വാതിലില്‍ മുട്ടുന്ന അധികാര ഭീകരത
അശോകന്‍ ചരുവില്‍ ഇത്തവണ വീട്ടു വാതിലുകളില്‍ വന്നു മുട്ടിയത് ഉടുപ്പിട്ടവര്‍ തന്നെയാണ്. യൂണിഫോമ്ഡ് ഫോഴ്‌സ്. സമയം കീഴ്വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് പുലര്‍ച്ച തന്നെ. പതിവുപോലെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തപ്പെട്ടവരോട് പറയാന്‍ അവര്‍ക്ക് ഒരു പ്രത്യേക കേസോ, എഫ്.ഐ.ആറോ ഉണ്ടായിരുന്നില്ല. വസ്ത്രം ധരിക്കാനുള്ള സമയം കൊടുത്തു കാണും. റിപ്പബ്ലിക് ടീവിയുടെ ഉദാസീനനായ ആ റിപ്പോര്‍ട്ടര്‍ എത്തിച്ചേരാന്‍ വൈകിയതുകൊണ്ട് കുറച്ചു സമയനഷ്ടം വേറെ ഉണ്ടായി. ഇന്ത്യയില്‍ രാഷ്ട്രീയ ഹിന്ദുത്വം മുന്നോട്ടു വെക്കുന്ന അധികാര ഭീകരതക്ക് അതിന്റെ ചരിത്രപ്രസിദ്ധമായ പൂര്‍വ്വമാതൃകകളെ അപേക്ഷിച്ചുള്ള വ്യത്യാസങ്ങള്‍ […]
അശോകന്‍ ചരുവില്‍
ഇത്തവണ വീട്ടു വാതിലുകളില്‍ വന്നു മുട്ടിയത് ഉടുപ്പിട്ടവര്‍ തന്നെയാണ്. യൂണിഫോമ്ഡ് ഫോഴ്‌സ്. സമയം കീഴ്വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് പുലര്‍ച്ച തന്നെ. പതിവുപോലെ ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തപ്പെട്ടവരോട് പറയാന്‍ അവര്‍ക്ക് ഒരു പ്രത്യേക കേസോ, എഫ്.ഐ.ആറോ ഉണ്ടായിരുന്നില്ല. വസ്ത്രം ധരിക്കാനുള്ള സമയം കൊടുത്തു കാണും. റിപ്പബ്ലിക് ടീവിയുടെ ഉദാസീനനായ ആ റിപ്പോര്‍ട്ടര്‍ എത്തിച്ചേരാന്‍ വൈകിയതുകൊണ്ട് കുറച്ചു സമയനഷ്ടം വേറെ ഉണ്ടായി.
ഇന്ത്യയില്‍ രാഷ്ട്രീയ ഹിന്ദുത്വം മുന്നോട്ടു വെക്കുന്ന അധികാര ഭീകരതക്ക് അതിന്റെ ചരിത്രപ്രസിദ്ധമായ പൂര്‍വ്വമാതൃകകളെ അപേക്ഷിച്ചുള്ള വ്യത്യാസങ്ങള്‍ നേരത്തേ തന്നെ വ്യക്തമായതാണ്. ഹിറ്റ്‌ലറുടേയും മുസോളനിയുടെയും കാലത്ത് ഔദ്യോഗിക സേനകള്‍ മാത്രമാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടേയും വീടുകളില്‍ സായുധരായി ചെന്നു മുട്ടിവിളിച്ചിരുന്നത്. ഇന്ത്യയില്‍ ഇന്ദിരാഗാന്ധിയുടെ വക പതിനെട്ടു മാസത്തെ കാലത്തും