വനിതാമതില്‍ : പിണറായിയുടേത് കുശാഗ്രബുദ്ധി

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളില്‍ വ്യക്തിപരമായും രാഷ്ട്രീയമായും നേട്ടം കൊയ്തത് പിണറായി വിജയനാണെന്നതില്‍ സംശയമില്ല. ആദ്യഘട്ടത്തിലുണ്ടാക്കിയ നേട്ടമൊക്കെ ആക്രമസമരങ്ങളും ഗ്രൂപ്പിസവും കൊണ്ട് ബിജെപി നഷ്ടപ്പെടുത്തി എന്നതാണ് വസ്തുത. അതേസമയം വളരെ തന്ത്രപൂര്‍വ്വമായും സ്വന്തം സഖാക്കളെപോലും അത്ഭുതപ്പെടുത്തിയും വിഷയത്തിലിടപെട്ട പിണറായി അസൂയാര്‍ഹമായ മുന്നേറ്റമാണ് നടത്തിയത്. അതിന്റെ സാക്ഷ്യമാണ് 39 തദ്ദേശസ്വയംഭരണ സീറ്റുകളിലേക്കു നടന്ന തെരഞ്ഞടുപ്പുഫലം. ഇപ്പോളിതാ ജനുവരി ഒന്നിനു കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ നടത്തുമെന്നു പ്രഖ്യാപിച്ച് ഒരടി കൂടി പിണറായി മുന്നോട്ടു പോയിരിക്കുന്നു. എന്നാല്‍ […]

mm

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങളില്‍ വ്യക്തിപരമായും രാഷ്ട്രീയമായും നേട്ടം കൊയ്തത് പിണറായി വിജയനാണെന്നതില്‍ സംശയമില്ല. ആദ്യഘട്ടത്തിലുണ്ടാക്കിയ നേട്ടമൊക്കെ ആക്രമസമരങ്ങളും ഗ്രൂപ്പിസവും കൊണ്ട് ബിജെപി നഷ്ടപ്പെടുത്തി എന്നതാണ് വസ്തുത. അതേസമയം വളരെ തന്ത്രപൂര്‍വ്വമായും സ്വന്തം സഖാക്കളെപോലും അത്ഭുതപ്പെടുത്തിയും വിഷയത്തിലിടപെട്ട പിണറായി അസൂയാര്‍ഹമായ മുന്നേറ്റമാണ് നടത്തിയത്. അതിന്റെ സാക്ഷ്യമാണ് 39 തദ്ദേശസ്വയംഭരണ സീറ്റുകളിലേക്കു നടന്ന തെരഞ്ഞടുപ്പുഫലം. ഇപ്പോളിതാ ജനുവരി ഒന്നിനു കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ നടത്തുമെന്നു പ്രഖ്യാപിച്ച് ഒരടി കൂടി പിണറായി മുന്നോട്ടു പോയിരിക്കുന്നു. എന്നാല്‍ എല്ലാറ്റിനും അടിസ്ഥാനമായ സുപ്രിം കോടതി വിധി നടപ്പാക്കാതിരിക്കുന്നതിലും വളരെ തന്ത്രപൂര്‍വ്വം ബിജെപിയേക്കാള്‍ മുന്നിലാണ് അദ്ദേഹം എന്നതാണ് കൗതുകകരം.
കേരളം വീണ്ടും ഭ്രാന്താലയമാക്കരുത്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തിലെന്ന അവകാശവാദത്തോടെ പുതുവര്‍ഷ ദിനത്തില്‍ വനിതാ മതില്‍ സൃഷ്ടിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത എസ് എന്‍ ഡി പിയടക്കമുള്ള സംഘടനകളുടേയും പങ്കെടുക്കാതിരുന്ന എന്‍ എസ് എസ് പോലുള്ള സംഘടനകളുടേയും ഇന്നത്തെ നിലപാടുകള്‍ എന്തായാലും ഇത്തരമൊരു സംരംഭത്തിനു പ്രസക്തിയുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അതാണോ പ്രധാനം എന്ന ചോദ്യവും പ്രസക്തമാണ്. ലക്ഷകണക്കിനു സ്ത്രീകളെ അണിനിരത്തി വിലക്കില്ലാത്ത വീഥിയില്‍ മതില്‍ തീര്‍ക്കുകയാണോ 1000 പേരെയെങ്കിലും അണിനിരത്തി വിലക്കു നിലനില്‍ക്കുന്ന ശബരിമലയിലേക്ക് നിയമപരമായിതന്നെ പോകുകയാണോ ഇപ്പോള്‍ കൂടുതല്‍ പ്രധാനം എന്ന ചോദ്യം പ്രസക്തം തന്നെയാണ്. എന്നാല്‍ അത്തരമൊരു ലക്ഷ്യം പിണറായിക്കോ പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ല എന്നു വ്യക്തം. ഈ യോഗം നടന്ന ദിവസം തന്നെ മല കയറാന്‍ ശ്രമിച്ച ആന്ധ്രയില്‍ നിന്നുള്ള 2 യുവതികളെ തിരിച്ചിറക്കിയത് ”ഭക്തരും” പോലീസും ഒരുമിച്ചായിരുന്നല്ലോ. രഹ്ന ഫാത്തിമയാകട്ടെ ഇപ്പോളും ജയിലിലാണ്. മല കയറാനാഗ്രഹിക്കുന്ന യുവതികളെ ശ്രീധരന്‍ പിള്ളയേക്കാള്‍ ആക്ഷേപിക്കുന്നത് കടകംപള്ളിയാണെന്നതും ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ വന്‍മതിലിന്റെ ലക്ഷ്യം കക്ഷിരാഷ്ട്രീയം മാത്രമാണെന്ന് വ്യക്തം. അക്കാര്യത്തില്‍ മുകളില്‍ സൂചിപ്പിച്ച പോലെ വളരെ വിജയകരമായാണ് പിണറായി ഇടപെടുന്നതെന്നതില്‍ സംശയമില്ല. കെപിഎംഎസിനേയും എസ്എന്‍ഡിപിയേയുമടക്കം നിരവധി സാമുദായിക സംഘടനകളെ പുറകിലണിനിരത്താന്‍ പറ്റുന്നത് നിസ്സാര നേട്ടമല്ല. പ്രതേകിച്ച് ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍. ശബരിമല വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ യോഗം പൊതുവില്‍ സ്വാഗതം ചെയ്തതായി പിണറായി പറയുന്നു. വെള്ളാപ്പള്ളിയും പുന്നലയുമൊക്കെ ഫലത്തില്‍ പിണറായിയുടെ നേതൃത്വം അംഗീകരിച്ചിരിക്കുന്നതു കണ്ട് ബിജെപി – കോണ്‍ഗ്രസ്സ് നേതൃത്വങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുയാണ്. സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്ന് യോഗത്തില്‍ സംസാരിച്ച വെള്ളാപ്പള്ളി നടേശന്‍ സംശയരഹിതമായി പ്രഖ്യാപിച്ചത് അവര്‍ക്ക് ദഹിച്ചിട്ടില്ല. ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും പറഞ്ഞു. ഇത്തരമൊരു പരിപാടി സര്‍ക്കാര്‍ നടത്തേണ്ടതല്ല എന്നു ചെന്നിത്തല പറയാനുള്ള പ്രധാന കാരണവും മറ്റൊന്നല്ല.
ബിജെപിയുടെ ഹൈന്ദവരാഷ്ട്രീയത്തിനും കനത്ത പ്രഹരമാണ് ഈ തീരുമാനം. പണ്ട് ബാബറി മസ്ജിദ് വേളയില്‍ ഹിന്ദുക്കളെല്ലാം ഒന്നാണ് എന്ന ബിജെപി പ്രഖ്യാപനത്തെ മണ്ഡല്‍ കമ്മീഷനിലൂടെ അങ്ങെയല്ലെന്നു തെളിയിച്ച വി പി സിംഗിന്റെ ചെറിയ പതിപ്പാണ് ഇവിടെ പിണറായി. ഈ വനിതാ മതില്‍ പ്രതീക്ഷിക്കുന്നപോലെ വിജയിച്ചാല്‍ അത് ബിജെപിയും കൂട്ടരും മറച്ചുവെക്കാന്‍ ശ്രമിക്കുന്ന സവര്‍ണ്ണ – അവര്‍ണ്ണ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുമെന്നുറപ്പ്. ബാബറി മസ്ജിദിനു പകരം ഇവിടെ ശബരിമലയാണെന്നു മാത്രം. ഹൈന്ദവജനതയെ വിഘടിക്കാനല്ല വനിതാ മതിലെന്നു ഇടതുപക്ഷത്തെ പലരും മുന്‍കൂര്‍ ജാമ്യമെടുക്കുന്നതു കണ്ടു. എങ്കില്‍ ഈ മതിലിന്റെ ആവശ്യമില്ല. കാരണം ഹിന്ദുമതമെന്ന് ജാതികളാണ്. ഇല്ല എന്നു പറഞ്ഞാലും വിശ്വസിച്ചാലും ഇല്ലാതാകാത്തത്ര ശക്തമായ ഭൗതിക യാഥാര്‍ത്ഥ്യമാണവ. അതിനാല്‍ തന്നെ എന്‍ എസ് എസും മതിലില്‍ പങ്കെടുക്കണമെന്ന ആവശ്യവും അര്‍ത്ഥരഹിതമാണ്. എല്ലാ സാമുദായിക – ജാതി സംഘടനകളും പങ്കെടുക്കുന്ന വനിതാമതില്‍ സഹായിക്കുക ഹൈന്ദവ ഏകീകരണ ശക്തികളെയാണ്.
അതേസമയം യോഗതീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറ്റു പല മേഖലകളില്‍ നിന്നുയരുന്നുണ്ട്. വനിതാ മതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച യോഗത്തിലോ അതിനായി രൂപീകരിച്ച കമ്മിറ്റിയിലോ ഉള്ള സ്ത്രീപ്രാതിനിധ്യം കേവലം ഒന്നാണെന്നതാണ് വിമര്‍ശനത്തിന്റെ പ്രധാനകാരണം. ആണുങ്ങള്‍ നിര്‍മ്മിക്കുന്ന മതിലിലെ ഇഷ്ടികകളാകാന്‍ തങ്ങള്‍ തയ്യാറല്ല എന്നു പല സ്ത്രീപ്രവര്‍ത്തകരും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷകണക്കിനു സ്ത്രീകളെ സംഘടിപ്പിച്ച് മതിലുണ്ടാക്കുന്നതാണോ 1000 യുവതികളെ സംഘടിപ്പിച്ച് ശബരിമല കയറുന്നതാണോ ഇന്ന് കൂടുതല്‍ ആവശ്യമെന്നു ചോദിക്കുന്ന സംഘടനകളും വ്യക്തികളും നിരവധിയാണ്. മല കയറാന്‍ ശ്രമിച്ച കാരണത്താല്‍ കള്ളകേസെടുത്ത് രഹ്നാ ഫാത്തിമയെ ജയിലിലടച്ച നടപടിയും സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്. അതിനേക്കാളുപരി സ്ത്രീവിരുദ്ധതയും ഭരണഘടനാവിരുദ്ധതയും പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള സി പി സുഗതനാണ് വനിതാ മതില്‍ സംഘാടകസമിതിയുടെ ജോ കണ്‍വീനറെന്ന വാര്‍ത്തയും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഹിന്ദുക്കള്‍ നല്‍കിയ ഭിക്ഷയാണ് ജനാധിപത്യവും മതേതരത്വവും, തൃപ്തി ദേശായിക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നവര്‍ അനുഭവിക്കും, ഹാദിയയുടെ പിതാവ് താനായിരുന്നെങ്കില്‍ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു, യുദ്ധത്തില്‍ നീതി നടപ്പാക്കുന്നത് ഭരണഘടന നോക്കിയല്ല എന്നതിനാല്‍ അതിനുള്ള അവകാശം പിതാവിന് ധര്‍മ്മശാസ്ത്രങ്ങള്‍ നല്‍കുന്നുണ്ട് എന്നെല്ലാം പരസ്യമായി പ്രഖ്യാപിച്ച ഈ വ്യക്തിയാണ് ഏതോ ”നവോത്ഥാന” സംഘടനയുടെ പ്രതിനിധിയായി സമിതിയില്‍ കയറി പറ്റിയിരിക്കുന്നത് എന്നത് എത്രമാത്രം ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഈ വിഷയത്തെ കാണുന്നത് എന്നതിനു തെളിവാണ്. നവോത്ഥാന പ്രസംഗങ്ങളില്‍ മുഖ്യമന്ത്രി തുടരുന്ന കാപട്യം തന്നെയാണ് വനിതാമതിലിലും കാണുന്നതെന്നു വ്യക്തം. സുപ്രിംകോടതി പറയുന്ന പോലെചെയ്യും, സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക ്ഭിപ്രായമൊന്നുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതേസമയം തുടക്കത്തില്‍ സൂചിപ്പിച്ച പോലെ കക്ഷിരാഷ്ട്രീയ കളിയില്‍ ഇതു മുഖ്യമന്ത്രിക്കും സിപിഎമ്മിനും വലിയ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. ഇപ്പോളത്തെ രാഷ്ട്രീയനേതാക്കളില്‍ ഏറ്റവും കുശാഗ്രബുദ്ധി മുഖ്യമന്ത്രിക്കുതന്നെ എന്നു പറയാന്‍ ഒരു സംശയവും വേണ്ട.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply