
രാജി അനാവശ്യമായ കീഴ്‌വഴക്കം
മലയാളിയാണെന്നോര്‍ക്കുമ്പോള്‍ തല കുനിക്കേണ്ട ദിവസങ്ങളാണ് കടന്നു പോകുന്നത്. ആര്‍ക്കും പരാതിയില്ലെങ്കിലും ഒരാളുടെ സ്വകാര്യ സംഭാഷണം ചോര്‍ത്തുക, അത് പരസ്യമാക്കുക, മാധ്യമങ്ങള്‍ മാത്രമല്ല നാടുമുഴുവന്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുഴങ്ങുക, ആരോപിതനായ മന്ത്രി രാജിവെക്കുക, അതാണ് ‘ധാര്‍മ്മികത’ എന്നവകാശപ്പെടുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നിങ്ങനെ പോകുന്നു അത്. അടുത്ത ദിവസങ്ങളില്‍ കേരളത്തെ ഞെട്ടിച്ച ബാലികാ പീഡനങ്ങളിലും കൊലപാതകങ്ങളിലും വരെ ഇത്രയും ചടുലമായ നടപടികള്‍ ഉണ്ടായിട്ടില്ല. അവയെ മാത്രമല്ല, ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ന്ന […]
മലയാളിയാണെന്നോര്‍ക്കുമ്പോള്‍ തല കുനിക്കേണ്ട ദിവസങ്ങളാണ് കടന്നു പോകുന്നത്. ആര്‍ക്കും പരാതിയില്ലെങ്കിലും ഒരാളുടെ സ്വകാര്യ സംഭാഷണം ചോര്‍ത്തുക, അത് പരസ്യമാക്കുക, മാധ്യമങ്ങള്‍ മാത്രമല്ല നാടുമുഴുവന്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മുഴങ്ങുക, ആരോപിതനായ മന്ത്രി രാജിവെക്കുക, അതാണ് ‘ധാര്‍മ്മികത’ എന്നവകാശപ്പെടുക, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക എന്നിങ്ങനെ പോകുന്നു അത്. അടുത്ത ദിവസങ്ങളില്‍ കേരളത്തെ ഞെട്ടിച്ച ബാലികാ പീഡനങ്ങളിലും കൊലപാതകങ്ങളിലും വരെ ഇത്രയും ചടുലമായ നടപടികള്‍ ഉണ്ടായിട്ടില്ല. അവയെ മാത്രമല്ല, ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെ പോലും നിസ്സാരവല്‍ക്കിരിച്ചാണ് ഒളിച്ചുനോട്ടവും സദാചാരപോലീസിംഗും മലയാളി ആഘോഷിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് മംഗളംചാനലിനെ മാത്രംകുറ്റപ്പെടുത്തുന്ന പ്രവണതയും സജീവമായിട്ടുണ്ട്. മലയാളത്തിലെ മാധ്യമപ്രവര്‍ത്തനം, പ്രത്യേകിച്ച് ദൃശ്യമാധ്യമ പ്രവര്‍ത്തനം ഇത്രയും മോശമാക്കുന്നതില്‍ പങ്കുവഹിച്ചവരും അത്തരത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. സത്യത്തില്‍ ആദ്യകുറ്റവാളി ആരാണ്? വലിയ റേറ്റിംഗ് കിട്ടുമെന്ന് ഉറപ്പുള്ളതിനാലാണല്ലോ ഈ ചാനല്‍ ഒളിച്ചു നോട്ടവും സദാചാരവും ആദ്യ ദിവസത്തെ വിഭവമാക്കിയത്. അല്ലാതെ സാമൂഹ്യപ്രതിബദ്ധത കൊണ്ടൊന്നുമല്ലല്ലോ. ഏതൊരു മാധ്യമത്തേയും അസൂയപ്പെടു്തതന്ന പോലെ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ വലിയ റേറ്റിംഗ് ആണ് ലഭിച്ചത്. ഇതെങ്ങനെ സംഭവിന്നു? അതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. അന്നേദിവസം മലയാളികള്‍ ഒന്നടങ്കം മംഗളം കാണുകയും വാര്‍ത്ത ആഘോഷിക്കുകയും ചെയ്‌തെന്നു സാരം. മലയാളിയുടെ ഞെരമ്പുരോഗം തന്നെ സംഭവത്തിലെ ഒന്നാം പ്രതി. അതു കണ്ടുപിടിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണമൊന്നും ആവശ്യമില്ല. ഒളിച്ചുനോട്ടവും സദാചാരപോലീസിങ്ങുമാണ് തങ്ങളുടെ മുഖ്യഹോബി എന്ന് മലയാളി വീണ്ടും തെളിയിച്ചിരിക്കുന്നു.
ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരിയെന്നപോലെ മാധ്യമങ്ങളേയുമാണ് അവര്‍ക്കു ലഭിക്കുക എന്നര്‍ത്ഥം.
ഇനി മറ്റു മാധ്യമങ്ങളുടെ കാര്യം. തങ്ങളുടെ മുന്‍ഗാമികളുടെ പാത തന്നെ കൂടുതല്‍ ജീര്‍ണ്ണതയോടെ മംഗളം ചാനലും പിന്തുടര്‍ന്നിരിക്കുന്നത്. കേരളത്തില്‍ ഒരു പക്ഷെ ആദ്യം ഇത്തരത്തില്‍ മാധ്യമങ്ങള്‍ ഒളിച്ചുനോട്ടം നടത്തിയത് ചാരകേസുമായി ബന്ധപ്പെട്ടായിരുന്നു. മറിയം റഷീദയെന്ന വിദേശ യുവതിയായിരുന്നു അതിന്റെ കേന്ദ്രബിന്ദു. ചാനലുകള്‍ കാര്യമായി ഇല്ലാതിരുന്നതിനാല്‍ ആ ദൗത്യം ഏറ്റെടുത്തത് പത്രങ്ങളായിരുന്നു. എന്തെല്ലാം നുണകഥകളായിരുന്നു അന്നവര്‍ വിളമ്പിയത്. ചാരസുന്ദരിയായി ലൈംഗികബംബമായും അവര്‍ ആഘോഷിക്കപ്പെട്ടു. ചാരസുന്ദരിയുടെ കിടപ്പറ രഹസ്യങ്ങളെന്ന പേരില്‍ ഫീച്ചറുകള്‍ വന്നു. സംഭവം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാകാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവന്നു. എന്നാലതിനുശേഷം പോലും തങ്ങളുടെ വീഴ്ചയെ പറ്റി മാധ്യമങ്ങള്‍ സ്വയം വിമര്‍ശനം നടത്തിയില്ല.
പിന്നീടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു. ദൃശ്യമാധ്യമങ്ങള്‍ സജീവമായതോടെ ഒളിക്യാമറയും മറ്റുമായി ഈ നെറിയില്ലാത്ത മാധ്യമപ്രവര്‍ത്തനം ശക്തമായി. തനിക്കു കുഞ്ഞാലിക്കുട്ടി കൃത്യമായി പണം നല്‍കാമെന്ന കരാര്‍ പാലിക്കുന്നില്ല എന്നു റെജീന പറഞ്ഞതുമായി ബന്ധപ്പെട്ട് എന്തെല്ലാം കോലാഹലമാണ് ഇവിടെയുണ്ടായത്. റെജീനക്ക് പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്ന ചോദ്യം മാത്രമായിരുന്നു പ്രസക്തം. എന്നാലുണ്ടായത് അതൊന്നുമല്ലല്ലോ. കുഞ്ഞാലിക്കുട്ടിയുടെ അധികാര ദുര്‍വിനിയോഗത്തേക്കാള്‍ മലയാളി ചര്‍ച്ച ചെയ്തത് ഇത്തരത്തില്‍ ഇക്കിളിപെടുത്തുന്ന കാര്യങ്ങളായിരുന്നു. പിന്നീടും എത്രയോ സംഭവങ്ങള്‍.. അബ്ദുള്ളക്കുട്ടിയും രാജ്‌മോഹന്‍ ഉണ്ണിത്താനുമൊക്കെ മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും സദാചാരപോലീസിംഗിന് ഇരയായി. പിന്നീടാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സരിത സംഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തനം എത്രമാത്രം അധപതിക്കാമെന്ന് വ്യക്തമായ സംഭവമായിരുന്നു അത്. കേരളത്തില്‍ ഒരു സ്ത്രീ വ്യവസായിക രംഗത്ത് കടന്നു വന്നാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രയോ തവണ സരിത വിശദീകരിച്ചു. അതുമായി ബന്ധപ്പെട്ട് ആരെ കണ്ടാലും, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ കണ്ടാല്‍ അവര്‍ക്കാവശ്യം മറ്റൊന്നാണ്. അതാണ് സരിത പറഞ്ഞതിന്റെ കാതല്‍. ഫോണ്‍ നമ്പര്‍ വാങ്ങുകയും നിരന്തമായി വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന അവരാരും മറുവശത്ത് സ്ത്രീകളുടെ സംരംഭത്തിന് ഒരു സഹായവും ചെയ്തില്ല എന്നും സരിത കൂട്ടി ചേര്‍ത്തിരുന്നു. അതിലെ പ്രധാനവിഷയം ഒരു നിക്ഷേപക നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും. എന്നാല്‍ കേരളം അതായിരുന്നില്ല ചര്‍ച്ച ചെയ്തത്. സരിതയും മറിയം റഷീദയെപോലെ സെ്ക്‌സ് ബംബമായി. ആഘോഷത്തോടൊപ്പം കൊട്ടിഘോഷിക്കപ്പെട്ട സമരനാടകങ്ങളും അരങ്ങേറി. ഓരു സിഡി തേടി കോയമ്പത്തൂരിലേക്ക് മാധ്യമങ്ങള്‍ നടത്തിയ വൃത്തികെട്ട ലൈവ് യാത്ര മറക്കാറായിട്ടില്ലല്ലോ. എന്തിനേറെ, ലോ അക്കാദമി വിഷയത്തില്‍ പോലും ഈ സമീപനത്തിന്റെ ഒരംശം കാണാം. ഇതെല്ലാം ചെയ്ത മാധ്യമങ്ങള്‍ക്കും കക്ഷിരാഷ്ട്രീയ താല്‍പ്പര്യം വെച്ച് അവക്കുപുറകെ ചാടിയിറങ്ങിയ രാഷ്ട്രീയക്കാര്‍ക്കും മംഗളത്തെ വിമര്‍ശിക്കാന്‍ എന്തവകാശം..? ആ പാത കൂടുതല്‍ ജീര്‍ണ്ണമായ രീതിയില്‍ ഇവര്‍ പിന്തുടരുന്നു. അത്രതന്നെ. വനിതാ റിപ്പോര്‍ട്ടറെ ഉപയോഗിച്ച് ഉണ്ടാക്കിയ കെണിയില്‍ വീഴുകയായിരുന്നു മന്ത്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലതിനേക്കാള്‍ മോശമായ മാധ്യംപ്രവര്‍ത്തനം വേറെയില്ല.
ആരോപണ വിധേയരായ മന്ത്രിമാര്‍ മുന്‍പും രാജിവെച്ചിട്ടുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ രാജിയാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയുടെ പ്രത്യേകത. അതും മംഗളം പോലും പ്രതീക്ഷിച്ചിരുന്നില്ല. രാജിയെ പ്രകീര്‍ത്തിക്കുന്ന നേതാക്കളേയും കണ്ടു. എല്‍ ഡി എഫ് നേതാക്കള്‍ മന്ത്രിയുടേയും ഇടതുപക്ഷത്തിന്റേയും ധാര്‍മ്മികതയെ കുറിച്ചാണ് പറയുന്നത്. എന്തര്‍ത്ഥമാണ് അതിനുള്ളത്.
ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആര്‍ക്കെങ്കിലും രാജിവെക്കണമെന്ന് നിര്‍ബന്ധമായിരുന്നെങ്കില്‍ പോലീസിന്റെ വീഴ്ചകളുടെ പേരില്‍ പിണറായി ആഭ്യന്തരം ഒഴിയുകയായിരുന്നു വേണ്ടത്…. വീഴ്ച മാത്രമല്ല, പിണറായി ഇപ്പോള്‍ 29 വകുപ്പുകളാണ് ഭരിക്കുന്നത്. അധികാരം അങ്ങനെ കേന്ദ്രീകരിക്കുന്നത് ജനാധിപത്യമല്ല… കാര്യക്ഷമവുമാകില്ല.. ആഭ്യന്തരത്തിന് മുഴുവന്‍ സമയ മന്ത്രിയാണ് അനിവാര്യം.. വിഎസിന്റെ കാലത്ത് കോടിയേരിയും ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ചെന്നിത്തലയും പോലെ… ഇവിടെ മുഖ്യമന്ത്രി പരോക്ഷമായെങ്കിലും രാജി ആവശ്യപ്പെട്ടു എന്നതു വ്യക്തമാണ്. വാസ്തവത്തില്‍ നിയമവിരുദ്ധമായി ഫോണ്‍ ടാപ്പ് ചെയ്തവരേയും സദാചാര ഗുണ്ടായിസം നടത്തിയ ചാനലിനേയും ഗൂഢാലോചനയില്‍ പങ്കാളികളായവരേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയായിരുന്നു അദ്ദേഹം ആദ്യം ചെയ്യേണ്ടിയിരുന്നത്. പോലീസ് തന്നെ നേതാക്കളുടെ ഫോണ്‍ ടാപ്പു ചെയ്യുന്നു എന്ന് ഏതാനും ദിവസം മുമ്പ് അനില്‍ അക്കര എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചിരുന്നല്ലോ. ടെലഫോണ്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണം. പലപ്പോഴും ഇത്തരം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് വിനോദമാക്കിയവര്‍ അവിടെയുണ്ടെന്നത് പരസ്യമായ രഹസ്യമാണല്ലോ. മാത്രമല്ല, ചാനല്‍ തന്നെ ഏര്‍പ്പാടാക്കിയവരാണോ മന്ത്രിയോട് സംസാരിച്ചിതെന്ന സംശയവും നിലവിലുണ്ട്.
ഫോണ്‍ സംഭാഷണത്തിലെ സ്ത്രീക്ക് മന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ ഈ നിലപാടെല്ലാം തെറ്റു തന്നെയാണ്. എന്നാല്‍ അറിഞ്ഞിടത്തോളം അതില്ല എന്നു തന്നെ കരുതാം. സംസ്ഥാനത്ത് നടക്കുന്ന സ്ത്രീ – ബാലികാ പീഡനങ്ങളില്‍ എത്രയോ പരാതികളുണ്ടായിട്ടും ആഭ്യന്തരവകുപ്പിന്റെ വീഴ്ച പകല്‍ പോലെ വ്യക്തമാണ്. അതു പരിഹരിക്കാന്‍ കര്‍ശനമായ നടപടിയെടുക്കാത്ത മുഖ്യമന്ത്രി ഈ നിയമവിരുദ്ധ – സദാചാര പോലീസിംഗില്‍ ചടുലമായി ഇടപെട്ടതില്‍ അസ്വോഭാവികത ഉണ്ടെന്നു കരുതുന്നതിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. ധാര്‍മ്മികതയല്ല, തെറ്റായ കീഴ്വഴക്കമാണ് മന്ത്രിയുടെ രാജി സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ് വാസ്തവം. സരിത സംഭവവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി രാജി വെക്കാതിരുന്നതിനെ ഇതുമായി താരതമ്യം ചെയ്യുന്നതില്‍ ഒരര്‍ത്ഥവുമില്ല.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. നടക്കട്ടെ. സത്യം പുറത്തുവരുമെങ്കില്‍ അത്രയും നന്ന്. അതിനേക്കാല്‍ മുഖ്യം സംസ്ഥാനത്തുടനീളം സജീവമായിരിക്കുന്ന ഒളിച്ചുനോട്ടവും സദാചാരപോലീസിംഗും അവസാനിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് എന്നു മാത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in