അതുതന്നെയായിരുന്നു രീതി. എന്നാല്‍ ഇവിടെ ഔദ്യോഗികസേനക്ക് മുന്‍ഗാമിയായും സമാന്തരമായും അനൗപചാരിക സേനകളും ആവേശഭരിതരായി രംഗത്തുണ്ട്. സംഘപരിവാര്‍ എന്ന പാരാവാരത്തില്‍ എന്തൊക്കെ അടങ്ങുന്നു എന്ന് വെളിവാക്കപ്പെട്ടിട്ടില്ല. ഗോഡ്‌സെയുടെ മെമ്പര്‍ഷിപ്പു പോലെ ഒന്നിനും കൃത്യമായ രേഖയില്ല. നരേന്ദ്ര ധബോല്‍ക്കറേയും ഗോവിന്ദ് പന്‍സാരയേയും പിന്തുടര്‍ന്നവരും പ്രൊഫ.കല്‍ബുര്‍ഗിയുടേയും ഗൗരി ലങ്കേഷിന്റേയും വീടുകളിലേക്ക് കയറി വന്നവരും അനൗദ്യോഗിക സേനകളാണ്. മറ്റൊരു വ്യത്യാസം ചരിത്രത്തിലെ ഫാസിസ്റ്റുകള്‍ ഒരു വീട്ടിലേക്ക് ചെന്നു കയറുമ്പോള്‍ ലക്ഷ്യം വെച്ചത് എഴുത്ത് /വായനാമുറികള്‍ മാത്രമായിരുന്നുവെങ്കില്‍ ഹിന്ദുത്വ ഭീകരസേനകള്‍ തൊട്ടപ്പുറത്തെ അടുക്കളയും ലക്ഷ്യമാക്കുന്നു എന്നതാണ്. അവിടെ വേവുന്നത് എന്താണെന്ന് അറിയണം. എഴുത്തും പ്രസംഗവുമായിരുന്നു ജ്ഞാനവൃദ്ധനായ കല്‍ബുര്‍ഗ്ഗി ചെയ്ത കുറ്റമെങ്കില്‍, തന്റെ ഇഷ്ട ഭക്ഷണമാണ് എഴുത്തറിയാത്ത വൃദ്ധന്‍ മുഹമ്മദ് അഖ്‌ലാക്കിന്റെ വിധി നിര്‍ണ്ണയിച്ച കുറ്റം.
ഇക്കഴിഞ്ഞ ആഗസ്റ്റ് 28നാണ് ഇന്ത്യയില്‍ രാജ്യവ്യാപകമായി റെയിഡുകള്‍ നടന്നത്. പൗരാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും അക്കാഡമിഷ്യന്‍മാരും അവരുടെ വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. അഭിഭാഷകയും ട്രേഡ് യൂണിയനിസ്റ്റുമായ സുധാ ഭരത്വാജ്, സന്നദ്ധ പ്രവര്‍ത്തകരായ വെര്‍നണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, പത്രപ്രവര്‍ത്തകനായ ഗൗതം നവ്‌ലാഖ, കവി വരവരറാവു എന്നിവരാണ് പിടിക്കപ്പെട്ടത്. നിരവധി പേര്‍ ചോദ്യം ചെയ്യപ്പെട്ടു. രാജ്യവ്യാപകമായ ഈ റെയിഡും അറസ്റ്റുകളും ഒരു കാര്യം വ്യക്തമാക്കുന്നു. മോദി അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് അനൗപചാരിക പരിവാര്‍ ഭീകരസംഘങ്ങള്‍ നടത്തി വന്നിരുന്ന ബുദ്ധിജീവി വേട്ട ഭരണകൂടം ഔദ്യോഗികമായി ഏറ്റെടുത്തിരിക്കുന്നു.
മുന്‍ഗാമികളായിരുന്ന സന്നദ്ധ ഭീകരര്‍ക്ക് തങ്ങളുടെ ഇരകളോട് ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. ആളെ കൃത്യമായി ഐഡന്റിഫൈ ചെയ്യേണ്ട ഒരു കാര്യമേ ഉണ്ടായിരുന്നുള്ളു. പിന്നെ തോക്കിന്റെ കാഞ്ചി വലിക്കാനുള്ളത്ര സമയവും. ആശ്വാസം എന്നു പറയട്ടെ, ഔദ്യോഗികസേനയുടെ പക്കല്‍ ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. സന്നദ്ധ ഭീകരര്‍ മനസ്സില്‍ ചുമന്നു നടന്ന ചോദ്യങ്ങള്‍ തന്നെയായിരുന്നു അവ എന്നു പിന്നീട് വ്യക്തമായി. ആദരണീയനായ തെലുഗു കവി, സാഹിത്യവിമര്‍ശകന്‍ വൃദ്ധനായ വരവരറാവുവിനെ അറസ്റ്റു ചെയ്യാന്‍ എത്തിയ സംഘം അദ്ദേഹത്തിന്റെ മകള്‍ (ഡോ.കെ.സത്യനാരായണയുടെ ഭാര്യ) കെ.പവനയോട് ചോദിച്ചത്: ‘നിങ്ങള്‍ എന്തുകൊണ്ട് നെറ്റിയില്‍ സിന്ദൂരം ധരിക്കുന്നില്ല?’ എന്നായിരുന്നു. ‘എന്തുകൊണ്ട് ബ്രാഹ്മണ സ്ത്രീയുടെ പരമ്പരാഗത വസ്ത്രം ധരിക്കുന്നില്ല?’ ‘നിങ്ങളുടെ ഭര്‍ത്താവ് ഒരു അധകൃതന്‍ ആണ് അല്ലേ? അദ്ദേഹത്തിന് ആചാരങ്ങള്‍ ഒന്നുമുണ്ടാവില്ല. പക്ഷേ, നിങ്ങള്‍?’
‘നെറ്റിയില്‍ സിന്ദൂരം ധരിക്കാത്ത സ്ത്രീ’ സായുധസേനയാല്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാധികാരം കരുതുന്നു. ധരിച്ചിരിക്കുന്ന വസ്ത്രം, കഴിക്കുന്ന ഭക്ഷണം, ചിന്ത, വായന, എഴുത്ത്, നോട്ടം, ചുളിവീണ നെറ്റി അതിനെല്ലാം ഉത്തരം പറയാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണെന്ന് അവര്‍ പറയുന്നു. കാരണം വര്‍ണ്ണാശ്രമധര്‍മ്മം ഔദ്യോഗിക വ്യവസ്ഥയാക്കാന്‍ വേണ്ടി എത്തിയിരിക്കുന്ന ഒരു ഭരണാധികാരത്തിന്റെ പ്രതിപുരുഷനാണ് താന്‍ എന്ന് ആ പോലീസ് ഓഫീസര്‍ക്ക് ബോധ്യമുണ്ട്.
സവര്‍ണ്ണ പൗരോഹിത്യത്തിന് മേല്‍ക്കോയ്മയുള്ള ജാതി വ്യവസ്ഥക്ക് പോറലേല്‍ക്കുന്നു എന്ന ഉല്‍ക്കണ്ഠയില്‍ നിന്നാണ് ഇന്ത്യയിലെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പിറവി. ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള വിരോധമല്ല അതിനെതിരെ പൊരുതുന്ന ദേശീയ പ്രസ്ഥാനത്തോടുള്ള വിരോധമാണ് ഹിന്ദുമഹാസഭയുടേയും ആര്‍.എസ്.എസിന്റേയും രൂപീകരണത്തിനുള്ള കാരണം. വൈക്കം സത്യഗ്രഹം തുടങ്ങിയ പരിപാടികളിലൂടെ ദേശീയ പ്രസ്ഥാനം ഹിന്ദുമതത്തില്‍ ഇടപെടുന്നതായി അന്ന് പുരോഹിതവര്‍ഗ്ഗം പരിഭവിച്ചിരുന്നു. ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന കറാച്ചി കോണ്‍ഗ്രസ് തൊട്ടുകൂടായ്മക്കെതിരെ പ്രമേയം പാസ്സാക്കിയതോടെ തന്റെ ശത്രു ആരെന്ന് സവര്‍ക്കര്‍ തീരുമാനിച്ചു.
മനുസ്മൃതി ഭരണഘടനയാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ദളിതരുടെ പ്രതിരോധവും മുന്നേറ്റവും സ്വഭാവികമായും അസ്വസ്ഥതയുണ്ടാക്കും. ഗുജറാത്തിലെ ഉനയില്‍ നടന്ന പ്രക്ഷോഭവും മഹാരാഷ്ട്രയിലെ ഭീമ കൊറഗവില്‍ ഉണ്ടായ ചെറുത്തുനില്‍പ്പും മനുവാദികളെ എത്രമാത്രം പരിഭ്രാന്തിയിലാക്കിയിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് കഴിഞ്ഞ ദിവസം നടന്ന റെയിഡുകള്‍. ഇരുനൂറു വര്‍ഷം മുന്‍പ് സവര്‍ണ്ണ നാടുവാഴിത്തവും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അവിടത്തെ ദളിതുകള്‍ കമ്പനിയോടൊപ്പം നിന്നതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. സതി പോലുള്ള അനാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യയിലെ ഉദ്ബുദ്ധസമൂഹം ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നത് ഓര്‍ക്കണം. തങ്ങളെ ചവുട്ടിയരക്കുന്ന സവര്‍ണ്ണാധികാരത്തിനെതിരെ തിരിഞ്ഞു നില്‍ക്കാന്‍ കിട്ടിയ ഒരവസരം മഹാരാഷ്ട്രയിലെ ദളിതുകള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. മെഹറുകളുടെ സേന അന്നു നേടിയ വിജയം വര്‍ഷങ്ങളായി അവിടെ ആഘോഷിച്ചുവരുന്നു. എന്നാന്‍ കഴിഞ്ഞ തവണ നടന്ന ഇരുന്നൂറാം വാര്‍ഷികാചരണത്തിനെതിരെ സവര്‍ണ്ണ പൗരോഹിത്യം സംഘപരിവാര്‍ നേതൃത്തത്തില്‍ രംഗത്തുവന്നു. ദളിത് ജനത ഒന്നടങ്കം ചെറുത്തു നിന്നു. ഭരണാധികാരം പൗരോഹിത്യവുമായി ഒത്തുചേര്‍ന്ന് ദളിതരെ വേട്ടയാടുമ്പോള്‍ അവര്‍ക്ക് രക്ഷയായി നില്‍ക്കുക എന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ദൗത്യമാണ്. ദളിതര്‍ക്കു വേണ്ടി കോടതിയില്‍ കേസു വാദിച്ച അഭിഭാഷകര്‍ക്കു പോലും റെയ്ഡും അറസ്റ്റും നേരിടേണ്ടി വന്നിട്ടുണ്ട്. നരേന്ദ്രമോദി തന്റെ യഥാര്‍ത്ഥ ദൗത്യം എന്തെന്ന് വെളിപ്പെടുത്തിക്കൊണ്ടിരിക്കയാണ്.
മൂലധന തേര്‍വാഴ്ചയുടെ നടത്തിപ്പുപണി കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കുമ്പോള്‍ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ഒന്നൊന്നായി നടപ്പാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് എന്‍.ഡി.എ. സര്‍ക്കാര്‍. അതിന്റെ ഫലമായി കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ രാജ്യം ഏതാണ്ടും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. നോട്ടുനിരോധനം പോലെ മാരകമായ ‘പരിഷ്‌ക്കാര’ങ്ങളുടെ നരകത്തീയ്യിലൂടെ ജനതയെ ഇട്ടു വലിച്ചു. ഗതികെട്ട ജനത എല്ലാത്തരം ജാതി, മത, കക്ഷിരാഷ്ട്രീയ ഭിന്നതകളും മറന്ന് പ്രക്ഷോഭരംഗത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഭീമ കൊറഗാവ് ഉള്‍പ്പെടുന്ന മഹാറാഷ്ട്രയിലാണ് ചരിത്രപ്രസിദ്ധമായി മാറിയ കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച് നടന്നത്. തങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത ഭരണാധികാരികളുടെ മുന്നിലേക്ക് ജനങ്ങള്‍ ആര്‍ത്തലച്ച് വന്നുകൊണ്ടിരിക്കും.
ഇത്തരം ജനകീയ പ്രക്ഷോഭങ്ങളെ പോലീസിനെയും സൈന്യത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മോദിയുടെ നീക്കം. അതല്ലാതെ അദ്ദേഹത്തിന് വേറെ മാര്‍ഗ്ഗമില്ലല്ലോ. അധികാരത്തില്‍ വരുന്നതിന്റെ ഭാഗമായി സാമ്രാജ്യത്തവുമായി ഉണ്ടാക്കിയ കരാര്‍ ഉണ്ട്. ജനങ്ങളെ കീടങ്ങളെപ്പോലെ നശിപ്പിച്ചു കൊണ്ടാണെങ്കിലും മൂലധനവാഴ്ച അഭംഗുരം നടപ്പാക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരില്‍ നിന്നും അക്ടിവിസ്റ്റുകളില്‍ നിന്നും നിയമപണ്ഡിതരില്‍ നിന്നും സാമാന്യ ജനതക്കുണ്ടാവുന്ന പിന്തുണയെ ഭരണകൂടം മുന്നില്‍ കാണുന്നുണ്ട് എന്നാണ് റെയിഡുകളും അറസ്റ്റും തെളിയിക്കുന്നത്. ജനതയെ നിരായുധരാക്കാനുള്ള ശ്രമം. ചിന്തിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള നീക്കം. റെയിഡ്, അറസ്റ്റ്, തടങ്കല്‍, പീഡനം. നിരന്തരമായ കോടതി കേസുകള്‍.
ചിന്തയേയും സംവാദത്തേയും സര്‍ഗ്ഗാത്മകതയേയും ഫാസിസ്റ്റുകള്‍ക്ക് എക്കാലത്തും ഭയമാണ്. അധികാരം കയ്യിലെത്തിയിട്ട് നാലുവര്‍ഷം കടന്നു പോയെങ്കിലും രാജ്യത്തെ എഴുത്തുകാരും മറ്റ് ബുദ്ധിജീവികളും തങ്ങളുടെ വരുതിയില്‍ വരുന്നില്ല എന്നതിന്റെ അമര്‍ഷം പരിവാര്‍ നേതൃത്തം പലവട്ടം പ്രകടിപ്പിച്ചിരുന്നു. പെരുമാള്‍ മുരുകന്റെ രോദനം ഇന്നും അന്തരീക്ഷത്തിലുണ്ട്. കേരളത്തില്‍ ഒരു പ്രഭാഷകയില്‍ നിന്നുണ്ടായ ‘മൃത്യഞ്ജയഹോമ ഭീഷണി’ ഓര്‍മ്മയിലുണ്ടാവും. എഴുത്ത് എന്ന പ്രക്രിയയെത്തന്നെ തടസ്സപ്പെടുത്തും വിധമുള്ള നീക്കമാണ് ‘മീശ’ എന്ന നോവലിനെതിരെ ഉണ്ടായത്.
എഴുത്തുകാര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ഈ കടന്നാക്രമണം മോദി സര്‍ക്കാര്‍ ഏതു വഴിയിലൂടെ നീങ്ങാന്‍ ഉദ്ദേശിക്കുന്നു എന്നത് വ്യക്തമാക്കുന്നു. ആത്യന്തികമായി ഇത് എഴുത്തിനെയും പ്രസംഗത്തെയുമല്ല മനുഷ്യരുടെ വീടിനെയും വിശിഷ്യാ അടുക്കളയേയുമാണ് ബാധിക്കുക. എത്രതന്നെ ഭീഷണിപ്പെടുത്തിയാലും പിന്മാറാതെ ജനങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുക എന്നതാണ് ഇന്ത്യയിലെ സര്‍ഗ്ഗാത്മക ബുദ്ധിജീവികളുടെ അടിയന്തിര കടമ. അല്ലെങ്കില്‍ ചരിത്രം അവരെ കുറ്റക്കാര്‍ എന്നു വിധിക്കും.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in