വനിതാ മതിലിന്റെ രാഷ്ട്രീയം
കെ.കെ. കൊച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നാം മുന്നോട്ട് ‘ എന്ന പ്രതിവാര ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിപാടിയാണ് തിരുവനന്തപുരത്ത് നടന്ന നവോത്ഥാന പാരമ്പര്യമുള്ള സാമൂഹ്യ സംഘടനകളുടെ സമ്മേളനം. പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയതിപ്രകാരമാണ്: ‘ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന (?) വൈക്കം സത്യാഗ്രഹത്തിന് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുണ്ടായിരുന്നതിനാലാണ് ഗോവിന്ദപ്പണിക്കര്‍, ബാഹുലേയന്‍, കുഞ്ഞപ്പി ( നായര്‍, ഈഴവ, പുലയ) എന്നിവര്‍ പങ്കെടുത്തത്. ഇതേ നിലപാടാണ് […]
കെ.കെ. കൊച്ച്
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നാം മുന്നോട്ട് ‘ എന്ന പ്രതിവാര ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിപാടിയാണ് തിരുവനന്തപുരത്ത് നടന്ന നവോത്ഥാന പാരമ്പര്യമുള്ള സാമൂഹ്യ സംഘടനകളുടെ സമ്മേളനം. പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയതിപ്രകാരമാണ്: ‘ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന (?) വൈക്കം സത്യാഗ്രഹത്തിന് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുണ്ടായിരുന്നതിനാലാണ് ഗോവിന്ദപ്പണിക്കര്‍, ബാഹുലേയന്‍, കുഞ്ഞപ്പി ( നായര്‍, ഈഴവ, പുലയ) എന്നിവര്‍ പങ്കെടുത്തത്. ഇതേ നിലപാടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പാലിയം സമരത്തിലും സ്വീകരിച്ചത്. ഇന്ന് സാമുദായിക സംഘടനകള്‍ക്ക് അപചയം സംഭവിച്ചിട്ടുണ്ടെങ്കിലും കേരളത്തെ ഭ്രാന്താലയമാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം.’ ഈ നിര്‍ദ്ദേശം അംഗീകരിച്ചാണ് സമ്മേളനം നടന്നത് .
സമ്മേളനാനന്തരം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു: ‘ഞാന്‍ കണ്‍വീനറും പി.കെ.സജീവ് ജനറല്‍ സെക്രട്ടറിയുമായ 35 ദളിത് -ആദിവാസി സംഘടനകള്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 1 ലക്ഷം സ്ത്രീകളുടെ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം തിരുവനന്തപുരം സമ്മേളനത്തില്‍ അവതരിപ്പിച്ചപ്പോള്‍ വെള്ളാപ്പള്ളി നടേശനാണ് വനിതാ മതില്‍ – എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കാര്യങ്ങള്‍ ഇപ്രകാരമാണ് നടന്നത്. എങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസ്സും വസ്തുതകള്‍ മൂടിവെക്കുകയാണ്.’
ശബരിമല പ്രശ്‌നത്തിന്റെ രാഷ്ട്രീയം വിമോചന സമരത്തില്‍ കണ്ടെത്താനാവും.1957-ല്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപംകൊണ്ട നാള്‍ മുതല്‍ ദലിതരും ഈഴവരിലെ ഭൂരിപക്ഷവുമൊഴിച്ചുള്ള ക്രൈസ്തവ – നായര്‍ – മുസ്ലീം മതമേധാവികളും സംഘടനകളും ഗവണ്‍മെന്റിനെതിരായിരുന്നു. കാരണമായി ചൂണ്ടിക്കാണിച്ചത് നിരീശ്വരവാദം വളര്‍ത്തുന്നു എന്നത്രേ ! അക്കാലത്ത് പ്രാര്‍ത്ഥനായജ്ഞവുമായി (ഇന്നത്തെ നാമജപം) തെരുവിലിറങ്ങിയ വിശ്വാസി കൂട്ടങ്ങളുടെ നേതൃത്വം എന്‍.എസ്.എസ്.നേതാവ് മന്നത്ത് പത്മനാഭന്‍ ഏറ്റെടുത്തതോടെയാണ് വിമോചന സമരം ആളിപ്പടരുന്നത് . സമരം കമ്യൂണിസത്തിനും നിരീശ്വരവാദത്തിനും എതിരായിരുന്നെങ്കിലും സംസ്ഥാനത്തുടനീളം ആക്രമണത്തിനും അടിച്ചമര്‍ത്തലിനും വിധേയരായത് ദലിതരും ഈഴവരുമായിരുന്നു. സംശയമുള്ളവര്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച അഡ്വ.എ.ജയശങ്കറിന്റെ ‘കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും’ (രണ്ടാം പതിപ്പ്), നിര്‍മ്മല ബുക്‌സ് പ്രസിദ്ധീകരിച്ച പള്ളി മുതല്‍ പാര്‍ട്ടി വരെ ( സമാഹാരം) എന്നീ കൃതികള്‍ വായിക്കുക .
കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ രൂപീകരണത്തിന് കളമൊരുക്കിയത് നവോത്ഥാനങ്ങളായിരുന്നു. ആ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിലൂടെ സര്‍ക്കാരിനനുകൂലമായ സാമൂഹ്യ ശക്തിയെ അണിനിരത്താതെ സമരത്തെ നേരിടാന്‍ പോലീസിനെ മാത്രം ആശ്രയിച്ചു. ഫലമോ 15 പേരുടെ മരണവും നിരവധി പേര്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്ന മര്‍ദ്ദനവും. ഈ പോലീസ് അതിക്രമങ്ങളെ ചൂണ്ടിക്കാട്ടി ജാതിമതമേധാവികള്‍ക്ക് വിജയം കൊയ്‌തെടുക്കാന്‍ കഴിഞ്ഞു.
സമാനമായൊരു സാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. പ്രശ്‌നം വിശ്വാസവും അവിശ്വാസവും തന്നെ. വിശ്വാസ സംരക്ഷകരാകട്ടെ ബ്രാഹ്മണരും ( തന്ത്രിമാര്‍ ) ക്ഷത്രിയരും ( പന്തളത്തെ വര്‍മ്മമാര്‍) ആണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഏറെക്കുറെ അകന്നുനില്ക്കുമ്പോള്‍ മന്നത്തിന്റെ സ്ഥാനത്തുള്ളത് ജി.സുകുമാരന്‍ നായരാണ് . ഈ സവര്‍ണ മേധാവികളുടെ മുന്നില്‍ സംഘപരിവാറും പിന്നില്‍ കോണ്‍ഗ്രസ്സുമാണുള്ളത്. ഇവരുടെ വാദം ദലിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ജാതിയുണ്ട് നായര്‍ക്ക് ജാതിയില്ലെന്നതാണ് . സാമൂഹ്യ സംഘടനാ നേതൃത്വങ്ങളില്‍ സ്ത്രീകളില്ലാത്തത് നവോത്ഥാനത്തിന്റെ വിമര്‍ശിക്കപ്പെടേണ്ട പരിമിതിയാണ്. മറ്റൊരു കാര്യം നവോത്ഥാന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്ലായിരുന്നു എന്നതാണ്. ക്രിസ്തുവിന്റെ കാലത്തുള്ളവരാണോ ക്രിത്യാനികള്‍? രാമന്റെ കാലത്തുള്ളവരാണോ സംഘപരിവാറുകാര്‍? ചരിത്രവും ജ്ഞാനവും സാര്‍വലൗകികമായ പൊതുസമ്പത്താണ്. നവോത്ഥാനം ചരിത്രവും ജ്ഞാനവുമായതിനാലാണ് കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കുന്നതെന്ന് കരുതിയാല്‍ മതി. ഇത്തരമൊരവസ്ഥയിലാണ് അവര്‍ണര്‍ സ്വാഭാവികമായും ഗവണ്‍മെന്റിന്റെ സാമൂഹ്യശക്തിയായതെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഈ അവര്‍ണ്ണര്‍ ഒരു ജനശക്തിയാകേണ്ടതുള്ളതുകൊണ്ടാണ് എസ്.എന്‍.ഡി.പി.യേയും കെ.പി.എം.എസ്സിനെയും കൂടെ നിര്‍ത്തുന്നത് . അതേ സമയം ബുദ്ധിജീവികളെയും ചെറുസംഘങ്ങളെയും ആശ്രയിച്ചാലോ! ( അവരുടെ പങ്ക് ചെറുതായി കാണുന്നില്ല). ഇപ്പോള്‍ എസ്.എന്‍.ഡി.പി.യും കെ.പി.എം.എസ്സും നല്കുന്ന പിന്തുണ പ്രശ്‌നാധിഷ്ഠിതവും താല്കാലികവുമാണ്. അനന്തകാലത്തേക്കുള്ളതല്ല. തന്മൂലം അവരുടെ ജാതകം നോക്കേണ്ടതില്ല. (എന്നാല്‍ സി.പി.സുഗതന്റെ കാര്യം വ്യത്യസ്തമാണ്. അത് കൈകാര്യം ചെയ്യേണ്ടത് പുന്നലയും വെള്ളാപ്പള്ളിയുമാണ്). സുപ്രീം കോടതി വിധി ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അതിലന്തര്‍ലീനമായിരിക്കുന്നത് ഹിന്ദു സമുദായത്തിലെ സ്ത്രീകളുടെ പ്രശ്‌നം മാത്രമല്ല പൗരാവകാശ പ്രശ്‌നം കൂടിയാണ്. ഇക്കാര്യം തിരിച്ചറിയാതിരിക്കുന്നതിനാലാണ് ക്രിസ്ത്യന്‍-മുസ്ലീം സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തം പ്രസ്തുത യോഗത്തില്‍ നിഷേധിക്കപ്പെട്ടത്. ശബരിമല പ്രശ്‌നത്തിലെ സാമൂഹ്യ നിലപാടുകളും അതിന്നാധാരമായ നവ ജനാധിപത്യ പരികല്പനകളെയും കുറിച്ച് ഞാന്‍ പിന്നീടെഴുതുതുന്നതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in