ലോകം വളരുന്തോറും ഹൃദയം സങ്കോചിക്കുന്നുവോ

വി.എച്ച്.ദിരാര്‍ ഇന്ന് നവമ്പര്‍ നാല്. ഉപ്പ മരിച്ചിട്ട് ഒരാണ്ട് തികയുന്നു. എന്‍പത്തിരണ്ട് വര്‍ഷങ്ങളുടെ ജീവിതം അങ്ങനെ അവസാനിച്ചു. ഉപ്പയുടെ അവസാനനാളുകള്‍ അത്രയൊന്നും വേദനാജനകമെന്ന് പറഞ്ഞുക്കൂടാ. തീര്‍ത്തും അവശനായി കിടന്നത് അവസാനദിവസം മാത്രമായിരുന്നു. പിറ്റേദിവസത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടേ താന്‍ മരിക്കൂവെന്ന് ഉപ്പ പറഞ്ഞിരുന്നു. കാലമതിന് അനുവദിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടയോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചു. ആ യോഗത്തില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോഴുണ്ടായ വീഴ്ചയാണ് പെട്ടെന്ന് ആരോഗ്യം വഷളാക്കിയത്. ഓര്‍മ്മയും മറവിയും പങ്കിട്ടെടുത്ത വാടകമുറിയായിരുന്നു അവസാനവര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ […]

rrr

വി.എച്ച്.ദിരാര്‍

ഇന്ന് നവമ്പര്‍ നാല്. ഉപ്പ മരിച്ചിട്ട് ഒരാണ്ട് തികയുന്നു. എന്‍പത്തിരണ്ട് വര്‍ഷങ്ങളുടെ ജീവിതം അങ്ങനെ അവസാനിച്ചു. ഉപ്പയുടെ അവസാനനാളുകള്‍ അത്രയൊന്നും വേദനാജനകമെന്ന് പറഞ്ഞുക്കൂടാ. തീര്‍ത്തും അവശനായി കിടന്നത് അവസാനദിവസം മാത്രമായിരുന്നു. പിറ്റേദിവസത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടേ താന്‍ മരിക്കൂവെന്ന് ഉപ്പ പറഞ്ഞിരുന്നു. കാലമതിന് അനുവദിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടയോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചു. ആ യോഗത്തില്‍ പങ്കെടുത്ത് തിരിച്ച് വരുമ്പോഴുണ്ടായ വീഴ്ചയാണ് പെട്ടെന്ന് ആരോഗ്യം വഷളാക്കിയത്.
ഓര്‍മ്മയും മറവിയും പങ്കിട്ടെടുത്ത വാടകമുറിയായിരുന്നു അവസാനവര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ മനസ്സ്. ചിലപ്പോള്‍ ശരീരത്തില്‍നിന്നും സ്ഥലകാലങ്ങളില്‍ നിന്നും മനസ്സ് പറന്നകലും. വീട്ടുക്കാരും നാട്ടുക്കാരും അപരിചിതരാവും. ചിലപ്പോള്‍ കൂടുതല്‍ തെളിച്ചത്തില്‍ ഓര്‍മ്മയുടെ സൂര്യനുദിക്കും. അപ്പോള്‍ ഇരുണ്ടപൊത്തുകളില്‍നിന്ന് ഗ്രാമത്തിലെ ചരിത്രപുരുഷ•ാര്‍ സലാം പറഞ്ഞ് കടന്നുവരും. ഓര്‍മ്മയുടെ ചൂണ്ടയില്‍ കുരുങ്ങി അനുഭവങ്ങള്‍ വെളിയിലിറങ്ങും.
സിപിഐയുടെ മോസ്‌ക്കോ എന്നറിയപ്പെട്ടിരുന്ന ചേനം ഗ്രാമത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്ത ആദ്യകാലപ്രവര്‍ത്തകരിലൊരാളായിരുന്നു അദ്ദേഹം. മുമ്പേ മരിച്ചുപോയ കാട്ടിപ്പുര വാസു,ഐ.ജി വോലായുധന്‍ ഉപ്പ മരിച്ച് പത്ത് ദിവസത്തിനുശേഷം മരിച്ച പുതുപ്പിള്ളി വാസു തുടങ്ങിയവരായിരുന്നു മറ്റുള്ളവര്‍. ചേനം സെന്ററില്‍ ഉപ്പ നടത്തിയിരുന്ന ചായക്കടയായിരുന്നു നാട്ടുക്കാരുടെ രാഷ്ട്രീയപാഠശാല. രാവിതെ നാലുമണിയോടെ ചായക്കട ഉണരും .ആപ്പിള്‍ബീഡി പുകയൂതി നാല്ദിക്കില്‍ നിന്നും നാട്ടിന്‍പുറത്തെ ചരിത്രകാര•ാരെത്തും. പിന്നെ കപ്പിനും ഗ്ലാസിനുമിടയില്‍ പറക്കുന്ന ചായക്കൊപ്പം ചരിത്രവും അവിടെ സഞ്ചരിക്കും.ഭൂതകാലം വര്‍ത്തമാനകാലത്തിന്റെ കൈപിടിച്ച് നടക്കും. ഭാവനയും അനുഭവങ്ങളുംകൊണ്ട് അവര്‍ നിര്‍മ്മിക്കുന്ന വാങ്മയചിത്രങ്ങള്‍ക്ക് ഒരു പ്രത്യേകചേലുണ്ടായിരുന്നു.
പത്രമെത്തുന്നത് അഞ്ചരയോടെയാണ്, അതൊടെ ചര്‍ച്ചയുടെ ഭ്രമണകേന്ദ്രം രാഷ്ടീയമാവും.പിന്നെ ഉപ്പയും വാസേട്ടനുമായിരിക്കും ചര്‍ച്ച നയിക്കുക. സോദാഹരണകഥകളും പഴമൊഴികളും കലര്‍ത്തി പത്രവായനയുടെ ബലത്തില്‍ ഉപ്പയും പരന്നവായനയുടെ ബലത്തില്‍ വാസുവേട്ടനും മുന്നോട്ട് വെക്കുന്ന വാദമുഖങ്ങള്‍ക്ക് മുന്നില്‍ എതിര്‍ശബ്ദങ്ങള്‍ നിഷ്പ്രഭമാവും. സാധാരണക്കാരുടെ ഹൃദയങ്ങളില്‍ പാര്‍ട്ടിയെ പ്രതിഷ്ഠിക്കുന്ന അനൗപചാരികബോധവല്‍ക്കരണ പരിപാടിയായിരുന്നു അവ.അവയെല്ലാം കണ്ടു കേട്ടും കഴിഞ്ഞ സമ്പന്നമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ചായക്കട എനിക്ക് സ്‌ക്കൂളായിരുന്നുവെങ്കില്‍ ചായക്കടയുടെ മുകളിലുണ്ടായിരുന്ന പാര്‍ട്ടി ഓഫീസ് എനിക്ക് യൂണിവേഴ്‌സിറ്റിയായിരുന്നു. അവിടെ കിട്ടിയിരുന്ന പുസ്തകങ്ങളും മാഗസിനുകളുമാണ് എന്റെ വായനക്ക് പ്രചോദനമായത്.
ഉപ്പയുടെ ജീവിതത്തിലെ (എന്റേയും) ഒരു വലിയ വിഷമഘട്ടമായിരുന്നു എന്റെ വിവാഹം.മിശ്രവിവാഹമായിരുന്നിട്ടും ഉപ്പയും ഉമ്മയും അതില്‍ പങ്കെടുത്തു. ഹിന്ദുക്കളെ പങ്കെടുപ്പിച്ച് നാട്ടില്‍ നടന്ന ആദ്യത്തെ മുസ്ലീംവിവാഹം അവരുടേതായിരുന്നുവെന്ന് ഉപ്പയുടെ സുഹൃത്ത് വാസുവേട്ടന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.എന്തായാലും എന്റെ വിവാഹത്തിന്റെ പ്രതൃാഘാതങ്ങള്‍ വിചാരിച്ചതിനേക്കാള്‍ വലുതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ ചേനത്തെത്തുമ്പോള്‍ ഭീഷണിയും വാദപ്രതിവാദങ്ങളുംകൊണ്ട് നാട്ടിലെ അന്തരീക്ഷം വളരെ കലുഷമായിരുന്നു. ചേനത്തെ പിഡിപി എന്ന സംഘടനയാണ് എതിര്‍പ്പും ഭീഷണിയുയമായി രംഗത്ത് വന്നത് .അവര്‍ ഇസ്ലാമിന് നേരേയുള്ള വലിയഭീക്ഷണിയാണ് ഈ മിശ്രവിവാഹമെന്ന മട്ടില്‍ മുസ്ലീംകുടുംബങ്ങളില്‍ വലിയ പ്രചരണം നടത്തി. അവരുടെ വാശിക്ക് മുമ്പില്‍ പള്ളികമ്മറ്റി ഞങ്ങളുടെ കുടുംബത്തെ ഊരുവിലക്കുകയും ചെയ്തു. പിറ്റേദിവസം പള്ളിപ്രസിഡണ്ടിനെ കണ്ട് ഞാന്‍ കാര്യം തിരക്കിയപ്പോഴാണ് പിഡിപിയിലെ ചെറുപ്പക്കാരാണ് ഊര് വിലക്കാനായി വാശിപിടിച്ചതെന്ന് അറിഞ്ഞത്.പള്ളിക്കമ്മറ്റി അതിന് തയ്യാറാവാതായപ്പോള്‍ അവര്‍ പൊതുയോഗം വിളിച്ച്‌ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു.. പൊതുയോഗത്തില്‍ ഊര് വിലക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. അങ്ങനെ ആ പ്രമേയത്തിന്റെ പേരില്‍ വോട്ടെടുപ്പ് നടന്നു. ഊര് വിലക്കാനുള്ള പ്രമേയത്തിന് അനുകൂലമായി 51 പേര്‍വോട്ട് ചെയതു.എതിര്‍ത്ത് 49 പേരും. അങ്ങനെ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഊര് വിലക്ക് പാസായി. പ്രതിവിധി എന്തെന്ന് പ്രസിഡണ്ടിനോട് ഞാന്‍ ചോദിച്ചു. ഊര് വിലക്കിനെതിരെ 53 പേര്‍ ഒപ്പിട്ട ഒരു നിവേദനം സമര്‍പ്പിക്കാമെങ്കില്‍ അത് റദ്ദാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുകൊണ്ടൊന്നും എന്നെ തോല്പിക്കാന്‍ പറ്റില്ലെന്ന് ഉപ്പ വലിയവായയില്‍ ചായക്കടയില്‍ സംസാരിച്ചുക്കൊണ്ടിരുന്നുവെങ്കിലും ഉപ്പയുടെയും ഉമ്മയുടേയും മനസ്സിലെ ആശങ്കയുടെ ആഴം അവരുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു. മാത്രമല്ല, വധഭീഷണിയുമായി ഒരു ഊമകത്ത് ഉപ്പക്ക് ആയിടെ ലഭിക്കുകയും ചെയ്തിരുന്നു.
സംഘര്‍ഷരഹിതമായ ഒരു പ്രതിവിധിയാണ് ഞാന്‍ ആഗ്രഹിച്ചത്. പ്രത്യേകിച്ച് അക്കാലം വളരെ മോശമായിരുന്നു. ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് മാസങ്ങള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. വര്‍ഗ്ഗീയധ്രുവവീകരണത്തിന് രണ്ട് വിഭാഗത്തിലുമുള്ള ഉഗ്രവാദികള്‍ ആയുധം മൂര്‍ച്ചകൂട്ടുന്ന കാലമായിരുന്നു. ഈ പ്രശ്‌നം ആ നിലയില്‍ ഉപയോഗിക്കപ്പെടാനുള്ള സാധ്യത ഞാന്‍ മുന്നില്‍ കണ്ടിരുന്നു. അതുക്കൊണ്ട് നിവേദനവുമായി മുന്നോട്ട് പോകുന്നതാണ് ഉചിതമെന്ന് ഞാന്‍ വിചാരിച്ചു. . അതോടൊപ്പം തൃശ്ശൂരിലെ പൗരാവകാശപ്രവര്‍ത്തകരായ ശ്രീധരേട്ടനേയും റഹീമിക്കയേയും എം.സി.തൈക്കാടിനേയും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. അവര്‍ പത്രസമ്മേളനം വിളിച്ച് ഈ പ്രശ്‌നം സമൂഹശ്രദ്ധയില്‍ കൊണ്ടുവരാനും ആവശ്യമെങ്കില്‍ ചേനത്ത് വെച്ച് ഊരുവിലക്കിനെതിരെ ഒരു പൊതുയോഗം സംഘടിപ്പിക്കാനുമുള്ള നിര്‍ദ്ദേശം മുന്നോട്ടു വെച്ചു. നിവേദനവിദ്യയിലൂടെ പരിഹാരം ഉണ്ടാവുന്നില്ലെങ്കില്‍ ആ രീതിയില്‍ മുന്നോട്ടുപോകാമെന്ന് ഞാന്‍ സമ്മതിച്ചു.
ഉപ്പയുടെകൂടി സമ്മതത്തോടെ ഞാനും ചില സുഹൃത്തുക്കളും നിവേദനവുമായി മുസ്ലീം വീടുകളില്‍ കയറിയിറങ്ങി. ഒറ്റ ദിവസം കൊണ്ട് 50 പേര്‍ നിവേദനത്തില്‍ ഒപ്പിട്ടു.സന്ധ്യയോടുകൂടി അന്നത്തെ കറക്കം അവസാനിപ്പിച്ചു. രണ്ടൊപ്പുകൂടിയല്ലേ ആവശ്യമുള്ളൂ ഭൂരിപക്ഷത്തിന്.അത് നാളെ കുറച്ച്‌നേരം നടന്നാല്‍ കിട്ടാവുന്നതേയുള്ളൂ. എനിക്ക് വലിയ ആശ്വാസം തോന്നി. . ശ്രീധരേട്ടനേയും സുഹൃത്തുക്കളേയും കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനു വേണ്ടി ഞാന്‍ തൃശ്ശൂരിലേക്ക് പോയി. ഇനിയിപ്പോള്‍ അവരുടെ ഇടപ്പെടല്‍ തല്ക്കാലം ആവശ്യമില്ലെന്ന് തീരുമാനിച്ച് രാത്രിയില്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
രാത്രി 9 മണിയോടേ ചേനത്തെത്തി.ആളനക്കമില്ലാതെ ചേനം സെന്റര്‍. രാത്രി വളരെ വൈകിയും കിണര്‍തിണ്ടിലോ പീടികതിണ്ണയിലോ വര്‍ത്തമാനം പറഞ്ഞിരുന്നവര്‍ക്ക് എന്തുപറ്റിയെന്ന് ഞാന്‍ വിചാരിച്ചു. സെന്ററില്‍ നിന്നല്പം മാറി മുളങ്കൂട്ടങ്ങള്‍ക്കടിയില്‍ രണ്ട് അപരിചിതവാഹനങ്ങല്‍ കിടക്കുന്നത് ഞാന്‍ കണ്ടു. അറിയാതെ എന്റെ നെഞ്ചിടിപ്പ് ഉയര്‍ന്നു.
വീട്ടില്‍ കയറുമ്പോള്‍ കോലായിലെ തിണ്ണയിലിരുന്ന് കണ്ണ് തുറുപ്പിച്ച് ഒരാള്‍ എന്നെ നോക്കുന്നു. അകത്ത് ശരീരത്തിലെ ചോരയത്രയും ആരോ കുടിച്ചവറ്റിച്ചപോലെ വിറളിയമുഖവുമായി ചുമരും ചാരിനില്‍ക്കുന്ന ഉപ്പ. അരികില്‍ കസേരകളില്‍ ധാര്‍ഷ്ട്യഭാവത്തിലിരിക്കുന്ന അപരിചിതര്‍. ഭയത്തിന്റേയും നിസ്സഹായതയുടേയും കൊടുമുടിയിലെത്തുമ്പോള്‍ മനുഷ്യനുണ്ടാവുന്ന ഒരു വല്ലാത്ത ഭാവമായിരുന്നു ഉപ്പയുടേത്. ആര്‍ക്കും അതനുകരിക്കാനാവില്ല. ഒറ്റനോട്ടത്തില്‍ തന്നെ കൊള്ളിയാന്‍ വേഗത്തില്‍ അതെന്റെ നെഞ്ചില്‍ തുളച്ചുകയറി. ഉമ്മ അടുക്കളയിലുണ്ടാവുമെന്ന് ഞാനൂഹിച്ചു.പിന്നീട് വര്‍ഷങ്ങളോളം ആകുലമായ ആ രൂപത്തില്‍ മാത്രം ഉപ്പ എന്റെ ഹൃദയത്തില്‍ ജീവിച്ചു.
തിണ്ണയിലിരുന്ന ആളോട് നിങ്ങളാരാണ് എന്ന് ഞാന്‍ ചോദിച്ചു. അതിന് മറുപടി പറയാതെ പരുഷഭാവത്തിലയാള്‍ നിങ്ങളാണല്ലേ ദിരാര്‍ എന്ന് തിരിച്ച് ചോദിച്ചു. നിങ്ങളെ മനസ്സിലായില്ല എന്ന് ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു. അതിപ്പോള്‍ അറിയേണ്ട എന്ന് അയാള്‍. കൂടെ നില്‍ക്കുന്നവരുടെ മുഖത്തും കണ്ണുകളിലും ഓളം വെട്ടുന്ന ക്രൗര്യം കുടി കണ്ടതോടെ ഭയത്തിന്റെ ചതുപ്പിലേക്ക് ഞാനും വഴുതിവീണു.
അവര്‍ പത്തോ പന്ത്രണ്ടോ പേരുണ്ടായിരുന്നുവെന്നാണ് എന്റെ ഓര്‍മ്മ. പിഡിപിയുടെ സംസ്ഥാനആക്ടിംങ്ങ് ചെയര്‍മാനായിരുന്ന അബ്ദുള്ളയുടെ നേതൃത്തത്തിലാണ് അവരവിടെ വന്നത്. ആദ്യം അവര്‍ പള്ളിയിലാണ് പോയത്. ഊരുവിലക്കിനെ എതിര്‍ക്കുകയോ എന്നെ ആനുകൂലിക്കുകയോ ചെയ്യുന്നവരെ വെറുതെവിടില്ലെന്ന് അവിടെ വെച്ച് അവര്‍ ഭീഷണിമുഴക്കിയിരുന്നു. അതിന്റെ ഫലമായിരുന്നു വിജനമായ സെന്റര്‍. എന്തോ കുഴപ്പങ്ങള്‍ നടന്നേക്കുമെന്ന ഭീതി അന്തരീക്ഷത്തെ ചൂഴ്ന്ന്‌നിന്നു.
അതേ ഭീഷണി അതിനേക്കാള്‍ ശക്തമായി എന്റെ വീട്ടില്‍ അവര്‍ ആവര്‍ത്തിച്ചു. അവര്‍ എന്നോട് മാത്രം സംസാരിക്കണമെന്ന് പറഞ്ഞു. വീടിന്റെ മുകളില്‍നിലയിലിരുന്ന് അവര്‍ എന്നോട് സംസാരിച്ചു. സംസാരിച്ചു എന്ന് പറയുന്നത് ശരിയല്ല, ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതാണ് ശരി. ഇസ്ലാമിന് കളങ്കമേല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയേയും ഞങ്ങള്‍ സഹിക്കില്ലെന്നും അത്തരക്കാരെ കൈകാര്യം ചെയ്യുമെന്നുമാണ് അവര്‍ പറഞ്ഞത്. ഭൂമിയില്‍ പൊഴിക്കുന്ന ഓരോ തുള്ളിചോരക്കും സ്വര്‍ഗ്ഗത്തില്‍ കണക്ക് പറയുമെന്ന് വിശ്വസിക്കന്നവരാണ് ഞങ്ങളെന്ന കാര്യം അവര്‍ കൂട്ടിച്ചേര്‍ത്തു..അതുകൊണ്ട് കാഫിറിനെ കല്ല്യാണം കഴിച്ച നിങ്ങള്‍ ഈ വീട്ടില്‍ നില്‍ക്കാന്‍ പാടില്ല.
ഭാഗ്യത്തിന് അവരുടെ പ്രസംഗം നടക്കുന്നതിന്നിടയില്‍ നാട്ടിലെ സി.പി.എം നേതാവായ ഗോപിയേട്ടന്‍ വീട്ടില്‍ വന്നു. ഗോപിയേട്ടന്‍ താഴെ നിന്ന് തന്റെ സാന്നിദ്ധ്യമറിയിക്കാനെന്നോണം എന്നെ വിളിച്ച് ഞാനിവിടെയുണ്ട് എന്ന് അറിയിച്ചു.അതെനിക്ക് വലിയ ആശ്വാസം പകര്‍ന്നു. പേടികൊണ്ട് നാഡികളത്രയും മുറുകിനില്‍ക്കുകയായിരുന്നു അപ്പോള്‍. അവര്‍ എന്റെ മറുപടികാത്ത് എന്നെ തുറിച്ചുനോക്കി. തൊണ്ഠ വരണ്ടിരുന്നു. ഗോപിയേട്ടന്റെ ശബ്ദം നല്‍കിയ ഇത്തിരി ധൈര്യത്തില്‍ ഇന്ത്യയുടെ വര്‍ഗ്ഗീയധ്രുവീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നിലപാടുകള്‍ ഹൈന്ദവവര്‍ഗ്ഗീയതയെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ പറഞ്ഞു. മാതാപിതാക്കളെ നോക്കാനുള്ള ബാധ്യത ഒരു മകനെന്ന രീതിയില്‍ എനിക്കുണ്ടെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മാതാവിന്റെ കാലിന്നടിയിലാണ് സ്വര്‍ഗ്ഗരാജ്യമെന്ന ഖുറാന്‍ വാചകം ഞാന്‍ ഉദ്ധരിച്ചു. ഞങ്ങള്‍ക്ക് നിന്റെ പ്രസംഗം കേള്‍ക്കേണ്ട എന്ന് അവര്‍. നിങ്ങള്‍ ഇപ്പോള്‍ ഈ വീട്ടില്‍നിന്ന് ഇറങ്ങിപോകണമെന്ന് അവര്‍ എന്നോട് ആവര്‍ത്തിച്ചു. അതെന്റെ മാതാപിതാക്കള്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യുമെന്ന് മറുപടി പറഞ്ഞു. അങ്ങനെയാണെങ്കില്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് അവര്‍ ചാടി എഴുന്നേറ്റു. എന്റെ ഹൃദയത്തില്‍ നിന്ന് ഒരു കിളിപറന്നു. അവര്‍ എഴുന്നേറ്റ അതേ വേഗത്തില്‍ താഴേക്ക് സ്റ്റെപ്പുകളിറങ്ങിപോയി.
അന്ന് രാത്രി ഞങ്ങളാരും ഉറങ്ങിയില്ല.ഏത് രീതിയില്‍ ഈ പ്രശ്‌നത്തെ നേരിടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയും കിട്ടിയില്ല. വീട്ടുക്കാര്‍ ഞാന്‍ കാരണം ക്ലേശമനുഭവിക്കുന്നുവല്ലോ എന്ന വിചാരം എന്നെ കൂടുതല്‍ അലട്ടുകയും ചെയ്തു. തല്‍ക്കാലം വീട്ടില്‍നിന്ന് മാറിനില്‍ക്കാമെന്ന് ഉപ്പയോടും ഉമ്മയോടും ഞാന്‍ പറഞ്ഞു.അതിന്റെ ആവശ്യമില്ലെന്ന് അവര്‍ പറഞ്ഞുവെങ്കിലും അവരുടെ ഉള്ളിലെ ഭീതിയുടെ ആഴം എനിക്ക് കാണാമായിരുന്നു.
പിറ്റേദിവസം അതിരാവിലെ കോളിംങ്ങ് ബെല്ലിന്റെ ശബ്ദംകേട്ട് വാതില്‍തുറന്നപ്പോള്‍ മുന്നില്‍ എന്റെ നാട്ടുക്കാരന്‍ അബ്ദുള്‍ഖാദര്‍.അദ്ദേഹത്തിന്റെ മുഖത്ത് ഭയം. ഇന്നലെ പള്ളിയിലുണ്ടായ സംഭവം അയാള്‍ വിവരിച്ചു. അവര്‍ വലിയ കുഴപ്പക്കാരാണെന്നും അതുകൊണ്ട് തല്‍ക്കാലം വീട്ടില്‍നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്നും അയാള്‍ ഉപദേശിച്ചു. ജാള്യതയോടെ അയാള്‍ ഒരു കാര്യം കൂടി പറഞ്ഞു. ഊരുവിലക്കിനെതിരെ താന്‍വെച്ച ഒപ്പ് ഒഴിവാക്കിത്തരണമെന്നും….പിന്നീട് പലരും വന്നു ഒപ്പ് പിന്‍വലിക്കാന്‍..അതോടെ നാട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് ഞാന്‍ ഉറപ്പിച്ചു….
മതങ്ങള്‍ രാജ്യങ്ങളെപൊലെ സൈനികമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കരുതുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്.മതങ്ങള്‍ക്കിപ്പോള്‍ അഗ്നിപര്‍വ്വതങ്ങളേക്കാള്‍ ജ്വലനശേഷിയുണ്ട്. ഉത്തരാധൂനികകാലം –ലോകത്തെ വലുതാക്കിയപ്പോള്‍ മനസ്സുകളെ ചെറുതാക്കി. അങ്ങനെ പുതിയ നരനെ സ്വപ്നം കണ്ട ലോകം വിപണിയുടെ ഇന്ദ്രജാലത്തിനും സ്ഥാപനവല്‍കൃതമതത്തിന്റെ ഭ്രാന്തിനും കീഴടങ്ങിയ മനുഷ്യനെ സൃഷ്ടിച്ചു.രണ്ട് ദശാബ്ദം മുമ്പ് ഉപ്പയും അതുപോലുള്ള മനുഷ്യരും നേടിയ മനസ്സിന്റെ വലിപ്പവും മാനവികവും മതേതരവുമായ മൂല്യങ്ങളോടുമുള്ള പ്രതിപത്തിയും പുതിയകാലത്തിന് അന്യമായിക്കൊണ്ടിരിക്കുന്നു. ഈ വിചാരമാണ് ഇത്തരം ഒരു അനുസ്മരണകുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply