രാഹുല്‍ ആര്‍ നായരെ ക്വാറി മാഫിയ കുടുക്കിയതോ

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായരെ ക്വാറി മാഫിയ കുടുക്കിയതാണെന്ന സംശയം ബലപ്പെടുകയാണ്. തോട്ടപ്പുഴശേരി സാനിയോ ക്വാറി അടപ്പിക്കുകയും തുറക്കാന്‍ 17 ലക്ഷം കൈപ്പറ്റുകയുംചെയ്തു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എസ്.പി. രാഹുല്‍ ആര്‍. നായരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ ഇതൊരു കെട്ടിച്ചമച്ച കഥയാണെന്ന സംശയമാണ് ബലപ്പെടുന്നത്. ക്വാറികള്‍ക്കെതിരെ ശക്തമായ സമരം നടത്തുന്ന പരിസ്ഥിതി സംഘടനകള്‍ പോലും വിശ്വസിക്കുന്നത് അങ്ങനെയാണ്. പൊതുവില്‍ ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത, അഴിമതിക്കു കൂട്ടുനില്‍ക്കാത്ത റെക്കോര്‍ഡാണ് എസ്പിയുടേത്. വിവാദമായ ക്വാറിയുടെ മാനേജര്‍ […]

rahul

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായരെ ക്വാറി മാഫിയ കുടുക്കിയതാണെന്ന സംശയം ബലപ്പെടുകയാണ്. തോട്ടപ്പുഴശേരി സാനിയോ ക്വാറി അടപ്പിക്കുകയും തുറക്കാന്‍ 17 ലക്ഷം കൈപ്പറ്റുകയുംചെയ്തു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എസ്.പി. രാഹുല്‍ ആര്‍. നായരെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാല്‍ ഇതൊരു കെട്ടിച്ചമച്ച കഥയാണെന്ന സംശയമാണ് ബലപ്പെടുന്നത്. ക്വാറികള്‍ക്കെതിരെ ശക്തമായ സമരം നടത്തുന്ന പരിസ്ഥിതി സംഘടനകള്‍ പോലും വിശ്വസിക്കുന്നത് അങ്ങനെയാണ്. പൊതുവില്‍ ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത, അഴിമതിക്കു കൂട്ടുനില്‍ക്കാത്ത റെക്കോര്‍ഡാണ് എസ്പിയുടേത്. വിവാദമായ ക്വാറിയുടെ മാനേജര്‍ പോലും പറയുന്നത് ഇത്തരമൊരു സാമ്പത്തിക ഇടപാട് നടന്നതായി അറിയില്ലെന്നാണ്.
നിയമം ലംഘിച്ച് ജില്ലയില്‍ പ്രവര്‍ത്തിച്ച ക്വാറികള്‍ക്കെതിരെ ശക്തമായ നിലാടാണ് ഇദ്ദേഹം എടുത്തുവരുന്നത്. ഈ സംഭവത്തോടെ ഇവരെല്ലാം രക്ഷപെടും. ഇവര്‍ക്കെതിരേ എസ്.പി. നടത്തിയ എല്ലാ അന്വേഷണവും പാതിവഴിയില്‍ അവസാനിക്കും. എസ് പിയെ ഒതുക്കേണ്ടത് ജില്ലയിലെ പല നേതാക്കളുടേയും കൂടി ആവശ്യമായിരുന്നു. അവരുടെ അനുഗ്രഹാശ്ശിസുകളോടെയായിരുന്നു ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതത്രെ. കൂടാതെ പോലീസിലെ ചില ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ആരോപണണുണ്ട്. ഇവരെല്ലാം ചേര്‍ന്നു നടത്തിയ ഗൂഢാലോചനയിലാണ് എസ്പിയെ കുടുക്കിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരേയാണ് രാഹുല്‍ ആര്‍.നായര്‍ ആദ്യം നടപടിയെടുത്തത്. എസ്.പിയുടെ ഉത്തരവുപ്രകാരം തിരുവല്ല ഡിവൈ.എസ്.പി: തമ്പി എസ്. ദുര്‍ഗാദത്തായിരുന്നു വടശേരിക്കര തെക്കുംമലയിലെ ക്രഷര്‍ യൂണിറ്റില്‍ ആദ്യം അന്വേഷണം നടത്തിയത്. കണക്കില്‍പ്പെടാത്ത സ്‌ഫോടകവസ്തുക്കള്‍ ഇവിടെ നിന്നു കണ്ടെടുത്തതിനെ തുടര്‍ന്ന് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം ക്രൈം നമ്പര്‍ 668/14 ആയി കേസ് രജിസ്റ്റര്‍ ചെയ്തു. 182 കുഴികളില്‍ യാതൊരു സുരക്ഷാ സംവിധാനവും കൂടാതെയാണ് ഇവിടെ നൈട്രേറ്റ് മിക്‌സ്ചര്‍ നിറച്ചിരുന്നത്. സ്‌ഫോടനം നടത്തുന്നതിനു മേല്‍നോട്ടം വഹിക്കേണ്ട മൈനിംഗ് മാനേജര്‍, അസി.മൈനിംഗ് മാനേജര്‍, എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അന്യ സംസ്ഥാനക്കാരായ ഇവര്‍ ഇവിടേക്ക് എത്തിനോക്കാറില്ലെന്നും പോലീസ് കണ്ടെത്തി.
സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ പാറമടയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതു സംബന്ധിച്ച് മൈന്‍സ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിനെയും എക്‌സ്‌പ്ലോസീവ് ഡിപ്പാര്‍ട്ട്‌മെന്റിനെയും വിവരം ധരിപ്പിച്ചു. ക്രഷര്‍ ഉടമ വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി പാറ ഖനനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സര്‍വേയര്‍മാരെ നിയമിച്ചു. എന്നാല്‍, ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് ഈ മാസം ആദ്യം എല്ലാ നടപടിയും നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതിദിനം പത്തുലക്ഷം രൂപയിലധികം വരുമാനമുള്ള നിരവധി ക്രഷര്‍ യൂണിറ്റുകളാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് രാഹുല്‍ ആര്‍.നായര്‍ ആരംഭിച്ചത്. അതിനാല്‍ തന്നെ ഇദ്ദേഹത്തെ ഒതുക്കാനുള്ള നീക്കം ശക്തമായിരുന്നു. ക്രഷര്‍ ഉടമകളെ തൊട്ടാല്‍ കൈപൊള്ളുമെന്ന് നേരത്തേ എസ്.പിക്ക് ചില രാഷ്ട്രീയ നേതാക്കള്‍ മുന്നറിയിപ്പു കൊടുത്തിരുന്നുവെന്നാണ് അറിയുന്നത്.
അയിരൂര്‍ ഷാനിയൊ ക്രഷര്‍ യൂണിറ്റിനെതിരേ കോയിപ്രം എസ്.ഐ നടത്തിയ നീക്കമാണ് ഇപ്പോള്‍ എസ്.പിയെ ആരോപണ വിധേയനാക്കിയത്. വടശേരിക്കര കണ്ണന്താനം ക്രഷര്‍ യൂണിറ്റിനുകൂടി ഉടമസ്ഥാവകാശമുള്ള സ്ഥാപനമാണിതെന്ന് പറയപ്പെടുന്നു. എന്നാല്‍, എസ്.പിക്ക് ഈ യൂണിറ്റ് പൂട്ടിച്ചതില്‍ പങ്കുണ്ടായിരുന്നില്ലെന്നു കോയിപ്രം എസ്.ഐ: വ്യക്തമാക്കിയിട്ടുണ്ട്. പാറപൊട്ടിക്കാന്‍ ബ്ലാസ്റ്റര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പോലീസ് ഈ യൂണിറ്റ് പൂട്ടിച്ചത്. ബ്ലാസ്റ്റര്‍ വന്നതിനെ തുടര്‍ന്ന് തുറന്നുകൊടുക്കുകയും ചെയ്തു. വന്‍ തുക കോഴ കൊടുക്കാനും വാങ്ങാനും തക്കവിധം ഗൗരവമേറിയ കുറ്റമല്ലിതെന്നും ചൂണ്ടികാട്ടപ്പെടുന്നു. എസ്പിക്ക് കൈക്കൂലി കൊടുത്തതായി അറിയില്ലെന്ന് യൂണിറ്റിന്റെ മാനേജര്‍ ആര്‍. മധു തന്നെ പറഞ്ഞു. പരിശോധനയ്ക്കു വന്നപ്പോള്‍ മൈനിങ് മാനേജര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അദ്ദേഹം ആസ്പത്രിയിലാണെന്ന് തങ്ങള്‍ അറിയിച്ചു. മൈനിങ് മാനേജര്‍ ഇല്ലാതെ പ്രവര്‍ത്തനം പറ്റില്ലെന്നും അടച്ചോളാനും പോലീസ് നിര്‍ദേശിച്ചു. നിയമപരമായി ക്വാറിക്ക് വേണ്ടവരെല്ലാം ഉണ്ടെന്ന് താന്‍ അറിയിച്ചു. രേഖകള്‍ കാണിച്ച് ബോധ്യപ്പെടുത്താനായിരുന്നു എസ്.പി.യുടെ നിര്‍ദേശം.
രണ്ടുദിവസത്തിനകം വേണ്ടരേഖകളുമായി എസ്.പി.യെ കാണാന്‍ താനും ഉടമ ജയേഷ് തോമസുംകൂടി പോയിരുന്നു. പ്രവര്‍ത്തനത്തിന് അവശ്യംവേണ്ട മാനേജര്‍മാരെയും ഒപ്പം കൊണ്ടുപോയി കാണിച്ചു. രേഖകള്‍ പരിശോധിച്ചശേഷം ക്വാറി തുറന്നോളാന്‍ എസ്.പി. അനുമതി നല്‍കുകയായിരുന്നു. ഇത്രയും കാര്യങ്ങളാണ് തനിക്കറിയാവുന്നത്. എന്നാല്‍ കൈക്കൂലിയെ സംബന്ധിച്ചുംമറ്റും പത്രങ്ങളില്‍വന്ന കാര്യങ്ങളേ തനിക്കറിയാവൂ എന്നാണ് മധുപറഞ്ഞത്.
വൈക്കം സ്വദേശി അജിത്ത് തോമസിനെ ഇടനിലക്കാരനാക്കി എസ്.പി. ക്രഷര്‍ ഉടമ ജയേഷ് തോമസില്‍ നിന്നു 17 ലക്ഷം രൂപാ വാങ്ങിയതായാണു ഡി.ജി.പിയുടെ റിപ്പോര്‍ട്ട്. ഇതു തെളിയിക്കുന്ന ഫോണ്‍ സന്ദേശങ്ങളാണു പോലീസ് കണ്ടെത്തിയ പ്രധാന രേഖ. സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യാഗസ്ഥന്റെ അടുത്ത ബന്ധുവാണ് ഷാനിയൊ ക്രഷര്‍ യൂണിറ്റ് ഉടമയെന്നറിയുന്നു. ഇവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി യൂണിറ്റുകളുണ്ടത്രെ.
നേരത്തെ മറ്റുരണ്ട് ക്വാറികള്‍ എസ്.പി പരിശോധിച്ച് അടപ്പിച്ചിരുന്നു. പക്ഷേ, അവ രണ്ടും എസ്.പി.യുടെ നിര്‍ദേശമില്ലാതെ തുറക്കുകയുംചെയ്തു. ആരാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാരിന് റോയല്‍റ്റിയിനത്തില്‍ 200 കോടി രൂപയോളം അടയ്ക്കാനുള്ള ക്വാറിയും ഇതില്‍പ്പെടുന്നു. സംസ്ഥാനത്തെ ഉന്നത പോലീസ് ഇടപെടലിനെത്തുടര്‍ന്നാണ് ഇവ വീണ്ടും തുറപ്പിച്ചതെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരും പോലീസിലെ ഒരു വിഭാഗവും പറയുന്നത്.
ഒരുന്നതന്‍ ഇടപെട്ട് നേരിട്ട് നിര്‍ദേശം നല്‍കിയാണിവ തുറപ്പിച്ചതെന്നാണ് വിവരം.
എന്തായാലും എസ് പി കുറ്റക്കാരനായാലും അല്ലെങ്കിലും തെളിയുന്ന വസ്തുത ആശങ്കാജനകമാണ്. അത് ക്വാറി മാഫിയയും രാഷ്ട്രീയ – പോലീസ് ഉന്നതരുമായുള്ള കൂട്ടുകെട്ടാണ്. ഇനിയെങ്കിലും ഗാഡ്ഗിലിനെതിരെ ഇപ്പോഴും ഉറഞ്ഞു തുള്ളുന്നവരുടെ കണ്ണുതുറക്കുമോ ആവോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply