വനിതാ സംവരണബില്‍ വീണ്ടും

18 വര്‍ഷമായി പാര്‍ലിമെന്റ് പാസ്സാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായി വിശേഷിക്കപ്പെടുന്ന വനിതാ സംവരണ ബില്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. മുലായംസിംഗും ലല്ലുപ്രസാദ് യാദവും മായാവതിയുമൊക്കെ ചേര്‍ന്നാണ് ബില്ലിനെ തുരങ്കം വെക്കുന്നതെന്നാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇക്കുറി ലോകസഭയില്‍ ശക്തി കുറവായതിനാല്‍ ബില്‍ ഉടന്‍ പാസ്സാക്കാന്‍ കഴിയുമെന്നാണ് പ്രചാരണം. ബില്ലിന്റെ ശക്തയായ വക്താവും കേന്ദ്രമന്ത്രിയുമായ സുഷ്മാ സ്വരാജാണ് ഇക്കുറി ബില്ലിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്. സത്യത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും […]

images

18 വര്‍ഷമായി പാര്‍ലിമെന്റ് പാസ്സാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായി വിശേഷിക്കപ്പെടുന്ന വനിതാ സംവരണ ബില്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. മുലായംസിംഗും ലല്ലുപ്രസാദ് യാദവും മായാവതിയുമൊക്കെ ചേര്‍ന്നാണ് ബില്ലിനെ തുരങ്കം വെക്കുന്നതെന്നാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കെല്ലാം ഇക്കുറി ലോകസഭയില്‍ ശക്തി കുറവായതിനാല്‍ ബില്‍ ഉടന്‍ പാസ്സാക്കാന്‍ കഴിയുമെന്നാണ് പ്രചാരണം. ബില്ലിന്റെ ശക്തയായ വക്താവും കേന്ദ്രമന്ത്രിയുമായ സുഷ്മാ സ്വരാജാണ് ഇക്കുറി ബില്ലിനുവേണ്ടി ചുക്കാന്‍ പിടിക്കുന്നത്.
സത്യത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു കാണാം. ശക്തമായ തീരുമാനമെടുത്താല്‍ എന്തുവില കൊടുത്തും ബലം പ്രയോഗിച്ചും ബില്ലുകള്‍ പാസ്സാക്കിയ ചരിത്രമാണ് നമ്മുടെ ജനപ്രതിനിധി സഭകള്‍ക്കുള്ളത്. തെലുങ്കാന വിഭജന വിഷയത്തില്‍ പോലും നാമത് കണ്ടു. എന്നിട്ടാണ് കോണ്‍ഗ്രസ്സും ബിജെപിയുമടക്കം മിക്കവാറും പാര്‍ട്ടികളെല്ലാം പിന്തുണക്കുന്ന ബില്‍ പാസ്സാക്കാന്‍ കഴിയുന്നില്ല എന്നു പറയുന്നത്. യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസ്സാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ സോണിയാഗാന്ധിക്കും സുഷ്മസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാല്‍ ഇവരുടെ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്ക് ബില്ലിനോട് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്നതുതന്നെ യഥാര്‍ത്ഥ കാരണം. അതുമറിച്ചുവെക്കാന്‍ കുറ്റം മുലായത്തിന്റേയും മറ്റും തലയില്‍ കെട്ടിവെക്കുന്നു എന്നുമാത്രം.
മറ്റുള്ളവരെപോലെ മുലായത്തിനും കൂട്ടര്‍ക്കും ബില്ലിനോട് താല്‍പ്പര്യമില്ല എന്നതു സത്യം. എന്നാല്‍ തങ്ങളുടെ എതിര്‍പ്പിനു കാരണമായി അവരുന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസ്തമാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് 18 വര്‍ഷമായി ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി – പട്ടികവര്‍ഗ – പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. അതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. അല്ലെങ്കില്‍ ഇപ്പോള്‍ യുപിയില്‍ നിന്നു പുറത്തുവരുന്ന ബലാല്‍സംഗസംഭവങ്ങളിലെ ഭൂരിഭാഗം ഇരകളും ദളിതരാകുകയിലില്ലല്ലോ. തൊട്ടുകൂടായ്മയുടെ പേരില്‍ ദളിത് സ്ത്രീയെ ഉന്നത കുലജാതര്‍ ബലാല്‍സംഗം ചെയ്യില്ല എന്നു വിധിച്ച് കോടതി പ്രതികളെ വെറുതെ വിടില്ലല്ലോ.
വനിതാസംവരണ സീറ്റുകള്‍ നിശ്ചയിക്കുമ്പോള്‍ അതില്‍ പട്ടികജാതി – വര്‍ഗ്ഗ സംവരണ സീറ്റുകളും ഉണ്ടാകാമെന്നാണ് ഇതിനു ബില്ലിനെ പിന്തുണക്കുന്നവര്‍ പറയുന്ന മറുപടി. ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. അങ്ങനെ വരുന്നത് പക്ഷെ അവകാശമാകില്ലല്ലോ. അവകാശമായാണ് ഇക്കാര്യം അംഗീകരിക്കപ്പെടേണ്ടത്. ജനറല്‍ സീറ്റുകളില്‍ ദളിതരെ മത്സരിപ്പിക്കാത്തപോലെ, സ്ത്രീസംവരണ സീറ്റില്‍ ഒരു പാര്‍ട്ടിയും ദളിത് സ്ത്രീയെ മത്സരിപ്പിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. കേരളത്തിലെ സിപിഎമ്മിന്റെ ഉയര്‍ന്ന നേതാവായിട്ടും ഇപ്പോഴും കെ രാധാകൃഷ്ണനെ ജനറല്‍ സീറ്റില്‍ മത്സരിച്ച് സംവരണ മണ്ഡലമായ ചേലക്കരയില്‍ പുതിയ ഒരാളെ ഉയര്‍ത്തികൊണ്ടുവരാന്‍ സിപിഎം പോലും തയ്യാറാകുന്നില്ല എന്നോര്‍ക്കുന്നത് നന്ന്.
ബില്ലനുകൂലികളെന്നു പറയുന്നവരുടെ കാപട്യം വ്യക്തമാക്കാന്‍ ഒറ്റകാര്യം മാത്രം പരിശോധിച്ചാല്‍ മതി. ബില്‍ പാര്‍ലിമെന്റിലെത്തിയശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ എത്ര സ്സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തു എന്നതാണത്. ഈ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ബില്‍പോലും ആവശ്യമില്ലല്ലോ. കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിച്ചത് എട്ടുശതമാനം സീറ്റുകളിലാണ്. ബിജെപിയും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികളുടെ ഇക്കാര്യത്തിലെ ആത്മാര്‍ത്ഥത ഇതില്‍ നിന്ന് വ്യക്തമാണല്ലോ. അധികാരത്തില സ്ത്രീപ്രാതിനിധ്യത്തില്‍ മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനും മുതലാളിത്ത രാഷ്ട്രമായ അമേരിക്കയും കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയും ഏറെ മുന്നിലാമെന്നു കൂടി ഓര്‍ക്കുക.
ലിംഗവിവേചനത്തിനും ജാതിവിവേചനത്തിനും സമാനതകള്‍ ഏറെയുണ്ട്. വര്‍ഗ്ഗ – ജാതി പരിഗണനകളില്ലാതെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നങ്ങള്‍ നിരവധിയുണ്ടെന്നത് ശരി. അതേസമയം ദളിത് സ്ത്രീകളാണ് ഇന്ത്യനവസ്ഥയില്‍ ഏറ്റഴുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ജാതീയവും വര്‍ഗ്ഗപരവും ലിംഗപരവുമായ ചൂഷണം അവര്‍ നേരിടുന്നു. അതിനാല്‍ തന്നെ അവരെയായിരിക്കണം നാം പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടത്. ആ അര്‍ത്ഥത്തില്‍ ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ പാസ്സാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്.
തീര്‍ച്ചയായും വനിതാസംവരണമില്ലാതെ ഇന്ദിരാഗാന്ധിയും ജയലളിതയും മായാവതിയും മമതയുമൊക്കെ ഇവിടെ അധികാരത്തിലെത്തിയിട്ടുണ്ട്. അതുചൂണ്ടി സംവരണത്തെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍ അതെല്ലാം ചില പ്രത്യേക സാഹചര്യങ്ങളുടെ യാദൃച്ഛികതകളുടെ ചേരുവവകളില്‍ സംഭവിച്ചതാണ്. ഇന്ദിരാഗാന്ധി നോഹ്‌റു കുടുംബാംഗമായിരുന്നു. ജയലളിത എംജിആറിന്റെ നോമിനിയായിരുന്നു. മണ്ഡല്‍ കമ്മീഷന്‍ സൃഷ്ടിച്ച രാഷ്ട്രീയാന്തരീക്ഷമാണ് മായാവതിക്കു ഗുണകരമായത്. ഇക്കൂട്ടത്തില്‍ മമതയാണ് വ്യത്യസ്ഥയായിരിക്കുന്നത്.
സ്വാഭാവികമായി നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളുമാണ് സംവരണത്തിലൂടെ ഉയര്‍ന്നുവരുക എന്നും ആരോപണമുണ്ട്. ആദ്യഘട്ടത്തില്‍ അങ്ങനെ സംഭവിക്കാം. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കിയ സംവരണത്തിലൂടെ ശക്തരായ വനിതാ ഭരണാധികാരികള്‍ ഉയര്‍ന്നു വന്നതിനു കേരളം തന്നെ ഉദാഹരണം. അതിനാല്‍ വനിതാ സംവരണം അനിവാര്യംതന്നെ. അതേസമയം ജനപ്രതിനിധി സഭകളില്‍ മാത്രമല്ല, നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളിലും ഈ ഘട്ടത്തില്‍ സംവരണം അനിവാര്യമാണ്. അവരാണല്ലോ യഥാര്‍ത്ഥത്തില്‍ ഭരണത്തെ നിയന്ത്രിക്കുന്നത്. അവയുടെ നേതൃത്വത്തില്‍ സവര്‍ണ്ണ – പുരുഷാധിപത്യം തുടരുന്നിടത്തോളം കാലം ജാതി സംവരണം ഉള്‍പ്പെടുത്തി വനിതാസംവരണം പാസ്സാക്കിയാല്‍ പോലും ഗുണകരമാകില്ല. അതിനാല്‍ പാര്‍ട്ടി നേതൃത്വങ്ങളിലെ വനിതാ – ജാതി സംവരണം കൂടി ഉറപ്പാക്കുന്ന രീതിയിലാകണം ബില്‍ പാസ്സാക്കേണ്ടത്. അല്ലെങ്കിലത് വെള്ളത്തില്‍ വരച്ച വരപോലെയാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply