വേണം കേരളത്തിലും ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനം
രോഹിതിന്റെ, കൊലപാതകത്തിനു തുല്ല്യമായ ആത്മഹത്യ മലയാളിയുടെ കണ്ണുതുറപ്പിക്കുമോ? പച്ചക്കള്ളങ്ങളില്‍ പൊതിഞ്ഞ നമ്മുടെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതയുടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ഈ രക്തസാക്ഷിത്വത്തിനു കഴിയുമോ? രൂപത്തിലും ഭാവത്തിലുമൊക്കെ അല്‍പ്പസ്വല്‍പ്പം വ്യത്യാസമുണ്ടെങ്കിലും ദളിത് പീഡനം കേരളത്തിലും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളിലേയും പ്രകടിതരൂപങ്ങളുമായി താരതമ്യപ്പെടുത്തി ഇവിടത്തെ പരോക്ഷരൂപങ്ങളെ നാം മറച്ചുവെക്കുന്നു. വാസ്തവത്തില്‍ അടിമത്തം തിരിച്ചറിയാത്ത അവസ്ഥയാണ് ഏറ്റവും കഷ്ടം. കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍പോലും കീഴാള മുന്നേറ്റങ്ങള്‍ സജീവമാകുമ്പോള്‍ ഇവിടെയതില്ലാത്തതിനു കാരണവും മറ്റൊന്നല്ല. പ്രബുദ്ധരാണെന്നും ജാതിമതചിന്തകളെയെല്ലാം […]
രോഹിതിന്റെ, കൊലപാതകത്തിനു തുല്ല്യമായ ആത്മഹത്യ മലയാളിയുടെ കണ്ണുതുറപ്പിക്കുമോ? പച്ചക്കള്ളങ്ങളില്‍ പൊതിഞ്ഞ നമ്മുടെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതയുടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ ഈ രക്തസാക്ഷിത്വത്തിനു കഴിയുമോ?
രൂപത്തിലും ഭാവത്തിലുമൊക്കെ അല്‍പ്പസ്വല്‍പ്പം വ്യത്യാസമുണ്ടെങ്കിലും ദളിത് പീഡനം കേരളത്തിലും ഇപ്പോഴും നിലനില്‍ക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളിലേയും പ്രകടിതരൂപങ്ങളുമായി താരതമ്യപ്പെടുത്തി ഇവിടത്തെ പരോക്ഷരൂപങ്ങളെ നാം മറച്ചുവെക്കുന്നു. വാസ്തവത്തില്‍ അടിമത്തം തിരിച്ചറിയാത്ത അവസ്ഥയാണ് ഏറ്റവും കഷ്ടം. കൂടുതല്‍ ദളിത് പീഡനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍പോലും കീഴാള മുന്നേറ്റങ്ങള്‍ സജീവമാകുമ്പോള്‍ ഇവിടെയതില്ലാത്തതിനു കാരണവും മറ്റൊന്നല്ല. പ്രബുദ്ധരാണെന്നും ജാതിമതചിന്തകളെയെല്ലാം അതിജീവിച്ചെന്നുമുള്ള മിഥ്യാധാരണയില്‍ അംബേദ്കറെ പോലും നാം കേരളത്തിന്റെ അതിര്‍ത്തിയില്‍ വെച്ച് തടയുന്നു. എന്നാല്‍ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ജാതിയിലും മതത്തിലും തന്നെ നാം ജീവിക്കുന്നു.
ഒരു കാര്യം നമ്മള്‍ മറക്കരുത്. അഞ്ചു ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് തുടര്‍ച്ചയായി കേന്ദ്രമാനവ വിഭവശേഷി വകുപ്പ് ആവശ്യപ്പെടാന്‍ കാരണം മറ്റൊന്നുമല്ല, രാജ്യത്താദ്യമായി ഒരു ദളിത് വിദ്യാര്‍ത്ഥി സംഘടന സര്‍വ്വകലാശാല ഭരണം പിടിച്ചെടുത്തു എന്നതാണല്ലോ. അതും സംഘപരിവാര്‍ ശക്തികള്‍ക്ക് എന്നും പേടിസ്വപ്‌നമായ അംബേദ്കറുടെ പേരിലുള്ള ഒരു സംഘടന. അതുണ്ടാക്കുന്ന അസഹിഷ്ണുതയായിരുന്നു രോഹിതിന്റെ മരണത്തിലെത്തിച്ചത്. സവര്‍ണ്ണ ഹൈന്ദവരാഷ്ട്രമെന്ന ഫാസിസ്റ്റ് സ്വപ്‌നത്തെ തകര്‍ക്കാന്‍ കഴിയുക ദളിത് നേതൃത്വത്തിലുള്ള മുന്നേറ്റങ്ങള്‍ക്കാണെന്ന് അവര്‍ക്കു നന്നായറിയാം. അതിനാല്‍തന്നെ മുളയിലെ അവയെ നുള്ളാനുള്ള നീക്കം ശക്തമാകും. മോദി സര്‍ക്കാരിന്റെ ആ നീക്കമാണ് എച്ച് സി യുവിലെ സംഭവവികാസങ്ങള്‍ക്കുള്ള മൂലകാരണം. അതുപക്ഷെ മലയാളി എത്രമാത്രം തിരിച്ചറിയുന്നു എന്നത് സംശയമാണ്. ഉണ്ടായിരുന്നെങ്കില്‍ കേരളത്തിലും ഒരു ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തമാകുമായിരുന്നു.
രോഹിതിന്റെ മരണത്തെ തുടര്‍ന്ന് നമ്മുടെ കാമ്പസുകളിലോ തെരുവുകളിലോ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് കാര്യമായ അനക്കമുണ്ടായോ? എച്ച് സി യുവില്‍ സമരരംഗത്ത് സജീവമായ എസ് എഫ് ഐക്ക് ഏറ്റവും ശക്തിയുള്ള സംസ്ഥാനമല്ലേ കേരളം..? എന്നിട്ടും എന്തേ നമ്മുടെ കാമ്പസില്‍ പ്രതിഷേധാഗ്നി ജ്വലിച്ചില്ല….? എ എസ് എയുടെ സഖ്യശക്തിയായിരുന്നില്ലേ എന്‍ എസ് യു..? എന്നിട്ടും കെ എസ് യുവില്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായോ? സസ്‌പെന്‍ഷനും സ്‌കോളര്‍ഷിപ്പ് കിട്ടാതേയും ഉണ്ടായ വിഷമത്തിലുണ്ടായ ആത്മഹത്യ മാത്രമായാണ് പൊതുവില്‍ മലയാളി ഈ സംഭവത്തെ കാണുന്നത്. അതിനപ്പുറമൊരു രാഷ്ട്രീയവും ഇവരൊന്നും മനസ്സിലാക്കുന്നില്ല. അവിടെയാണ് ഇനിയും രക്ഷകരെയാവശ്യമില്ല എന്ന് കേരളത്തിലെ ദളിത് വിഭാഗങ്ങളും തിരിച്ചറിയേണ്ടത്.
കേരളം ജാതിവിവേചനത്തെ മറികടന്നോ? കലാലയങ്ങളില്‍ പോലും ജാതി ഇപ്പോഴും ശക്തമാണെന്നതല്ലേ ശരി. പ്രബുദ്ധമായ നമ്മുടെ കാമ്പസുകളിലെ അവസ്ഥ തന്നെ നോക്കൂ. മഹാരാജാസില്‍ പ്രവേശനം നിഷേധി്ക്കുന്നതിനെതിരെ ദിവസങ്ങള്‍ നീണ്ടുനിന്ന പോരാട്ടം അടുത്തയിടെയല്ലേ നടന്നത്. ആ സമരത്തോട് ജാതിയില്ലെന്നു പറയുന്ന നമ്മുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ എടുത്ത നിലപാടെന്തായിരുന്നു? നമ്മുടെ കലാലയങ്ങളില്‍ എത്രത്തോളം ദളിത് അധ്യാപകരുണ്ടെന്ന ചോദ്യത്തിന്റെ മറുപടി ഞെട്ടിക്കും. കേരളവര്‍മ്മയില്‍ അടുത്തുണ്ടായ ബീഫ് വിഷയത്തെ തുടര്‍ന്നായിരുന്നു അവിടെയൊരു ദളിത് അധ്യാപകരുമില്ലെന്ന സത്യം പുറത്തുവന്നത്. ഫറൂഖ് കോളേജിലെ ദിനു ഇപ്പോഴും പുറത്തുനില്‍ക്കാന്‍ കാരണം ആണ്‍ – പെണ്‍ കുട്ടികള്‍ ഒന്നിച്ചിരുന്നതുമാത്രമല്ല, ദളിതനായതുകൊണ്ടു കൂടിയാണെന്നു വ്യക്തം. താനനുഭവിച്ച പീഡനങ്ങളെകുറിച്ച് ദളിത് ഗവേഷക എസ്എഫ് ഐ നേതൃത്വത്തിനെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാണല്ലോ.
കേരളവര്‍മ്മ കോളേജില്‍ നിന്ന് അടുത്തകാലത്തു പഠിച്ചിറങ്ങിയ, തീവ്രഇടതുപക്ഷ നിലപാടുള്ള ഒരു ദളിത് പെണ്‍കുട്ടി രോഹിത് സംഭവത്തെ തുടര്‍ന്ന് പറഞ്ഞതിങ്ങനെ. ദളിത് കുട്ടികളെ മറ്റു കുട്ടികളില്‍ നിന്ന് വേര്‍തിരിച്ച് ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ അധികൃതര്‍ എപ്പോഴും ജാഗരൂഗരാണത്രെ. ജാതി നിലവിലില്ല എന്നു വിശ്വസിച്ചിരുന്നതിനാല്‍ തങ്ങളത് അന്നു മനസ്സിലാക്കിയില്ല, ഇപ്പോള്‍ പക്ഷെ കൃത്യമായി അതു മനസ്സിലാക്കുന്നു എന്നാണവര്‍ പറഞ്ഞത്. യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് നാം ജീവിക്കുന്നതും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതും ഏതോ മിഥ്യാലോകത്താണെന്നതിനു ഇതിലും വലിയ തെളിവെന്തു വേണം..? ജാതിമതചിന്തയില്ലാത്തവര്‍ക്ക് പട്ടികജാതി – വര്‍ഗ്ഗമൊഴികെയുള്ളവരില്‍ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു എന്ന പരസ്യം കൊടുക്കാനും അതു പ്രസിദ്ധീകരിക്കാനുമുള്ള ധൈര്യം കേരളസമൂഹത്തിനുണ്ടായത് അങ്ങനെയായിരുന്നു. നമ്മുടെ പൊതുജീവിതത്തിന്റെ എല്ലാ മേഖലകളും സവര്‍ണ്ണവല്‍ക്കരിക്കപ്പെടുന്നതും അങ്ങനെതന്നെ. അതിന്റെ പ്രതീകമാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ കുത്തിയിിരക്കുന്ന ചിത്രലേഖ.
ജാതി – മത ചിന്തകള്‍ക്കതീതമായ നമ്മളെല്ലാം മനുഷ്യരാണെന്നും വര്‍ഗ്ഗസമരമാണ് മുഖ്യമെന്നും ഒരു വശത്തും എല്ലാ ഹിന്ദുക്കളും ഒന്നിച്ചു നില്‍ക്കണമെന്ന മറുവശത്തുമുള്ള മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങള്‍ തന്നെയാണ് കേരളത്തിലെ കാമ്പസുകളിലും പ്രകടമാകുന്നത്. ദളിത് എന്ന വാക്കിനെപോലും സ്വത്വ തീവ്രവാദമായി വ്യാഖ്യാനിക്കപ്പെടുന്നത് അങ്ങനെയാണ്. സത്യത്തില്‍ നമ്മുടെ നവോത്ഥാന ചരിത്രം നോക്കുക. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള മുന്നേറ്റങ്ങളാണ് പോയ നൂറ്റാണ്ടിലെ നവോത്ഥാനത്തിനു കാരണമായത്. എപ്പോഴത് തട്ടിയെടുക്കപ്പെട്ടു അതോടെ ഈ മുന്നേറ്റം തടയപ്പെട്ടു. ജാതിയെ പറ്റി ചിന്തിക്കുന്നതുപോലും പിന്തിരിപ്പനായി. അതോടെ അന്നത്തെ നവോത്ഥാനമുന്നേറ്റത്തിന്റെ വിഹിതം കാര്യമായി ലഭിക്കാതിരുന്ന വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ തടയപ്പെട്ടു. അവര്‍ കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രമുള്ളവരായി. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെപേരില്‍ പോഷകസംഘടനകളുണ്ടാക്കി. എന്നാല്‍ അവരുടെ രാഷ്ട്രീയാധികാരമെന്ന പ്രശ്‌നം മറച്ചുവെക്കപ്പെട്ടു. സാമുദായി സംവരണത്തെപോലും നമ്മുടെ ആരാധ്യരായ നേതാക്കള്‍ എതിര്‍ത്ത ചരിത്രമുണ്ട്. അംബേദ്കര്‍ ചിന്തകളെ കേരളത്തിലേക്ക് കടന്നുവരാത്ത വിധം വളരെ വിജയകരമായി അവര്‍ തടഞ്ഞുനിര്‍ത്തി. മണ്ഡല്‍ കമ്മീഷന്‍ കാലത്തുപോലും അതു നമ്മെ ബാധിക്കാതിരിക്കാന്‍ ജാഗരൂഗരായി. തുടര്‍ന്നുണ്ടായ രാഷ്ട്രീയചലനങ്ങളില്‍ പല സംസ്ഥാനങ്ങളിലും ദളിത് – പിന്നോക്ക പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയാധികാരം പോലും പിടിച്ചെടുത്തപ്പോള്‍ നാം നിശ്ചലരായി. നമ്മുടെ സാഹിത്യത്തില്‍ ഒരു ദളിത് ധാര പോലും ശക്തമായില്ല. തുല്ല്യരല്ലാത്ത ഒരു സമൂഹത്തില്‍ എല്ലാവരും തുല്ല്യരാണെന്നും മനുഷ്യരാണെന്നും പറയുന്നതില്‍ പരം കാപട്യം മറ്റെന്തുണ്ട്?
എനിക്ക് ജാതിയില്‍ വിശ്വാസമില്ല എന്ന അവകാശവാദം തന്നെ എത്രയോ ബാലിശമാണ്. വിശ്വസിച്ചാല്‍ ഉണ്ടാകുന്നതും വിശ്വസിച്ചില്ലെങ്കില്‍ ഇല്ലാതാകുന്നതുമായ ഒരു ആത്മനിഷ്ഠ ഘടകമാണോ ജാതി? അതൊരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമല്ലേ? ജാതി നിലവില്ലില്ല എന്ന നിലപാട് ഈ വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ക്കാണ് ഗുണം ചെയ്യുക. രാഷ്ട്രീപ്രസ്ഥാനങ്ങളടക്കം മുഴുവന്‍ സംഘടനകളുടേയും നേതൃത്വം സവര്‍ണ്ണവിഭാഗങ്ങള്‍ക്ക് കൈവന്നത് അങ്ങനെയാണ്. സിപിഎമ്മില്‍ ഇനിയും എന്തുകൊണ്ട് ഒരു ദളിത് പിബി അംഗമി്ല്ല് എന്ന് രോഹിത് ചോദിക്കാന്‍ കാരണവും മറ്റൊന്നല്ല. ഇക്കാര്യം അംഗീകരിക്കാനാണ് ആദ്യം തയ്യാറാകേണ്ടത്.. അപ്പോള്‍ സമകാലിക പോരാട്ടങ്ങളുടെ ദിശ വ്യക്തമാകും. സ്വാഭാവികമായും പീഡനങ്ങള്‍ക്കിരയാകുന്നവര്‍ തന്നെയാണ് പ്രതിരോധത്തിനും നേതൃത്വം നല്‍കേണ്ടതെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി.
ഇടക്കുണ്ടായ ചില ചലനങ്ങളെ പോലും എങ്ങനെയാണ് നമ്മുടെ പ്രസ്ഥാനങ്ങള്‍ നേരിട്ടത് എന്നതും പരിശോധിച്ചാല്‍ മലയാളിയുടെ കാപട്യം ബോധ്യപ്പെടും. മുത്തങ്ങയും ചങ്ങറയും തുടങ്ങിവെച്ച ആദിവാസി-ദളിത് മുന്നേറ്റങ്ങളോടും ഡി എച്ച് ആര്‍ എം പോലുള്ള സംഘടനകളോടുമുള്ള മുഖ്യധാരാകേരളത്തിന്റെ സമീപനം മാത്രം നോക്കിയാല്‍ അതു വ്യക്തമാകും. സിപിഎം പോലുള്ള സംഘടനകള്‍ ആ മേഖലയില്‍ പോഷകസംഘടനകളുണ്ടാക്കിയാണ് ആ ഉണര്‍വ്വിനെ നേരിട്ടത്. ദളിതരെ പാര്‍ട്ടിക്കാരാക്കുകതന്നെ അവയുടെ ലക്ഷ്യം. എന്തുകൊണ്ട് ഇന്നോളം നിങ്ങള്‍ക്കൊരു ദളിത് നേതാവുണ്ടായില്ല എന്ന സിപിഎമ്മിനോടുള്ള രോഹിതിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്. ആ ചോദ്യമുന്നയിച്ചാണ് രോഹിത് എസ് എഫ് ഐ വിട്ടത്. തീര്‍ച്ചയായും ഈ ചോദ്യം മറ്റു പ്രസ്ഥാനങ്ങള്‍ക്കും ബാധകമാണ്. അവിടെയാണ് ഒരു പുതിയ ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രസക്തി വ്യക്തമാകുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in