മോഡിയുടെ രാമരാജ്യമല്ല ഗാന്ധിയുടേത് മിസ്റ്റര്‍ സക്കറിയ……

എം പീതാംബരന്‍ മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചത് ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ രാമരാജ്യസങ്കല്‍പ്പമാണ് മോഡിയുടെ ഹിന്ദുവര്‍ഗ്ഗീയവാദത്തില്‍ എത്തിനില്‍ക്കുന്നതെന്നും യുക്തിവാദി എം സി ജോസഫ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് പ്രസംഗിച്ച സക്കറിയക്ക് സര്‍വ്വോദയ സംഘം സംസ്ഥാന സെക്രട്ടറി എം പീതാംബരന്റെ മറുപടി മതവും രാഷ്ട്രീയവും മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടുണ്ടോ? രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാമോ? മേല്‍പ്പറഞ്ഞ രണ്ട് ചോദ്യങ്ങള്‍ക്കും അനുകൂലമായും പ്രതികൂലമായും ഉത്തരം ലഭിക്കാറുണ്ട്. പലരും ഉത്തരം പറയുന്നത് നിലവിലുള്ള വ്യവസ്ഥാപിത മതഘടനയെയും കക്ഷിരാഷ്ട്രീയ അധികാര സംവിധാനത്തെയും മനസ്സില്‍ വച്ചുകൊണ്ടാണ്. ഇപ്പോഴത്തെ […]

images

എം പീതാംബരന്‍

മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ചത് ഗാന്ധിയാണെന്നും അദ്ദേഹത്തിന്റെ രാമരാജ്യസങ്കല്‍പ്പമാണ് മോഡിയുടെ ഹിന്ദുവര്‍ഗ്ഗീയവാദത്തില്‍ എത്തിനില്‍ക്കുന്നതെന്നും യുക്തിവാദി എം സി ജോസഫ് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് പ്രസംഗിച്ച സക്കറിയക്ക് സര്‍വ്വോദയ സംഘം സംസ്ഥാന സെക്രട്ടറി എം പീതാംബരന്റെ മറുപടി

മതവും രാഷ്ട്രീയവും

മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടുണ്ടോ? രാഷ്ട്രീയക്കാര്‍ മത കാര്യങ്ങളില്‍ ഇടപെടാമോ? മേല്‍പ്പറഞ്ഞ രണ്ട് ചോദ്യങ്ങള്‍ക്കും അനുകൂലമായും പ്രതികൂലമായും ഉത്തരം ലഭിക്കാറുണ്ട്. പലരും ഉത്തരം പറയുന്നത് നിലവിലുള്ള വ്യവസ്ഥാപിത മതഘടനയെയും കക്ഷിരാഷ്ട്രീയ അധികാര സംവിധാനത്തെയും മനസ്സില്‍ വച്ചുകൊണ്ടാണ്. ഇപ്പോഴത്തെ സംവിധാനത്തില്‍ മതം ഭൗതീകസമ്പത്ത് വര്‍ദ്ധനവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തിലും ശ്രദ്ധയൂന്നുന്നു. രണ്ടുകൂട്ടരും കേന്ദ്രീകരണത്തെ സ്വയം വരിക്കുകയും ചെയ്യുന്നു.
അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി, വോട്ടു ബാങ്കുകളില്‍ ആധിപത്യം ലഭിക്കുന്നതിനു വേണ്ടി, മതങ്ങള്‍ക്കും ജാതികള്‍ക്കും വിവിധ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാര്‍ട്ടികള്‍ അവരവരുടെ ഭരണകാലത്ത് ശ്രമിക്കുന്നു. മത മേധാവികളെ സംബന്ധിച്ച്, തങ്ങളുടെ സ്ഥാപനങ്ങളും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുന്നവരോട് കൂറുപ്രഖ്യാപിക്കുന്നതിന് യാതൊരു മടിയുമില്ല. പക്ഷെ, ഇപ്രകാരം കിട്ടുന്ന ആനുകൂല്യങ്ങള്‍ ഭൂരിഭാഗവും മതത്തിലെ അഥവാ ജാതിയിലെ ഉപരിവിഭാഗത്തിന് (ക്രീമിലിയറിന്) മാത്രമെ ഉപകാരപ്പെടുന്നുള്ളു. മതവിശ്വാസിയായ സാധാരണക്കാരന്‍ ദശാബ്ദങ്ങളായി തുടരുന്ന ദൈന്യതയും പ്രശ്‌നങ്ങളും പേറി ജീവിതം തള്ളി നീക്കുന്നു.
പല സാമൂഹ്യപ്രശ്‌നങ്ങളും ഉന്നയിച്ചുകൊണ്ട് ജാതി-മത സംഘടനകള്‍ ഭരണകൂടത്തിനെതിരെ ആഞ്ഞടിക്കുന്നതു കാണാം. പലപ്പോഴും ഇത് അധികകാലം തുടരാറില്ല. സ്‌കൂളുകള്‍ കോളേജുകള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ അംഗീകാരം, സ്വാശ്രയ കോഴ്‌സുകളുടെ ഫീസ് ഘടന തീരുമാനം, തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നിവ കഴിയുന്നതോടെ പല സമരങ്ങളും താനെ കെട്ടണയും. മുമ്പെ ഉന്നയിച്ച സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹിരക്കപ്പെട്ടില്ലെങ്കിലും കിട്ടേണ്ടത് കിട്ടിയാല്‍ പ്രക്ഷോഭ നാടകങ്ങളുടെ തിരശീല വീഴും.
രാഷ്ട്രീയ പാര്‍ട്ടികളും ജാതി-മതങ്ങള്‍ക്കെതിരെ ഇതുപോലെ സാമൂഹ്യ സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കുന്നു. തങ്ങള്‍ക്കനുകൂലമായി വോട്ടുബാങ്കുകള്‍ ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങളാണവ. കൂടുതല്‍ സംഘടിതമായ ജാതി-മതങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി വോട്ടു ബാങ്കുകള്‍ക്കനുകൂലമായി സുരക്ഷിതമാക്കുന്നതോടെ പാര്‍ട്ടിയുടെ സാമൂഹ്യ സമ്മര്‍ദ്ദ നാടകങ്ങളും അവസാനിക്കും.
പാര്‍ട്ടി നേതൃത്വത്തിനും, ഭരണ നേതൃത്വത്തിനും, മതേതര നേതൃത്വത്തിനും സ്ഥാനമാനങ്ങളും സമ്പത്തും ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഒത്തുകളിയാണ് ഇവിടെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്നത്. സാധാരണക്കാരായ വിശ്വാസികളും, പാര്‍ട്ടി പ്രവര്‍ത്തകരും മൂക സാക്ഷികളായി നില്‍ക്കുന്നു. വിശ്വാസവും, ദൈവഭയവും, പാര്‍ട്ടിക്കൂറും മൂലം ഇവര്‍ക്ക് പ്രതികരിക്കാനാവുന്നില്ല

മതവും രാഷ്ട്രീയവും-ഗാന്ധിജിയുടെ നിലപാട്

മതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മേല്‍പ്പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമായ നിലപാടാണ് മഹാത്മാ ഗാന്ധിക്കുണ്ടായത്. മതം തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ആത്മ ശുദ്ധീകരണത്തിലൂടെ അവനവനില്‍ത്തന്നെ കുടികൊള്ളുന്ന ദൈവീകതയുടെ ആവിഷ്‌ക്കാരത്തിനാണ് മതം പ്രാവര്‍ത്തികമാക്കുന്നത്. ഈ പ്രക്രിയയ്ക്ക് പ്രാര്‍ത്ഥന-പ്രത്യേകിച്ച് മൗനപ്രാര്‍ത്ഥന-ശക്തമായ ഉപകരണമായി വര്‍ത്തിക്കുന്നു. ഇതുവഴി ഹൃദയ ശുദ്ധി നേടിയ വ്യക്തിത്വങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ കുടുംബജീവിതവും സമൂഹജീവിതവും രൂപപ്പെടും.
ഇത്തരം ഒരു ദൗത്യം നിര്‍വ്വഹിക്കാന്‍ എല്ലാ മതങ്ങളും പ്രാപ്തരാണെന്ന് ഗാന്ധിജി വിശ്വസിച്ചു. ഒരേ ലക്ഷ്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണ് മതങ്ങള്‍ എന്ന് അദ്ദേഹം നിര്‍വചിച്ചത് അതുകൊണ്ടാണ്. എല്ലാ മതങ്ങള്‍ക്കും തുല്യപ്രാധാന്യവും സാധ്യതയുമാണുള്ളത്. അതുകൊണ്ട് മതങ്ങളെ പാശ്ചാത്യം, പൗരസ്ത്യം, ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.
ഒരു വ്യക്തിയോ, വ്യക്തികളോ സമൂഹത്തിന്റെ നന്മയ്ക്കും, ഭദ്രതയ്ക്കും വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയം. സമൂഹം എത്രമാത്രം ധാര്‍മ്മികവും, സത്യസന്ധവും, അഹിംസയും ആകുന്നു എന്നത് വ്യക്തികളുടെ വിശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. വ്യക്തികള്‍ക്ക് ഇത്തരം വിശുദ്ധി നല്‍കുന്നത് മതമാണ്. അതുകൊണ്ട് മൂല്യാ
ധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തിയെ സജ്ജമാക്കുന്നതില്‍ മതം പ്രത്യേക പങ്ക് വഹിക്കുന്നു. ഇവിടെ മതം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന വ്യക്തിക്ക് മൂല്യങ്ങള്‍ പ്രദാനം ചെയ്യുക മാത്രമാണ് മതം ചെയ്യുന്നത്. ഈ ഒരര്‍ത്ഥത്തിലാണ് ഗാന്ധിജി പറയുന്നത്.
“ രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് നിശേഷം നിഷ്‌കാസനം ചെയ്യാന്‍ സാധിക്കുകയില്ല.” മതനിഷേധവും അധികാരത്തിനു വേണ്ടിയുള്ള മതവല്‍ക്കരണവും തിന്മയാണെന്ന് ഗാന്ധിജി പ്രഖ്യാപിക്കുന്നു.

രാമരാജ്യ സങ്കല്‍പ്പം

ഗാന്ധിജി വിഭാവനം ചെയ്ത ആദര്‍ശ രാജ്യത്തിന് അദ്ദേഹം നല്‍കിയ പേര് രാമരാജ്യം എന്നാണ്. ഇത് ഒരു മതവല്‍ക്കരണമോ, മതചിഹ്നത്തിന്റെ പ്രയോഗമോ അല്ലേ എന്ന് ചിലര്‍ സംശയിക്കാറുണ്ട്. ഉപരിപ്ലവമായി മാത്രം കാര്യങ്ങളെ കാണുന്നവരാണ് ഇക്കൂട്ടര്‍.
സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ഭാരതത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും നിരക്ഷരാണ്. ഇത്തരക്കാരോട് നമ്മള്‍ ആഗ്രഹിക്കുന്നത് ഒരു സോഷ്യലിസ്റ്റ് സമൂഹമാണ്, സ്ഥിതി സമത്വമാണ്, ഗ്രാമസ്വരാജാണ് എന്നൊക്കെ പറഞ്ഞാല്‍
അവര്‍ക്ക് ബോധ്യപ്പെടില്ല. അതേസമയം, എല്ലാവര്‍ക്കും തുല്യപരിഗണന ലഭിക്കുന്ന, എല്ലാവരേയും അംഗീകരിക്കുന്ന, പരസ്പരം ആദരിക്കുന്ന, ജനാഭിപ്രായങ്ങള്‍ക്ക് പരിഗണന ലഭിക്കുന്ന, ജനഹിതം നടപ്പാക്കുന്ന ഒരു സമൂഹം എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം രാമരാജ്യം എന്നു പറഞ്ഞത്. സാധാരണ ജനങ്ങള്‍ക്ക് ഈ ആശയം വ്യക്തമായി മനസിലാകുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് അവര്‍ ദേശീയ പ്രസ്ഥാനത്തോടും മഹാത്മാഗാന്ധിയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്.
ഗാന്ധിജി ഇപ്രകാരം വ്യക്തമാക്കുന്നു, “ എന്റെ രാമന്‍ ദശരഥപുത്രനായ രാമനല്ല. അത് സനാതനനും, അജനും, അദ്വിതീയനുമായ രാമനാണ്. ഞാന്‍ ആ രാമനെയാണ് പൂജിക്കുന്നത്. “ സ്വര്‍ഗസ്ഥനായ പിതാവേ അങ്ങയുടെ ഇച്ഛ നിറവേറട്ടെ ”എന്ന് ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുന്നതും “ അള്ളാഹുവിന്റെ ഹിതം ഇവിടെ പ്രാവര്‍ത്തികമാകട്ടെ ” എന്ന് മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതും “ ഓം ബ്രഹ്മണേ നമ: ” എന്ന് ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കുന്നതും ഈ അദ്വിതീയ ശക്തിയാണ് എന്റ ദൈവമെന്ന് ഗാന്ധിജി വ്യക്തമാക്കുന്നു. ഗാന്ധിജിയുടെ രാമന്‍ ഏതെങ്കിലും ഒരു മതത്തില്‍ പരിമിതപ്പെടുന്നില്ല.
ഭൂമിയിലെ ഇത്തരം ഒരു ദൈവരാജ്യത്തിലെ ഓരോ അംഗവും എപ്രകാരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മീയരംഗം

രാമരാജ്യം എന്ന പഥത്തിന്റെ അര്‍ത്ഥം ധര്‍മ്മത്തിന്റെയും പ്രേമത്തിന്റെയും രാജ്യം അഥവാ അഹിംസപരമായ അല്ലെങ്കില്‍ ജനതയുടെ സ്വരാജ്യം എന്നാകുന്നു.
മൂല്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സമൂഹവും അച്ചടക്കവും സ്വാതന്ത്ര്യവും സ്വയം വരിച്ച വ്യക്തിയുമാണ് രാമരാജ്യത്തിന്റെ പ്രത്യേകത.
രാമരാജ്യത്തില്‍ എല്ലാ മതക്കാരും എല്ലാ വര്‍ഗ്ഗക്കാരും എല്ലാ വര്‍ണ്ണക്കാരും സമഭാവനയോടുകൂടി യോജിച്ചിരിക്കും എന്ന് ഗാന്ധിജി പറയുന്നു.
മതം എന്നതിനുപകരം ‘ ധര്‍മ്മം ’ എന്ന വാക്കാണ് ഇവിടെ ഉപയോഗിക്കാവുന്നത്.
“ സര്‍വ്വധര്‍മ്മ സമ ഭാവനയാണ് ”രാമരാജ്യത്തിന്റെ മുഖമുദ്ര.

സാമൂഹ്യരംഗം

രാമരാജ്യത്തിലുള്ള ജനങ്ങള്‍ക്ക് എഴുതുവാനും വായിക്കുവാനും ഉള്ള അറിവ് മാത്രമല്ല ഉണ്ടായിരിക്കുക. അവര്‍ ശരിയായ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം സിദ്ദിച്ചവരായിരിക്കും. അറിവിനെ സമൂഹ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു. ഇത്തരം വിദ്യാഭ്യാസം സ്വഭാവശുദ്ധിയുള്ളവരെയും വിനയമുള്ളവരെയും നിര്‍ഭയത്തമുള്ളവരെയും സൃഷ്ടിക്കും.
രാമരാജ്യത്തില്‍ സ്ത്രീകളുടെ സ്ഥാനം പുരുഷന്മാരുടേതിന് തുല്യമായിരിക്കുമെന്ന് ഗാന്ധിജി അഭിപ്രായപ്പെടുന്നു. വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗ ഭേദമില്ലാത്ത ഏവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്ന സ്ഥിതിസമത്വസമൂഹം സോഷ്യലിസ്റ്റ് സമൂഹമാണ് ഗാന്ധിജിയുടെ സങ്കല്പ്പത്തിലെ രാമരാജ്യം.

രാഷ്ട്രീയരംഗം

ഗാന്ധിജി പറയുന്നു “ രാമരാജ്യം എന്നതിന്റെ അര്‍ത്ഥം ഏറ്റവും ചുരുങ്ങിയ ഭരണവ്യവസ്ഥ എന്നാകുന്നു. അതില്‍ ജനങ്ങള്‍ തങ്ങളുടെ മിക്ക പ്രവര്‍ത്തികളും പരസ്പരം സഹകരിച്ചുകൊണ്ട് സ്വയം ചെയ്തുതീര്‍ക്കുന്നതാണ് .”
അധികാരം ജനങ്ങളില്‍ത്തന്നെ നിലകൊള്ളുന്ന പരമാവധി വികേന്ദ്രീകൃതമായ ഭരണസംവിധാനമാണ് ഗാന്ധിജി വിഭാവനം ചെയ്യുന്നത്. അധികാരം കേന്ദ്രീകരിക്കുമ്പോള്‍ അഴിമതികള്‍ വര്‍ദ്ധിക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുകയും ചെയ്യും എന്ന തിരിച്ചറിവ് കൂടിയാണ് ഇതിന് ആധാരമായിട്ടുള്ളത്. വികേന്ദ്രീകൃത സമൂഹത്തിന്റെ അഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സാധ്യതയുണ്ടായിട്ടും രാഷ്ട്രീയപ്രവര്‍ത്തനം ധാര്‍മ്മിക പ്രവര്‍ത്തനമാകുന്നത് അധികാരവും സമ്പത്തും വികേന്ദ്രീകരിച്ച സമൂഹത്തിലാണ്.

സാമ്പത്തികരംഗം

രാമരാജ്യത്തിലെ സാമ്പത്തിക ഘടനയെപ്പറ്റി ഗാന്ധിജി പറയുന്നത് ഇപ്രകാരമാണ്.
“ രാമരാജ്യത്തില്‍ ഒരുഭാഗത്ത് അളവറ്റ ധനവും മറുഭാഗത്ത് ദയനീയമായ പട്ടിണിയും ഉണ്ടായിരിക്കില്ല. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടന്നിരിക്കും.
രാമരാജ്യത്തില്‍ സര്‍വ്വ പ്രധാനമായ ജോലി കൃഷിയായിരിക്കും. അവിടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തില്‍ ജനങ്ങള്‍ സ്വയം സമ്പൂര്‍ണ്ണരായിരിക്കും.”
പ്രാദേശിക വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അടിസ്ഥാന ആവശ്യങ്ങള്‍ സ്വയം നിറവേറ്റുന്ന അന്തരീക്ഷം നിലനില്‍ക്കും.
“രാമരാജ്യത്തില്‍, സമൃദ്ധികൊണ്ടോ ആലസ്യം കൊണ്ടോ ആരും തന്നെ പ്രവര്‍ത്തന വിമുഖരായിരിക്കില്ല. അദ്ധ്വാനിച്ചിട്ട് പട്ടിണി കിടക്കുന്നവരും ഉണ്ടായിരിക്കില്ല. തൊഴിലിന്റെ അഭാവം നിമിത്തം ആര്‍ക്കും തന്നെ അലസരായി ഇരിക്കേണ്ടി വരില്ല.”
തൊഴിലിലൂടെയുള്ള വിദ്യാഭ്യാസം (അടിസ്ഥാന വിദ്യാഭ്യാസം) മൂലം എല്ലാവര്‍ക്കും തൊഴിലുറപ്പു വരുന്നു. എല്ലാ തൊഴിലിനും തുല്യ പരിഗണനയും മാന്യതയും വേദനവും ലഭിക്കുന്നു.
തികച്ചും വ്യക്തിഗതമായി നില്‍ക്കുന്ന മതം വ്യക്തിയെ സംശുദ്ധനാക്കുന്നു. ഇത്തരം വ്യക്തികളുടെ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനം ഒരു സ്ഥിതി സമത്വ (സോഷ്യലിസ്റ്റ്) സമൂഹത്തിനും രാഷ്ട്രത്തിനും കാരണമാകുന്നു. ഇതാണ് ഇന്ത്യയുടെ സോഷ്യലിസം അഥവാ സര്‍വ്വോദയം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply