റിമയും പാര്‍വ്വതിയും പറയുന്നത്
സിനിമാതാരങ്ങളായ റിമ കല്ലിങ്കലും പാര്‍വ്വതിയും ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍, പ്രതേകിച്ച് സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുക തന്നെയാണ്. ഒരു വിഭാഗം ഇരുവരേയും പിന്തുണക്കുമ്പോള്‍ വലിയൊരു വിഭാഗം ഇവര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പുതന്നെ സാമൂഹ്യവിഷയങ്ങളില്‍ ഇടപെടാറുണ്ടെങ്കിലും നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് റിമയേയും പാര്‍വ്വതിയേയും കൂടുതല്‍ സജീവമാക്കാന്‍ കാരണമാക്കിയതെന്നു കരുതാം. അതോടെതന്നെ വലിയൊരു വിഭാഗം ഇവര്‍ക്കെതിരെ രംഗത്തുണ്ട്. സിനിമാമേഖലയില്‍ നിന്നു പുറത്താക്കുമെന്ന ഭീഷണിവരെ ഇവര്‍ നേരിടുന്നുണ്ട്. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ വെച്ച് കസബ എന്ന […]
സിനിമാതാരങ്ങളായ റിമ കല്ലിങ്കലും പാര്‍വ്വതിയും ഉയര്‍ത്തിവിട്ട ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍, പ്രതേകിച്ച് സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുക തന്നെയാണ്. ഒരു വിഭാഗം ഇരുവരേയും പിന്തുണക്കുമ്പോള്‍ വലിയൊരു വിഭാഗം ഇവര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുമ്പുതന്നെ സാമൂഹ്യവിഷയങ്ങളില്‍ ഇടപെടാറുണ്ടെങ്കിലും നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് റിമയേയും പാര്‍വ്വതിയേയും കൂടുതല്‍ സജീവമാക്കാന്‍ കാരണമാക്കിയതെന്നു കരുതാം. അതോടെതന്നെ വലിയൊരു വിഭാഗം ഇവര്‍ക്കെതിരെ രംഗത്തുണ്ട്. സിനിമാമേഖലയില്‍ നിന്നു പുറത്താക്കുമെന്ന ഭീഷണിവരെ ഇവര്‍ നേരിടുന്നുണ്ട്.
തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ വെച്ച് കസബ എന്ന മമ്മുട്ടി സിനിമയെ ഉദാഹരിച്ച് ആ മേഖലയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്തതാണ് പാര്‍വ്വതിക്ക് വിനയായത്. പൃഥിരാജിനൊപ്പം പാര്‍വ്വതി അഭിനയിച്ച വരാന്‍ പോകുന്ന സിനിമക്കെതിരെപോലും പ്രചരണങ്ങള്‍ തുടരുകയാണ്. ഏറ്റവംു നിലവാരമില്ലാത്ത കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ നേരിട്ടത്. ഇപ്പോഴിതാ വീടുകളില്‍ പോലും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെ ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വിശദീകരിച്ചതാണ് റിമയെ വളഞ്ഞിട്ട് അക്രമിക്കാന്‍ കാരണമായത്. മീന്‍ വറുത്തത് പങ്കുവെക്കുമ്പോള്‍ എല്ലാവീടുകളിലും സ്ത്രീകള്‍ക്ക് ലഭിക്കാറ് ആര്‍ക്കും താല്‍പ്പര്യമില്ലാത്ത, അവശേഷിക്കുന്ന തലകഷണങ്ങളാകുമെന്ന് ആര്‍ക്കാണറിയാത്തത്. പാര്‍വ്വതി പൊതുയിടത്തെ ഒരു വിഷയമാണ് പറഞ്ഞതെങ്കില്‍ റിമ വീടിനകത്തെ വിഷയമാണ് പറഞ്ഞത്. രണ്ടിലേയും ആശയം ഒന്നാണ്, പച്ച പരമാര്‍ത്ഥവുമാണ്. എന്നാല്‍ പാര്‍വ്വതി പറഞ്ഞത് മമ്മുട്ടിക്കെതിരെയാണെന്നും റിമ പറഞ്ഞത് മീന്‍ കഷ്ണം കിട്ടാത്തതിനാലാണെന്നും വ്യഖ്യാനിക്കുന്ന അവസ്ഥയിലാണ് വലിയൊരു വിഭാഗം മലയാളികളുടേയും, പ്രതേകിച്ച് പുരുഷന്മാരുടെ പ്രതികരണം. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ പ്രബുദ്ധത തന്നെയാണ് ഇവിടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്.
പൊതുയിടങ്ങളിലെ സ്ത്രീപീഡനങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വീടിനകത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാമെല്ലാം പൊതുവില്‍ വിമുഖരാണ്. കുടുംബമെന്ന സ്ഥാപനത്തെ അത്രമാത്രം ഉദാരവല്‍ക്കരിക്കുന്നവരാണല്ലോ നാം. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അതിന്റെ വിശുദ്ധിയെ തകര്‍ക്കുമെന്നാണ് പൊതുധാരണ. അതാണല്ലോ സ്വാതന്ത്ര്യബോധത്തോടെ ഇനിയും അടിമകളായി ജീവിക്കേണ്ട എന്നു തീരുമാനിച്ച് വിവാഹമോചനം നടത്തുന്ന സ്ത്രീകളെ തന്റേടികളായി കാണുകയും കുടുംബമാഹാത്മ്യം ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്നത്. മുലപ്പാല്‍ മുതല്‍ കളിപ്പാട്ടങ്ങളിലും വവസ്ത്രങ്ങളിലും വിദ്യാഭ്യാസത്തിലും ഭക്ഷണത്തിലും തൊഴിലിലും വിവാഹത്തിലും പണം കൈകാര്യം ചെയ്യുന്നതിലും തുടങ്ങി മരണം വരെ കുടുംബത്തിനുള്ളിലും സ്ത്രീകള്‍ വിവേചനം നേരിടുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? ഏതൊരു സ്ത്രീക്കാണ് ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പറയാനില്ലാതിരിക്കുക? ഈ വിഷയത്തെയാണ് മീന്‍കഷ്ണത്തെ ഉദാഹരിച്ച് റിമ വിമര്‍ശിച്ചത്. അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെ മീന്‍ കി്ടടാത്തതിനാല്‍ റിമ ഫെമിനിസ്റ്റായി എന്നു വ്യാഖ്യാനിക്കുന്നവരെ കുറിച്ച് സഹതപിക്കുകയല്ലാതെ എന്തു ചെയ്യാന്‍? തൊട്ടടുത്ത സംസ്ഥാനങ്ങളിലൊക്കെ 50 ശതമാനത്തിനടുത്ത് സ്ത്രീകള്‍ ഒറ്റക്കു യാത്രചെയ്യുമ്പോള്‍ കേരളത്തിലത് 12 ശതമാനമാണെന്ന സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നല്ലോ. സ്ത്രീകളടക്കം ബഹുഭൂരിപക്ഷവും ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നത് തെറ്റായി പോലും കാണുന്നില്ല എന്നും സര്‍വ്വേയിലുണ്ട്. ഇതാണ് കേരളത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യം. താലിയെ വിശുദ്ധമായ എന്തൊക്കെയോ ആയാണ് സ്ത്രീകളടക്കമുള്ളവര്‍ കാണുന്നത്. ആ പവിത്രതയും മഹത്വവുമെല്ലാം പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കുന്നതുതന്നെ. ലിംഗ സമത്വമെന്ന ആശയം ഇന്നയിച്ച് ചെന്നൈയില്‍ അടുത്ത കാലത്തു നടന്ന താലി അഴിക്കല്‍ സമരമാണ് ഓര്‍മ്മയില്‍ വരുന്നത്. ദ്രാവിഡ കഴകം പാര്‍ട്ടിയായിരുന്നു അത്തരമൊരു സമരം സംഘടിപ്പിച്ചത്. ”സ്ത്രീത്വത്തോടുള്ള വിവേചനത്തിന്റെ അടയാളമാണ് താലി. അത് അഴിച്ചുമാറ്റിയതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. ലിംഗസമത്വം എന്ന ആശയത്തിന്റെ സാക്ഷാത്കാരമായിരുന്നു ഈ ചടങ്ങ്.”
എന്നായിരുന്നു സംഘാടകരുടെ നിലപാട്.
അതേസമയം മറ്റൊരു കോണില്‍ നിന്നും റിമക്കും പാര്‍വ്വതിക്കുമെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു വരുന്നുണ്ട്. അത് പ്രധാനമായും ഒരു അവര്‍ണ്ണപക്ഷത്തുനിന്നാണെന്നു പറയാം. ഹാദിയ, ചിത്രലേഖ, ഗോമതി തുടങ്ങി നിരവധി സ്ത്രീകള്‍ സമീപകാലത്ത് പല രീതിയില്‍ പീഡിക്കപ്പെട്ടപ്പോള്‍ ഇവരെല്ലാം എവിടെയായിരുന്നു എന്ന ചോദ്യമുന്നയിച്ച് സവര്‍ണ്ണഫെമിനസത്തെ തള്ളിക്കളയണമെന്ന പക്ഷമാണത്. തീര്‍ച്ചയായും അതില്‍ ശരിയുടെ ഒരു ഭാഗമുണ്ട്. എല്ലാമേഖലിയലുമെന്നപോലെ ഫെമിനിസത്തിലും കറുപ്പം വെളുപ്പുമുണ്ടെന്നതില്‍ സംശയമില്ല. ലിംഗപരമായ വിവേചനത്തേക്കാള്‍ രൂക്ഷവും അക്രമാസക്തവുമായ ഒന്നായി ജാതിപരമായ വിവേചനം നിലനില്‍ക്കുന്ന സമൂഹത്തില്‍ അതില്ലാതായാലാണ് അത്ഭുതപ്പെടേണ്ടത്. മേല്‍സൂചിപ്പിച്ചവരോടൊപ്പം അണിനിരക്കാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് അതിന്റെ പ്രകടമായ തെളിവുതന്നെയാണ്. സവര്‍ണ്ണാധിപത്യത്തിനെതിരെ മുല പറിച്ചെറിഞ്ഞ് പോരാടിയ നങ്ങേലിയും സിനിമാരംഗത്തെ ആദ്യനായിക റോസിയുമൊന്നും നമുക്ക് ഫെമിനിസ്റ്റുകളല്ലാത്തതും അതുകാണ്ടുതന്നെ. എന്തിനേറെ, തെരഞ്ഞെടുപ്പുകളില്‍ വനിതാസംവരണം നടപ്പാക്കുമ്പോള്‍ ഒപ്പം ജാതിസംവരണവും വെണമെന്ന ന്യായമായ ആവശ്യത്തെ പ്രമുഖപാര്‍ട്ടികളും പ്രശസ്ത ഫെമിനിസ്റ്റുകള്‍ പോലും അംഗീകരിക്കാത്തതും വെറുതെയല്ല. അപ്പോഴും സവര്‍ണ്ണസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ കാണാതിരിക്കുന്നത് സ്ത്രീവിരുദ്ധമാണ്. റോസിക്കൊപ്പം കുറിയേടത്തുതാത്രിയും ഹാദിയക്കൊപ്പം അക്രമിക്കപ്പെട്ട നടിയും നേരിട്ടത് പുരുഷാധിപത്യമൂല്യങ്ങള്‍ തന്നെയായിരുന്നു. തീര്‍ച്ചയായും ചില പ്രിവലേജുകള്‍ നല്‍കുന്ന ആനുകൂല്യം റിമക്കും പാര്‍വ്വതിക്കും മറ്റുമുണ്ടാകാം. എന്നല്‍ അതിന്റഎ പേരില്‍ അവരേയും അവരുന്നയിക്കുന്ന വിഷയങ്ങളേയും തള്ളിക്കളയുന്ന നിലപാടുകള്‍ മറ്റൊരുതലത്തിലുള്ള മൗലികവാദത്തിലാണ് എത്തുക. ഏതു വിഭാഗത്തില്‍ പെട്ടവരായാലും കുടുംബത്തിനകത്തും പൊതുയിടത്തിലും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളാണ് ഇവരുന്നയിക്കുന്നത്. അതിനോട് ഐക്യപ്പെടുകയാണ് യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in