ജോസഫ് വിജയന്‍ വിഴിഞ്ഞത്ത് സമരം തടയാൻ മതിൽ കെട്ടുന്നതിന് അദാനി ഒരുങ്ങുന്നു..ഒപ്പം കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ വിഴിഞ്ഞത്ത് അദാനി നടത്തുന്ന വാണിജ്യ തുറമുഖ നിർമ്മാണം, തൊഴിലിനെ ബാധിക്കുകയും വീടുകളുടെ തകർച്ചക്ക് ഇടവരുത്തുകയും ചെയ്തതിനെ തുടർന്ന്, സ്ഥലവാസികൾ നിർമ്മാണ സ്ഥലത്തെ കടപ്പുറത്ത് ഷെഡ് കെട്ടി നടത്തിയ സമരം ഇനിയും ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾക്കായി അദാനി അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്ഥലവാസികൾക്ക് നിർമ്മാണ സ്ഥലത്തേക്ക് കടന്നുവരാൻ കഴിയാത്ത വിധം കൂറ്റൻ മതിൽ കെട്ടി വേർതിരിക്കാനാണ് നീക്കം. ജില്ലാ കളക്ടർ നടത്തിയ […]
ജോസഫ് വിജയന്‍
വിഴിഞ്ഞത്ത് സമരം തടയാൻ മതിൽ കെട്ടുന്നതിന് അദാനി ഒരുങ്ങുന്നു..ഒപ്പം കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ
വിഴിഞ്ഞത്ത് അദാനി നടത്തുന്ന വാണിജ്യ തുറമുഖ നിർമ്മാണം, തൊഴിലിനെ ബാധിക്കുകയും വീടുകളുടെ തകർച്ചക്ക് ഇടവരുത്തുകയും ചെയ്തതിനെ തുടർന്ന്, സ്ഥലവാസികൾ നിർമ്മാണ സ്ഥലത്തെ കടപ്പുറത്ത് ഷെഡ് കെട്ടി നടത്തിയ സമരം ഇനിയും ഉണ്ടാകാതിരിക്കാൻ പ്രതിരോധ നടപടികൾക്കായി അദാനി അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സ്ഥലവാസികൾക്ക് നിർമ്മാണ സ്ഥലത്തേക്ക് കടന്നുവരാൻ കഴിയാത്ത വിധം കൂറ്റൻ മതിൽ കെട്ടി വേർതിരിക്കാനാണ് നീക്കം. ജില്ലാ കളക്ടർ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പങ്കെടുത്ത പള്ളി ഭരണക്കാർ ഇതിന് സമ്മതം നൽകിയെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇക്കാര്യം പത്രങ്ങളിലൂടെയൊന്നും പുറത്തു വന്നിട്ടില്ല.
ഡ്രഡ്ജിംഗും പുലിമുട്ട് നിർമ്മാണവും പുരോഗമിക്കുന്നതോടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ എതിർപ്പ് രൂക്ഷമാകുമെന്ന് അദാനിക്കറിയാം. 1970-കളിൽ വെട്ടുകാട് ടൈറ്റാനിയം ഫാക്ടറിക്കെതിരെ സ്ഥലവാസികൾ നടത്തിയ സമരം ആവർത്തിക്കാതിരിക്കാൻ ടൈറ്റാനിയം കമ്പനിയും തീരദേശ റോഡിലെ പ്രധാന ഗേറ്റിരുന്ന ഭാഗം മതിൽ കെട്ടി അടയ്ക്കുന്ന മാർഗ്ഗം വിജയകരമായി അവലംബിച്ചിരുന്നു. അതോടെയാണ് മലിനീകരണം തടയാനും, തൊഴിൽ സംവരണം നടപ്പാക്കുന്നതിനും വേണ്ടി തുടർ സമരങ്ങൾ നടത്താൻ തദ്ദേശവാസികൾക്ക് കഴിയാതെ പോയത്.
വിഴിഞ്ഞത്തെ സമരം ഒത്തുതീർപ്പാക്കിയപ്പോൾ വള്ളമുടമകൾക്ക് 4 ലിറ്റർ മണ്ണെണ്ണ വീതം അധികമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വിഴിഞ്ഞത്ത് കരിഞ്ചന്തയിൽ മണ്ണെണ്ണ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്നവർക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുക. ഇക്കൂട്ടരിൽ പലരും പള്ളി ഭരണസമിതിയിലും ഉണ്ട്. തുറമുഖ നിർമ്മാണം നടക്കുന്ന രണ്ടു വർഷം അധിക മണ്ണെണ്ണ നൽകുമെന്നാണ് വാഗ്ദാനം. ഈ വാർത്ത പുറത്തുവന്ന നവംബർ 9-ന് മനോരമയിൽ വന്ന മറ്റൊരു വാർത്ത ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കേരളത്തിനുള്ള റേഷൻ മണ്ണെണ്ണ പൂർണ്ണമായും നിർത്താൻ പോകുന്നു എന്നാണ് അത് പറയുന്നത്. ഇപ്പോഴും വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് വാണിജ്യ തുറമുഖത്തിനായുള്ള പുലിമുട്ടിന്റെ നീളവും കടലിൽ ഏത് ദിശയിലാണ് നിർമ്മിക്കാൻ പോകുന്നതെന്നും വ്യക്തമായി മനസ്സിലായിട്ടില്ല. 3 കി.മീ നീളുന്ന പുലിമുട്ട് വരുന്നതോടെ ദിവസവും കടലിൽ പോയിവരുന്നതിന് എത്രമാത്രം ചുറ്റിക്കറങ്ങേണ്ടി വരുമെന്നും അതിനായി എത്രമാത്രം ഇന്ധനം കൂടുതൽ കത്തിച്ചുകളയേണ്ടി വരുമെന്നും അവർ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ.
ഇതിനിടെ മത്സ്യത്തൊഴിലാളികളുടെ ഇടയിലെ പ്രധാനപ്പെട്ട ആളുകളെ പണം വാഗ്ദാനം ചെയ്ത് വരുതിയിലാക്കാൻ ചിലരെ അദാനി കമ്പനി നിയോഗിച്ചിട്ടുണ്ടെന്നും തദ്ദേശവാസികൾ പറയുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടത്രെ. സമരത്തിന് മുന്നിട്ടു നിന്ന ചിലരൊക്കെ ഇതിൽ വീണുപോയിട്ടുണ്ടെന്നും, ജനസംസാരമുണ്ട്. ഇതൊക്കെയും ഇനിയൊരു സമരം ഉണ്ടാകാതിരിക്കാനുള്ള അദാനി കമ്പനിയുടെ നീക്കങ്ങളാണ്.
വൻതോതിൽ ഡ്രഡ്ജിംഗ് നടത്താനുള്ള ഭീമൻ ഡ്രഡ്ജറുകൾ വിഴിഞ്ഞത്ത് എത്താൻ പോകുന്നതായി പത്രവാർത്തകളുണ്ട്. കടലിന്റെ അടിത്തട്ട് തുരക്കുന്ന യന്ത്രങ്ങൾ വിഴിഞ്ഞം കടലിലെ മത്സ്യസമ്പത്തിന് വരുത്താൻ പോകുന്ന കൂടുതൽ നാശനഷ്ടങ്ങളും മത്സ്യത്തൊഴിലാളികൾ നേരിൽ കാണാൻ പോവുകയാണ്. ഒപ്പം ഇതിന്റെ ഫലമായി വടക്കൻ തീരങ്ങളിൽ ഉണ്ടാകാൻ പോകുന്ന തീരനഷ്ടവും. വിഴിഞ്ഞം കടലിന് സ്വാഭാവിക ആഴം കൂടുതലുണ്ടെന്നും അതിനാൽ ഡ്രഡ്ജിംഗ് വേണ്ടി വരില്ലെന്നും പറഞ്ഞു നടന്നിരുന്ന ഏലിയാസ് ജോണും കൂട്ടരും ഇതേപ്പറ്റി മിണ്ടുന്നേയില്ല. പകരം തുറമുഖം വന്നാൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അതിനായി താൻ പരിശീലനം നൽകുന്നതായും ഇന്ന് പത്രപ്പരസ്യം നൽകിയിരിക്കുന്നു. ഷിപ്പിംഗ് മേഖലയെ കുറിച്ച് യാതൊരു പ്രൊഫഷണൽ വൈദഗ്ദ്ധ്യവും നേടിയിട്ടില്ലാത്ത ഇയാളുടെ പരസ്യത്തിൽ എത്രപേരാണോ വഞ്ചിക്കപ്പെടാൻ പോകുന്നത്.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ, അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158, Indian Overseas Bank, Thrissur - 680001, IFSC - IOBA0000208 google pay - 9447307829 സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in