മെഡിസിനു കൂടുതല്‍ പെണ്‍കുട്ടികളെന്നതില്‍ കാരക്കുന്നിനു ആശങ്ക. അപ്പോള്‍ നഴ്‌സുമാരോ?

കേരളത്തില്‍ അടുത്തകാലത്ത്‌ എംബിബിഎസ്‌ പഠിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നതില്‍ ഷെയ്‌ക്ക്‌ മുഹമ്മദ്‌ കാരക്കുന്നിനു വല്ലാത്ത വിഷമം. മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ്‌ അദ്ദേഹം തന്റെ ആശങ്ക തുറന്നു പറഞ്ഞിരിക്കുന്നത്‌. അതേസമയം നഴ്‌സിംഗിനും ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നതില്‍ അദ്ദേഹം ആശങ്കപ്പെടുന്നില്ല. കാരക്കുന്നിന്റെ ആശങ്കക്കു പ്രധാന കാരണം മറ്റൊന്നുമല്ല. ഈ പെണ്‍കുട്ടികളുടെ വിവാഹത്തെ കുറിച്ചുള്ള ആശങ്കയാണ്‌. അദ്ദേഹം പറയുന്നു. ‘ഡോക്ടര്‍മാരായ പെണ്‍കുട്ടികള്‍ക്ക്‌ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവിതപങ്കാളികളെ ലഭിക്കണമെന്ന ആവശ്യം ന്യായമാണ്‌. ദാമ്പത്യജീവിതം വിജയകരമാകാന്‍ അതാവശ്യമാണ്‌. ഭര്‍ത്താക്കന്മാര്‍ ഡോക്ടര്‍മാരല്ലെങ്കില്‍ അത്‌ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്‌. […]

doctorകേരളത്തില്‍ അടുത്തകാലത്ത്‌ എംബിബിഎസ്‌ പഠിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നതില്‍ ഷെയ്‌ക്ക്‌ മുഹമ്മദ്‌ കാരക്കുന്നിനു വല്ലാത്ത വിഷമം. മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ്‌ അദ്ദേഹം തന്റെ ആശങ്ക തുറന്നു പറഞ്ഞിരിക്കുന്നത്‌. അതേസമയം നഴ്‌സിംഗിനും ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നതില്‍ അദ്ദേഹം ആശങ്കപ്പെടുന്നില്ല.
കാരക്കുന്നിന്റെ ആശങ്കക്കു പ്രധാന കാരണം മറ്റൊന്നുമല്ല. ഈ പെണ്‍കുട്ടികളുടെ വിവാഹത്തെ കുറിച്ചുള്ള ആശങ്കയാണ്‌. അദ്ദേഹം പറയുന്നു. ‘ഡോക്ടര്‍മാരായ പെണ്‍കുട്ടികള്‍ക്ക്‌ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവിതപങ്കാളികളെ ലഭിക്കണമെന്ന ആവശ്യം ന്യായമാണ്‌. ദാമ്പത്യജീവിതം വിജയകരമാകാന്‍ അതാവശ്യമാണ്‌. ഭര്‍ത്താക്കന്മാര്‍ ഡോക്ടര്‍മാരല്ലെങ്കില്‍ അത്‌ കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്‌. പുരുഷന്മാര്‍ക്ക്‌ ഒരുതരം അപകര്‍ഷബോധം അനുഭവപ്പെടും. ഡോക്ടര്‍മാരായ ഭര്‍ത്താവിനെ ലഭിക്കാത്തതില്‍ സ്‌ത്രീകളും ഒരുതരം ഇച്ഛാഭംഗം അനുഭവിക്കും. ഇതൊക്കെയും ദാമ്പത്യത്തകര്‍ച്ചക്കും കുടുംബശൈഥില്യത്തിനും കാരണമായിത്തീരുന്നു.”
ഈ അപകര്‍ഷതാബോധവും ഇച്ഛാഭംഗവും കേരളത്തില്‍ നിനില്‍ക്കുന്നു എന്നത്‌ ശരിയാണ്‌. എന്നാല്‍ അതിനോടെടുക്കേണ്ട നിലപാടാണ്‌ പരിശോധിക്കേണ്ടത്‌. അത്‌ ന്യായമാണെന്നു പറയുന്നിടത്ത്‌ കാരക്കുന്നിന്റെ തെറ്റുകള്‍ ആരംഭിക്കുന്നു. പൊതുവില്‍ ഭര്‍ത്താക്കന്മാര്‍ക്കാണല്ലോ കൂടുതല്‍ വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും കാണാറുള്ളത്‌. അതില്‍ അസ്വാഭാവികതയില്ലാത്തതുപോലെ തിരിച്ചാണെങ്കിലും അസ്വാഭാവികത ഇല്ലാതാകുകയാണ്‌ വേണ്ടത്‌. അതിനായാണ്‌ ശബ്ദിക്കേണ്ടത്‌. ദാമ്പത്യതകര്‍ച്ചയുണ്ടാകുമെന്നു പറഞ്ഞ്‌ ന്യായീകരിക്കലല്ല. പുരുഷനേയും സ്‌ത്രീയേയും തുല്ല്യതയോടെ കാണുന്നവര്‍ക്ക്‌ അതിനേ കഴിയൂ. എംബിബിഎസിന്റെ കാര്യത്തില്‍ ആശങ്കയും നഴ്‌സിംഗിന്റെ കാര്യത്തില്‍ അതില്ലാത്തതും ശരിയായ സമീപനമല്ല. മാത്രമല്ല, ഡോക്ടര്‍ ഡോക്ടറെ തന്നെ വിവാഹം കഴിക്കണമെന്നില്ലല്ലോ.
കാരക്കുന്ന്‌ പറയുന്ന മറ്റു ചിലകാര്യങ്ങള്‍ സത്യമാണ്‌. പോസ്റ്റ്‌ ഗ്രാജ്വേഷന്‌ പെണ്‍കുട്ടികളുടെ അനുപാതം ആണ്‍കുട്ടികളെക്കാള്‍ ഏറെ പിറകിലാണെന്നു അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ ഉന്നത പഠനത്തിന്‌ പെണ്‍കുട്ടികള്‍ തയാറാകുന്നില്ലെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നതെന്നും പല കാരണങ്ങളാലും അവര്‍ക്കതിനു സാധ്യമാകുന്നില്ലെന്നും മെഡിക്കല്‍ ബിരുദം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലിക്കുപോലും പോകുന്നില്ല എന്നും തികച്ചും നിഷ്‌കളങ്കമായാണ്‌ കാരക്കുന്ന്‌ പറയുന്നത്‌. അതിന്റെ കാരണം എന്താണെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. കാരക്കുന്നിനും അതറിയാം. ഉന്നത പഠനത്തിനോ തൊഴിലെടുക്കാനോ തയാറില്ലാത്ത പെണ്‍കുട്ടികളെ മെഡിക്കല്‍, എന്‍ജിനീയറിങ്‌ പോലുള്ള പ്രഫഷനല്‍ വിദ്യാഭ്യാസ രംഗത്തേക്ക്‌ തള്ളിവിടുന്ന പ്രവണതക്ക്‌ അറുതിവരുത്തണമെന്നാണ്‌ കാരക്കുന്ന്‌ പറയുന്നത്‌. പറയേണ്ടത്‌ അങ്ങനെയല്ല. തൊഴിലിനുപോകാന്‍ സമൂഹവും കുടുംബവും അവര്‍ക്കു കല്‍പ്പിച്ചിരിക്കുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കണമെന്നാണ്‌. എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ പെണ്‍കുട്ടികളില്‍ 60 ശതമാനത്തോളംപേരും വിവാഹത്തിനുശേഷം ജോലിക്കുപോകാത്തവരാണെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നെന്നും കാരക്കുന്ന്‌ പറയുന്നു.
പഠിച്ച്‌ വളരാനും ഉയരാനും സമൂഹത്തെ സേവിക്കാനും സന്നദ്ധതയുള്ളവര്‍ക്ക്‌ അവസരം നഷ്ടപ്പെടുത്തുന്നത്‌ ഗുരുതരമായ സാമൂഹിക ദ്രോഹവും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യവുമാണെന്ന്‌ കാരക്കുന്ന്‌ പറയുന്നുണ്ട്‌. വളരെ ശരി. എന്നാല്‍ ഒപ്പം അദ്ദേഹത്തിന്റെ വരികള്‍ ഇങ്ങനെ. സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന പരിഷ്‌കര്‍ത്താക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സന്നദ്ധസേവകരും ആണ്‍കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചക്കാണ്‌ നിലവിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്‌. അവിടെ കാരക്കുന്നിനു വീണ്ടും തെറ്റുപറ്റി. ഇരുകൂട്ടരും പഠിക്കുകയും തൊഴില്‍ ചെയ്യുകയും വേണം. പെണ്‍കുട്ടികള്‍ക്ക്‌ അതിനു തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ്‌ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന പരിഷ്‌കര്‍ത്താക്കളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സന്നദ്ധസേവകരും ശ്രമിക്കേണ്ടത്‌.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply