രോഗാതുരമായ കേരളം

ഡോ.അരുണ്‍ മംഗലത്ത് ജീവിതത്തിന്റെ ദൈര്‍ഘ്യം നീട്ടുക. അതിനെ കൂടുതല്‍ സഹനീയവും ആസ്വാദ്യവുമാക്കുക എന്നതാണ് മനുഷ്യന് ഇതുവരെ സാധിക്കാനായ കാര്യം. അതിന് സാധിച്ചു തുടങ്ങിയതാകട്ടെ ഗണനീയമായും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉടലെടുപ്പോടെയാണു താനും. രോഗങ്ങളില്ലാതെ ജീവിക്കുക, ജീവിത ദൈര്‍ഘ്യം കൂട്ടുക, ഒരുപക്ഷേ മരണത്തെ പരാജയപ്പെടുത്തുക എന്നതൊക്കെ കാലാകാലങ്ങളായി മനുഷ്യരാശി സ്വപ്നം കാണുന്ന ലക്ഷ്യങ്ങളാണ്. എങ്കിലും ജീവിതത്തിലെ ഓരോ നിമിഷവും നമ്മള്‍ ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ആയ കാര്യങ്ങള്‍ ഓരോന്നും നമ്മെ പതുക്കെ മരണത്തിലേക്ക് നയിക്കുന്നു. നാം ശ്വസിക്കുന്ന പ്രാണവായു പോലും നമ്മെ […]

dddഡോ.അരുണ്‍ മംഗലത്ത്

ജീവിതത്തിന്റെ ദൈര്‍ഘ്യം നീട്ടുക. അതിനെ കൂടുതല്‍ സഹനീയവും ആസ്വാദ്യവുമാക്കുക എന്നതാണ് മനുഷ്യന് ഇതുവരെ സാധിക്കാനായ കാര്യം. അതിന് സാധിച്ചു തുടങ്ങിയതാകട്ടെ ഗണനീയമായും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉടലെടുപ്പോടെയാണു താനും.

രോഗങ്ങളില്ലാതെ ജീവിക്കുക, ജീവിത ദൈര്‍ഘ്യം കൂട്ടുക, ഒരുപക്ഷേ മരണത്തെ പരാജയപ്പെടുത്തുക എന്നതൊക്കെ കാലാകാലങ്ങളായി മനുഷ്യരാശി സ്വപ്നം കാണുന്ന ലക്ഷ്യങ്ങളാണ്. എങ്കിലും ജീവിതത്തിലെ ഓരോ നിമിഷവും നമ്മള്‍ ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ആയ കാര്യങ്ങള്‍ ഓരോന്നും നമ്മെ പതുക്കെ മരണത്തിലേക്ക് നയിക്കുന്നു. നാം ശ്വസിക്കുന്ന പ്രാണവായു പോലും നമ്മെ സാവധാനം കൊന്നു കൊണ്ടിരിക്കുകയാണ്. ഓക്‌സിജന്‍ ഉപയോഗിച്ചുള്ള ഊര്‍ജ നിര്‍മാണത്തിനിടക്ക് ശരീരത്തിന് ഹാനികരമാകുന്ന, ക്യാന്‍സറിന് പോലും കാരണമായേക്കാവുന്ന അനേകം ഫ്രീ റാഡിക്കലുകള്‍ ജനിക്കുന്നു. കോശങ്ങളുടെ സ്തരവും മറ്റും തകരാറിലാക്കുന്ന രാസവസ്തുക്കളും ശരീരം തന്നെ നിര്‍മ്മിക്കുന്നു. ഇതു ഭയന്ന് ശ്വസിക്കാതിരുന്നാലോ? അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ മരണം സുനിശ്ചിതമാണ്. ഇനി ഒന്ന് കാറ്റു കൊള്ളാന്‍ വെയിലത്തിറങ്ങി നടന്നാലോ? ഒരു പക്ഷേ ചര്‍മ്മത്തെ ബാധിക്കുന്ന ക്യാന്‍സറിനു വരെ സൂര്യരശ്മികള്‍ കാരണമായി എന്നിരിക്കാം. ജീവന്‍ നിലനിര്‍ത്താാന്‍ ഭക്ഷണം കഴിച്ചേ പറ്റൂ. എന്നാലോ, ഭക്ഷണത്തില്‍ ശരീരത്തിന്റെ ആവശ്യത്തിലധികം വരുന്ന ഊര്‍ജം നമ്മുടെ രക്തക്കുഴലുകളില്‍ കൊഴുപ്പായി അടിയും. സാവധാനം ഹൃദയാഘാതമോ പക്ഷാഘാതമോ തുടര്‍ന്നു മരണം തന്നെയും ഉണ്ടാകും. ഭക്ഷണത്തിലെ രാസവിഷങ്ങള്‍ നമ്മുടെ വൃക്കകളെയും കരളിനേയും സാവധാനം തകര്‍ക്കും. പ്രമേഹവും രക്താതിമര്‍ദ്ദവും വിരുന്നെത്തും. ചുരുക്കിപ്പറഞ്ഞാല്‍ മരണത്തെ ഒഴിവാക്കുക എന്നത് ചുരുങ്ങിയ പക്ഷം സമീപഭാവിയിലെങ്കിലും അസാധ്യമായ കാര്യമാണ്. ജീവിതത്തിന്റെ ദൈര്‍ഘ്യം നീട്ടുക. അതിനെ കൂടുതല്‍ സഹനീയവും ആസ്വാദ്യവുമാക്കുക എന്നതാണ് മനുഷ്യന് ഇതുവരെ സാധിക്കാനായ കാര്യം. അതിന് സാധിച്ചു തുടങ്ങിയതാകട്ടെ ഗണനീയമായും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഉടലെടുപ്പോടെയാണു താനും.
ഇത്തരത്തില്‍ മരണം വൈകിക്കുന്നതിലും ജീവിതനിലവാരം ഉയര്‍ത്തുന്നതിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളോട് താരതമ്യം ചെയ്താല്‍ വളരെ മുന്നിലാണ് നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥാനം. കണക്കുകള്‍ ഇതിനു സാക്ഷികളാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ രേഖപ്പെടുത്തിയ ശരാശരി ആയുര്‍ദൈര്‍ഘ്യം ഈ പട്ടികയില്‍ കാണാം. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 വര്‍ഷങ്ങളാണ്. കഴിഞ്ഞ നൂറു കൊല്ലങ്ങള്‍ക്കുള്ളില്‍ ഒരു മനുഷ്യന്റെ ജീവിത കാലം മുപ്പതു വര്‍ഷങ്ങള്‍ ദീര്‍ഘിപ്പിക്കാന്‍ നമുക്കു സാധിച്ചു എന്നത് അദ്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. എന്നാല്‍ സമീപ കാലങ്ങളില്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ അവ നേരിടേണ്ട പുതിയ വെല്ലുവിളികളെ ശരിയായി കൈകാര്യം ചെയ്യുന്നതില്‍ വിജയിക്കുന്നുണ്ടോ എന്ന പരിശോധന ആവശ്യമായിരിക്കുകയാണ്.
പ്രധാനമായും മനുഷ്യന്റെ ജീവനെടുക്കുന്ന രോഗങ്ങളെ രണ്ടായി തിരിക്കാം. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗാണുക്കള്‍ മൂലമുണ്ടാകുന്നവയാണ് പകര്‍ച്ചവ്യാധികള്‍. പൊടുന്നനെയുള്ള കൂട്ടമായ മരണങ്ങള്‍ക്ക് പൊതുവെ കാരണം ഇവയാണ്. നാടകീയമായ ഫലങ്ങള്‍ ഉണ്ടാകുന്നതിനാല്‍ രോഗചികിത്സയിലും പ്രതിരോധത്തിലും പ്രഥമ പരിഗണന ഇവയ്ക്കാണ് ലഭിച്ചു പോരുന്നത്. അതിനാല്‍ ആരോഗ്യപരമായി പുരോഗമിക്കുന്ന ഒരു സമൂഹം ആദ്യം ഇത്തരം രോഗങ്ങളെയാണ് നിര്‍മാര്‍ജനം ചെയ്യുക. ഇവകൂടാതെ, ഉയര്‍ന്നി ശിശുമരണ നിരക്ക്, ക്ഷാമം മൂലമുള്ള മരണങ്ങള്‍ എന്നിവയും വികസ്വര സമൂഹങ്ങളില്‍ ഉയന്നു നില്ക്കും. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാത്ത, ജീവിതരീതികളിലെ അനാരോഗ്യ പ്രവണതകള്‍ കാരണമുണ്ടാകുന്ന രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങള്‍ എന്ന ഗണത്തില്‍ പെടുന്നത്. പൊതുവെ നീണ്ട നാളത്തെ തെറ്റായ ജീവിത ശൈലി മൂലം ഉണ്ടായ രോഗങ്ങളാണ് ഇവ എന്നതിനാല്‍ പ്രായമായവരിലാണ് ഇവ കൂടുതല്‍ കാണപ്പെടുക. അതിനാല്‍ പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കപ്പെട്ട, എന്നാല്‍ ശരിയായ ജീവിത ശൈലിയെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഒരു സമൂഹം ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായിരിക്കും .
