രൂപേഷിനെ പിന്തുണക്കുന്നവരോട് സ്‌നേഹപൂര്‍വ്വം
മാവോയിസ്റ്റ് രൂപേഷാണല്ലോ രണ്ടുദിവസമായി ചര്‍ച്ചാവിഷയം. പ്രതീക്ഷിക്കാത്ത വിഭാഗങ്ങളില്‍ നിന്നുപോലും രൂപേഷിനും കൂട്ടര്‍ക്കും പിന്തുണ. മകള്‍ ആമിയാകട്ടെ താരവുമായി. വളരെ നല്ലത്. എന്നാല്‍ ഈ കോലാഹലങ്ങളുടെ യഥാര്‍ത്ഥ ഉള്ളടക്കം എന്താണെന്നു ഇനിയെങ്കിലും പരിശോധിക്കുന്നത് നന്നായിരിക്കും. കെ എം മാണിയെ പോലുള്ളവര്‍ കട്ടുമുടിക്കുമ്പോള്‍ രൂപേഷ് അതു ചെയ്യുന്നില്ലല്ലോ, ഒരു പ്രത്യയ ശാസ്ത്രത്തിനുവേണ്ടിയല്ലേ അവര്‍ കാടുകയറിയത്, ഭരണകൂടം ജനവിരുദ്ധമാകുമ്പോള്‍ ഇതല്ലാതെ മറ്റെന്തു മാര്‍ഗ്ഗം എന്നിങ്ങനെ പോകുന്നു വാദഗതികള്‍. എന്നാല്‍ അടിസ്ഥാനപരമായ ഒരു ചോദ്യത്തെ ഇവരില്‍ മിക്കവരും അഭിമുഖീകരിക്കുന്നില്ല. അത് നിങ്ങള്‍ സായുധസമരത്തിലൂടെ […]
മാവോയിസ്റ്റ് രൂപേഷാണല്ലോ രണ്ടുദിവസമായി ചര്‍ച്ചാവിഷയം. പ്രതീക്ഷിക്കാത്ത വിഭാഗങ്ങളില്‍ നിന്നുപോലും രൂപേഷിനും കൂട്ടര്‍ക്കും പിന്തുണ. മകള്‍ ആമിയാകട്ടെ താരവുമായി. വളരെ നല്ലത്. എന്നാല്‍ ഈ കോലാഹലങ്ങളുടെ യഥാര്‍ത്ഥ ഉള്ളടക്കം എന്താണെന്നു ഇനിയെങ്കിലും പരിശോധിക്കുന്നത് നന്നായിരിക്കും.
കെ എം മാണിയെ പോലുള്ളവര്‍ കട്ടുമുടിക്കുമ്പോള്‍ രൂപേഷ് അതു ചെയ്യുന്നില്ലല്ലോ, ഒരു പ്രത്യയ ശാസ്ത്രത്തിനുവേണ്ടിയല്ലേ അവര്‍ കാടുകയറിയത്, ഭരണകൂടം ജനവിരുദ്ധമാകുമ്പോള്‍ ഇതല്ലാതെ മറ്റെന്തു മാര്‍ഗ്ഗം എന്നിങ്ങനെ പോകുന്നു വാദഗതികള്‍. എന്നാല്‍ അടിസ്ഥാനപരമായ ഒരു ചോദ്യത്തെ ഇവരില്‍ മിക്കവരും അഭിമുഖീകരിക്കുന്നില്ല. അത് നിങ്ങള്‍ സായുധസമരത്തിലൂടെ സാമൂഹ്യമാറ്റം എന്നതില്‍ വിശ്വസിക്കുന്നോ എന്നതാണ്. ചിലര്‍ മാത്രം മുന്‍കൂര്‍ ജാമ്യമെടുത്താണ് പക്ഷെ എന്ന പേരില്‍ പിന്തുണക്കുന്നത് എന്നുമാത്രം.
ഒരു കാര്യത്തില്‍ ജനാധിപത്യ, മനുഷ്യാവകാശ വിശ്വാസികള്‍ക്കൊന്നും സംശയമില്ല. അത് പിടി കൂടിയവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍തന്നെ. പല മുന്‍കാല സംഭവങ്ങളുടേയും സ്മരണയില്‍ ഇതുമായി ബന്ധപ്പെട്ടുയരുന്ന ആശങ്ക ന്യായമാണ്. ഇവര്‍ക്കു മാത്രമല്ല, കുറ്റാരോപിതരായ ഓരോരുത്തര്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. ചുരുങ്ങിയപക്ഷം കോടതിവിധി വരുന്ന വരെയെങ്കിലും അവര്‍ കുറ്റാരോപിതര്‍ മാത്രമാണ്, കുറ്റവാളികളല്ല. ആ അവകാശത്തിന് ഇവര്‍ക്കും അവകാശമുണ്ട്. ഇപ്പോഴിതാ രൂപേഷിനേയും ഷൈനയേയും കാണാന്‍ മക്കളെ അനുവദിച്ചില്ല എന്ന വാര്‍ത്ത വന്നിരിക്കുന്നു. അത് മനുഷ്യാവകാശലംഘനവും എതിര്‍ക്കപ്പെടേണ്ടതുമാണ്.
അപ്പോഴും പ്രധാന ചോദ്യം മുകളില്‍ പറഞ്ഞതാണ്. നിലവിലെ വ്യവസ്ഥിതിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കോര്‍പ്പറേറ്റ്‌വല്‍ക്കരണം, സവര്‍ണ്ണഫാസിസം, പുരുഷാധിപത്യം എന്നിങ്ങനെ അവയെ വളരെ ചുരുക്കിപറയാം. അവയുമായി ബന്ധപ്പെട്ട് ഭരണകൂടം പലപ്പോഴും ജനാധിപത്യവിരുദ്ധമാകുന്നു. അതും ശരി. അപ്പോഴും അതിനെ സായുധവിപ്ലവത്തിലൂടെ തകര്‍ക്കാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും രൂപേഷിനും പങ്കവെക്കാന്‍ നിരവധി മേഖലകളുണ്ട്. ഇല്ലെങ്കിലോ? ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്നു പറയുകയും മറുവശത്ത് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും രൂപേഷിന്റെ മകളെ പോലും താരമാക്കുകയും ചെയ്യുന്നത് കടുത്ത വഞ്ചനയാണ്.
ലോകം പരീക്ഷിച്ച സാമൂഹ്യവ്യവസ്ഥകളില്‍ തമ്മില്‍ ഭേദം ജനാധിപത്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. തമ്മില്‍ ഭേദം എന്നത് അടിവരയിടുന്നു. രാജഭരണവും ഫ്യൂഡലിസവും മതാധിപത്യവും മാത്രമല്ല സോഷ്യലിസമെന്ന പേരില്‍ നിലവില്‍ വന്ന വ്യവസ്ഥകളും ചരിത്രപരമായി ജനാധിപത്യത്തേക്കാള്‍ പുറകിലാണ്. ആദ്യം സൂചിപ്പിച്ച മൂന്നു വ്യവസ്ഥകളെ കുറിച്ചും തര്‍ക്കത്തിനു സധ്യത കുറവാണല്ലോ. എന്നാല്‍ സോഷ്യലിസത്തേക്കാള്‍ ജനാധിപത്യമാണ് പുരോഗമനപരം എന്ന വാദമാണല്ലോ എതിര്‍പ്പിനു കാരണമാകുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലേക്കും അതുവഴി കമ്യൂണിസത്തിലേക്കും സമൂഹത്തെ നയിക്കുന്നതിന്റെ ഇടയിലെ ഘട്ടമാണല്ലോ സോഷ്യലിസം. എന്താണ് യാഥാര്‍ത്ഥ്യം? തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണി പോരാളി കമ്യൂണ്‌സ്റ്റ് പാര്‍്ട്ടി എന്ന നിര്‍വ്വചനത്തിലൂടെ പാര്‍ട്ടി സര്‍വ്വാധിപത്യവും ജനാധിപത്യകേന്ദ്രീകരണം എന്ന ഓമനവാക്കിലൂടെ ഉള്‍പാര്‍ട്ടി സര്‍വ്വാധിപത്യവുമാണ് സോഷ്യലിസമെന്ന് കൊട്ടിഘോഷിച്ച എല്ലാ രാജ്യങ്ങളിലും നടപ്പായത്. അതാകട്ടെ സ്റ്റാലിനു പറ്റിയ തെറ്റല്ല താനും. സോവിയറ്റുകള്‍ക്ക് സര്‍വ്വാധികാരമെന്ന് ആദ്യം പറഞ്ഞ ലെനിന്‍ തന്നെ പിന്നീട് പാര്‍ട്ടിയെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു എന്തിന്, പാരീസ് കമ്മ്യൂണിനു ശേഷം മാര്‍ക്‌സ് തന്നെ കേന്ദ്രീകരണത്തിന്റെ പ്രാധാന്യത്തെ എടുത്തുപറഞ്ഞു. സ്വാഭാവികമായും എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൡും പാര്‍ട്ടിക്കകത്തും പുറത്തും നടപ്പായത്, ജനാധിപത്യത്തിന്റെ ഉദയത്തോടെ അനിവാര്യമായും തകരേണ്ട ഫാസിസമായിരുന്നു. ഒരു കോടി പുഷ്പങ്ങള്‍ ഒരുമിച്ച് വിരിയട്ടെ, പാര്‍ട്ടി ആസ്ഥാനത്തെ അക്രമിക്കുക എന്നു പറഞ്ഞ മാവോവിന്റെ കാലത്തുതന്നെ നാല്‍വര്‍സംഘം സര്‍വ്വാധിപതികളായി. ഫാസിസത്തിന്റേയും സാമ്രാജ്യത്വത്തിന്റേയും ഭീഷണി ചൂണ്ടികാട്ടിയായിരുന്നു ഏറെകാലം ഈ വ്യവസ്ഥകള്‍ ന്യായീകരിക്കപ്പെട്ടത്. എന്നാല്‍ എല്ലാ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളളിലും ജനങ്ങള്‍ തെരുവിലിറങ്ങിയത് ജനാധിപത്യാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയായിരുന്നു. അവയെ എങ്ങനെ ഭരണകൂടം നേരിട്ടു എന്നതിനു മികച്ച ഉദാഹരണം ചൈന തന്നെ.
ചരിത്രത്തില്‍ നിന്നു പാഠമുള്‍ക്കൊള്ളാന്‍ ശ്രമിച്ച പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും സ്വയം മാറാന്‍ തയ്യാറായപ്പോള്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ അതിനു നേരെ മുഖം തിരിക്കുകയായിരുന്നു. അടിസ്ഥാനപരമായി ഏകപാര്‍ട്ടി ഭരണത്തെ തള്ളിപ്പറയാതെ അടവിന്റേയും തന്ത്രത്തിന്റേയും പേരില്‍ വ്യവസ്ഥാപിതപാര്‍ട്ടിക്കാര്‍ ഒരു പരിധിവരെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളായി. എന്നാല്‍ ജനാധിപത്യത്തോട് സത്യസന്ധമായ നിലപാടെടുക്കാത്തത് അവരുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി പ്രതിഫലിച്ചു. അതേസമയം അവരെ വിമര്‍ശിച്ച് രൂപം കൊണ്ട നക്‌സലൈറ്റുകള്‍ സായുധപാതയില്‍ ഉറച്ചുനിന്നു. ഏറെകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം അവരില്‍ പലരും ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളായി. അപ്പോള്‍ അവരില്‍ നിന്ന് മാവോയിസ്റ്റുകള്‍ രൂപം കൊണ്ടു. അധികാരത്തിലൊരിക്കലുമെത്താത്തതിനാല്‍തന്നെ നക്‌സലൈറ്റുകളിലും മാവോയിസ്റ്റുകളിലും മറ്റും ആദര്‍ശധീരതയും പ്രതിബദ്ധതയും നിസ്വാര്‍ത്ഥതയുമൊക്കെ സ്വാഭാവികംതന്നെ. ഛത്തിസ്ഘട്ടിലും മറ്റും അവര്‍ പോരാട്ടത്തിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്രമാത്രം ആഘോഷിക്കപ്പെടാന്‍ ഒന്നും സംഭവിച്ചിട്ടില്ല. മുന്‍കാല നക്‌സലൈറ്റുകള്‍ ഇതിനേക്കാള്‍ എത്രയോ സജീവമായിരുന്നു. അപ്പോഴും സായുധസമരത്തിലൂടെ നിലവിലെ ജനാധിപത്യഘടനയെ അട്ടിമറിക്കാമെന്ന സമീപനത്തോടുള്ള നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കണം മാവോയിസ്റ്റുകളോടുള്ള സമീപനം. നിര്‍ഭാഗ്യവശാല്‍ അതല്ല കാണുന്നത്. ചെഗ്വരയുടെ പടമുള്ള ടീഷര്‍ട്ടുകളെ പോലെയാണ് രൂപേഷും കൂട്ടരും ആഘോഷിക്കപ്പെടുന്നത്. ആഘോഷിക്കുന്നവരില്‍ ബഹുഭൂരിഭാഗത്തോടും സായുധസമരത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. പിന്നെ എന്താണ് ഈ പിന്തുണയുടെ അര്‍ത്ഥം?
തീര്‍ച്ചയായും നമ്മുടെ ജനാധിപത്യം പൂര്‍ണ്ണമായ, അടഞ്ഞ സംവിധാനമല്ല. എത്രയോ പരിമിതികള്‍, പ്രശ്‌നങ്ങള്‍. അഴിമതി തന്നെ ഏറ്റവും വലിയ ഭീഷണി. മോദി പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ പ്രത്യയശാസ്ത്രം വേറെ. ഒപ്പം കോര്‍പ്പറേറ്റ്‌വല്‍ക്കരണം. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ഇതേ സംവിധാനത്തിലാണ് ജെ.പിയും വി പി സിംഗും മായാവതിയും ലല്ലുപ്രസാദ് യാദവും മുലായംസിംഗും കന്‍ഷിറാമും കെജ്രിവാളും എന്തിന് ഇഎംഎസും സാധ്യമായത്. ജനാധിപത്യത്തിനൊരു ചലനാത്മകതയുണ്ട്. അത് അടഞ്ഞ സാമൂഹ്യസംവിധാനമല്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടേയും അത് ദൃശ്യമാണ്. നിലവിലെ ജനാധിപത്യസംവിധാനത്തില്‍ നിന്നാരംഭിച്ച് മുന്നോട്ടുപോകുന്നതാണോ സാധ്യമാകുക, അതോ സായുധവിപ്ലവത്തിലൂടെ ഇതിനെ അട്ടിമറിക്കുന്നതോ? ആയുധപ്രയോഗത്തിലൂടെ സ്ഥാപിക്കുന്ന വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആയുധമില്ലാതെ കഴിയുമോ? എത്രചെറിയ ശ്രമമാണെങ്കിലും ഈ ചോദ്യങ്ങള്‍ രൂപേഷിനും കൂട്ടര്‍ക്കും ബാധകമാണ്.
മറ്റൊന്നു കൂടി. നാടിനുവേണ്ടി അവര്‍ കാടു കയറി എന്നാണല്ലോ പറയുന്നത്. ഉന്നയിക്കപ്പെടുന്ന ഒരു പ്രധാന പ്രശ്‌നം ആദിവാസികളുടേതാണ്. അടിയോരുടെ പെരുമന്റെ ബലികുടീരത്തില്‍ ഇപ്പോഴും ചില ആദിവാസികള്‍ വിളക്കുവെക്കുന്നുണ്ടത്രെ. നല്ലത്. എന്നാല്‍ ഇനിയുമൊരു വര്‍ഗ്ഗീസ് ആദിവാസികള്‍ക്കാവശ്യമാണോ? അവരുടെ സ്വന്തം ചോരയില്‍ നിന്ന് നേതാക്കള്‍ ഉയര്‍ന്നു വന്നു കഴിഞ്ഞു. ഇനിയും ചരിത്രത്തിലേക്ക് തിരിച്ചുനടക്കണോ?
ഇനിയുമൊന്ന് സാമൂഹ്യമാറ്റത്തിനായി രക്തസാക്ഷികളാകാന്‍ ഇനിയും ദത്തുപുത്രന്മാര്‍ വേണോ എന്നതാണ്. രൂപേഷിനേയും ഷൈനയേയും ആമിയേയുമെല്ലാം ഉദാത്തവല്‍ക്കരിച്ച്, സ്വയം മാളത്തില്‍ ഒളിക്കുകയല്ലേ സത്യത്തില്‍ നാം ചെയ്യുന്നത്. ഏതാനും പേര്‍ മുഴുവന്‍ സമയ വിപ്ലവ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുകയല്ല വേണ്ടത്. ഹീറോയിസം രാഷ്ട്രീയത്തിലും നന്നല്ല. മുന്നണിപ്പട സങ്കല്‍പ്പം തന്നെ ജനാധിപത്യവിരുദ്ധമാണ്. എല്ലാവരും രാഷ്ട്രീയപ്രവര്‍ത്തകരാകുകയാണ് കാലത്തിന്റെ ആവശ്യം. അങ്ങനെയാണ് ഫാസിസവല്‍ക്കരണത്തേയും കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തേയും ചെറുക്കാന്‍ കഴിയുക. വിപ്ലവം തൊഴിലാക്കിയവര്‍ എന്നത് പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പമാണ്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ അതിനെന്തുപ്രസക്തി? ശരിയാണ്, ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് അതാകാം. എന്നാല്‍ വിശ്വസിക്കുന്നു എന്നു പറയുന്നവരും അതാവര്‍ത്തിക്കുന്നതില്‍ എന്തര്‍ത്ഥം ? മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുകയും ജനാധിപത്യത്തെ കൂടുതല്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ യഥാര്‍ത്ഥ വിപ്ലവപ്രവര്‍ത്തനം. ഫാസിസത്തിനെതിരായ യഥാര്‍ത്ഥ പ്രതിരോധവും അതുതന്നെ. നിര്‍ഭാഗ്യവശാല്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഈ ലക്ഷ്യത്തില്‍ നിന്ന് എത്രയോ ദൂരെയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ദിനേഷ്
May 7, 2015 at 5:57 pm
കൊള്ളാം.. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനാധിപത്യമുള്ളിടത് സായുധ വിപ്ലവം നിലനില്‍ക്കില്ല .ജനാധിപത്യമല്ല ഇവിടെ താങ്കള്‍ പറഞ്ഞിട്ടുള്ള കോര്‍പ്പറേറ്റ്‌വല്‍ക്കരണം, സവര്‍ണ്ണഫാസിസം, പുരുഷാധിപത്യം, അഴിമതി എന്നിവയാണ്. ഇത് ജനാധിപത്യത്തില്‍ നിന്നും വ്യതിച്ചലിച്ചതിനാല്‍ ഉണ്ടാകുന്ന അസ്വാരസ്യമാണ്. ഇത്തരം അസ്വാരസ്യങ്ങള്‍ കാണുമ്പോള്‍ ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം ഉടനെ ജനങ്ങള്‍ പ്രശ്നമുണ്ടാക്കുമെന്നും അതൊഴിവാക്കാന്‍ ജനാധിപത്യപരമായി ഭരിക്കണമെന്ന്‍. സ്റ്റേറ്റ് ജനങ്ങളെ വഞ്ചിച്ചാല്‍, നീതി ന്യായ വ്യവസ്ഥ നോക്കുകുത്തി ആയാല്‍ ആയുധം എടുക്കും. ജനാധിപത്യമാണ് രൂപേഷും കാംക്ഷിക്കുന്നത്.
Prasad Thathanampully
May 10, 2015 at 1:51 pm
മാവോയിസ്റ്റുകളെ പിന്തുണക്കുകയല്ല ചെയ്യുന്നത് , ആരും അവരെ പിന്തുണക്കുകയുമില്ല. കസ്റ്റടിയില്‍ എടുക്കുന്ന വാഹനത്തിലെ ബാറ്ററി പോലും ഇന്ന് മോഷണം പോകുന്നു .ചില പോലീസ്സുകാര്‍ അല്ലെ പ്രതികള്‍ . ഭരണത്തിലെ ക്രിമിനലുകളെ എതിര്‍ക്കുന്നതും ഇന്നുവരെ ഒരുസംഭവത്തിലും ഉള്‍പെട്ടു കാണാത്ത “ആമിയെ” പിന്തുണയ്ക്കുന്നതും ആര്‍ക്കൊക്കെയോ അലോരസം ഉണ്ടാക്കുന്നുണ്ട് .