രാജി വെച്ചാല്‍ ജനാധിപത്യത്തിനു ഗുണകരം…..

ധനകാര്യമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുകയും തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ രാജി വെക്കുകയാണ് ജനാധിപത്യത്തിനു ഗുണകരം. രാജിവെക്കേണ്ടതില്ല എന്ന് സാങ്കേതികമായും മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടികാട്ടിയും വാദിക്കാന്‍ കഴിയുമായിരിക്കും.. അതാണ് മാണിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു യുഡിഎഫ് നേതാക്കളും ചെയ്യുന്നത്. സുധീരനുമാത്രമാണ് അല്‍പ്പം വ്യത്യസ്ഥമായ സ്വരമുള്ളത്. എന്നാല്‍ ജനാധിപത്യത്തേയോ നീതിന്യായ വ്യവസ്ഥയേയോ മാനിക്കുന്നവര്‍ക്ക് ഈ നേതാക്കളുടെ വാദമംഗീകരിക്കാന്‍ കഴിയില്ല. വിഷയം ഇത്രയുമെത്തിയ സ്ഥിതിക്ക് നിരപരാധിത്വം […]

km

ധനകാര്യമന്ത്രി കെ.എം മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളുകയും തുടരന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ രാജി വെക്കുകയാണ് ജനാധിപത്യത്തിനു ഗുണകരം. രാജിവെക്കേണ്ടതില്ല എന്ന് സാങ്കേതികമായും മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടികാട്ടിയും വാദിക്കാന്‍ കഴിയുമായിരിക്കും.. അതാണ് മാണിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു യുഡിഎഫ് നേതാക്കളും ചെയ്യുന്നത്. സുധീരനുമാത്രമാണ് അല്‍പ്പം വ്യത്യസ്ഥമായ സ്വരമുള്ളത്. എന്നാല്‍ ജനാധിപത്യത്തേയോ നീതിന്യായ വ്യവസ്ഥയേയോ മാനിക്കുന്നവര്‍ക്ക് ഈ നേതാക്കളുടെ വാദമംഗീകരിക്കാന്‍ കഴിയില്ല. വിഷയം ഇത്രയുമെത്തിയ സ്ഥിതിക്ക് നിരപരാധിത്വം തെളിയിച്ച് മന്ത്രികസേരയില്‍ തിരിച്ചവരുകയാണ് മാണി ചെയ്യേണ്ടത്. അതുവരെ മന്ത്രിയാകാന്‍ കഴിവുള്ളവര്‍ പാര്‍ട്ടിയിലുണ്ടല്ലോ. മാത്രമല്ല, മരണം വരെ മന്ത്രിയായിരിക്കാന്‍ ഇതു രാജഭരണമൊന്നുമല്ലല്ലോ. റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡി.ജി.പി വിന്‍സന്‍ എം പോള്‍ പോലും സഥാനമൊഴിയാന്‍ തയ്യാറായതും ശ്രദ്ധേയമാണ്.
കെ.എം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിനെ മറികടന്ന് അതിനു ഘടകവിരുദ്ധമായി അന്തിമറിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് ഡി.ജി.പിയുടെ നടപടി തെറ്റാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മാണിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഒമ്പത് ഹര്‍ജികള്‍ക്ക് പുറമെ വസ്തുതാറിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹര്‍ജിയുമാണ് കോടതി പരിഗണിച്ചത്.
അന്തിമറിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, സാറാജോസഫ്, വി.എസ് സുനില്‍കുമാര്‍, ബിജു രമേശ് എന്നിവര്‍ ഉള്‍പ്പടെ 10 പേരാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ കെ.എം മാണിക്ക് ഒരുകോടി രൂപ കോഴകൊടുത്തുവെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മുമ്പാണ് നിര്‍ണായകമായ വിധിവന്നിരിക്കുന്നത്.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കെ.എം മാണിക്കെതിരെ കുറ്റപത്രം നല്‍കാമെന്നായിരുന്നു കേസ് അന്വേഷിച്ച എസ്.പി ആര്‍ സുകേശന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കോഴ ചോദിച്ചതിനോ വാങ്ങിയതിനോ തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക് ടര്‍ വിന്‍സണ്‍ എം പോള്‍ തീരുമാനമെടുത്തത്. അതനുസരിച്ച് മാണിയെ കുറ്റവിമുക്തനാക്കി എസ്.പി സുകേശന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ സ്വകാര്യ അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ വിജിലന്‍സിന്റെ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്നും ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കില്ലേയെന്നും കോടതി ചോദിച്ചു. ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയതെളിവുകള്‍ സാധൂകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
സംസ്ഥാനത്തും രാജ്യത്തിന്റെ മറ്റു ഭാഗത്തും മന്ത്രിമാര്‍ക്കെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ പലരും രാജിവെച്ചാണ് അന്വേഷണത്തെ നേരിട്ടിരുന്നത്. എന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ നശിക്കാന്‍ തുടങ്ങിയതോടെ ആ കീഴ്‌വഴക്കം പിന്തുടരാന്‍ പലരും തയ്യാറാകാതായി. രാജി വെക്കാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താനാണ് എല്ലാവരും മത്സരിച്ചത്. ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണം വന്നാല്‍ പോലും സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തുന്ന കാലമാണ് ഇതെന്നും ഓര്‍മ്മ വേണം.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് സ്വഭാവിക നടപടിയാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അതിനദ്ദേഹം താന്‍ പ്രതിയായ പാമോയില്‍ കേസിന്റെ അവസ്ഥ തന്നെയാണ് ഉദാഹരിക്കുന്നത്.
പാമോയില്‍ കേസില്‍ താന്‍ രാജിവെച്ചിരുന്നെങ്കില്‍ ജനങ്ങള്‍ എന്തു പറയുമായിരുന്നു എന്ന് പിന്നീട് തന്നെ കുറ്റവിമുക്തനാക്കിയ കാര്യം ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ ചാണ്ടി ചോദിക്കുന്നു. എന്തുപറയുമായിരുന്നു..? ഉയര്‍ന്ന ജനാധിപത്യമൂല്യമെന്ന്. അതേകുറിച്ച് പക്ഷെ ഇപ്പോഴത്തെ മിക്ക നേതാക്കള്‍ക്കും അറിയില്ലല്ലോ. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനം അദ്ദേഹത്തിന്റെ മനസാക്ഷി അനുസരിച്ചാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ഉത്തരവ് തനിക്കു തിരിച്ചടിയല്ലെന്നും അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണം നൂറ്റൊന്ന് ആവര്‍ത്തിച്ചോട്ടെ എന്നുമാണ് മാണി പറയുന്നത്. എല്‍.ഡി.എഫ്. ഭരണകാലത്തും യു.ഡി.എഫ്. ഭരണകാലത്തും മുഖ്യമന്ത്രിമാര്‍ക്കും ഒട്ടേറെ മന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അവരൊന്നും രാജി വെച്ചിട്ടില്ല. ആ കീഴ്‌വഴക്കം താനും തുടരുകയാണെന്നും മാണി പറഞ്ഞു. രാജിവെച്ച കീഴ് വഴക്കങ്ങളും ഉണ്ടായിട്ടുണ്ട് എന്നദ്ദേഹം മറക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം പോളിങ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വിധിയെന്നതാണ് ശ്രദ്ധേയം. കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി അഭിനയിക്കുമ്പോഴും പ്രതിപക്ഷത്തിന്റെ തന്ത്രങ്േങളെ എങ്ങനെ പ്രതിരോധിക്കും എന്ന ആശങ്ക അവര്‍ക്കുണ്ട്. ആരോപണം ഉന്നയിച്ച ബിജുരമേശ് ഒഴികെ മറ്റൊരു ബാര്‍ ഉടമയും എതിരായി മൊഴിനല്‍കാത്തതിനാല്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുകയും മാണി കുറ്റവിമുക്തനാകുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. വിധിപറയുന്നത് തിരഞ്ഞെടുപ്പ് കഴിയും വരെ മാറ്റിവെക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എല്ലാം തകര്‍ന്നു. പ്രതിപക്ഷത്തിനാകട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ അപ്രതീക്ഷിതമായി ഒരു ആയുധം കിട്ടിയിരിക്കുകയാണ്.
ബാര്‍കോഴക്കേസിന്റെ നാള്‍വഴികളിലൂടെ

2014 ഒക്ടോബര്‍ 30 നായിരുന്നു പുതിയ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനകാര്യ മന്ത്രി കെ.എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ് ആരോപണമുന്നയിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാതിയില്‍ വിജിലന്‍സ് പരിശോധന തുടങ്ങി. പിറ്റേദിവസം കൊച്ചിയില്‍ ബാറുടമകളുടെ അടിയന്തിര യോഗത്തില്‍ ഒരു കോടിയല്ല 20 കോടി രൂപയാണ് വിവിധ നേതാക്കള്‍ക്ക് നല്‍കിയെന്ന് പറുന്നതിന്റെ ഒളിക്യമറാ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ മാണിക്കെതിരെ അവസാനം വരെ നിലയുറപ്പിച്ചത് ബിജു രമേശ് മാത്രമാണ്. 2014 നവംബര്‍ 25 ന് മാണിയുടെ മൊഴിയെടുത്തു. ആരോപണത്തില്‍ മാണി രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയമസഭയിലെത്തി. ത്വരിത പരിശോധനയുടെ അടിസ്ഥാനത്തില്‍ മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ എസ് പി ആര്‍ സുകേശന് അന്വേഷണ ചുമതല. മാണിക്ക് പണം നല്‍കിയിട്ടില്ലെന്ന് ചില ബാര്‍ ഉടമകള്‍ വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കി. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാനും മാണി കോഴ വാങ്ങിയെന്ന ആരോപണവുമായി ബിജു രമേശ് രംഗത്തെത്തുന്നു. തൊട്ടുപിന്നാലെ കോഴ ഇടപാട് സ്ഥിരീകരിക്കുന്ന ബാര്‍ ഉടമ അനിമോന്റെ ശബ്ദരേഖ പുറത്തുവന്നു. ബിജു രമേശുമായുള്ള കേരള കോണ്‍ഗ്രസ് നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടേയും പി.സി ജോര്‍ജ്ജിന്റേയും ശബ്ദരേഖകള്‍ പുറത്തുവന്നു. മാണി കോഴവാങ്ങിയെന്ന് തനിക്കറിയാമെന്ന പിള്ളയുടെ അവകാശവാദം യു.ഡി.എഫിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കി. നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴവാങ്ങിയെന്ന് ബിജു രമേശ് വീണ്ടും പറയുന്നു. ബാറുടമ രാജ്കുമാറിന്റെ ശബ്ദരേഖയും പുറത്തുവരുന്നു.
അതിനിടെ സംസ്ഥാന ബജറ്റും നിയമസഭയിലെ അസാധാരണ സംഭവങ്ങളും.
മാര്‍ച്ചില്‍ ബാര്‍ ലൈസന്‍സ് ഉയര്‍ത്താതിരിക്കാന്‍ മന്ത്രി കെ.ബാബുവിന് പത്ത് കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍. ഇടപാടില്‍ മാണിക്ക് പങ്കെന്ന് ബാലകൃഷ്ണപിള്ള വിജിലന്‍സിന് മൊഴി നല്‍കി. കോഴയിടപാട് നടന്ന ദിവസം ബിജു രമേശിന്റെ കാര്‍ മന്ത്രി മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയതിന് വിജിലന്‍സിന് തെളിവ് ലഭിച്ചു. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ വസതിയിലേക്ക് കാര്‍ വന്നതായി സെക്യൂരിറ്റി ഗാര്‍ഡിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി.
ബാറുടമകളുടെ ഫോണ്‍സംഭാഷണ രേഖകളും വിജിലന്‍സ് ശേഖരിച്ചു. ജൂലായ് എട്ടിന് മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. എന്നാല്‍ വിജിലന്‍സ് എഡിജിപി ജേക്കബ്ബ് തോമസില്‍ നിന്നും അന്വേഷണം മാറ്റി. വിജിലന്‍സ് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹേബിനെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, മന്ത്രി കെ.ബാബു, പി.സി ജോര്‍ജ്ജ് എന്നിവരില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. െ്രെഡവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കി. അമ്പിളിയുടെ മൊഴി ശരിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. നുണപരിശോധനക്ക് തയ്യാറല്ലെന്ന് ബാറുടമകള്‍ കോടതിയെ അറിയിച്ചു. റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് എഡിജിപിയുടെ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ട് ജൂണ്‍ 12 ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന് കൈമാറി. എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ അറ്റോര്‍ണി ജനറലിനോടും സോളിസിറ്റര്‍ ജനറലിനോടും നിയമോപദേശം തേടിയെങ്കിലും ലഭിച്ചില്ല. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയുള്‍പ്പെടെയുള്ളവരുടെ നിയമോപദേശത്തിന്റെ ബലത്തില്‍ മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുത്തു.
സുകേശന്റെ വസ്തുതാ വിവര റിപ്പോര്‍ട്ടിലേയും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലേയും കണ്ടെത്തലുകള്‍ പരസ്പരവിരുദ്ധമാണെന്ന് കണ്ടെത്തിയതോടെയാണ് കേസ് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദനും ബിജു രമേശും ഉള്‍പ്പെടെ പത്തു പേര്‍ കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply