വേണം ഇനിയൊരു കേരളബാങ്ക്

500, 1000 നോട്ടുനിരോധനവും ബദല്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും മൂലം രാജ്യത്തുതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് കേരളത്തിലെ സഹകരണബാങ്കുകളായിരിക്കും. ജില്ലാ ബാങ്കുകളിലെ ഒരു അക്കൗണ്ട് ഹോള്‍ഡര്‍ മാത്രമാണ് ഇപ്പോള്‍ ഓരോ പ്രാഥമിക സഹകരണബാങ്കും. അതായത് അവക്ക് ആഴ്ചയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുക 24000 രൂപ മാത്രം. ഈ ബാങ്കുകളില്‍ മാത്രം അക്കൗണ്ടുള്ളവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ലോണുകളെടുക്കാന്‍ കാത്തുനില്‍ക്കുന്നവരെല്ലാം പ്രതിസന്ധിയിലാണ്. ചെക് കിട്ടിയാല്‍ തന്നെ മറ്റു ബാങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് മാറാന്‍ കഴിയുന്നില്ല. ഉള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ട്. […]

sss

500, 1000 നോട്ടുനിരോധനവും ബദല്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും മൂലം രാജ്യത്തുതന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് കേരളത്തിലെ സഹകരണബാങ്കുകളായിരിക്കും. ജില്ലാ ബാങ്കുകളിലെ ഒരു അക്കൗണ്ട് ഹോള്‍ഡര്‍ മാത്രമാണ് ഇപ്പോള്‍ ഓരോ പ്രാഥമിക സഹകരണബാങ്കും. അതായത് അവക്ക് ആഴ്ചയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുക 24000 രൂപ മാത്രം. ഈ ബാങ്കുകളില്‍ മാത്രം അക്കൗണ്ടുള്ളവരാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് ലോണുകളെടുക്കാന്‍ കാത്തുനില്‍ക്കുന്നവരെല്ലാം പ്രതിസന്ധിയിലാണ്. ചെക് കിട്ടിയാല്‍ തന്നെ മറ്റു ബാങ്കുകളില്‍ അക്കൗണ്ടില്ലാത്തവര്‍ക്ക് മാറാന്‍ കഴിയുന്നില്ല. ഉള്ളവര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ട്. കൂടാതെ 500, 1000 നോട്ടുകള്‍ മാറാനുള്ള അവകാശവും സഹകരണബാങ്കുകള്‍ക്കില്ല. ഫലത്തില്‍ സഹകരണമേഖലയാകെ സ്തംഭിച്ചിരിക്കുകയാണ്. ലോണ്‍ എടുത്തവരും സ്വാഭാവികമായും തിരിച്ചടക്കില്ല എന്നതും പ്രശ്‌നത്തെ രൂക്ഷമാക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് സഹകരണ ഹര്‍ത്താലടക്കമുള്ള സമരപരിപാടികള്‍ നടക്കുന്നത്. അത് ആവശ്യം തന്നെ. എന്നാല്‍ കള്ളപ്പണമടക്കമുള്ള പരിശോധനകളില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന വാദം ശരിയാണെന്നു തോന്നുന്നില്ല. യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി കാണാനാണ് സഹകരണമേഖല തയ്യാറാകേണ്ടത്. അപ്പോഴാണ് കേരള ബാങ്ക് എന്ന ആശയത്തിനു പ്രസക്തിയേറുന്നത്.
തീര്‍ച്ചയായും കേരളത്തിലെ സഹകരണമേഖലക്ക് ത്യാഗസമ്പന്നമായ പ്രവര്‍ത്തനങ്ങളുടെ ഒരു ചരിത്രമുണ്ട്. അതാരും നിഷേധിക്കാനിടയില്ല. എന്നാല്‍ ഴളര്‍ച്ചയുടെ ഘട്ടമെല്ലാം കഴിഞ്ഞ് ഇന്ന് മധ്യവയസ്സിലെത്തിയ ഈ മേഖലയില്‍ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്താനാണ് തയ്യാറാകേണ്ടത്. എന്നാല്‍ മറ്റു പല മേഖലകളേയും പോലെ പോയകാല ചരിത്രം അയവറുക്കി കാലം കളയാനാണ് പൊതുവില്‍ നമ്മള്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭൂപരിഷ്‌കരമം തുടങ്ങിയ മേഖലകളിലെല്ലാം സംഭവിച്ചപോലെ പൂര്‍ണ്ണമായ തകര്‍ച്ചയായിരിക്കും അതിന്റെ ഫലം.
