്രമം വി എസിന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നതായിരുന്നില്ല. സുധീരനേയും പിടി തോമസിനേയും ബല്‍റാമിനേയും പോലുള്ള കോണ്‍ഗ്രസ്സിലെ പല നേതാക്കളും ഹരിതരാഷ്ട്രീയം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എങ്കിലും അതിനെതിരായ വിഭാഗങ്ങളാണ് കൂടുതല്‍ ശക്തം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പരിസ്ഥിതിയെ തകര്‍ക്കുന്ന നയപരിപാടികള്‍ നടപ്പാക്കുന്ന ബിജെപി ഇവിടെ പല ഹരിത സമരങ്ങളിലും പങ്കെടുക്കുന്നത് തന്ത്രം മാത്രം. ഈ സാഹചര്യത്തിലാണ് ഹരിതപാര്‍ട്ടി എന്ന ആശയം കൂടുതല്‍ ശക്തമാകുന്നത്.
വാസ്തവത്തില്‍ ഹരിതപാര്‍ട്ടി എന്നൊന്നും പറഞ്ഞിട്ടല്ലെങ്കിലും പരിസ്ഥിതി നശിപ്പിക്കുന്നവര്‍ക്ക് വോട്ടുചെയ്യരുതെന്ന് 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. അസഹനീയ ചൂട്, കൊടും വരള്‍ച്ച, ജലമലിനീകരണം, കാട്ടുതീ എന്നിവക്ക് കാരണം വന്‍തോതിലുള്ള നെല്‍വയല്‍തണ്ണീര്‍ത്തടങ്ങളുടെ നികത്തലും വനനാശവും വനശോഷണവും പാറമടകളുടെ അനിയന്ത്രിത പ്രവര്‍ത്തനവുമാണെന്ന് അന്നവര്‍ ചൂണ്ടികാട്ടി. സാധാരണക്കാരുടെ ജീവിതത്തെ തകര്‍ക്കുന്ന വികസനത്തിനാണ് ഈ പ്രസ്ഥാനങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. വന്‍കിട ഷോപ്പിങ് മാളുകളും റിസോര്‍ട്ടുകളും വിമാനത്താവളങ്ങളും അതിവേഗ റെയില്‍പാതകളും പഞ്ചനക്ഷത്ര ബാറുകളുമാണ് വികസനം എന്നാണ് ധാരണ. അന്നവും കുടിവെള്ളവും ഉറപ്പുവരുത്തുന്നതും കാടും മലകളും പുഴകളും കൃഷിയും നാടിന്റെ പച്ചപ്പും നിലനിര്‍ത്തുന്നതായിരിക്കണം വികസനം. അതിന് പ്രവര്‍ത്തിക്കുന്നവര്‍ക്കാകും വോട്ടെന്നും പശ്ചിമഘട്ടം, കൃഷിഭൂമി, തണ്ണീര്‍ത്തടം, തീരപ്രദേശം, എന്നിവ നശിപ്പിക്കുന്നവര്‍, പാറമടകളെയും ഖനനമാഫിയയെയും സംരക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് വോട്ട് നല്‍കില്ല എന്നും ് തണ്ണീര്‍ത്തടനെല്‍വയല്‍ സംരക്ഷണ നിയമം, തീരദേശസംരക്ഷണ നിയമം, നദീതടസംരക്ഷണവന സംരക്ഷണ നിയമം, ജൈവകൃഷി നയം, അനധികൃത പാറമടകള്‍ പൂട്ടിക്കാന്‍ തയാറുള്ളവര്‍, പശ്ചിമഘട്ടത്തിന്റെയും പുഴകളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നവര്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുമെന്നും അന്നവരിക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സുഗതകുമാരി, പ്രഫ. എം.കെ. പ്രസാദ്, ഡോ. വി.എസ്. വിജയന്‍, തായാട്ട് ബാലന്‍, പ്രഫ. ശോഭീന്ദ്രന്‍, സി.ആര്‍. നീലകണ്ഠന്‍, ഹരീഷ് വാസുദേവന്‍, ടി.വി. രാജന്‍, എ.ശ്രീവത്സന്‍, പി.വി. കൃഷ്ണന്‍കുട്ടി, രമേശ്ബാബു, എന്‍. ബാലകൃഷ്ണന്‍ കണ്ണഞ്ചേരി, ബഷീര്‍ കളത്തിങ്ങല്‍, പ്രമോദ് മണ്ണടത്ത്, കെ. സതീഷ്ബാബു എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്. അതൊരു തുടക്കമായി കണ്ട് രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാനാണ് ഇനി പരിസ്ഥിതി പ്രവര്‍ത്തകര്‍ തയ്യാറാകേണ്ടത്.
ഒന്നുറപ്പ്. പ്രകൃതിവിഭവങ്ങള്‍ അനന്തമാണന്നും അത് ചൂഷണം ചെയ്യലാണ് വികസനത്തിന്റെ അടിത്തറയെന്നുമുള്ള പഴയ ധാരണ തിരുത്തപ്പെട്ടു കഴിഞ്ഞു. പ്രകൃതി വിഭവങ്ങള്‍ പരിമിതമാണന്നും അത് വരും തലമുറക്കും മുഴുവന്‍ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള ധാരണ ഇന്ന് ലോകമാകെ വ്യാപകമായി കഴിഞ്ഞു. അതിനായി പ്രവര്‍ത്തിക്കുന്ന എത്രയോ പേര്‍ ഇതിനകം രക്തസാക്ഷികളായി. തൂത്തുക്കുടിയില്‍ വേദാന്തയ്ക്കുവേണ്ടി ഗവണ്‍മെന്റ് കൊലപ്പെടുത്തിയ 13 പേരുള്‍പ്പടെ 50 പേരാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നടന്ന ജനകീയ സമരങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി ലോകത്തോട്ടാകെ 580 ലധികം പരിസ്ഥിതി -സാമൂഹിക പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. കേരളത്തിലും അക്രമസംഭവങ്ങള്‍ നടക്കുന്നുണ്ട്. എത്രയോ പരിസ്ഥിതി സമരങ്ങള്‍ക്കെതിരെ പോലീസും പാര്‍ട്ടി ഗുണ്ടകളും കടന്നാക്രമണം നടത്തുന്നു. ഇനിയും അതനുവദിക്കാനാവില്ല. പ്രകൃതിചൂഷണത്തിന്റെ ഗുണഭോക്താക്കള്‍ സമ്പന്ന ന്യൂനപക്ഷവും തീരാ ദുരിതങ്ങള്‍ പേറുന്നത് മനുഷ്യരില്‍ മഹാഭൂരിപക്ഷം വരുന്ന ദരിദ്രജനതയുമാണെന്നു തിരിച്ചറിയുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രസക്തി ഇവിടെയാണ്. പ്രകൃതിക്കുമേലുള്ള സമ്പന്ന ന്യൂനപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമായി പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ നിഷ്‌കളങ്കരായ ഇതര ജീവിവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കുന്നു എന്നും ഭൂരിപക്ഷം വരുന്ന ദരിദ്ര ജനതയുടെ കൊലക്കയറായി ഈ വികസനം മാറുന്നു എന്നും വിളിച്ചു പറയണം. പരമാവധി ഉല്‍പ്പാദനം, പരമാവധി ഉപഭോഗം എന്ന സമീപനത്തിനു തടയിടണം. ‘പ്രകൃതിയില്‍ എല്ലാവര്‍ക്കും ആവശ്യത്തിനുള്ള വിഭവങ്ങളുണ്ട്. ധൂര്‍ത്തടിക്കാനുള്ളതില്ല ‘ എന്ന ഗാന്ധിജിയുടെ വാക്കുകളായിരിക്കണം ഇത്തരമൊരു പാര്‍ട്ടിയുടെ രാഷ്ട്രീയപ്രഖ്യാപനത്തിന്റെ അന്തസത്ത. അത്തരമൊരു രാഷ്ട്രീയ ഇടപെടലിനായി കേരളം കാത്തിരിക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply