മോദി വര്‍ഗ്ഗീയവാദിയല്ല, ഫാസിസ്റ്റാണ്
കെ വേണു ഫാസിസ്റ്റ് രാഷ്ട്രീയം തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയ ഒന്നാണ് ഇന്ന് കേരള സമൂഹം. പുരോഗമപരമെന്നും ഇടതുപക്ഷ സ്വാധീനമുള്ളതെന്നും നാം അവകാശപ്പെടുന്ന കേരളീയസമൂഹത്തില്‍ പക്ഷെ ജനാധിപത്യസംസ്‌കാരം എന്നത് തൊട്ടുതീണ്ടിയിട്ടില്ല. തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടിയെന്ന അവകാശവാദത്തില്‍ എന്തു ഫാസിസത്തേയും സ്വീകരിക്കുന്ന അവസ്ഥയിലാണ് നാം. എഴുത്തുകാരും ബുദ്ധിജീവികളുമെന്ന് കരുതപ്പെടുന്നവരാണ് ഇതില്‍ മുന്നില്‍. ജനാധിപത്യമെന്നു പറഞ്ഞാല്‍ ഇവര്‍ക്ക് ബൂര്‍ഷ്വാ ജനാധിപത്യം മാത്രമാണ്. അല്ലാതേയും ജനാധിപത്യത്തിനു ചരിത്രമുണ്ട്. മനുഷ്യര്‍ തമ്മില്‍ ആശയവിനിമയത്തിനും സാമൂഹ്യജീവിതത്തിനുമായി വളര്‍ത്തിയെടുത്ത സംവിധാനമാണത്. അത് ഭരണകൂടത്തില്‍ മാത്രമല്ല, കുടുംബത്തിലും […]
കെ വേണു
ഫാസിസ്റ്റ് രാഷ്ട്രീയം തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയ ഒന്നാണ് ഇന്ന് കേരള സമൂഹം. പുരോഗമപരമെന്നും ഇടതുപക്ഷ സ്വാധീനമുള്ളതെന്നും നാം അവകാശപ്പെടുന്ന കേരളീയസമൂഹത്തില്‍ പക്ഷെ ജനാധിപത്യസംസ്‌കാരം എന്നത് തൊട്ടുതീണ്ടിയിട്ടില്ല. തൊഴിലാളി വര്‍ഗ്ഗത്തിനുവേണ്ടിയെന്ന അവകാശവാദത്തില്‍ എന്തു ഫാസിസത്തേയും സ്വീകരിക്കുന്ന അവസ്ഥയിലാണ് നാം. എഴുത്തുകാരും ബുദ്ധിജീവികളുമെന്ന് കരുതപ്പെടുന്നവരാണ് ഇതില്‍ മുന്നില്‍.
ജനാധിപത്യമെന്നു പറഞ്ഞാല്‍ ഇവര്‍ക്ക് ബൂര്‍ഷ്വാ ജനാധിപത്യം മാത്രമാണ്. അല്ലാതേയും ജനാധിപത്യത്തിനു ചരിത്രമുണ്ട്. മനുഷ്യര്‍ തമ്മില്‍ ആശയവിനിമയത്തിനും സാമൂഹ്യജീവിതത്തിനുമായി വളര്‍ത്തിയെടുത്ത സംവിധാനമാണത്. അത് ഭരണകൂടത്തില്‍ മാത്രമല്ല, കുടുംബത്തിലും സാംസ്ാരിക സംഘടനകളിലും സാമൂഹ്യജീവിതത്തിലെ മുഴുവന്‍ സംവിധാനങ്ങളിലുമുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഫാസിസവല്‍ക്കരണത്തെ കുറിച്ച് സംസാരിക്കുമ്പോളള്‍ പരമാവധി സ്റ്റാലിനു തെറ്റു പറ്റിയെന്നു സമ്മതിക്കാനേ ഇടതുപക്ഷ അനുഭാവികളായ ബുദ്ധിജീവികള്‍ പോലും തയ്യാറാകൂ. മാക്‌സ് പറഞ്ഞ പോലെ കപടാവബോധം അതിശക്തമായ സമൂഹമാണ് നമ്മുടേത്. കപടമായ രാഷ്ട്രീയത്തെ പുരോഗമനപരമെന്ന് യാതൊരു ഉളുപ്പുമില്ലാതെ അവകാശപ്പെടുന്നവരാണ് നാം.
പരസ്പരം ബഹുമാനിക്കുക, പ്രതിപക്ഷ ബഹുമാനത്തെ അംഗീകരിക്കുക, അഭിപ്രായവ്യത്യാസങ്ങള്‍ ആശയസമരത്തിലൂടെ പരിഹരിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിത്തറ. അതിനാല്‍ തന്നെ അതിനു ഗാന്ധിയന്‍ അഹിംസാ സിദ്ധാന്തങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. അവിടെ ഹിംസക്കു സ്ഥാനമില്ല. സായുധവിപ്ലവത്തിലൂടെ നടക്കുന്ന ഭരണമാറ്റങ്ങള്‍ക്ക് അതിനാല്‍തന്നെ ജനാധിപത്യപരമാകാന്‍ കഴിയില്ല. പ്രതിലോമശക്തികള്‍ക്ക് എതിരാണെന്നതിന്റെ പേരില്‍ അതിനെ ന്യായീകരിക്കാനാവില്ല. നക്‌സലൈറ്റുകള്‍ നടത്തിയ ജനകീയ വിചാരണകള്‍പോലും ആ അര്‍ത്ഥത്തില്‍ ഫാസിസമാണ്. അതിന്റെ മറ്റൊരു രൂപമാണ് അടുത്തകാലത്തുനടന്ന ഷുക്കൂര്‍ വധംപോലും. ജനകീയ വിചാരണയുടെ രൂപത്തിലാണല്ലോ അത് നടപ്പാക്കിയത്. അതിനാല്‍തന്നെ അത് ടിപി വധത്തേക്കാള്‍ ഭീകരമാണ്. പിന്‍വാതിലിലൂടെ സമാന്തര അധികാരം സ്ഥാപിക്കലാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ പങ്കെടുക്കുമ്പോഴും ഇത് ബൂര്‍ഷ്വാജനാധിപത്യമെണെന്നാണ്് കമ്യൂണിസ്റ്റുകാരുടെ നിലപാട്. മറുവശത്ത് അവര്‍ ഇത്തരം നിഷ്ഠൂരകൊലകളും നടത്തുന്നു.
നമ്മുടെ മിക്കരാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യവിരുദ്ധമായ അക്രമ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എങ്കിലും അവര്‍ തമ്മില്‍ വ്യത്യസ്ഥതയുമുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയത ഊതിവീര്‍പ്പിക്കുന്ന സംഘപരിവാര്‍ സംഘടനകളും ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ വക്താക്കളായ മുസ്ലിം തീവ്രവാദ സംഘടനകളും കമ്യൂണിസത്തിന്റെ പേരില്‍ അതേ നയം സ്വീകരിക്കുന്ന പാര്‍ട്ടികളും ഒരേ നുകത്തില്‍ വരുന്നവരാണ്. അടിസ്ഥാനപരമായി അവരെ മുന്നോട്ടു നയിക്കുന്നത് ജനാധിപത്യ വിശ്വാസമല്ല. ഇവര്‍ പരസ്പരം സംഘട്ടനങ്ങളും കൊലപാതകങ്ങളുമുണ്ടാകുന്നതിനു കാരണവും മറ്റൊന്നല്ല. സിപിഎം വിടുന്നവര്‍ ബിജെപിയിലേക്കും തിരിച്ചും പോകാന്‍ കാരണവും മറ്റൊന്നല്ല. മറ്റൊരു പാര്‍ട്ടിയിലേക്കും പോയാലും ജീവന്‍ കാണില്ല എന്നവര്‍ക്കറിയാം.
കേരളത്തിന്റെ സാഹചര്യത്തില്‍ സിപിഎം ജനാധിപത്യത്തിനുയര്‍ത്തുന്ന വെല്ലുവിളി ഗൗരവമുള്ളതാണ്. എന്നാല്‍ അഖിലേന്ത്യാതലത്തില്‍ അത് ഗൗരവമുള്ളതല്ല. ന്യൂപക്ഷവിഭാഗങ്ങളിലെ തീവ്രവാദ സംഘടനകള്‍ക്കും പരിമിതിയുണ്ട്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ രാഷ്ട്രീയ ലാഭത്തിനായി എങ്ങനെയും ഉപയോഗിക്കാന്‍ തയ്യാറായിരിക്കുന്ന ബിജെപിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറെ വെല്ലുവിളിയുയര്‍ത്തുന്നത്. മോദിയുടെ നേതൃത്വത്തോടെ അത് അതിഗുരുതരമായി കഴിഞ്ഞു. മുമ്പൊക്കെ ബിജെപിയില്‍ മിതവാദത്തിന്റെ ഒരു ധാരയുണ്ടായിരുന്നു. അതിനെ മോദി അപ്രസക്തമാക്കി കഴിഞ്ഞു. പാര്‍ട്ടി ഒന്നടങ്കം മോദിയില്‍ കേന്ദ്രീകരിച്ചു കഴിഞ്ഞു. അയാള്‍ സത്യത്തില്‍ വര്‍ഗ്ഗീയവാദിയല്ല, ഫാസിസ്റ്റാണ്. അധികാരം തന്നിലുറപ്പിക്കാന്‍ വര്‍ഗ്ഗീയതമുതല്‍ പോലീസിനേയും പട്ടാളത്തേയും ഭരണകൂടത്തേയും ഏറ്റവും സമര്‍ത്ഥമായി ഉപയോഗിക്കുവാന്‍ മോദിക്കറിയാം. അതിനാലാണ് ഗുജറാത്ത് കലാപം ഇന്ത്യ കണ്ട മറ്റു കലാപങ്ങളില്‍ നിന്ന് വ്യത്യസ്ഥമാകുന്നത്. മോദിയെ നാം സൂക്ഷിക്കണം. ഇന്ത്യയെ പോലെ അനന്തമായ വൈവിധ്യങ്ങളുടെ നാട്ടില്‍, ജനാധിപത്യസംവിധാനം നേരിട്ട വെല്ലുവിളികളെയെല്ലാം അതിജീവിക്കുന്ന നാട്ടില്‍ ബിജെപിക്ക് വലിയ ഭീഷണിയൊന്നും ഉയര്‍ത്താന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയിരുന്നത്. മതാധിഷ്ഠിത രാഷ്ട്രങ്ങളില്‍പോലും ജനാധിപത്യത്തിന്റെ കാറ്റു വീശുന്നത് നാം കാണുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലുള്ള വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും മോദിയുടെ വരവോടെ ചെറിയ ആശങ്കകള്‍ ഉടലെടുത്തിട്ടുണ്ട്. ജനാധിപത്യത്തെ ബാധിച്ചിരിക്കുന്ന കാന്‍സറാണ് മോദി.
ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുകമാത്രമാണ് ഈ ഫാസിസ്റ്റ് ഭീഷണി നേരിടാനുള്ള മാര്‍ഗ്ഗം. അല്ലാതെ മറ്റൊരു ഫാസിസത്തെ കൂട്ടുപിടിക്കലല്ല. വിവരാവകാശവും ആധുനിക സാങ്കേതികവിദ്യയുമൊക്കെ ഫലപ്രദമായി ഉപയോഗിച്ച് ജനാധിപത്യത്തെ പൂര്‍ണ്ണമായും സുതാര്യമാക്കണം. ജനങ്ങളറിയാന്‍ പാടില്ലാത്ത ഒന്നും ജനാധിപത്യത്തിന് അനിവാര്യമല്ല. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ ഭയപ്പെടുന്നു. വിവരാവകാശനിയമം തങ്ങള്‍ക്ക് ബാധകമല്ല എന്നാണ് അവര്‍ പറയുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത എന്താണ് നമ്മുടെ പാര്‍ട്ടികള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ളത്? അവരെ കാണിക്കാനാവാത്ത എന്തു മിനിട്‌സും വരവുചിലവുകണക്കുകളുമാണ് അവര്‍ക്കുള്ളത്?
ഇവിടെയാണ് ആം ആദ്മി പാര്‍ട്ടി വ്യത്യസ്ഥമാകുന്നത് അവര്‍ ഈ ജനാധിപത്യത്തില്‍ പ്രവര്‍ത്തിച്ചുതന്നെ, അതിന്റെ പരിമിതകള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നു. പാര്‍ലിമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്ന കാതലായ ആശയമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ജനലോക്ബാല്‍ തന്നെ ഉദാഹരണം.
ജനങ്ങളെ അന്തിമ വിധികര്‍ത്താക്കളായി കാണുകയും അവര്‍ക്കുമുന്നില്‍ ഒളിപ്പിക്കേണ്ടതായ ഒന്നുമില്ലാത്ത സുതാര്യമായ ഒരു രാഷ്ട്രീയ ഘടന വളര്‍ത്തിയെടുക്കുകയുമാണ് ഭീതിദമായ രീതിയില്‍ വളരുന്ന ഫാസിസത്തെ നേരിടാനുള്ള ഏകമാര്‍ഗ്ഗമെന്ന തിരിച്ചറിവാണ് ഇന്നു നമുക്കാവശ്യം.
(രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണണത്തിനെതിരെ സൊസൈറ്റി ഫോക്കസ് സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in