ആയിരത്തി എഴുന്നൂറില്‍പ്പരം പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും ഒന്നേകാല്‍ കോടിയിലധികം അംഗങ്ങളുമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്. സ്വാതന്ത്യം നേടുന്നതിന് മുമ്പ് തന്നെ സഹകരണ സംഘടനകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. 1946 ല്‍ 1669 സഹകരണ സംഘങ്ങളും 32 ലക്ഷം രൂപ ഷെയര്‍ ക്യാപ്പിറ്റലും ആയിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഇന്ന് 1604 പ്രാഥമിക സംഘങ്ങള്‍, അതിന്റെ 3000ത്തിലധികം ശാഖകള്‍,14 ജില്ലാ ബാങ്കുകള്‍ അവയുടെ ശാഖകളും 20 ശാഖകളുള്ള സംസ്ഥാന സഹകരണബാങ്കും 60 ഓളം അര്‍ബണ്‍ ബാങ്കുകളും 675 വനിതാ സഹ. സംഘവും മറ്റ് ക്രെഡിറ്റ് സംഘങ്ങളും എല്ലാം നിക്ഷേപവായ്പാ മേഖലയില്‍ സജീവ സാന്നിധ്യമാണ്. ആശുപത്രി, ലേബര്‍ കോണ്‍ട്രാക്ട്, ടൂറിസ്റ്റ്, വിദ്യാഭ്യാസം, വനിത സംഘങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ സഹകരണം മുന്നേറിക്കൊണ്ടിരിക്കുകയാണ്. സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍ കേരളത്തില്‍ ഇന്ന് 16,000ത്തോളം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരം, കയര്‍, മത്സ്യം, ഖാദി വില്ലേജ് ഇന്റസ്ട്രീസ്, വ്യവസായ സഹകരണസംഘങ്ങള്‍ എന്നിവയില്‍ 4,000 ഓളം സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. സഹകരണ മേഖലയിലെ നിക്ഷേപം 1,40,000 കോടിയില്‍ കവിയും. ഒരു ലക്ഷം കോടിയിലേറെ രൂപ വായ്പയാണ് സഹകരണമേഖല നല്‍കിയിട്ടുള്ളത്. അതില്‍ ഭൂരിഭാഗവും സാധാരണക്കാരായ ഗ്രാമീണ ജനങ്ങള്‍ക്കാണ്.
സേവനമേഖല എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ തൊഴില്‍ മേഖല എന്ന നിലയിലും ഇത് പ്രധാനപ്പെട്ട ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള സംഘങ്ങളില്‍ മാത്രം നാല്‍പതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാ വകുപ്പുകളുടെ കീഴിലുമുള്ള സംഘങ്ങളെടുത്താല്‍ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നേരിട്ടും അതിലും എത്രയോ അധികം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്ന നിലയില്‍ ഇതിന്റെ സ്ഥാനം പ്രധാനമാണ്. ഇത്തരമൊരു മേഖല വളര്‍ത്തിയെടുത്തതില്‍ കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കുമെല്ലാം വലിയ പങ്കുണ്ട്. സമ്പദ്‌വ്യവസ്ഥയില്‍ അതീവ നിര്‍ണായക പങ്ക് വഹിച്ചുവരുന്ന സഹകരണ മേഖല രാജ്യത്തെ സംഘടിത ബാങ്കിങ് മേഖലയുടെയും സ്വകാര്യ മൂലധനശക്തികളുടെയും കണ്ണിലെ കരടാണെന്നതും ശരിയാണ്. ജനങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ സമ്പത്ത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ അവിഭാജ്യ ഘടകമാണ്. അതിനായുള്ള നയങ്ങള്‍ പക്ഷെ കാണാനില്ല. ഇപ്പോഴത്തെ പ്രതിഷേധം ആവശ്യമാണെങ്കിലും മറ്റനവധി ഗുരുതരമായ പ്രശ്‌നങ്ങളും നിലവിലുണ്ട്. അവ പരിശോധിക്കാനും നടപടികള്‍ സ്വീകരിക്കാനും ഈ അവസരം ഉപയോഗിക്കുകയാണ് വേണ്ടത്.
സഹകരണ മേഖല കള്ളപ്പണത്തിന്റെയും അനധികൃത നിയമവിരുദ്ധ സമ്പദ്‌കേന്ദ്രീകരണത്തിന്റെയും കേന്ദ്രങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നുവരുന്നതെന്നാണ് കേന്ദ്രത്തിനുംകേന്ദ്രം ഭരിക്കുന്ന ബിജെപിക്കുമെതിരായ പ്രധാന ആരോപണം. ജനകീയ നിയന്ത്രണത്തിലുള്ള സമ്പത്തിന്റെ നിയന്ത്രണം കുത്തക മൂലധന താല്‍പ്പര്യങ്ങള്‍ക്ക് കയ്യാളാന്‍ അവസരമൊരുക്കണമെന്നതാണ് ആ രാഷ്ട്രീയത്തിന്റെ കാതലെന്നും ആരോപിക്കപ്പെടുന്നു. തങ്ങള്‍ക്ക് ഈ മേഖലയില്‍ വലിയ പങ്കില്ലാത്തതിനാല്‍ അവരത് ചെയ്യും. അപ്പോഴും ആ വിമര്‍ശനത്തില്‍ ശരിയുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. കള്ളപ്പണത്തെ കുറിച്ചുള്ള എത്രയോ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മാത്രമല്ല, കള്ളപ്പണമുണ്ടോ എന്നു പരിശോധിക്കാന്‍ മറ്റു ബാങ്കുകളിലുള്ള സംവിധാനമൊന്നും ഇവിടെ നിലവിലില്ല. ബാങ്കുകള്‍ക്കുള്ള അവകാശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് നേരത്തെ സഹകരണ സംഘങ്ങള്‍ എന്നായിരുന്ന പേരുമാറ്റി സഹകരണ ബാങ്കുകള്‍ എന്നാക്കിയത്. എന്നാല്‍ ബാങ്കുകള്‍ക്ക് സ്വാഭാവികമായും ആനിവാര്യമായ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നു പറയുന്നതില്‍ എന്തു ന്യായമാണുള്ളത്?
1976 മുതലാണ് സഹകരണമേഖലയില്‍ കാര്യമായി നിക്ഷേപം ഉണ്ടായി തുടങ്ങിയത്. 1975 ല്‍ കേരളത്തിലെ ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെ ശരാശരി നിക്ഷേപം 50,000 രൂപയായിരുന്നു. കൃഷിക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വായ്പയ്ക്കും പരിമിതികളുണ്ടായിരുന്നു. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന തുകയെയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. കാര്‍ഷികേതര വായ്പകള്‍ക്ക് ജില്ലാ സഹകരണ ബാങ്കുകളിലുള്ള തുഛമായ നിക്ഷേപം മാത്രമാണ് ഉപയോഗിച്ചിരുന്നത്. ആ സമയത്താണ് ഗ്രാമീണ സഹകരണ സംഘങ്ങളില്‍ എന്തുകൊണ്ട് നിക്ഷേപം ഉണ്ടാക്കികൂടാ എന്ന ചിന്തവരുന്നത്. ഗ്രാമീണരുടെ എല്ലാവിധ മിച്ച സമ്പാദ്യങ്ങളും സഹകരണ സംഘങ്ങളില്‍ കൊണ്ടുവരണമെന്ന ചിന്ത ഉണ്ടായി. അതിന് സഹകരണസംഘങ്ങളില്‍ നിക്ഷേപിച്ചാല്‍ കൃത്യമായി തിരിച്ചുകിട്ടുമെന്ന വിശ്വാസ്യത ഉണ്ടാവണം. അതിന് വാണിജ്യ ബാങ്കുകളിലെപ്പോലെ ക്യാഷ്യറും ക്യാഷ് കൗണ്ടറുമെല്ലാം വേണം. ചെല്ലാനോ വൗച്ചറോ ഉപയോഗിച്ചായിരിക്കണം പണം സ്വീകരിക്കേണ്ടതും കൊടുക്കേണ്ടതും. ഈ നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 20 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാലത് ലക്ഷ്യംകവിഞ്ഞ് 26 കോടി രൂപ സമാഹരിച്ചു. പിന്നീട് നിക്ഷേപ സമാഹരണം വാര്‍ഷിക പരിപാടിയായിമാറി. നിക്ഷേപിച്ചാല്‍ പണം തിരികെ കിട്ടുമെന്ന് ഉറപ്പുവേണം. ഈ ഉറപ്പ് ഉണ്ടായപ്പോഴാണ് സഹകരണ സംഘങ്ങളില്‍ നിക്ഷേപം ഉണ്ടായത് ഈ ഉറപ്പിന്റെ ഭാഗമായാണ് സര്‍വീസ് സഹകരണ സംഘങ്ങളുടെ ബൈലോ ഭേദഗതി ചെയ്ത് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്നാക്കിയത്.
ചരിത്രമെന്തായാലും ഇന്ന് ഈ മേഖല ഭീമമായ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന മേഖലയാണ്. പഴയ ത്യാഗപൂര്‍ണ്ണമായ ചരിത്രമൊക്കെ ഇന്നു ചവറ്റുകൊട്ടയിലാണ്. അഴിമതിയുടെ കേളീരംഗമാണ് പല ബാങ്കുകളും. സാധാരണ ബാങ്കുകളില്‍ നിന്ന് വ്യത്യസ്ഥമായി രാഷ്ട്രീയ അഴിമതിക്കുള്ള അവസരങ്ങളും ഇവിടെ കൂടുതലാണ്. ഓരോ ബാങ്കും കാലങ്ങളായി ഓരോ പാര്‍ട്ടികളുടെ നിയന്ത്രണത്തിലാണ്. മെമ്പര്‍ഷിപ്പുകൊടുക്കുമ്പോള്‍ മുതല്‍ തങ്ങളുടെ പിടി വിടാതിരിക്കാന്‍ ഇവര്‍ ശ്രദ്ധാലുക്കളാണ്. വളം പോലെ കാര്‍ഷികമേഖലയിലെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി സ്വീകരിക്കുമ്പോള്‍ പോക്കറ്റിലേക്കും പാര്‍ട്ടി ഫണ്ടിലേക്കും പണം കൊടുക്കണം. തങ്ങളുടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനാവശ്യമായി പരസ്യരൂപത്തിലും മറ്റും വന്‍തുകയാണ് ഈ ബാങ്കുകള്‍ നല്‍കുക. ഇവിടത്തെ തൊഴിലവസരങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായി പി എസ് സിയുടെ നിയന്ത്രണത്തിലല്ല. അവ മിക്കവാറും പാര്‍ട്ടിക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി വീതിച്ചു കൊടുത്തിരിക്കുന്നു. ഇതിനൊക്കെ പുറമെയാണ് കള്ളപ്പണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും.
സ്വാഭാവികമായും വളര്‍ച്ചയോടെ പലിശ നിരക്കു കുറക്കുക എന്ന സാമാന്യനയം പോലും കേരളത്തിലെ സഹകരണ മേഖലയിലില്ല. മറ്റു ബാങ്കുകളേക്കാള്‍ എത്രയോ കൂടുതതാണ് നാട്ടിന്‍ പുറത്തെ സാധാരണക്കാരില്‍ നിന്ന് പലിശ ഈടാക്കുന്നത്. കൂടാതെ സഹകരണമെഖലയിലെ വിദ്യാഭ്യായസ്ഥാപനങ്ങളും ആശുപത്രികളുമടക്കമുള്ള മിക്കവാറും സ്ഥാപനങ്ങളുടെ നിലവാരം സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ എത്രയോ പുറകിലാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച, കാര്‍ഷിക വികസനം, തൊഴില്‍ സൃഷ്ടി എന്നിവയ്ക്ക് അര്‍ഹമായ ഊന്നല്‍ നല്‍കാതെ നിക്ഷേപം, വായ്പ, ഉപഭോഗ ഉല്‍പ്പന്നങ്ങളുടെ വിപണനം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘങ്ങളായി നമ്മുടെ സഹകരണ പ്രസ്ഥാനം മാറിയിരിക്കുന്നതായി പരാതിയുണ്ട്. മുന്‍ഗണനാ മേഖലകള്‍ക്കുപോലും റിസര്‍വ്വ് ബാങ്കും സര്‍ക്കാരും നല്‍കുന്ന പരിഗണനയും നിബന്ധനകളും സഹകരണമേഖല പാലിക്കുന്നില്ല എന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. 1995ല്‍ നിലവില്‍ വന്ന പുനരാവിഷ്‌കരിക്കപ്പെട്ട സഹകരണ തത്വങ്ങളാണോ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതെന്നും പരിശോധിക്കണം. 2014ല്‍ പ്രാബല്യത്തില്‍ വന്ന ചട്ടഭേദഗതി ‘തുറന്ന അംഗത്വവും ജനാധിപത്യ നിയന്ത്രണവും’ എന്നതും വേണ്ടത്ര പാലിക്കപ്പെടുന്നില്ല. മുന്‍കാല ചരിത്രങ്ങളുടെ പേരില്‍ ഇതെല്ലാം മൂടിവെക്കാനുള്ള ശ്രമം അപലപനീയമാണ്.
ഇത്തരം സാഹചര്യത്തിലാണ് കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് സഹകരണമേഖലയിലെ ഗണ്യമായ നിക്ഷേപവും ആസ്തിയും ഫലപ്രദമായി പ്രയോജനപ്പെടുത്തി കേരള ബാങ്കിന് രൂപം നല്‍കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഗുണകരമായ സ്വഭാവങ്ങളില്‍ മാറ്റം വരുത്താതെ അതെങ്ങനെ കൈവരിക്കാനാകുമെന്നതാണ് പ്രധാന ചോദ്യം. കേരളത്തില്‍ ആസ്ഥാനമുള്ള ബാങ്കുകള്‍ പോലും നമ്മുടെ വികസനത്തിനുള്ള സാമ്പത്തിക നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം നിലനില്‍ക്കുകയും കെ എസ് എഫ് ഇ യും മറ്റും കര്‍ശനമായ ചട്ടങ്ങള്‍ പിന്തുടരുകയും എസ് ബി ടി, എസ് ബി ഐയില്‍ ലയിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിനു പ്രസക്തിയേറുന്നത്. വികേന്ദ്രീകൃത – ജനകീയ പങ്കാളിത്തങ്ങളുടെ ഗുണങ്ങള്‍ നിലനിര്‍ത്തിതന്നെ, കക്ഷിരാഷ്ട്രീയവല്‍ക്കരമം ഒഴിവാക്കി ആധുനികകാലത്തിന് അനിവാര്യമായ കേന്ദ്രീകരണവശങ്ങളും സാങ്കേതികവശങ്ങളും സ്വീകരിക്കുന്ന ഒന്നായി വേണം ഇത്തരൊരു സംരംഭത്തെ വിഭാവനം ചെയ്യാന്‍. പ്രതിസന്ധിയുടെ ഈ അവസരമെങ്കിലും അത്തരത്തിലുള്ള ചിന്തകള്‍ക്കായി ഉപയോഗിക്കാനാണ് സഹകാരികള്‍ ഇനി തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply