വടയമ്പാടിയും ദളിത് സ്വാഭിമാനവും

സിന്ധുരാജ്.ഡി വടയമ്പാടിയില്‍ ദളിത് ആത്മാഭിമാന സംഗമം നടത്താന്‍ എത്തിയ ദളിത് സംഘടനാ പ്രവര്‍ത്തകരെ NSS RSS ‘ഹിന്ദു സ്വാഭിമാനക്കാരും’ പോലീസും ചേര്‍ന്ന് തടഞ്ഞ വാര്‍ത്ത ഇന്നത്തെ കേരളത്തിന്റെ ‘പുരോഗമന’ ട്രേഡ് മാര്‍ക്കില്‍ ഒളിഞ്ഞിരിക്കുന്ന സവര്‍ണ ഹിന്ദു ജാതി മനോവൈകൃതം എത്ര രൂഢമൂലമാണ് എന്നതാണ് തെളിയിക്കുന്നത്. വടയാമ്പാടിയും അശാന്തന്റെ മൃതദേഹത്തിന്റെ ജാതിയിലും ഒക്കെ പുറത്ത് വരുന്നത് കേരളത്തിലെ മധ്യ വര്‍ഗ ഹിന്ദുവിന്റെ ജാതി ഭേദ ചിന്താഗതി തന്നെ ആണ് . കുറച്ചു നാള്‍ മുന്‍പാണ് ഒരു സി പി […]

vvv

സിന്ധുരാജ്.ഡി

വടയമ്പാടിയില്‍ ദളിത് ആത്മാഭിമാന സംഗമം നടത്താന്‍ എത്തിയ ദളിത് സംഘടനാ പ്രവര്‍ത്തകരെ NSS RSS ‘ഹിന്ദു സ്വാഭിമാനക്കാരും’ പോലീസും ചേര്‍ന്ന് തടഞ്ഞ വാര്‍ത്ത ഇന്നത്തെ കേരളത്തിന്റെ ‘പുരോഗമന’ ട്രേഡ് മാര്‍ക്കില്‍ ഒളിഞ്ഞിരിക്കുന്ന സവര്‍ണ ഹിന്ദു ജാതി മനോവൈകൃതം എത്ര രൂഢമൂലമാണ് എന്നതാണ് തെളിയിക്കുന്നത്. വടയാമ്പാടിയും അശാന്തന്റെ മൃതദേഹത്തിന്റെ ജാതിയിലും ഒക്കെ പുറത്ത് വരുന്നത് കേരളത്തിലെ മധ്യ വര്‍ഗ ഹിന്ദുവിന്റെ ജാതി ഭേദ ചിന്താഗതി തന്നെ ആണ് . കുറച്ചു നാള്‍ മുന്‍പാണ് ഒരു സി പി ഐ നേതാവ് സ്വന്തം പാര്‍ട്ടിയിലെ എം എല്‍ എ യുടെ ജാതിയെ പറ്റിയും നീചജാതിക്കാരനെ കണ്ടാല്‍ ‘വെള്ളം പോലും കുടിക്കാന്‍ തോന്നാത്ത’ തന്റെ ‘ജാതിശൂദ്രത്ത വിചാരധാര’ ‘സ്വകാര്യ സംഭാഷണത്തില്‍’ പ്രകടിപ്പിച്ചതും അതില്‍ ഒരു തെറ്റും തോന്നാതെ ഇരുന്ന ‘വിപ്ലവ പാര്‍ട്ടി’, പുറത്തെ പൊതു സമൂഹത്തിനിടയില്‍ സ്വകാര്യ സംഭാഷണം ഒരു വിഷയം ആയതിനാല്‍, ‘അദ്യത്തെ’ മനസ്സില്ലാ മനസ്സോടെ സസ്‌പെന്റു ചെയ്തതും, താമസം വിനാ തിരിച്ചെടുത്തു തങ്ങളുടെ ‘പുരോഗമന’ മുഖം വെളിവാക്കുകയും ചെയ്തത്.
ഇന്ത്യയില്‍ ആകമാനം ദളിത് സമൂഹങ്ങള്‍, തങ്ങളുടെ സമുദായങ്ങള്‍ നൂറ്റാണ്ടുകളായി നേരിടുന്ന സവര്‍ണ ജാതികളാലുള്ള അതിഭീകരമായ അടിച്ചമര്ത്തലുകള്‍ക്കെതിരെയും, തങ്ങള്‍ക്കു കൂടി അവകാശപ്പെട്ട ഭൂമി എന്ന അവകാശത്തിനു വേണ്ടിയും ശക്തമായ പോരാട്ടങ്ങള്‍ക്കും തുടക്കം കുറിക്കുകയും, മോഡിയിലൂടെ സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന ‘പുത്തന്‍ ഹൈന്ദവികത’ എന്ന കാളകൂടം പൂര്‍ണമായും തിരസ്‌കരിച്ചു കൊണ്ട് ,തങ്ങളുടെ യഥാര്‍ത്ഥ ശത്രുവായ ബ്രാഹ്മണിക്കല്‍ ഹിന്ദു മതത്തില്‍ നിന്നും വ്യതിരിക്തമായ, എന്നാല്‍ ബ്രാഹ്മണ മേധാവിത്തം ചരിത്രത്തില്‍ ഇടപെട്ടു കുഴിച്ചുമൂടിക്കളഞ്ഞ തങ്ങളുടെ ദളിത് സ്വത്വം തിരിച്ചുപിടിക്കുവാനുള്ള വലിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന കാലഘട്ടം ആണ് ഇത്. ഇതിന്റെ അപാരമായ ശക്തിയെ തിരിച്ചറിഞ്ഞു തന്നെ ആണ് സംഘ പരിവാര്‍ ഇതിനെ നേരിടുവാനും, അതിനെ സ്വാംശീകരിക്കുവാനുമുള്ള പരിഭ്രാന്തമായ ശ്രമങ്ങള്‍ ആരംഭിചിരിക്കുന്നതും.
എന്നാല്‍ ‘പുരോഗമന’ ലേബല്‍ നെറ്റിയില്‍ ഒട്ടിച്ച മലയാളി ഇന്നും ഇതിനെല്ലാം പുറത്തു തന്നെ ആണ് ജീവിക്കുന്നത്. ‘ഇവിടെ ജാതി ഉണ്ടോ? ജാതി ഭേദം ഉണ്ടോ? ജാതി പീഡനം ഉണ്ടോ?’ എന്നൊക്കെ ആത്മാര്‍ത്ഥമായി ചോദിക്കുന്ന അത്രയും ‘നിഷ്‌കളങ്കര്‍’ ആയ ഒരുപാടു മനുഷ്യരെ നമുക്ക് ചുറ്റിലും യഥേഷ്ടം കാണുവാന്‍ സാധിക്കുന്നു എന്നത് തന്നെ ജാതി എന്ന സ്വത്വത്തെ, അത് ഹിന്ദുക്കള്‍ക്കിടയിലെ ജാതി ആയാലും, ഹിന്ദുക്കള്‍ക്കിടയില്‍ നിന്നും മത പരിവര്‍ത്തനം നടത്തിയ ‘ദളിത് ക്രിസ്ത്യാനി’ എന്ന വവ്വാല്‍ ജാതി ആയാലും, ഒക്കെ പൊതു ഇട വ്യവഹാരങ്ങളില്‍ നിന്നും പുരോഗമനം എന്ന് അവകാശപ്പെട്ട ചിന്താ ധാരകളും പ്രസ്ഥാനങ്ങളും ഒക്കെ ചേര്‍ന്ന് പടികടത്തിയിരുന്നത്, വളരെ സ്വാഭാവികമായി തീവ്ര വലതു ഹിന്ദു പ്രത്യയശാസ്ത്രം ശക്തിപ്രാപിക്കുന്നതിനു അനുസ്സരിച്ച് ശക്തമായി തിരിച്ചു വരുന്നു എന്നത്, സംഘപരിവാര്‍ നേതൃത്വത്തില്‍ നിരവധി ദശകങ്ങള്‍ ആയി വളരെ ഗോപ്യമായി നടത്തി വന്ന ‘ഹിന്ദു- സ്വത്വ നിര്‍മിതിയും’ അതിന്റെ സ്വാഭാവിക പരിണതി ആയി സെക്യുലാര്‍ എന്ന് സ്വയം ചിന്തിക്കുന്ന ‘ഹിന്ദു’ മനസ്സുകളില്‍ പോലും കയറിക്കൂടിയിട്ടുള്ള മുസ്ലീം ഭീതിയും, ക്രിസ്ത്യന്‍ ഭീതിയും ഒക്കെ ഭീതിജനകമാം വിധം സമൂഹത്തില്‍ മേല്‍ക്കോയ്മ നേടുന്നു എന്നത്, എത്ര മാത്രം വിജയകരമായി സംഘ പരിവാര പ്രത്യയശാസ്ത്രം കേരളത്തിലെ സവര്‍ണ, പിന്നോക്ക ഹിന്ദു മനസ്സുകളെ വിഷലിപ്തമാക്കി കഴിഞ്ഞു എന്നതിന്റെ തെളിവാണ്. കേരളത്തിലെ മറ്റു സമുദായങ്ങളും ഭരണകൂടവും ഒക്കെ ദളിതരെ ഇന്നും ശല്യക്കാരായ അപരര്‍ ആയിത്തന്നെ ആണ് കാണുന്നത്. ഈയൊരു ബോധം മനസ്സില്‍ കിടക്കുന്നതിനാല്‍ തന്നെ ആണ് ദളിതുകളുടെ കോളനികളിലും അവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും കടന്നു ചെല്ലുന്ന പോലീസ് മേധാവികള്‍ ,ശത്രു രാജ്യത്ത് കടന്നു ചെല്ലുന്ന പട്ടാളക്കാരെ പോലെ ദളിതുകളോട് പെരുമാറുന്നതും, അതൊക്കെ തികച്ചും സ്വാഭാവികമായി ‘പുരോഗമന’ സമൂഹം കാണുന്നതും. കേരളത്തിലെ ‘പൊതു സമൂഹം’ (അതില്‍ ദളിതുകള്‍ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല) കറുത്ത നിറമുള്ള ദളിതനെ വൃത്തി ഇല്ലാത്തവരും, ക്രിമിനലുകളും ആയും,അവരുടെ സ്ത്രീകളെ ‘പോക്ക് കേസുകളും’ ആയി ഒക്കെത്തന്നെ ആണ് ഇന്നും വില ഇരുത്തുന്നത്.
ഇതിന്റെ ഏറ്റവും ഭീകരമായ ദുരവസ്ഥ എന്നത് ദളിതുകള്‍ തന്നെ തങ്ങളുടെ ജീവിതം നേരിടുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് പിടിച്ചും കൊണ്ട്, കൃത്രിമമായി ‘പടികടത്തി’, ഞങ്ങളും തുല്യരാണ് എന്ന അപകടകരമായ മിത്ധ്യാ ബോധത്തില്‍ അഭിരമിച്ചു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു എന്നതാണ്. ‘ഹിന്ദു മതം അപകടത്തില്‍’ എന്ന് സവര്‍ണ ഹിന്ദു അലമുറ ഇടുമ്പോള്‍ ‘അടിയന്‍ ലച്ചിപ്പോം’ എന്നാര്‍ത്തു വിളിച്ചു രംഗത്ത് ചാടി വീഴുന്ന ജനങ്ങള്‍ക്കിടയില്‍ അനവധി ദളിതുകളും ഉണ്ട് എന്നത് എത്ര ലജ്ജാകരമാണ് എന്നത് പോലും ഇവിടത്തെ ദളിത സമൂഹം തിരിച്ചറിയുന്നില്ല. സ്വന്തം അടിമത്തത്തെ സ്വാഭാവികമായി കരുതുന്ന ഒരു ജനതയും സ്വാതന്ത്ര്യം എന്ന അവസ്ഥയെ പ്രാപിചിട്ടുള്ളതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നില്ല..
ഇന്ന് കേരളത്തില്‍ ദളിതുകളുടെ ഏറ്റവും കടുത്ത ശത്രു ആര് എന്ന നിഷ്പക്ഷമായ ഏതൊരു അന്വേഷണവും നല്‍കുന്ന ഉത്തരം , ദളിതുകളുടെ തന്നെ ‘പട്ടിക ജാതി-ഉപജാതി നേതാക്കള്‍’ എന്നതായിരിക്കും. തങ്ങള്‍ വെറും ‘പട്ടിക ജാതികള്‍’ മാത്രമാണെന്നും അങ്ങനെ തന്നെ ജീവിച്ചോളാമെന്നും കേരളത്തിലെ സവര്‍ണ ഹിന്ദു നേതൃത്വത്തോട് ആണ ഇട്ടു ജീവിക്കുന്ന ഈ ‘VOLUNTARY SLAVES’ ആണ് ദളിത് ആത്മാഭിമാനത്തിന്റെ ഒന്നാം നമ്പര്‍ ശത്രു. ദളിത് സമൂഹത്തെ പല ജാതി-ഉപജാതിസംഘടനകളിലാക്കി തളച്ചിട്ടു കൊണ്ട് ,സവര്‍ണ ഹിന്ദുവിന്റെ കാലാളുകളായി, അവര്‍ എറിഞ്ഞു കൊടുക്കുന്ന ഭിക്ഷയുടെ ഔദാര്യത്തില്‍ ജീവിക്കാന്‍ അച്ചാരം വാങ്ങിയ ഇവര്‍, തങ്ങളുടെതന്നെ ജനതയുടെ ഒറ്റുകാരും, അവരുടെ ശത്രുക്കളുടെ പറ്റുകാരും ആയി ജീവിക്കുന്ന പരാദജീവികളാണ്. ഇതേ അടിമത്ത-വിധേയത്ത മാനസിക ഘടനയാണ് കെ പി എം എസ് എന്ന സംഘടനയെ സ്വന്തം ജാതിക്കെതിരെ, അവരുടെ മര്‍ദ്ദകന്റെ മാപ്പുസാക്ഷിയായി വടയാമ്പാടിയില്‍ രംഗപ്രവേശനം ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം.ഇത്തരം ആഭ്യന്തര ശത്രുക്കളെ നേരിടാതെ ഒരു ദളിത് ആത്മാഭിമാനവും കേരളത്തില്‍ സാധ്യമാകുകയേ ഇല്ല.
കെ പി എം എസ്സ് എന്ന സംഘടനയില്‍ ആത്മാഭിമാനവും അന്തസ്സും ഉള്ള ആരെങ്കിലും അവശേഷിക്കുന്നു എങ്കില്‍ അവരോടു എനിക്ക് പറയുവാന്‍ ഉള്ളത് ചരിത്രത്തില്‍ പൊയ്കയില്‍ അപ്പച്ചന്‍ ഹൃദയ രക്തം കൊണ്ട് കോറി ഇട്ട ഒരു ചിത്രമുണ്ട്. പറക്കമുറ്റാത്ത നിരാലംബരായ രണ്ടു ക്ടാങ്ങളെ മാടത്തില്‍ തനിച്ചാക്കി, അവരുടെ അപ്പനെയും അമ്മയെയും സവര്‍ണ ജന്മിയുടെ ആള്‍ക്കാര്‍ അടിമവേലയ്ക്ക് പിടിച്ചു കൊണ്ട് പോയപ്പോള്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്ന ചെമ്പരുന്തിനെ നോക്കി
‘അപ്പനില്ലേ തിന്താരാ
ഞങ്ങക്കമ്മയില്ലേ തിന്താരാ’ എന്ന് ഹൃദയം തകര്‍ന്നു വിലപിക്കുന്ന രണ്ടു പിഞ്ച് ഓമനകളുടെ നേര്‍ ചിത്രം.
അത് നിങ്ങളുടെ ഒക്കെ മുത്തച്ചന്മാരുടെ നീറുന്ന ചരിത്രകഥയാണ്, കൊടിയ അനീതികളുടെ ചരിത്രമാണ്. അതൊക്കെ അങ്ങനെ അങ്ങ് മറക്കാന്‍ ആണും പെണ്ണും കെട്ട നിങ്ങളുടെ ‘സമുദായ നേതാക്കള്‍ക്ക്’ കഴിയുമായിരിക്കും. പക്ഷെ ഒറ്റത്തന്തയ്ക്കു ജനിച്ച ഒരു ദളിതനും തന്റെ ഗോത്ര സ്മൃതികളില്‍ നിന്നും, ആ അമര്‍ന്നു കത്തുന്ന ഓര്‍മകളെ, അങ്ങിനെ മായിച്ചുകളയുവാന്‍ സാധ്യമല്ല.
കേരളത്തിലെ നവോത്ഥാനം എന്ന പുകള്‍ പെറ്റ ‘ജാതി ഹിന്ദുക്കളും’ ഈഴവന്‍ എന്ന ‘ചണ്ഡാല ജാതിയും’ ഒക്കെ നടത്തിയ ‘ജാതി നവോത്ഥാനത്തിന്റെ’ നിര്‍ഭാഗ്യ ഇരകള്‍ ആണ് ദളിത് സമൂഹങ്ങള്‍. കേരളത്തിലെ നവോത്ഥാന കാലഘട്ടം പരിശോധിച്ച് നോക്കിയാല്‍ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന മധ്യ-ഹിന്ദു ജാതികള്‍ എല്ലാം, അവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന അനവധി അവാന്തര ജാതി സ്വത്വങ്ങളെ റദ്ദു ചെയ്തുകൊണ്ട്, അവരെ ഒരു പൊതു ജാതി സ്വത്വത്തിലെയ്ക്ക് ഉള്‍ച്ചേര്‍ത്തു കൊണ്ട് തന്നെ ആണ് കേരള സാമൂഹ്യ മണ്ഡലത്തില്‍ കൂടുതല്‍ ഉയര്‍ന്ന ‘വിലപേശല്‍ ശേഷി’ സ്ഥാപിച്ചെടുത്തത് എന്നത് സുവ്യക്തമായി കാണാന്‍ സാധിയ്ക്കും.
അന്നത്തെ എസ എന്‍ ഡി പി സെക്രട്ടറിയും, ക്രാന്തദര്‍ശിയും ആയിരുന്ന സി വി കുഞ്ഞുരാമന്‍, തിരുവിതാകൂറിലെ നാടാര്‍ സമുദായത്തെ കൂടി ഈഴവ ജാതിയില്‍ ചേര്‍ക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഈയൊരു ‘വിലപേശല്‍ ശേഷി’ വര്‍ദ്ധിപ്പിയ്ക്കാന്‍ ഉള്ള ബുദ്ധിപരമായ നീക്കം ആയിരുന്നു.(അന്ന് നാടാന്മാര്‍ അതിനു വഴങ്ങി ഇരുന്നു എങ്കില്‍ കേരളത്തിന്റെ ചരിത്രം മറ്റൊന്നായേനെ).
അങ്ങനെ കേരളീയ സമൂഹത്തില്‍ ചിതറിക്കിടന്ന ഉപജാതി അവാന്തര വിഭാഗങ്ങളെ ഒന്നാക്കി വിളക്കിച്ചേരത് കൊണ്ട് സ്ഥാപിച്ചെടുത്ത ‘കൃത്രിമ സ്വത്വങ്ങള്‍’ ഉപയോഗിച്ചും,പലവിധ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിച്ചു സവര്‍ണ ഹിന്ദു നേതൃത്വത്തെ ഭീഷണിപ്പെടുത്തിയും ഒക്കെ തന്നെ ആണ് അവരൊക്കെ ഹിന്ദു ജാതി ശ്രേണിയില്‍ ‘കൂടുതല്‍ മെച്ചപ്പെട്ട’ സ്ഥാനങ്ങള്‍ നേടിയെടുത്തത് എന്നതാണ് ചരിത്രം.
അതാണ് കേരളത്തിലെ ‘പുരോഗമന ബുദ്ധി ജീവികള്‍’ കൊണ്ടാടുന്ന കേരളീയ നവോത്ഥാനം . അവര്‍ പല വേദികളിലും ആശ്ചര്യപ്പെടുന്ന ‘കേരളീയ സമൂഹത്തിന്റെ ജാതി ഭേദത്തിലെയ്ക്കുള്ള തിരിച്ചു പോക്ക്’ എന്ന ക്ലീഷേ ഈയൊരു അടിസ്ഥാന സാമൂഹിക ചരിത്ര കാഴ്പ്പാടിലുള്ള കുറവ് മൂലം സംഭവിക്കുന്നതാണ്. അവര്‍ അവകാശപ്പെടുന്ന ഈ ‘ജാതി വിരുദ്ധ നവോത്ഥാനം’ നടന്നത് ജാതി സംഘടനകളായ യോഗക്ഷമ സഭയുടെയും, എന്‍ എസ് എസിന്റെയും, എസ എന്‍ ഡി പിയുടെയും ഒക്കെ നേതൃത്വത്തില്‍ ആണെന്നത് പോലും അവരെ ചിന്തിപ്പിക്കുന്നില്ല എന്നത് നമ്മുടെ ‘സെക്യുലാര്‍ ബുദ്ധി ജീവിതം’ എത്ര മേല്‍ ശുഷ്‌കം ആണ് എന്നതിന്റെ വേദനിപ്പിക്കുന്ന ദൃഷ്ടാന്തമാണ്.
ദളിതുകള്‍ക്കിടയിലും സമുദായ സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കുള്ള ഉജ്ജ്വലമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ദളിത് സമൂഹത്തിലെ നിരവധിയായ മനുഷ്യ സ്‌നേഹികള്‍,മഹാത്മാ അയ്യന്‍ കാളി, പൊയ്കയില്‍ അപ്പച്ചന്‍ ,കെ.പി.വള്ളോന്‍ , പണ്ഡിറ്റ് കറുപ്പന്‍, പാമ്പാടി ജോണ്‍ ജൊസഫ് അങ്ങനെ നിരവധി മനുഷ്യര്‍, ഈ സമൂഹങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൈ-മെയ് മറന്നു നടത്തിയ പരിശ്രമങ്ങള്‍ പക്ഷെ, ഈ ജനതയുടെ ജിവിത സാഹചര്യങ്ങളുടെയും , കേരളത്തിലെ പ്രബലമായിരുന്ന, അങ്ങേഅറ്റം മനുഷ്യത്വ വിരുദ്ധം ആയിരുന്ന ജാതി മേല്‌ക്കോയ്മയിലൂടെ അടിച്ചേല്‍പ്പിക്കപ്പെട്ട പരിപൂര്‍ണമായ സാമുദായികവും, മാനസികവും സാംസ്‌കാരികവും ആയ അടിമത്തം മൂലം അവര്‍ക്കുണ്ടായിരുന്ന അനൈക്യവും, വിദ്യാഭ്യാസപരമായ കടുത്ത പിന്നോക്കാവസ്ഥയും, സര്‍വോപരി അവര്‍ തമ്മില്‍ തമ്മിലാചരിച്ചിരുന്ന ജാതിഭേദവും, അയിത്തവും ചേര്‍ന്ന ദൂഷിത വലയം അമ്പേ പരാജയപ്പെടുത്തിക്കളഞ്ഞു എന്നത് ചരിത്രം.
അതിന്റെ ഫലമോ അയ്യങ്കാളിയുടെ ‘സാധുജന പരിപാലന സംഘം’ എന്ന, എല്ലാ ദളിതുകളും ഉള്പടെണ്ടി ഇരുന്ന സംഘടന ‘വൈദിക ഹിന്ദു വൈജ്ഞാനിക സാഗരത്തില്‍’ കുളിച്ചു കുറിതൊട്ട് ‘KPMS’ എന്ന ട്രോജന്‍ കുതിരയായി ദളിതുകളുടെ സാമൂഹികവല്‍ക്കരണം എന്ന അനിവാര്യതയെ TORPEDO ചെയ്തു കൊണ്ടേ ഇരിക്കുന്ന കാഴ്ചയാണ് ചരിത്രം പിന്നീട് കാണുന്നത്. അതേ ദുര്യോഗം തന്നെ ആയിരുന്നു കേരള ചരിത്രത്തിലെ ‘ഉജ്ജ്വല വ്യക്തിത്വങ്ങളില്‍ ഒന്നാമനായ’ പോയ്കയില്‍ കുമാര ഗുരുവിന്റെ ‘പ്രത്യക്ഷ രക്ഷാ ദൈവ സഭ’ എന്ന ദളിതുകളുടെ ‘തനതു ആത്മീയ പ്രസ്ഥാനത്തിനും’ സംഭവിച്ചത്. അത് ഇന്ന് ഏറെ ഹൈന്ദവവല്ക്കരിക്കപ്പെട്ട ഒരു അശ്ലീലമായി നില നില്‍ക്കുന്നു. മറ്റൊരു കഷണം ക്രിസ്ത്യാനികള്‍ അടിച്ചുമാറ്റി,അപ്പച്ചന്റെ എല്ലാ വിപ്ലവ പ്രവര്‍ത്തനങ്ങളുടെയും സ്മരണകളെപ്പോലും വികൃമാക്കി മാറ്റിത്തീര്‍ത്തു എന്നതാണ് അപ്പച്ചന്റെ ദുരന്തം.
കേരളത്തിലെ ദളിത സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, അന്യോന്യം പകയും കുശുമ്പും സൂക്ഷിക്കുന്ന പല ജാതികളുടെയും ഉപജാതികളുടെയും ഒക്കെ ഒരു ‘അവിയല്‍’ ആണ് അത് എന്ന് കാണാന്‍ കഴിയും. അവരുടെ ഇടയില്‍ ഉള്ളത് പോലെ ഭേദ ചിന്തകള്‍ സവര്‍ണ ഹിന്ദുക്കള്‍ പോലും അവരോടു വച്ച് പുലര്‍ത്തുന്നില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തി അല്ല. അത്തരം അനൈക്യത്തിന്റെ പരിണതഫലം എന്നത്, അവരുടേത് പോലെ ഉള്ള അടിമ ചരിത്രം ഉള്ള ഈഴവര്‍ ഒക്കെ കേരളത്തില്‍ പ്രബല സമൂഹം ആയപ്പോഴും, ദളിതുകള്‍ തമ്മില്‍ തല്ലിയും അന്യോന്യം പാരവച്ചും ഒക്കെ അങ്ങ് കഴിഞ്ഞു കൂടി എന്നതാണ്. ബാബാസാഹെബ് അംബേദ്കര്‍ എന്ന മഹാമനുഷ്യന്റെ കരുതല്‍ മൂലം ഏര്‍പ്പെടുതപ്പെട്ട, ഭരണഘടനാപരമായി ലഭിക്കാന്‍ അര്‍ഹത ഉള്ള പരിരക്ഷകള്‍ പോലും നേടി എടുക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു പോയ ദയനീയ ചരിത്രം ആണ് ഇരുപതാം നൂറ്റാണ്ടിലെ ദളിത ചരിത്രം. ദളിതുകള്‍ക്കായി നീക്കി വയ്ക്കപ്പെട്ട പദ്ധതി തുകകള്‍ ചെലവാക്കാതെ ലാപ്‌സാക്കുകയും, കള്ളന്മാരായ ഉദ്യോഗസ്ഥ-രാഷ്ട്രീയ ദൂഷിത വലയം കട്ടുമുടിച്ച് തടിച്ചു കൊഴുത്തപ്പോള്‍, ദളിത് സമൂഹം ‘ലോകം കീഴ്‌മേല്‍ മാറി മറിഞ്ഞു, ഞങ്ങള്‍ മാത്രം അറിഞ്ഞില്ലോന്നും’ എന്ന് പാട്ടും പാടി റിപ് വാന്‍ വിങ്കിളിന്റെ ഉറക്കം ഉറങ്ങുകയായിരുന്നു. അവരെ സവര്‍ണ വര്‍ഗം മുഖ്യ-ധാരാ സമൂഹത്തിനു പുറത്തു പുത്തന്‍-അസ്പ്രശ്യ കോളനികളില്‍ അടച്ചിടുകയും മുഖ്യധാരാ വ്യവഹാരങ്ങളില്‍ നിന്നും ആട്ടി ഓടിക്കയും ഒക്കെ ചെയ്തത് അവര്‍ പോലും തിരിച്ചറിഞ്ഞില്ല എന്നത് അവരുടെ ‘വലിയ പിഴയായി’ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടു കിടക്കുന്നുണ്ട്. അയ്യങ്കാളിക്ക് ശേഷം എത്ര വിദ്യാലയങ്ങള്‍ സ്വന്തമായി തുടങ്ങാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് ചോദിച്ചാല്‍ വലിയ ഒരു നെടുവീര്‍പ്പാകും ഉത്തരം. സര്‍ക്കാരില്‍ നിന്നും ലഭിയ്ക്കുന്ന ചുരുക്കം തൊഴിലുകള്‍, കുറച്ചു ‘നമ്പൂതിരി’ ബുദ്ധിജീവികള്‍, കുറെ ഏറെ സ്വന്തം ചരിത്രം പോലും ബോധ്യം ഇല്ലാത്ത ബിരുദ, ബിരുദാനന്തര ധാരികള്‍ കഴിഞ്ഞു അവരുടെ നേട്ടങ്ങള്‍. വ്യവസായം, വാണിജ്യം, കച്ചവടം, മറ്റു ‘കുലീന തൊഴിലുകള്‍’ മഷിയിട്ടു നോക്കിയാല്‍ കാണില്ല ഒരു ദളിതന്‍.അതിന്റെ ഒക്കെ സ്വാഭാവിക പരിണതി ആണ് ഇന്നവര്‍ അനുഭവിക്കുന്ന ഈ പുതിയകാല ‘ചവിട്ടിത്തേപ്പുകള്‍’.
ഇന്ന് കേരളത്തിലെ ദളിതുകള്‍ക്കിടയില്‍ സ്വന്തം സമൂഹത്തോട് ആത്മാര്ത്ഥമായ സ്‌നേഹം ഉള്ള ഏതെങ്കിലും കുറച്ചു പേര്‍ ഉണ്ടെങ്കില്‍ ആദ്യമായി ചെയ്യേണ്ട കാര്യം ദളിതുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന, അനേകം ജാതി, ഉപജാതി സ്വത്വങ്ങളില്‍ ആയി വിഭജിക്കപ്പെട്ടു അന്യോന്യം ഉച്ച-നീചത്ത ഭേദ ചിന്തകളില്‍ അഭിരമിച്ചു കഴിയുന്ന, മുഴുവന്‍ സമുദായങ്ങളെയും ഒരുമിച്ചു കൂടി ഒരു പൊതു സ്വത്വം ഉണ്ടാക്കാന്‍ ഉള്ള പരിശ്രമങ്ങള്‍ (പണ്ടത്തെ മഹാന്മാരായ നേതാക്കള്‍ തുടങ്ങി വച്ച എന്നാല്‍ പില്‍ക്കാലത്ത് ഉപേക്ഷിക്കപ്പെട്ട അടിയന്തിര കടമ) ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകുക എന്നതാണ്. അതോടൊപ്പം ദളിതുകളില്‍ അടിചെല്‍പ്പിക്കപ്പെട്ട, സവര്‍ണ ഹിന്ദുവിന്റെ മാത്രം അനിവാര്യത ആയിരുന്ന ‘ഹിന്ദു സ്വത്വം’ എന്ന അശ്ലീല ചിന്തകളില്‍ നിന്നും അവരെ മോചിപ്പിക്കുക എന്നത് ‘ആത്മാഭിമാനം’ എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിന്റെ ആദ്യത്തെ പടിയാണ് എന്നത് അവരെത്തന്നെ മനസ്സിലാക്കിക്കുക എന്നതാണ്. ചരിത്രം പഠിയ്ക്കാന്‍ തയ്യാറായ ഏതൊരു ദളിതന്റെയും തിരിച്ചറിവാണ് ദളിതുകളുടെ ആജന്മ ശത്രുക്കള്‍ എന്നത് ഹിന്ദു ആണ്, ഹിന്ദു മാത്രം ആണ് എന്നത്. അത് ചരിത്രത്തില്‍ അങ്ങനെ ആയിരുന്നു ഇന്നും ഒരു മാറ്റവും കൂടാതെ അങ്ങനെ തന്നെ ആണ് എന്നതിന്റെ നേര്‍സാക്ഷ്യം ആണ് വടയാമ്പാടിയും’ അശാന്തനും മുതല്‍ നിരവധി സമീപകാല ദൃഷ്ടാന്തങ്ങള്‍. അതിനാല്‍ തന്നെ ദളിത സമൂഹം മനുഷ്യാവസ്ഥയില്‍ നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കില്‍ തങ്ങളില്‍ ഒരു മഹാവ്യാധി ആയി ബാധിച്ചിട്ടുള്ള ‘ഹിന്ദു’ മിത്ധ്യാ ബോധം മറികടക്കുക എന്നത് അത്രമേല്‍ അനിവാര്യം ആണ് എന്നത് മനസ്സിലാക്കുക. ബാബാസാഹെബ് വളരെ വ്യക്തമായി ഇക്കാര്യം അടിവര ഇട്ടു കൊണ്ട് ‘WHY GO FOR CONVERSION’ എന്ന ദളിതുകളുടെ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ വില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഇന്ത്യയിലെ സംഘ പരിവാരം ഏറ്റവും ഭയപ്പെടുന്ന വാര്‍ത്ത എന്നത് ദളിതുകളും മുസ്ലീമുകളും ആയി ഉണ്ടാകുന്ന ഐക്യത്തെ കുറിച്ചുള്ള വാര്‍ത്ത ആയിരിക്കും. അത്തരം ഏതൊരു ഐക്യവും അവരുടെ മേധാവിത്തത്തിന്റെ അവസാനം കുറിക്കും എന്നവര്‍ക്ക് അറിയാം. അതിനാല്‍ തന്നെ കേരളത്തിലെയും ദളിത് സമൂഹം, സ്വന്തം വ്യക്തിതവും വ്യതിരിക്തതയും നിലനിര്‍ത്തിക്കൊണ്ട് തന്നെ, കേരളത്തിലെ മുസ്ലീമുകളോടും, പിന്നോക്ക ക്രിസ്ത്യാനികളോടും ഒക്കെ ദൃഡമായ കൂടുകെട്ടു ഉണ്ടാക്കുവാനുള്ള അടിയന്തിര ശ്രമങ്ങള്‍ ആരംഭിക്കെണ്ടതും ‘ആത്മാഭിമാനത്തിന്റെ’ പുനസ്ഥാപനത്ത്തിന്റെ സുപ്രധാന ചവിട്ട് പടിയാണ്.
ഇതേ പോലുള്ള അടിയന്തിര കടമകള്‍ ഏറ്റെടുത്തു നടപ്പില്‍ വരുത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കുംപോള്‍ മാത്രമാണ് നിങ്ങളുടെ സമൂഹം ‘കര്‍തൃത്തം’ എന്ന ചരിത്രപരമായ അനിവാര്യതയിലെയ്ക്കും അങ്ങനെ സാമൂഹികമായ സമത്വം നേടിയെടുക്കാനുള്ള മുന്നുപാധികളുടെ പൂര്‍ത്തീകരണത്തിലേയ്ക്കുള്ള ‘പിച്ചവെയ്പ്’ എന്ന ‘തുടക്കവും’ തുടങ്ങുകയുള്ളൂ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply