വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ
വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്സിന്റേയും യുഡിഎഫിന്റേയും സാധാരണ പ്രവര്‍ത്തകര്‍. മുഖഛായ മിനുക്കി ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ഹൈക്കാന്റ് ഇടപെട്ട് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയ നടപടി ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുമ്പോഴും പലരും ആശങ്കയിലാണ്. ഇതുമായി ബന്ധപ്പെട്ട് അസന്തുഷ്ടരായവര്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്നതുതന്നെയാണ് ആശങ്കക്കടിസ്ഥാനം. മാറ്റങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപോലും സംതൃപ്തനല്ല. ഇത്രയും കാലം ചെന്നിത്തലക്ക് വിട്ടുകൊടുക്കാതിരുന്ന ആഭ്യന്തരവകുപ്പ് കൊടുക്കേണ്ടിവന്നതുതന്നെ അതിനു പ്രധാനകാരണം. ഫലത്തില്‍ ആഭ്യന്തരവകുപ്പ് എ […]
വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ്സിന്റേയും യുഡിഎഫിന്റേയും സാധാരണ പ്രവര്‍ത്തകര്‍. മുഖഛായ മിനുക്കി ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ഹൈക്കാന്റ് ഇടപെട്ട് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയ നടപടി ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുമ്പോഴും പലരും ആശങ്കയിലാണ്. ഇതുമായി ബന്ധപ്പെട്ട് അസന്തുഷ്ടരായവര്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്നതുതന്നെയാണ് ആശങ്കക്കടിസ്ഥാനം.
മാറ്റങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിപോലും സംതൃപ്തനല്ല. ഇത്രയും കാലം ചെന്നിത്തലക്ക് വിട്ടുകൊടുക്കാതിരുന്ന ആഭ്യന്തരവകുപ്പ് കൊടുക്കേണ്ടിവന്നതുതന്നെ അതിനു പ്രധാനകാരണം. ഫലത്തില്‍ ആഭ്യന്തരവകുപ്പ് എ ഗ്രൂപ്പിനു നഷ്ടപ്പെട്ടു. ചെന്നിത്തലയുടെ മന്ത്രിസഭപ്രവേശത്തെക്കുറിച്ചും തിരുവഞ്ചൂരിന്റെ ഭാവിയെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ‘എല്ലാം ബുധനാഴ്ച അറിയാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതില്‍ മുഖ്യമന്ത്രിക്കുള്ള അവകാശം ഹൈക്കമാന്റ് കവര്‍ന്നെടുത്തതില്‍ അദ്ദേഹം ഖിന്നനാണ്.
സത്യത്തില്‍ സര്‍ക്കാര്‍ രൂപീകരണവേളയില്‍തന്നെ രമേശിനെ ആഭ്യന്തരമന്ത്രിയാക്കണമെന്നു എ കെ ആന്റണി നിര്‍ദേശിച്ചിരുന്നു. രമേശിനെ താക്കോല്‍സ്ഥാനത്തു കൊണ്ടുവരണമെന്നു എന്‍.എസ്.എസും നിരന്തരമായി ആവശ്യപ്പെട്ടു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ മികച്ച പ്രതിച്ഛായ നിലനിര്‍ത്തിയ തിരുവഞ്ചൂരിനു സോളാര്‍ വിഷയത്തോടെയാണു തിരിച്ചടിയുണ്ടായത്. പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം അപ്രതീക്ഷിതമായാണു ശാലുമേനോന്റെ ഗൃഹപ്രവേശചടങ്ങില്‍ പങ്കെടുത്തതെന്ന വെളിപ്പെടുത്തല്‍ പരിഹാസ്യമായി. അവിടെ നിന്ന് അദ്ദേഹത്തിന്റെ കഷ്ടകാലം ആരംഭിച്ചു. പതുക്കെ പതുക്കെ ഘടകകക്ഷികളെല്ലാം അദ്ദേഹത്തിനെതിരായി. രമേശിനെ ആഭ്യന്തരമന്ത്രിയാക്കുക എന്ന പഴയ ആവശ്യം ശക്തമാകാന്‍ അതാണ് കാരണമാക്കിയത്. തന്നെ നാണം കെടുത്തി ഒഴിവാക്കല്ലേ എന്ന തിരുവഞ്ചൂരിന്റെ വിലാപം എന്തായാലും പരിഗണിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, എ ഗ്രൂപ്പില്‍ തിരുവഞ്ചൂര്‍ ഒറ്റപ്പെടുകയാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ മാത്രം രാജി എന്ന നിലപാടു സ്വീകരിച്ച് ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കിയ തിരുവഞ്ചൂരിനെ പിന്തുണയ്ക്കാന്‍ ഗ്രൂപ്പില്‍നിന്ന് ആരും മുന്നോട്ടുവരുന്നില്ല. എന്നാല്‍ തിരുവഞ്ചൂരിന് വകുപ്പു കണ്ടെത്തല്‍ മറ്റൊരു കീറാമുട്ടിയാകും. വിജിലന്‍സ് നല്‍കാന്‍ ഐ ഗ്രൂപ്പ് അനുവദിക്കില്ല. പഴയ റവന്യൂ നല്‍കാന്‍ എസ് എന്‍ ഡി പി അനുവദിക്കുന്നില്ല. എന്‍എസ്എസിനുമുന്നില്‍ മുട്ടുകുത്തിയാല്‍ തങ്ങളും വെറുതെ വിടില്ല എന്ന നിലവപാടിലാണ് വെള്ളാപ്പിള്ളി.
ഗണേഷ്‌കുമാര്‍ കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് തിരുവഞ്ചൂരിനു നല്‍കാനാണ് ആലോചിക്കുന്നത്. മറ്റൊരു വകുപ്പുകൂടി അദ്ദേഹത്തിന് നല്‍കിയേക്കും. അതകട്ടെ ആര്‍. ബാലകൃഷ്ണപിള്ളയെ പ്രകോപിതനാക്കി. മുന്നാക്ക സമുദായകോര്‍പറേഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസി(ബി)നു ലഭിച്ച എല്ലാ സ്ഥാനങ്ങളും പ്രതിഷേധസൂചകമായി രാജിവയ്ക്കാന്‍ അദ്ദേഹം ആലോചിക്കുന്നുണ്ട്. രമേശിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും പിള്ള പങ്കെടുക്കില്ലെന്നാണ് സൂചന. ഒടുക്കത്തിന്റെ തുടക്കമാണു യു.ഡി.എഫിലെന്ന് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന നിലപാടിലാണ് പിള്ള. ലത്ക്കാലം അതു നടക്കില്ല എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടിയും.
അതേസമയം രമേശ് ചെന്നിത്തലയെന്നല്ല ആരു തന്നെ മന്ത്രിയായാലും എന്‍.എസ്.എസിന് പ്രശ്‌നമില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത് കൗതുകമായി. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ഭൂരിപക്ഷ സമുദായത്തിന് ലഭിച്ചത് ഗുണകരമാണ്. രമേശിനെക്കൊണ്ട് എന്‍.എസ്.എസിന് ഗുണമൊന്നുമുണ്ടായിട്ടില്ല. നായരായി എന്‍.എസ്.എസ് തന്നെ ബ്രാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. എന്‍.എസ്.എസ് ആരെയും ബ്രാന്റ് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം തിരുവഞ്ചൂരും നായരാണെന്ന വസ്തുത മറ്റൊരു തമാശയായി നില്‍ക്കുന്നു.
രമേശിനു പകരം ജി. കാര്‍ത്തികേയന്‍ കെ.പി.സി.സി. പ്രസിഡന്റാകുമെന്നാണു സൂചന. സുധീരന്റേയും മുല്ലപ്പള്ളിയുടേയും പേരുകളെല്ലാം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഐ ഗ്രൂപ്പ് പ്രസ്തുത സ്ഥാനം വിട്ടുകൊടുക്കാനിടയില്ല. നിയമസഭാസമ്മേളനം തീരുന്നതിനുമുമ്പ് ഇക്കാര്യത്തിലും തീരുമാനമുണ്ടാകണമെന്നു മുഖ്യമന്ത്രിക്ക് അഭിപ്രായമുണ്ട്. കാര്‍ത്തികേയനു പകരം നായര്‍ സമുദായാംഗംതന്നെ സ്പീക്കര്‍ സ്ഥാനത്തു വന്നാലേ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാനാകൂ എന്ന ചിന്ത മുന്നണിയിലുണ്ട്. എന്നാല്‍ സ്പീക്കര്‍ സ്ഥാനം നല്‍കാനുള്ള നീക്കത്തോടു തിരുവഞ്ചൂര്‍ വഴങ്ങിയിട്ടില്ല.
എന്തായാലും സമഗ്രമായ അഴിച്ചുപണി ലോക്‌സഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേയുണ്ടാകുകയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ എന്തായാലും കാര്യമായ പൊട്ടിത്തെറികള്‍ ഉണ്ടാകില്ല. കേരള കോണ്‍ഗ്രസ്സും ലീഗുമെല്ലാം മിണ്ടാതിരിക്കുന്നതും അതുകൊണ്ടായിരിക്കണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in