ലോകബാലികാ ദിനവും കേരളവും
ഇന്ന് (ഒക്ടോബര്‍ 11) ലോകം സാര്‍വ്വദേശീയ ബാലികാ ദിനം ആചരിക്കുകയാണ്. 2030 ആവുമ്പോഴേക്കും വിവേചനങ്ങളില്ലാത്ത ലോകം പെണ്‍കുട്ടികള്‍ക്കും നല്‍കുക എന്നതാണ് സാര്‍വ്വ ദേശീയ ബാലികാ ദിനത്തിന്റെ മുദ്രാവാക്യം. പെണ്‍കുട്ടികളുടെ ജീവിതാവസ്ഥയില്‍ വളരെ മുന്നിലെന്നഭിമാനിക്കുന്ന പ്രദേശമാണല്ലോ കേരളം. എന്നാല്‍ മറ്റു പല മേഖലകളിലുമെന്ന പോലെ ഈ മേഖലയിലും കേരളം പുറകോട്ടു പോകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമൂഹ്യനീതി ഡയറക്ടറേറ്റ് തന്നെ പുറത്തുവിട്ടിരിക്കുന്ന പല കണക്കുകളും ഞെട്ടിക്കുന്നവയാണ്. പെണ്‍കുട്ടികളുടെ ആത്മഹത്യതന്നെ ഉദാഹരണം. സംസ്ഥാനത്തെ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 22.97 ആയിരിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ […]
ഇന്ന് (ഒക്ടോബര്‍ 11) ലോകം സാര്‍വ്വദേശീയ ബാലികാ ദിനം ആചരിക്കുകയാണ്. 2030 ആവുമ്പോഴേക്കും വിവേചനങ്ങളില്ലാത്ത ലോകം പെണ്‍കുട്ടികള്‍ക്കും നല്‍കുക എന്നതാണ് സാര്‍വ്വ ദേശീയ ബാലികാ ദിനത്തിന്റെ മുദ്രാവാക്യം. പെണ്‍കുട്ടികളുടെ ജീവിതാവസ്ഥയില്‍ വളരെ മുന്നിലെന്നഭിമാനിക്കുന്ന പ്രദേശമാണല്ലോ കേരളം. എന്നാല്‍ മറ്റു പല മേഖലകളിലുമെന്ന പോലെ ഈ മേഖലയിലും കേരളം പുറകോട്ടു പോകുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമൂഹ്യനീതി ഡയറക്ടറേറ്റ് തന്നെ പുറത്തുവിട്ടിരിക്കുന്ന പല കണക്കുകളും ഞെട്ടിക്കുന്നവയാണ്. പെണ്‍കുട്ടികളുടെ ആത്മഹത്യതന്നെ ഉദാഹരണം. സംസ്ഥാനത്തെ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് 22.97 ആയിരിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ 57. 8 ആണ്. ആണ്‍കുട്ടികളുടേത് ഴളരെ കുറവാണ്. എന്താണിതിനു കാരണം? ആണ്‍കുട്ടിക്കില്ലാത്ത പങ്കില ബോധം പെണ്‍കുട്ടിയിലേക്ക് അടിച്ചേല്‍പ്പിക്കുന്ന കേരളീയ പൊതുബോധം തന്നെയാണിവിടെ കുറ്റവാളി എന്നാണ് സാമൂഹ്യനീതി വകുപ്പ് തന്നെ പറയുന്നത്.
കൊട്ടിഘോഷിക്കുന്ന മറ്റൊന്ന് ആണ്‍കുട്ടി- പെണ്‍കുട്ടി അനുപാതമാണ്.
ആണ്‍-പെണ്‍ അനുപാതത്തില്‍ ഇപ്പോഴും കേരളം വളരെ മുന്നിലാണ്. പക്ഷെ ആ കാലം മാറുകയാണ്. ആറ് വയസ്സുവരെയുള്ള 1000 ആണ്‍കുട്ടികള്‍ക്ക് 963 പെണ്‍കുട്ടികളാണ് ഇപ്പോള്‍ കേരളത്തിലുള്ളത് . 2001ലെയും 2011ലെയും കാനേഷുമാരി കണക്കുകള്‍ ഈ പ്രശ്‌നത്തെ അടിവരയിടുന്നതാണ്. മറ്റു സംസ്ഥാനങ്ങളെപോലെ കേരളത്തിലും പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നു എന്നു സാരം. തീര്‍ച്ഛയായും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോധനയും ഗര്‍ഭച്ഛിദ്രവും ഇവിടേയും വ്യാപകമായിട്ടുണ്ട് എന്നു കരുതാം.
ഏറ്റവും ആശങ്കയുള്ള വിഷയം പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതു തന്നെ. 2016 ല്‍ മാത്രം പോക്‌സോ നിയമപ്രകാരം 2122 കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് . ഇതില്‍ 99 ശതമാനവും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രൂരമായ പീഡനങ്ങളാണ്.
കുട്ടികളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പോക്‌സോ നിയമം രംഗത്തുവരുന്നത്. അതുവരെ ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നല്‍കിയിരുന്നില്ല. അതിനാല്‍തന്നെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളില്‍ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. ലിംഗം ഉപയോഗിച്ച് മാത്രമല്ല മറ്റു മാര്‍ഗ്ഗങ്ങളിലൂടേയും കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ ലഭ്യമാക്കുക എളുപ്പമായിരുന്നില്ല. പതിനെട്ട് വയസ്സിനുതാഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും മാത്രമല്ല മറ്റു ലൈംഗികന്യൂനപക്ഷങ്ങള്‍ക്കും ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നു. ഈ നിയമപ്രകാരം പീഡനം നടത്തിയത് കുട്ടിയാണെങ്കിലും കേസ്സെടുക്കും. അവരുടെ വിചാരണ നടത്തുക ബാലനീതി നിയമപ്രകാരം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡായിരിക്കും എന്നു മാത്രം.
