രാഷ്ട്രീയപ്രബുദ്ധമല്ല, അരാഷ്ട്രീയമാണ് കേരളം
രാഷ്ടീയപ്രബുദ്ധമാണത്രെ കേരളം. എന്തര്‍ത്ഥത്തിലാണ് ഇത്തരമൊരവകാശവാദം ഉന്നയിക്കപ്പെടുന്നത് എന്നു മനസ്സിലാകുന്നില്ല. ഒരു വശത്ത് അധികാരത്തിനുവേണ്ടി എന്തു നിലപാട് സ്വീകരിക്കാനും മടിക്കാത്ത, മുരടിച്ച മുന്നണി രാഷ്ട്രീയം. 50 വര്‍ഷമായി യാതൊരു ഗുണപരമായ മാറ്റവും ഉണ്ടാക്കാന്‍ ഈ മുന്നണി രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തപ്പോഴും അത്തരമൊന്ന് കേരളത്തില്‍ രൂപപ്പെടുന്നില്ല. അതുപോലെതന്നെ അടിയന്തരാവസ്ഥക്കും പിന്നീട് മണ്ഡല്‍ കമ്മീഷനും ശേഷും ഒരു വശത്ത് സോഷ്യലിസ്റ്റ് ശക്തികളും മറുവശത്ത് പിന്നോക്ക – ദളിത് ശക്തികളും പല സംസ്ഥാനങ്ങളിലും രൂപം […]
രാഷ്ടീയപ്രബുദ്ധമാണത്രെ കേരളം. എന്തര്‍ത്ഥത്തിലാണ് ഇത്തരമൊരവകാശവാദം ഉന്നയിക്കപ്പെടുന്നത് എന്നു മനസ്സിലാകുന്നില്ല. ഒരു വശത്ത് അധികാരത്തിനുവേണ്ടി എന്തു നിലപാട് സ്വീകരിക്കാനും മടിക്കാത്ത, മുരടിച്ച മുന്നണി രാഷ്ട്രീയം. 50 വര്‍ഷമായി യാതൊരു ഗുണപരമായ മാറ്റവും ഉണ്ടാക്കാന്‍ ഈ മുന്നണി രാഷ്ട്രീയത്തിനു കഴിഞ്ഞിട്ടില്ല. പല സംസ്ഥാനങ്ങളിലും അതാതിടങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തപ്പോഴും അത്തരമൊന്ന് കേരളത്തില്‍ രൂപപ്പെടുന്നില്ല. അതുപോലെതന്നെ അടിയന്തരാവസ്ഥക്കും പിന്നീട് മണ്ഡല്‍ കമ്മീഷനും ശേഷും ഒരു വശത്ത് സോഷ്യലിസ്റ്റ് ശക്തികളും മറുവശത്ത് പിന്നോക്ക – ദളിത് ശക്തികളും പല സംസ്ഥാനങ്ങളിലും രൂപം കൊണ്ടപ്പോഴും ഇവിടെയതിന്റെ പ്രതിഫലനമില്ല. ആകെയുണ്ടായത് മുഖ്യധാരയിലെത്തിയ കാവി – വര്‍ഗ്ഗീയ രാഷ്ട്രീയമാണ്. മറ്റൊന്ന് കണ്ണില്‍ ചോരയില്ലാത്ത വിധം നടക്കുന്ന അതിക്രൂരമായ കക്ഷിരാഷ്ട്രീയകൊലകളും. ആദ്യമൊക്കെ കണ്ണൂരില്‍ ഒതുങ്ങിയിരുന്ന കൊലകളും അക്രമങ്ങളും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സിപിഎം – ബിജെപി അക്രമങ്ങള്‍ എന്നത് മാറി മറ്റു പാര്‍ട്ടിപ്രവര്‍ത്തകരും കൊല ചെയ്യപ്പെടുന്നു. പരസ്യമായി വിചാരണ ചെയ്തും പ്രഖ്യാപിച്ചും കൊലകള്‍ അരങ്ങേറുന്നു. അതിനുശേഷവും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വെറുതെ വിടുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ വൃത്തികെട്ട രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നു. ആരെങ്കിലും അഭിപ്രായം പറഞ്ഞപ്പോള്‍ അന്നു നീയൊക്കെ എവിടെയായിരുന്നു എന്ന മറുചോദ്യം വരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടികകള്‍ നിരത്ത് ആക്രോശങ്ങള്‍ തുടരുന്നു. ആക്രമോത്സുകമായ പൗരുഷത്തിന്റെ പ്രഖ്യാപനമായി മാറുന്നു നമ്മുടെ കക്ഷിരാഷ്ട്രീയം. എന്നിട്ടും നമ്മള്‍ പറയുന്നു രാഷട്രീയപ്രബുദ്ധമാണത്രെ കേരളം. ഇന്ത്യയില്‍തന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന ജില്ലയാണ് ഇന്ന് കണ്ണൂര്‍. ഒരാള്‍ കൊല്ലപ്പെട്ടാല്‍ ഉടനെ പകരം വീട്ടുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവിടെ അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കില്‍ അതാത് പാര്‍ട്ടിയുടെ അനുമതി വേണം. പാര്‍ട്ടിഗ്രാമങ്ങളിലെ വിവാഹങ്ങള്‍ പോലും തീരുമാനിക്കുന്നത് നേതാക്കളാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിനായി വേതനം നല്‍കി ഇരുകൂട്ടരും മുഴുവന്‍ സമയപ്രവര്‍ത്തകരെ നിയമിക്കുന്നു. ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നുമുതല്‍ സഹപ്രവര്‍ത്തകരായി മാറുന്നു. ഇത്രവ്യത്യാസമേ ഇവര്‍ തമ്മിലുള്ളു എന്നോര്‍ത്ത് ആരും മൂക്കത്തുവിരല്‍വെച്ചുപോകും.
ഒരു വശത്ത് ഹൈന്ദവഫാസിസവും മറുവശത്ത് രാഷ്ട്രീയഫാസിസവും ഉയര്‍ത്തിപിടിക്കുന്ന ജനാധിപത്യവിരുദ്ധശക്തികളാണ് മുഖ്യമായും ഏറ്റുമുട്ടുന്നത്. മാത്രമല്ല ഒരു കൊല ശരിയും മറ്റെ കൊല തെറ്റുമാണെന്നു പറയുന്ന, അടിമത്തം ആന്തരവല്‍ക്കരിച്ചവരുടെ എണ്ണം കൂടുന്നതും ഈ കൊലകള്‍ക്ക് ശക്തിയേകുന്നു. അവരില്‍ ബുദ്ധിജീവികളും പുരോഗമവാദികളുമായി നടിക്കുന്നവരും നിരവധിയാണ്. സംഘട്ടനങ്ങള്‍ ഭൂരിഭാഗവും സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണെങ്കിലും മറ്റുള്ളവരും കൊലചെയ്യപ്പെടുന്നു. ടിപി ചന്ദ്രശേഖരന്‍, ഷുക്കൂര്‍, അവസാനമായി ഷുഹൈബ് തുടങ്ങിയവര്‍ ഈ പട്ടികയില്‍ വരുന്നു. മറ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലകളിലെ പ്രതികള്‍ മിക്കവാറും കേരളം പലതവണ ഭരിച്ച, ഇപ്പോഴും ഭരിക്കുന്ന, ഏറ്റവും വലിയ പ്രസ്ഥാനമായ സിപിഎം ആണെന്നതാണ് ഏറ്റവും വലിയ ദുരന്തം. മാത്രമല്ല, കൊലകളിലെ പ്രതികള്‍ക്ക് പരമാവധി സംരക്ഷണം നല്‍കാനും എന്നുമിവര്‍ ശ്രമിക്കുന്നു.
വാസ്തവത്തില്‍ ഇരുകൂട്ടരും തത്വത്തില്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി കാണുന്ന ഇവര്‍ അധികാരം പങ്കിടാനുള്ള ഒരു ഉപാധി മാത്രമായിട്ടാണ് അതിനെ പരിഗണിക്കുന്നത്. ആത്യന്തികമായ ലക്ഷ്യം മുകളില്‍ പറഞ്ഞപോലെ തങ്ങളുടെ ഫാസിസ്റ്റ് ഭരണമാണ്. സിപിഎം പറയുന്ന തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം പാര്‍ട്ടി സ്വേച്ഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കുത്തകാധികാരം കൈവന്ന രാജ്യങ്ങളിലൊന്നും പ്രതിപക്ഷമുണ്ടായിരുന്നിട്ടില്ല. ബഹുകക്ഷി ജനാധിപത്യമെന്നത് ബൂര്‍ഷ്വാസിയുടെ ജനാധിപത്യമായതുകൊണ്ട് അത് അംഗീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തത്ത്വം. അവരുടെ ലക്ഷ്യം പ്രതിപക്ഷം തന്നെയില്ലാത്ത രാഷ്ട്രീയഘടനയാണ്. സോവിയറ്റ് യൂണിന്‍ തകര്‍ന്നതിനുശേഷം ആ രാജ്യത്തിന്റെ ആര്‍കെവുകളിലെ ഔദ്യോഗിക കണക്കനുസരിച്ച്, സ്റ്റാലിന്‍ കാലഘട്ടത്തില്‍ നടപ്പിലാക്കിയ വധശിക്ഷകള്‍ മാത്രം എട്ട് ലക്ഷത്തിനടുത്താണ്. ഹിറ്റ്‌ലറെപോലെ ചരിത്രം കണ്ട ഹീനനായ ആ സ്വേച്ഛാധിപതിയുടെ ചിത്രമാണ് സി.പി.എം.ന്റെ എല്ലാ പാര്‍ട്ടി ഓഫീസിലും ഇപ്പോഴും തൂക്കിയിട്ടിട്ടുള്ളത്. കംബോഡിയയിലെ ജനസംഖ്യയിലെ 25 ശതമാനം മനുഷ്യരെയും കൊന്നൊടുക്കിയ കമ്യൂണിസ്റ്റ് നേതാവ് പോള്‍പോട്ടിനെ അവസാനകാലം വരെ ഇ.എം.എസ്. ന്യായീകരിച്ചിരുന്നു ആര്‍.എസ്.എസ് – ബി.ജെ.പി പ്രവര്‍ത്തകരാകട്ടെ മറ്റു മതവിശ്വാസകളോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും അടിസ്ഥാനം ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കുക എന്ന ഫാസിസ്റ്റ് ലക്ഷ്യംമാണ്. ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കണമെങ്കില്‍ മതേതരത്വം തന്നെ ഇല്ലാതാക്കണം. മറ്റു മതങ്ങളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യണം. ജനാധിപത്യവും ബഹുകക്ഷിഭരണവുമൊക്കെ അവര്‍ക്കും തടസ്സമാണ്. പ്രതിപക്ഷമുക്ത ഇന്ത്യയാണ് അവരുടെയും ലക്ഷ്യം. അവരുടെ മാതൃക സ്റ്റാലിനാണ്. ഈ രണ്ടു കൂട്ടരും പിന്നെ എങ്ങനെ ഏറ്റുമുട്ടാതിരിക്കും? അതിനിടയിലാണ് ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്നവരും അക്രമിക്കപ്പൈടുന്നതും ദാരുണമായി കൊലചെയ്യപ്പെടുന്നതും.
മറ്റൊന്ന് മുകളില്‍ സൂചിപ്പിച്ചപോലെ ഈ പ്രസ്ഥാനങ്ങളുടെ പൗരുഷരാഷ്ട്രീയമാണ്. അതാകട്ടെ വനിതാപ്രവര്‍ത്തകര്‍പോലും സ്വാശീകരിക്കുന്നു. ടീ പീ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പായയിട്ട് ‘പുല’ ഇരിക്കേണ്ടതിനു പകരം പത്രക്കാരെ കണ്ടത് വലിയ തെറ്റായിപ്പോയെന്ന് പറഞ്ഞത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ തന്നെയാണ്. ഇപ്പോഴിതാ അവരുടെ സൈബര്‍ പോരാളികള്‍ ഒന്നടങ്കം രമക്കെതിരെ തിരിഞ്ഞിരിക്കുന്നു. വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി കഴിയാതെ ശ്രീമതി രമ പൊതു രംഗത്തേക്കിറങ്ങി എന്നത് തന്നെയാണ്, ഇവരുടെ പുരുഷബോധത്തെ വേട്ടയാടുന്നത്. ഇഎംഎസിന്റെ മകളും വനിതാകമ്മീഷന്‍ അഗവുമായ ഇ എം രാധയുടെ ഭര്‍ത്താവും തിരുവിതാംകര്‍ ദേവസ്വം മുന്‍ ചെയര്‍മാനുമായ ഗുപ്തന്റെ ഫേസ് ബുക്ക് പോസ്റ്റ് തന്നെ ഏറ്റവും വലിയ ഉദാഹരണം.
ഇതുമായി കൂട്ടിചേര്‍ത്ത് പറയേണ്ടതാണ് പ്രബുദ്ധകേരളത്തിലെ പ്രബുദ്ധരില്‍ പ്രബുദ്ധരായ എഴുത്തുകാരുടെ നിലപാടും നിലപാടില്ലായ്മയും. യാതൊരു ന്യായീകരണവുമില്ലാത്ത ഷുഹൈബ് വധത്തില്‍ പോലും ഇവരില്‍ മിക്കവരും നിശബ്ദരാണ്. കാരണം പ്രകടം. സൗവര്‍ണ്ണപ്രതിപക്ഷമാകണം എഴുത്തുകാര്‍ എന്ന് വൈലോപ്പിള്ളിയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും നമ്മുടെ ഭൂരിഭാഗം എഴുത്തുകാരും സാംസ്‌കാരിക നായകരും അതിന് പുല്ലുവില പോലും നല്‍കുന്നവരല്ല. അധികാരികളോട് ഒട്ടിനിന്ന് അതിനുള്ള പ്രതിഫലം കൈപറ്റാനാണ് അവര്‍ക്കും താല്‍പ്പര്യം. കേരളത്തിന്റെ പ്രതേക സാഹചര്യത്തില്‍ ഭൂരിഭാഗവും ഇടതുപക്ഷത്തിനൊപ്പമാണ്താനും. പിന്നെങ്ങനെ അവര്‍ പ്രതികരിക്കും?
മുഷ്ടിചുരുട്ടുന്നതും രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും ചോരപ്പൂക്കളെ പറ്റി പാടുന്നതൊന്നുമല്ല രാഷട്രീയം. അത് ആശയസമരമാണ്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അതു നേടയെടുക്കാനുള്ള പോരാട്ടമാണ്. സാമൂഹ്യനീതിക്കായി നിലകൊള്ളുന്നതാണ്. ജനാധിപത്യസംവിധാനം സംരക്ഷിക്കലും കൂടുതല്‍ അര്‍ത്ഥവത്താക്കലുമാണ്. അതിനിടയില്‍ അക്രമത്തിനും കൊലക്കുമന്താണ് സ്ഥാനം? അതു ചെയ്യുന്നവര്‍ എങ്ങനെയാണ് രാഷ്ട്രീയക്കാരാകുക? അതിനെ അംഗീകരിക്കുന്ന സമൂഹം എങ്ങനെയാണ് പ്രബുദ്ധമാകുക? വാസ്തവത്തില്‍ തീര്‍ത്തും അരാഷ്ട്രീയമാണ് കേരളം എന്നതല്ലേ വസ്തുത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in