ലക്ഷ്യം വീട്ടിലേക്കുള്ള മടക്കമല്ല, മതസ്വാതന്ത്ര്യം തടയല്‍
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ ലക്ഷ്യം വീട്ടിലേക്കു തിരിച്ചുവരലല്ല. മറിച്ച് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തെ ഇല്ലായ്‌മ ചെയ്യലാണ്. അതിനായി അതേ സ്വാതന്ത്ര്യത്തിന്റെ പേരുതന്നെയാണ് അവരുപയോഗിക്കുന്നതെന്നു മാത്രം. മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ മതസ്വീകാര്യതയും വിശ്വാസ സംരക്ഷണവും മതപ്രചാരണവും ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. പ്രസ്‌തുത സ്വാതന്ത്രം ഇല്ലായ്‌മചെയ്യാനുള്ള ശ്രമങ്ങള്‍ കാലാകാലങ്ങളില്‍ നടന്നിട്ടുണ്ട്. 1960ല്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ബില്ല് അവതരിപ്പാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ അതുപേക്ഷിക്കുകയായിരുന്നു. […]
മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളുടെ ലക്ഷ്യം വീട്ടിലേക്കു തിരിച്ചുവരലല്ല. മറിച്ച് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തെ ഇല്ലായ്‌മ ചെയ്യലാണ്. അതിനായി അതേ സ്വാതന്ത്ര്യത്തിന്റെ പേരുതന്നെയാണ് അവരുപയോഗിക്കുന്നതെന്നു മാത്രം.
മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും സ്വതന്ത്രമായ മതസ്വീകാര്യതയും വിശ്വാസ സംരക്ഷണവും മതപ്രചാരണവും ഇന്ത്യന്‍ ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള വകുപ്പുകള്‍ പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. പ്രസ്‌തുത സ്വാതന്ത്രം ഇല്ലായ്‌മചെയ്യാനുള്ള ശ്രമങ്ങള്‍ കാലാകാലങ്ങളില്‍ നടന്നിട്ടുണ്ട്. 1960ല്‍ മതപരിവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് ബില്ല് അവതരിപ്പാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ മതിയായ പിന്തുണ ലഭിക്കാത്തതിനാല്‍ അതുപേക്ഷിക്കുകയായിരുന്നു. അതേസമയം ഒറീസ, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, ഛത്തീസ്‌ഗഡ് (2000), തമിഴ്‌നാട്, ഗുജറാത്ത്,ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ പാസാക്കി. ബലം പ്രയോഗിച്ചോ പ്രലോഭനങ്ങള്‍ നല്‍കിയോ അല്ലെങ്കില്‍ ചതിപ്രയോഗത്തിലൂടെയോ നടത്തുന്ന പരിവര്‍ത്തനങ്ങള്‍ തടയുക എന്നതാണ് ഈ നിയമങ്ങളുടെ ലക്ഷ്യമെന്നാണ് വ്യാഖ്യാനം. അതനുസരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടാവുന്ന ഒരു ക്രിമിനല്‍ കുറ്റമാണ്.
ഇന്ത്യയില്‍ ആദ്യഘട്ടങ്ങില്‍ ഏറ്റവുമധികം മതപരിവര്‍ത്തനങ്ങള്‍ നടന്നത് കേരളത്തിലായിരുന്നു. തലേദിവസംവരെ പൊതുനിരത്തിലോ വിദ്യാലയങ്ങലിലോ ആരാധനാലയങ്ങളിലോ പോകാനോ യഥാവിധി വസ്‌ത്രം ധരിക്കാനോ കഴിയാത്തവര്‍ക്ക് മതം മാറിയാല്‍ അതെല്ലാം കഴിയുന്നു എന്ന അവസ്ഥയില്‍ അതു സ്വാഭാവികമായിരുന്നു. മതപരിവര്‍ത്തനം തടയാനായിരുന്നു പ്രശസ്‌തമായ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിക്കപ്പെട്ടത് എന്ന വാദം ശക്തമാണല്ലോ. സമാനമായ രീതിയില്‍ ഇപ്പോഴും ഇന്ത്യയില്‍ പലയിടത്തും മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നതായി വാദമുണ്ട്. ഒപ്പം പണവംു മറ്റു പ്രലോഭനങ്ങളും നല്‍കിയും അതു നടക്കുന്നു എന്നും. അവതടയണമെന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കാന്‍ അധികബുദ്ധിയൊന്നും വേണ്ട.
എന്തായാലും സംഘപരിവാര സംഘടനകള്‍ ക്രിസ്‌മസ് ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിക്കാനിരുന്ന മതപരിവര്‍ത്തന ചടങ്ങിന്‌് അനുമതി നല്‍കില്ലെന്ന് ഉത്തര്‍പ്രദേശ് പോലിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ ധരം ജാഗരണ്‍ സമന്വയ് വിഭാഗും ബജ്‌രംഗ്‌ദളും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ 5000ഓളം പേരെ ഹിന്ദുമതത്തിലേക്കു മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ഉത്തരവ് മറികടന്ന് ചടങ്ങ് സംഘടിപ്പിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മോഹിത് അഗര്‍വാള്‍ വ്യക്തമാക്കി. പോലിസ് അനുമതി നിഷേധിച്ചാല്‍ തെരുവില്‍ നേരിടുമെന്നു പ്രഖ്യാപിച്ച് ബജ്‌രംഗ്‌ദള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാന പരിപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും സംസ്ഥാന സര്‍ക്കാരുകളാണ് നടപടിയെടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി മുഖ്‌താര്‍ അബ്ബാസ് നഖ്‌വി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് അനുമതി നിഷേധിക്കാന്‍ പോലിസ് തീരുമാനിച്ചത്. നാലായിരം ക്രിസ്‌ത്യാനികളെയും ആയിരം മുസ്‌ലിംകളെയും ഹിന്ദുമതത്തിലേക്കു തിരിച്ചുകൊണ്ടുവരും എന്നാണ് ധരം ജാഗരണ്‍ സമന്വയ് പ്രഖ്യാപിച്ചിട്ടുള്ളത്. പരിപാടിയുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ബി.ജെ.പി. എം.പി. യോഗി ആദിത്യനാഥ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനമല്ല നടത്തുന്നത്, സ്വമേധയാ മടങ്ങിവരാന്‍ തയ്യാറാകുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് ഹൈന്ദവ സംഘടനകള്‍ ചെയ്യുന്നത്, ചില കപട മതേതരവാദികളാണ് വര്‍ഗീയനിറം കൊടുത്ത് പ്രശ്‌നം പര്‍വതീകരിക്കുന്നത് എന്നിങ്ങനെയണ് സംഘപരിവാര്‍ ശക്തികളുടെ വാദം.
അലിഗഡിനു പുറമെ, റായ്‌ബറേലിയിലും `ഖര്‍ വാപസി’ ചടങ്ങ് സംഘടിപ്പിക്കുമെന്നു വിശ്വഹിന്ദു പരിഷത്ത് ജില്ലാ തലവന്‍ ഹരീഷ് ചന്ദ്ര ശര്‍മ വ്യക്തമാക്കി.
അതേസമയം പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും ആഗ്ര വേദ്‌നഗര്‍ കോളനിയിലെ പുരാനാ ഗിയാസ് ഗുദാം പ്രദേശത്തെ മുന്നൂറോളം പേരെ മതംമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റാരോപിതരായ രണ്ടുപേര്‍ നേരത്തേ മദ്യക്കടത്ത് കേസിലും അടിപിടിക്കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വീട്ടിലേക്കുള്ള മടക്കമെന്ന പേരിലുള്ള മതപരിവര്‍ത്തന പരിപാടി സംഘര്‍ത്തിലെത്തിക്കുകയും അതിന്റെ പേരില്‍ സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള മതപരിവര്‍ത്തനം പോലും നിരോധിക്കുന്ന നിയമം കൊണ്ടുവരാന്‍ തന്നെയാണ് ലക്ഷ്യമെന്നു കരുതുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍തന്നെ മതം മാരി വരുന്നവരെ എങ്ങനെയാണ് ഹിന്ദുവാക്കുക എന്ന ചോദ്യം ബാക്കിയാണ്. കാരണം ഹിന്ദുവിന് ഒറ്റക്ക് നിലനില്‍പ്പില്ലല്ലോ. കൂടെ ഒരു ജാതി വേണ്ടേ? മതം മാറിവരുന്നവരെ ഏതുജാതിയില്‍ ഉള്‍പ്പെടുത്തും? ഹിന്ദുമതത്തില്‍നിന്ന് മറ്റു മതങ്ങളിലേക്കു പോയവരെ പോലും ജാതി പിന്തുടരുന്ന കാലമാണല്ലോ ഇത്.
മതപരിവര്‍ത്തനം മാത്രമല്ല, മറ്റനവധി വര്‍ഗ്ഗീയ വിഷയങ്ങളും സംഘപരിവാര്‍ ശക്തികള്‍ ഉന്നയിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ക്രിസ്‌തുമസ് ദിനത്തില്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ചേക്കുമെന്ന, പിന്നീട് മന്ത്രി നിഷേധിച്ച വാര്‍ത്ത, ഭഗവദ് ഗീത ദേശീയഗ്രന്ഥമാക്കാനുള്ള ആവശ്യം, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ശിവസേനയുടെ ആവശ്യം, പാഠ്യപദ്ധതികളില്‍ വരുത്താന്‍ ശ്രമിക്കുന്ന മാറ്റങ്ങള്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്. ന്യൂനപക്ഷങ്ങളും മതേതരശക്തികളും വലിയ വെല്ലുവിളി തന്നെയാണ് നേരിടാന്‍ പോകുന്നതെന്ന് വ്യക്തം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in