പോക്‌സോ പ്രകാരം പ്രകാരം പ്രവേശിത ലൈംഗികാതിക്രമം, ഗൗരവകര പ്രവേശിത ലൈംഗികാതിക്രമം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടിയെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍, വീഡിയോ, പുസ്തകം എന്നിവ നിര്‍മ്മിക്കുന്നത്, കാണിക്കുന്നത്, സൂക്ഷിക്കുന്നത് എല്ലാം ലൈംഗിക കുറ്റകൃത്യങ്ങളാണ്. ലൈംഗികാതിക്രമത്തിന്റെ ഫലമായി കുട്ടിക്ക് ഗുരുതരമായ പരിക്കുകളോ ശാരീരിക അസ്വാസ്ഥ്യമോ ജനനേന്ദ്രിയങ്ങള്‍ക്ക് ക്ഷതമോ സംഭവിക്കുക, ഗര്‍ഭിണിയാകുക, ശാരീരിക വൈകല്യം സംഭവിക്കുക, ദൈനംദിന കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കാതെ വരുക, എച്ച്.ഐ.വി. ബാധിതയാകുക, ജീവന് ഭീഷണിയുണ്ടാക്കുന്ന അസുഖങ്ങളോ അണുബാധയോ ഉണ്ടാകുക,, മാരകായുധങ്ങള്‍, തീ, ചൂടുള്ള വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് അക്രമം നടത്തുക എന്നിവക്ക് 6-ാം വകുപ്പനുസരിച്ച് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തംവരെ കഠിനതടവും പിഴയും ലഭിക്കും.
ഇത്രമാത്രം ശക്തമായ നിയമമുണ്ടായിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ വര്‍ദ്ധിക്കുന്നു എ്ന്നതാണ് ഖേദകരം. സ്വന്തം വീടും സ്‌കൂളും വാഹനങ്ങളുമടക്കം എല്ലായിടത്തും കുട്ടികള്‍ സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. അതോടൊപ്പം വിദ്യാഭ്യാസം കഴിയുന്നതിനും തൊഴില്‍ നേടുന്നതിനും മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കുന്ന പ്രവണതയും വര്‍ദ്ധിക്കുകയാണ്. പലയിടത്തും ശൈശവ വിവാഹം പോലും നടക്കുന്നു.
പെണ്‍കുട്ടികള്‍ നേരിടുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം ആര്‍ത്തവകാല ശുചിത്വത്തിന്റേതാണ്. ആര്‍ത്തവ കാലം ഇന്നുമവര്‍ക്ക് നരകമാണ്. പാരമ്പര്യ വിശ്വാസങ്ങള്‍ കയറ്റി വെക്കുന്ന വിലക്കുകള്‍ മൂലം മാനസികവും ശാരീരികവുമായി അങ്ങേയറ്റം തളര്‍ന്നു പോവുന്ന ആര്‍ത്തവകാലത്തെ നേരിടാന്‍ നമ്മുടെ സ്‌കൂള്‍ സംവിധാനങ്ങളും പൊതു കേന്ദ്രങ്ങളും ഇന്നും പര്യാപ്തമായിട്ടില്ല.
കുട്ടികളെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാന പ്രശ്‌നം വിനോദങ്ങലുടേയും കളികളുടേതുമാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കളിക്കാന്‍ ലഭിക്കാറില്ല. സ്‌കൂളുകളിലേയും പൊതു സ്ഥലങ്ങളിലെയും മൈതാനങ്ങള്‍ ഇന്നും ആണ്‍കുട്ടികളുടെ കുത്തക തന്നെ.
ഇങ്ങനെയുള്ള നിരവധി പ്രശ്‌നങ്ങളാണ് പെണ്‍കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ 1989ല്‍ ലോകനിലവാരത്തില്‍ കുട്ടികളുടെ അവകാശ ഉടമ്പടി നിലവില്‍വരികയും 1999ല്‍ ഇന്ത്യ അതില്‍ ഒപ്പുവക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമായും 4 അവകാശങ്ങളാണ് അതിലുള്ളത്. 1. ജീവിക്കാനുള്ള അവകാശം 2. സംരക്ഷിക്കപ്പെടാനുള്ള അവകാശം 3. വികാസത്തിനുള്ള അവകാശം 4. പങ്കാളിത്തത്തിനുള്ള അവകാശം. ഈ അവകാശങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുമ്പോള്‍ ഒരു കുട്ടിക്ക് സ്വന്തമായി പേരുണ്ടാവുകയും സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തോടെ ജീവിക്കാന്‍ സാധിക്കുകയും വിദ്യാഭ്യാസം നേടാനും അതുവഴി സമൂഹത്തിന്റെ ഭാഗമാകാനും അഭിപ്രായം പറയാനും അത് വഴി രാഷ്ട്രസമ്പത്തായി മാറാനും സാധിക്കുന്നു. എന്നാല്‍ ഇവയെ കുടുംബവും സമൂഹവും ഇനിയും ഗൗരവമായി മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in