അമ്മാത്തു നിന്ന് പുറപ്പെടുകയും ചെയ്തു, ഇല്ലത്തൊട്ടു എത്തിയതുമില്ല എന്നതാണ് ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി. എപ്പിഡമോളജിക് ട്രാന്‍സിഷന്‍ എന്നു വിളിക്കപ്പെടുന്ന ഒരവസ്ഥയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. രോഗങ്ങളുടെ പരിവര്‍ത്തനകാലം എന്ന് ഇതിനെ ഏതാണ്ട് മലയാളീകരിക്കാം. നിയന്ത്രിച്ചു നിര്‍ത്തിയത് എന്നും പൂര്‍ണമായി തുരത്തിയത് എന്നും കരുതിയ പല പകര്‍ച്ചവ്യാധികളും ശക്തമായി തിരിച്ചുവരികയാണ് ഇന്ന്. കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ എന്നത്തേക്കാളും ഉയര്‍ന്ന തോതിലുമാണ്. അനുദിനം പ്രായം കൂടി വരുന്ന ജനതയുമാണ് ഇന്ന് കേരളത്തിലുള്ളത്. ഇതിനെല്ലാം പുറമെ കേരളത്തില്‍ നിലവിലുള്ള ഇടതുപക്ഷ സാമ്രാജ്യത്വവിരുദ്ധ മനോഭാവം മുതലെടുത്തുകൊണ്ട് പലവിധ വ്യാജ ചികിത്സാ വിഭാഗങ്ങളും അവരുടെ കൗണ്ടര്‍ നരേറ്റീവ് പ്രചരിപ്പിക്കുന്നതില്‍ വന്‍വിജയം നേടിക്കൊണ്ടിരിക്കുകയുമാണ്. എല്ലാംകൂടി നോക്കിയാല്‍ വളരെ സങ്കീര്‍ണ്ണതകളുള്ളതും വളരെയേറെ പഠനത്തിനു സാധ്യതയുള്ളതുമായ ഒരു സന്ദിഗ്ധ ഘട്ടത്തിലൂടെയാണ് കേരളത്തിന്റെ ആരോഗ്യരംഗം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
പകര്‍ച്ചവ്യാധികള്‍ തന്നെ ആദ്യം പരിശോധിക്കാം. വിവിധ തരം സൂക്ഷ്മാണുക്കളെ കൊണ്ടുണ്ടാകുന്ന രോഗങ്ങളെല്ലാം പൊതുജനങ്ങളുടെ കണ്ണില്‍ പനി രോഗങ്ങള്‍ക്ക് കീഴില്‍ വരുന്നു. ഇവയെയെല്ലാം ഒന്നിപ്പിക്കുന്ന ലക്ഷണം പനി ആണെന്നതാണ് കാരണം. ഈ വര്‍ഷം ഇതിനകം തന്നെ നിയന്ത്രണാതീതമായി പടര്‍ന്നു പിടിച്ച വിവിധ തരം പനികള്‍ മുന്നൂറോളം ആളുകളുടെ ജീവനെടുത്തു കഴിഞ്ഞു. പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള ആശങ്ക സംസ്ഥാനത്ത് പനിയെക്കാള്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയുമാണ്.
വായുവിലൂടെ പകരുന്നവ, ജലത്തിലൂടെ പകരുന്നവ, കൊതുകുകള്‍ പോലെയുള്ള രോഗാണു വാഹകരിലൂടെ പകരുന്നവ എന്നിങ്ങനെ ഈ രോഗങ്ങളെ പകരുന്ന രീതി അനുസരിച്ചു പല വിഭാഗമായി തിരിക്കാവുന്നതാണ്. ഇവയില്‍ മുന്‍ നൂറ്റാണ്ടുകളില്‍ കുപ്രസിദ്ധമായിരുന്ന പല രോഗങ്ങളും പ്രതിരോധ കുത്തിവെയ്പു വഴി നാം തൂത്തെറിഞ്ഞവയായിരുന്നു. തൊണ്ടമുള്ള് എന്ന ഡിഫ്തീരിയ, വില്ലന്‍ ചുമ എന്ന പെര്‍ട്ടൂസിസ്, അഞ്ചാം പനി എന്ന മീസില്‍സ്, ശിശുക്കളില്‍ വൈകല്യങ്ങള്‍ക്കു കാരണമാകുന്ന റൂബെല്ല എന്നിവ വാക്‌സിന്‍ വഴി നിയന്ത്രിക്കാവുന്ന രോഗങ്ങളാണ്. എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവ റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരികയാണ്.
കൊറിനി ബാക്ടീരിയം ഡിഫ്തീരിയ എന്ന രോഗാണു പരത്തുന്ന ഡിഫ്തീരിയ എന്ന അസുഖം പൊതുവേ കുട്ടികളെ ബാധിക്കാവുന്ന ഗുരുതരമാകാവുന്ന ഒരസുഖമാണ്. ദേശീയ പ്രതിരോധകുത്തിവയ്പ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിവരികയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ചില സങ്കുചിത മതവാദികളുടെയും വ്യാജവൈദ്യന്മാരുടെയും പ്രചാരണ ഫലമായി പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. പ്രചാരമുള്ള മാധ്യമങ്ങളെ ആശ്രയിച്ചു ചില ഉത്തരാധുനിക ബുദ്ധിജീവികള്‍ നടത്തുന്ന പ്രചാരണവും ഈ ഭവിഷ്യത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഫലമോ, പതിമൂന്നു ശതമാനം കുട്ടികള്‍ക്കും മുഴുവന്‍ പ്രതിരോധ വാക്‌സിനുകളും ലഭിക്കാത്ത അവസ്ഥ വന്നു. മലപ്പുറം പോലെയുള്ള പിന്നോക്ക ജില്ലകളിലാകട്ടെ നാലില്‍ ഒന്നു കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ന്ന് 2014 വെറും ഒരു കുട്ടിയെ മാത്രം ബാധിച്ച ഡിഫ്തീരിയ 2015ല്‍ 6 പേരെ ബാധിച്ചു 2016ലാകട്ടെ ഇത് 76 ആയി കുതിച്ചുയര്‍ന്നു. 2017 ല്‍ ഇതുവരെ 23 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗിച്ചു പൂര്‍ണമായും നിയന്ത്രിക്കാവുന്ന രോഗമായിട്ടു പോലും അനേകം മരണങ്ങളിലേക്ക് ഡിഫ്തീരിയ നയിക്കുകയും ചെയ്തു. സമാനമായ രീതിയിലാണ് വില്ലന്‍ ചുമയും തിരിച്ചുവന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ വാക്‌സിന്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഇനിയും കുറവുണ്ടാകുകയും നാം നിര്‍മാര്‍ജനം ചെയ്തു എന്ന് കരുതുന്ന പോളിയോ അടക്കമുള്ള രോഗങ്ങള്‍ തിരിച്ചു വരികയും ചെയ്‌തേക്കാം. ഗുരുതരമായ ഒരു ആരോഗ്യ പ്രതിസന്ധിക്കാകും ഇത് വഴിവെയ്ക്കുക.
എന്നാല്‍ ഇതിലും വലിയ പ്രതിസന്ധിയാണ് കൊതുകു വഴി പകരുന്ന രോഗങ്ങളില്‍ നിന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി സംസ്ഥാനം നേരിട്ടു കൊണ്ടിരിക്കുന്നത്. ഏതാണ്ടൊക്കെ തുരത്തിയ മലമ്പനി കാടുകളെയൊക്കെ വിട്ട് നഗരങ്ങളില്‍ ഭീഷണി ഉയര്‍ത്തുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു പ്രത്യക്ഷപ്പെടുന്ന മലേറിയ പടര്‍ന്നു പിടിക്കുന്നത് തടയാന്‍, കൊതുകു നിര്‍മാര്‍ജനത്തില്‍ കാണിക്കുന്ന ഉപേക്ഷ കാരണം നമുക്ക് സാധിക്കുന്നില്ല . 2011ല്‍ 1993 മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2015 ആയിട്ടും 1549ല്‍ എത്തിക്കാനേ സാധിച്ചുള്ളൂ. 2016ല്‍ മലമ്പനി കേസുകളുടെ എണ്ണത്തില്‍ അല്‍പ്പം പോലും കുറവുണ്ടാക്കാനും സാധിച്ചില്ല. ഈ നൂറ്റാണ്ടില്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ഡെങ്കി, ചിക്കുന്‍ഗുനിയ എന്നീ രോഗങ്ങളുടെ നിയന്ത്രണത്തിന്റെ കാര്യം ഇതിലും പരിതാപകരമാണ്. 2011ല്‍ 1300 ഡെങ്കി കേസുകളാണ് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2013ല്‍ ഇത് 7938 ആയി കുതിച്ചുയര്‍ന്നു. തുടര്‍ന്ന് വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും 2015ല്‍ അയ്യായിരത്തില്‍ പരം ഡെങ്കി കേസുകള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2016ലാകട്ടെ വീണ്ടും രോഗത്തിന്റെ വ്യാപ്തി വര്‍ധിച്ച് 7210 പേരെ ബാധിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഡെങ്കിപ്പനിയുടെ സങ്കീര്‍ണതകള്‍ മൂലം 82 പേരാണ് സംസ്ഥാനത്തു മരണപ്പെട്ടത് (2017 ലെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല).
കൊതുക് വഴി പടരുന്ന രോഗങ്ങളായ ചിക്കുന്‍ഗുനിയ, ജപ്പാന്‍ ജ്വരം എന്നു സംശയിക്കപ്പെടുന്ന മസ്തിഷ്‌കജ്വരം എന്നിവയും നിയന്ത്രിക്കാനായിട്ടില്ല എന്നതിനു പുറമെ ചെള്ളുകള്‍ പരത്തുന്ന രോഗങ്ങളായ സ്‌ക്രബ് ടൈഫസ്, കുരങ്ങുപനി (ഗ്യമമെിൗൃ എീൃലേെ റശലെമലെ) എന്നിവയും സംസ്ഥാനത്തു ശക്തി പ്രാപിച്ചു വരികയാണ്. 2011ല്‍ സ്‌ക്രബ് ടൈഫസോ കുരങ്ങുപനിയോ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2013ല്‍ സ്‌ക്രബ് ടൈഫസ് 68 പേരിലും കുരങ്ങുപനി ഒരാളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ഈ രണ്ട് രോഗങ്ങളും ആറിരട്ടിയായി. 2015ല്‍ സ്‌ക്രബ് ടൈഫസ് രോഗികളുടെ എണ്ണം ആയിരവും കുരങ്ങുപനി നൂറും കടന്നു. 2015 ല്‍ മാത്രം ഈ രണ്ട് രോഗങ്ങളും കൊണ്ട് 26 പേരാണ് സംസ്ഥാനത്തു മരണപ്പെട്ടത്.
സമാനമാണ് ജലജന്യ രോഗങ്ങളുടെയും അവസ്ഥ. മാരകമായേക്കാവുന്ന ജലജന്യരോഗമായ എലിപ്പനി 2012 ല്‍ സംസ്ഥാനത്ത് 732 പേരെയാണ് ബാധിച്ചതെങ്കില്‍ നാല് വര്‍ഷങ്ങള്‍ക്കു ശേഷം അത് 1702 ആയി കുതിച്ചുയര്‍ന്നു.
കഴിഞ്ഞ വര്‍ഷം മാത്രം 27 ആളുകളാണ് എലിപ്പനി മൂലം സംസ്ഥാനത്തു മരണപ്പെട്ടത്. ജല ശുദ്ധീകരണ നടപടികള്‍ കൊണ്ട് തടയാവുന്ന രോഗങ്ങളായ മഞ്ഞപ്പിത്തം, കോളറ എന്നിവ കുറച്ചു കൊണ്ടുവരാനായതു മാത്രമാണ് ഈ രംഗത്തെ നേട്ടം എന്ന് പറയാവുന്നത്. വായുവിലൂടെ പകരുന്ന വൈറല്‍ പനികളുടെ കൂട്ടത്തിലെ പുതുമുഖമായ പന്നിപ്പനിയും സംസ്ഥാനത്തെ പനിമരണങ്ങള്‍ക്ക് ഒരു മുഖ്യകാരണമാണ്.
പകര്‍ച്ചവ്യാധികള്‍ ഭീഷണമായ തോതില്‍ പടര്‍ന്നു പിടിക്കുകയാണെങ്കിലും അത്രമേല്‍ നാടകീയമല്ലാത്തതിനാല്‍ നമ്മുടെ കണ്ണില്‍ പെടാതെ പോകുന്ന വില്ലന്മാരാണ് ജീവിതശൈലീ രോഗങ്ങള്‍. ലോകത്താകമാനം ഏറ്റവുമധികം മരണങ്ങള്‍ക്ക് കാരണമാകുന്നത് ജീവിതശൈലീ രോഗങ്ങളാണ്. ഇന്ത്യയില്‍ അമ്പതു ശതമാനം മരണങ്ങള്‍ക്ക് കാരണമാകുന്നതും ഇവതന്നെ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ ഏറ്റവും മികച്ച ആരോഗ്യ സൂചികകള്‍ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ജീവിത ശൈലീ രോഗങ്ങള്‍ കേരളത്തിന് വന്‍ വെല്ലുവിളി ഉയര്‍ത്തുകയാണ്. നഗരവത്കരണം, സാമ്പത്തിക പുരോഗതി, അന്തര്‍ദേശീയ കുടിയേറ്റം, സമൂഹത്തിന്റെ വര്‍ദ്ധിച്ചു വരുന്ന പ്രായം എന്നിവ മൂലം ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളാണ് കേരളത്തെ കുരുക്കിയിരിക്കുന്നത്. മദ്യപാനം, പുകവലി, വ്യായാമരാഹിത്യം, അനാരോഗ്യകരമായ ഭക്ഷണം എന്നിവയാണ് ജീവിതശൈലീ രോഗങ്ങള്‍ക്കു പ്രധാന കാരണക്കാര്‍. ഹൃദയാഘാതം, പക്ഷാഘാതം, ടൈപ് 2 പ്രമേഹം, പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍, കരള്‍ സിറോസിസ്, ക്യാന്‍സര്‍ എന്നിവയൊക്കെയാണ് പ്രധാന ജീവിതശൈലീരോഗങ്ങള്‍.
കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ക്രമാനുഗതമായ ഉയര്‍ച്ചയിലാണ്. നിലവില്‍ കേരളത്തിലെ അഞ്ചിലൊന്നു പേരും പ്രമേഹരോഗികളാണ് എന്നാണു കണക്ക്. 1991ല്‍ ഇത് വെറും നാല് ശതമായിരുന്നു. ആഗോള ശരാശരി ഒന്‍പതു ശതമായിരിക്കെയാണ് കേരളത്തില്‍ അതിന്റെ ഇരട്ടി പ്രമേഹ ബാധിതര്‍ ഉള്ള അവസ്ഥയുണ്ടാകുന്നത്.
പ്രമേഹം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രായവും കുറഞ്ഞു വരികയാണ്. പ്രത്യേകിച്ചും നാല്പതു വയസിനു താഴെയുള്ള പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രമേഹരോഗനിര്‍ണയവും ചികിത്സയും വേണ്ടത്ര ഫലപ്രദവുമല്ല. രോഗികളില്‍ മൂന്നില്‍ ഒന്നു പേരും രോഗം ഉണ്ടെന്നു തന്നെ തിരിച്ചറിയാത്തവരാണ്. രോഗനിര്‍ണയം കഴിഞ്ഞവരില്‍ പോലും 68 % ആളുകളേ എന്തെങ്കിലും രീതിയിലുള്ള ചികിത്സ സ്വീകരിക്കുന്നുള്ളൂ. തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളായ ഹൃദ്രോഗം, നേത്രപടലത്തിനുണ്ടാകുന്ന തകരാറ്, നാഡീക്ഷയം, പക്ഷാഘാതം എന്നിവയും സംസ്ഥാനത്തു വര്‍ധിച്ചു വരികയാണ്.
സമാനമാണ് രക്താതിമര്‍ദ്ദത്തിന്റെ കഥയും. 25 വയസിനു താഴെയുള്ള രക്താതിമര്‍ദ്ദ രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇരട്ടിയായിരിക്കുകയാണ്. ചില കണക്കുകള്‍ പ്രകാരം 40% ആളുകള്‍ രക്താതിമര്‍ദ്ദ ബാധിതരാണ്. ദേശീയ ശരാശരിയേക്കാള്‍ പത്തു ശതമാനം അധികമാണ് ഇത്. രോഗബാധിതരില്‍ വെറും 37% ആളുകള്‍ മാത്രമേ ഇതിനെക്കുറിച്ച് അറിവുള്ളവരുള്ളൂ. ഇതില്‍ത്തന്നെ 27% പേരേ ചികിത്സ സ്വീകരിക്കുന്നുള്ളൂ. പ്രായമേറുന്ന സമൂഹമായ കേരളത്തില്‍ അറുപതു വയസിനു മുകളില്‍ പ്രായമുള്ള ആളുകളില്‍ ഏതാണ്ട് അറുപതു ശതമാനം പേരും രക്താതിമര്‍ദ്ദ രോഗികളാണ് എന്ന കണക്കും ഞെട്ടല്‍ ഉളവാക്കുന്നതാണ്. പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ധനയിലാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങളില്‍ 15%വും ഇത്തരം ശ്വാസകോശ രോഗങ്ങള്‍ മൂലമാണ്. ഇന്ത്യയുടെ ദേശീയ ശരാശരിയുടെ മൂന്നിരട്ടി വരെയാണ് കേരളത്തിലെ ശ്വാസകോശ രോഗികളുടെ എണ്ണം.
ക്യാന്‍സര്‍ ആണ് ഭീതി പരത്തുന്ന മറ്റൊരു വില്ലന്‍. നിലവില്‍ ജനസംഖ്യയുടെ ഒരു ശതമാനം ആളുകളാണ് ക്യാന്‍സര്‍ ബാധിതരെങ്കിലും ശരാശരി പ്രായം ഉയര്‍ന്നു വരുന്നതനുസരിച്ച് ഇത് വര്‍ധിച്ചുവരാനാണ് സാധ്യത കാണുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്ത ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായത്. ക്യാന്‍സര്‍ രജിസ്ട്രിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 35000 ക്യാന്‍സര്‍ രോഗികളാണ് സംസ്ഥാനത്തു പുതുതായി ഉണ്ടാകുന്നത്. ഇതില്‍ നാല്‍പതു ശതമാനം വരെ വര്‍ധന ഓരോ വര്‍ഷവും ഉണ്ടാകുന്നുണ്ടത്രേ. ക്യാന്‍സറുകളില്‍ പകുതിക്കും കാരണം പുകവലിയോ പുകയില ഉത്പന്നങ്ങളോ ആണ്.
ഹൃദയത്തിനെയും രക്തക്കുഴലുകളെയും ബാധിക്കുന്ന അസുഖങ്ങളാണ് കേരളത്തില്‍ നാല്‍പ്പതു ശതമാനം മരണങ്ങള്‍ക്കും കാരണമാകുന്നത്. 2015ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 20നും 70നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ പത്തു ശതമാനത്തിലധികം പേര്‍ ഹൃദ്രോഗ ബാധിതരാണ്. സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുന്ന ഹൃദയാഘാതങ്ങളില്‍ അഞ്ചില്‍ ഒന്നും ഉണ്ടാകുന്നത് നാല്പത്തഞ്ചു വയസു പോലും തികയാത്തവരിലാണ് എന്നത് ആശങ്കാജനകമാണ്. ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ ജനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയാല്‍ മൂന്നു മുതല്‍ ആറു മടങ്ങു വരെ അധികമാണ് കേരളത്തിലെ ഹൃദയാഘാത നിരക്ക്. കേരളത്തിലെ പുരുഷന്മാരില്‍ അറുപതു ശതമാനത്തോളം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളും 65 വയസിനു താഴെയായിരിക്കെ അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ 65 വയസിനു താഴെയുള്ള പുരുഷന്മാര്‍ ഹൃദയാഘാതം മൂലം മരിക്കുന്നത് വെറും 12% മാത്രമാണ്. ഏതാണ്ട് സമാനമാണ് പക്ഷാഘാത കണക്കുകളും.
ഈ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്ന ജീവിതശൈലികള്‍ സംസ്ഥാനത്തു വര്‍ധിച്ചു വരികയാണ്. പതിനഞ്ചു വയസിനു മുകളില്‍ ഉള്ളവരില്‍ 13%വും പുകവലിക്കാരാണെങ്കിലും മറ്റു രീതിയിലുള്ള പുകയില ഉപയോഗം ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തില്‍. പുരുഷന്മാരിലാണ് പുകവലി ശീലം കൂടുതലായി കാണപ്പെടുന്നത്(28%). സ്ത്രീകളില്‍ ഇത് ഒരു ശതമാനത്തിലും താഴെയാണ്. മദ്യപാനത്തിന്റെ കണക്കുകളും സമാനമാണ്. പതിനഞ്ചു വയസിനു മേലില്‍ പ്രായമുള്ളവരില്‍ 23% പേരും സ്ഥിരമായി മദ്യപിക്കുന്നവരാണ്. പുരുഷന്മാരാണ് ബഹുഭൂരിപക്ഷവും. പ്രതിവര്‍ഷം ശരാശരി കേരളീയന്‍ അകത്താക്കുന്നത് 10.2 ലിറ്റര്‍ മദ്യമാണ്. ദേശീയ ശരാശരിയോട് അടുത്തുനില്‍ക്കുന്ന ഒരു സംഖ്യയാണ് ഇത്. പൊണ്ണത്തടിയും ശരീരവ്യായാമം ഇല്ലാത്തതും ഒരു പ്രധാന ജീവിതശൈലീ തകരാറാണ് കേരളത്തില്‍. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ചിലതരം ക്യാന്‍സറുകള്‍ (സ്തനാര്‍ബുദം, വന്‍കുടല്‍ ക്യാന്‍സര്‍) എന്നിവയ്‌ക്കൊക്കെ കാരണമാകുന്ന പൊണ്ണത്തടി കേരളത്തില്‍ മൂന്നില്‍ ഒന്ന് ആളുകളെയും ബാധിച്ചു കഴിഞ്ഞു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അരയുടെ വണ്ണം കണക്കാക്കിയുള്ള (ഠൃൗിരമഹ ഛയലേെശ്യ)നോക്കുകയാണെങ്കില്‍ കേരളത്തിലെ സ്ത്രീകളില്‍ പകുതി പേരും അമിത ശരീരഭാരമുള്ളവരാണെന്നു പറയേണ്ടിവരും. അന്നജം ധാരാളമായി അടങ്ങിയ അരിയാണ് കേരളീയന്റെ മുഖ്യ ആഹാരം എന്നത് പ്രശ്‌നം വഷളാക്കുന്നു. പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും മറ്റും ജീവിതശൈലിയുടെ ഭാഗമായതും ഈ പ്രശ്‌നത്തിന് കാരണമാണ്. പൊണ്ണത്തടി നിയന്ത്രിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ആവശ്യമായ ശാരീരിക വ്യായാമം 75% ആളുകള്‍ക്കും ലഭിക്കുന്നില്ല എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യപാനവും പുകവലിയും പുരുഷന്മാരിലാണ് കൂടുതലെങ്കില്‍ പൊണ്ണത്തടിയും വ്യായാമരാഹിത്യവും സ്ത്രീകളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്തു പകുതി പേരിലും രക്തത്തിലെ കൊളസ്‌ട്രോള്‍ അമിതമാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ദേശീയ ശരാശരിയുടെ മൂന്നോ നാലോ ഇരട്ടിയാണിത്.
ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു രീതിയിലുള്ള വെല്ലുവിളികളാണ് കേരളത്തിന്റെ ആരോഗ്യരംഗം ഇന്ന് നേരിടുന്നത്. തിരികെ വരുന്ന പകര്‍ച്ചവ്യാധികള്‍ മൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ തുടരുന്ന അനാരോഗ്യകരമായ ജീവിത ശൈലി കൊണ്ടുണ്ടായ രോഗങ്ങളും. കേരളത്തില്‍ ഒരു വര്‍ഷം ശരാശരി രണ്ടര ലക്ഷത്തോളം പേരാണ് മരിക്കുന്നത്. ഇതില്‍ ഒരു ചെറിയ ശതമാനം ആളുകള്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ ബാധിച്ചു മരിക്കുന്നുള്ളൂ. എങ്കിലും ഏതാണ്ട് പൂര്‍ണമായും തടയാവുന്നവയാണ് ഈ മരണങ്ങള്‍ എന്നതാണ് പകര്‍ച്ചവ്യാധി നിയന്ത്രണത്തെ പ്രാധാന്യമുള്ളതാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തിയത് കൊണ്ടു മാത്രം കാര്യമില്ല എന്ന് ഒരു സമൂഹമെന്ന നിലയില്‍ നാം തിരിച്ചറിഞ്ഞു വരുന്നതേ ഉള്ളൂ. മാലിന്യ നിര്‍മാര്‍ജനം, കൊതുക് നിവാരണം തുടങ്ങിയ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കേണ്ടതുണ്ട് . പ്രതിരോധ കുത്തിവെയ്പ്പുകള്‍ക്കെതിരായ ആശങ്കകള്‍ പരിഹരിച്ച് എല്ലാ കുട്ടികള്‍ക്കും അവ ലഭ്യമാകുന്ന സാഹചര്യവും സൃഷ്ടിക്കാന്‍ സാധിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിലോമ ശക്തികളെ സര്‍ക്കാര്‍ കര്‍ശനമായി നേരിടുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളെക്കാള്‍ മരണങ്ങള്‍ക്കു കാരണമാകുന്ന ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സമൂഹമെന്ന നിലയില്‍ നാം കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണം. ആരോഗ്യകരമായ ജീവിതം സമൂഹത്തിേെന്റ പൊതുനിലപാടായി സ്വീകരിച്ചാലേ ഇത്തരം ശൈലികള്‍ ശീലിക്കാനും തുടര്‍ന്നു പോകാനും ആളുകള്‍ക്ക് സാധിക്കൂ. പുകവലിയും മദ്യപാനവും ഉള്‍പ്പെ ടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ നിയന്ത്രണം, ക്രമമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ വിജയകരമായ ജീവിതത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിന്റെ ഭാഗമായിരിക്കണം. പൊതുജനാരോഗ്യ രംഗത്ത് കൂടുതല്‍ മുതല്‍മുടക്കാനും പ്രാഥമികാരോഗ്യരംഗം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.

(കോഴിക്കോട് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം റെസിഡന്റ് ആണ് ലേഖകന്‍.)

References
1. http://dhs.kerala.gov.in/index.php/publichealth
2. Thomas MB, James KS. Changes in mortaltiy and human longevtiy in Kerala: are they leading to the advanced stage? Global Health Action. 2014;7:10.3402/gha.v7.22938. doi:10.3402/gha.v7.22938.
3. Ashokan P. Acute morbidtiy in rural Kerala: levels differentials and determinants. In: Ashokan P, editor. Perspective of health economics. New Delhi: Serial Publication; 2009. pp. 96–107.
4. Aslesh OP. Burden of noncommunicable disease in Kerala. DOI: 10.13140/RG.2.1.3672.1684
Conference: Kerala Padana Congress
5. Sivasankaran S, Thankappan KR. Prevention of non-communicable diseases requires a life course approach: A case study from Kerala. The Indian Journal of Medical Research. 2013;137(5):874-877.
6. Soman CR, Kutty VR, Safraj S, Vijayakumar K, Rajamohanan K, Ajayan K; PROLIFE Study Group. All-cause mortaltiy and cardiovascular mortaltiy in Kerala state of India: results from a 5-year follow-up of 161,942 rural communtiy dwelling adults. Asia Pac J Public Health. 2011 Nov;23(6):896-903. doi:10.1177/1010539510365100. Epub 2010 May 10. PubMed PMID: 20460280
7. Ministry of Health & Family Welfare Government of India Integrated Disease Surveillance Project (IDSP)
8. Mammi MV, Pavithran K, Abdu Rahiman P, Pisharody R, Sugathan K. Acute
Myocardial infarction in north Kerala–a 20 year hospital based study. Indian Heart J. 1991 Mar-Apr;43(2):93-6. PubMed PMID: 1752622.
9. Thankappan KR, Shah B, Mathur P, Sarma PS, Srinivas G, Mini GK, Daivadanam M,Soman B, Vasan RS. Risk factor profile for chronic non-communicable diseases:results of a communtiy-based study in Kerala, India. Indian J Med Res. 2010 Jan;131:53-63. PubMed PMID: 20167974.
10. Sugathan TN, Soman CR, Sankaranarayanan K. Behavioural risk factors for non communicable diseases among adults in Kerala, India. Indian J Med Res. 2008 Jun;127(6):555-63. PubMed PMID: 18765874.

(ശാന്തം മാസിക)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply