മൂത്രപ്പുരകളും മൂത്രപ്പുരസാഹിത്യവും

മൂത്രപ്പുരയും മൂത്രപ്പുരസാഹിത്യവുമാണല്ലോ സമകാലിക ചര്‍ച്ചാവിഷയം. പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം മൂത്രപ്പുര നിര്‍മ്മിച്ചു കൊടുക്കുവാന്‍ മാധ്യമങ്ങള്‍ മത്സരത്തിലാണ്. കേരളത്തിലെ മാധ്യമങ്ങളുടെ മത്സരം കൊണ്ട് അടുത്ത കാലത്തുണ്ടായ ഒരു ഗുണമാണിത്. എല്ലായിടത്തും മൂത്രപ്പുരകള്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 100 ദിവസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളിലും  മൂത്രപ്പുരകള്‍ സ്ഥാപിക്കുമെന്ന് മന്ത്രിസഭ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. അല്ലാത്തപക്ഷം അടുത്ത വര്ഷം അവയുടെ അംഗീകാരം നഷ്ടപ്പെടും. ഓരോ സ്ഥലത്തു  മൂത്രപ്പുര നിര്‍മ്മിക്കുമ്പോഴും മാധ്യമങ്ങളുടെ തങ്ങളുടെ ഇംപാക്ട് എന്നു കുറെ കേള്‍ക്കേണ്ടി വരുമെന്നുമാത്രം.മറുവശത്ത് ഫേസ് ബുക്കിലെ […]

ttമൂത്രപ്പുരയും മൂത്രപ്പുരസാഹിത്യവുമാണല്ലോ സമകാലിക ചര്‍ച്ചാവിഷയം. പൊതുസ്ഥലങ്ങളിലും സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം മൂത്രപ്പുര നിര്‍മ്മിച്ചു കൊടുക്കുവാന്‍ മാധ്യമങ്ങള്‍ മത്സരത്തിലാണ്. കേരളത്തിലെ മാധ്യമങ്ങളുടെ മത്സരം കൊണ്ട് അടുത്ത കാലത്തുണ്ടായ ഒരു ഗുണമാണിത്. എല്ലായിടത്തും മൂത്രപ്പുരകള്‍ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. 100 ദിവസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകളിലും  മൂത്രപ്പുരകള്‍ സ്ഥാപിക്കുമെന്ന് മന്ത്രിസഭ തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. അല്ലാത്തപക്ഷം അടുത്ത വര്ഷം അവയുടെ അംഗീകാരം നഷ്ടപ്പെടും. ഓരോ സ്ഥലത്തു  മൂത്രപ്പുര നിര്‍മ്മിക്കുമ്പോഴും മാധ്യമങ്ങളുടെ തങ്ങളുടെ ഇംപാക്ട് എന്നു കുറെ കേള്‍ക്കേണ്ടി വരുമെന്നുമാത്രം.മറുവശത്ത് ഫേസ് ബുക്കിലെ എഴുത്തുകളെ മൂത്രപ്പുര സാഹിത്യമാക്കി വിശേഷിപ്പിച്ച സംവിധായകന്‍ രണ്‍ജിത്തിന്റെ വാക്കുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കെട്ടടങ്ങിയിട്ടില്ല.
ജീവിതത്തിലെ ഏറ്റവും അത്യാവശ്യമായ ഒന്നായിട്ടും മൂത്രപ്പുരകള്‍ ഒരിക്കലും നമ്മുടെ സംസാരവിഷയമേയായിരുന്നില്ല. അതിനൊരു മാറ്റം അനിവാര്യം തന്നെ.
മുമ്പൊക്കെ മൂത്രപ്പുര നമ്മുടെ പറമ്പുകളിലായിരുന്നു. വളരെ മോശപ്പെട്ട അവസ്ഥയായിരുന്നു അവയുടേത്. ഇപ്പോള്‍ അവയെല്ലാം വീടുകള്‍ക്കുള്ളില്‍ തന്നെ. അവയാകട്ടെ അടുക്കളയേക്കാള്‍ ക്ലീന്‍. എന്നാല്‍ പൊതുസ്ഥലത്തെ അവസ്ഥ എന്താണ്? നമ്മുടെ പൊതുജീവിതത്തെ പോലെതന്നെയാണവ. പൊതുസ്ഥലങ്ങളില്‍ അതൊരു അനിവാര്യമായ ഒന്നായി നാം കാണുന്നില്ല. അതിനാല്‍ മിക്കയിടങ്ങളിലുമില്ല. ഉണ്ടെങ്കില്‍ തന്നെ കയറാനറക്കുന്ന അവസ്ഥ. നമ്മുടെ മനസ്സകളെപോലെ മലിനം. മലയാളിയുടെ  പൊതുജീവിതവും മറ്റൊന്നല്ലല്ലോ. എല്ലാം സഹിച്ച് മൂത്രപ്പുരയ്‌ലേക്ക് കയറുന്നവരാകട്ടെ അതിന്റെ ചുവരുകള്‍ രണ്‍ജിത് പറഞ്ഞ പോലെ  തങ്ങളുടെ ആവിഷ്‌കാരത്തിനായി ഉപയോഗിക്കുന്നു – ഇതിനായി മറ്റു സാധ്യതകളായതോടെ സമീപകാലത്ത് അല്‍പ്പം കുറവുണ്ടെങ്കിലും.
മൂത്രപ്പുരയില്ലാത്തതിന്റെ ദുരിതങ്ങള്‍ ഏറ്റവുമനുഭവിക്കുന്നത് സ്ത്രീകള്‍ തന്നെ. സാരിക്കോ ചുരിദാറുകള്‍ക്കോ പോലും പോക്കറ്റില്ലാത്തത് പണം കൈകാര്യം ചെയ്യേണ്ടവരല്ല സ്ത്രീകള്‍ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാണല്ലോ. അതുപോലെ സ്ത്രീകള്‍ യാത്ര ചെയ്യേണ്ടവരല്ല എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് സ്ത്രീ സൗഹൃദമായ ടോയ്‌ലറ്റുകള്‍ രൂപം കൊള്ളാത്തത്. ടോയ്‌ലറ്റുകള്‍ മാത്രമല്ല, ആര്‍ത്തവകാലത്തെ സൗകര്യങ്ങളും അവര്‍ക്കു ലഭ്യമല്ലല്ലോ. ഇപ്പോള്‍ പെണ്‍കുട്ടികള്‍ പഠിക്കാനും സ്ത്രീകള്‍ ധാരാളമായി തൊഴിലിനും പോകുന്നു. എന്നാല്‍ ഈ രണ്ടുകാര്യങ്ങളും അവര്‍ക്ക് പേടി സ്വപ്‌നമാണ്. അതിന്റെ ഫലമോ അസുഖങ്ങള്‍ വിളിച്ചുവരുത്തലും.
ഇവ രണ്ടും ജിവി്തത്തിന്റെ സാധാരണ സംഭവങ്ങളാണെന്ന ബോധം ശക്തമാകാതെ ശാശ്വതമായ പരിഹാരം സാധ്യമല്ല. അതില്ലാത്തതിനാണല്ലോ വൃത്തിയുള്ള ഇ ടോയ്‌ലെറ്റുകള്‍ ഉള്ള സ്ഥലങ്ങളിലും സ്ത്രീകള്‍ കയറാന്‍ മടിക്കുന്നത്. കാരണം അവയില് കയറുന്നത് ജനം കാണും. വൃത്തി മാത്രമല്ല പ്രശ്‌നമെന്നു സാരം. നോട്ടുബുക്ക് എന്ന സിനിമ തന്നെ ഉണ്ടായത് വിദ്യാര്‍ത്ഥിനിയുടെ ആര്‍ത്തവത്തെ എന്തോ അല്‍ഭുതസംഭവമായി കാണുന്നതുകൊണ്ടാണല്ലോ. ഇ ടോയ്‌ലറ്റുകളും നാപ്കിന്‍ കോയിന്‍ ബോക്‌സുകള്‍ വെയ്‌സ്റ്റ് ബോക്‌സുകളും വ്യാപകമാകുകയാണ് അനിവാര്യം.
ഇനി, ഇത്തരമൊരു സാഹചര്യം വന്നാല്‍ രണ്‍ജിത് പറഞ്ഞവര്‍ എന്തുചെയ്യുമെന്ന ചോദ്യം സ്വാഭാവികം. മൂത്രപ്പുര എഴുത്തുകാര്‍ എവിടെയെഴുതും? സ്വാഭാവികമായും അവര്‍ സ്ഥലം കണ്ടെത്തും. അതിലൊന്നാണ് ഫേസ് ബുക്ക്. മൂത്രപ്പുരയെ മോശപ്പെട്ട സ്ഥലമായി കാണുന്ന പോലെ മൂത്രപ്പുര സാഹിത്യത്തേയും മോശമായി കാണുന്നതാണ് രണ്‍ജിത്തിനു പറ്റിയ തെറ്റ്. രണ്‍ജിത്തിനെതിരെ രംഗത്തുവന്നവരുടേയും നിലപാട് അതുതന്നെയായിരുന്നു. മൂത്രപ്പുരയെഴുത്തിനെ സാഹിത്യമായും ഫോക്‌ലോര്‍ ആയും അംഗീകരിക്കപ്പെട്ട കാലമാണിത്. എത്രയോ പഠനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നു. കേരളത്തില്‍ തന്നെ രാഘവന് പയ്യനാടും ഇ പി രാജഗോപാലനും മറ്റും ഇതേ കുറിച്ച് എന്നേ എഴുതിയിട്ടുണ്ട്. ഉള്ളിലുള്ള അമര്‍ഷങ്ങളും വികാരങ്ങളും ആഗ്രഹങ്ങളുമാണല്ലോ മൂത്രപ്പുരയുടെ ഏകാന്തതയില്‍ വിശാലമായ ചുവരുകളില്‍ എഴുതപ്പെടുന്നത്. മനുഷ്യമനസ്സിന്റെ യഥാര്‍ത്ഥ ചിത്രമാണിത്. മൂത്രപ്പുരപോലെ ലൈംഗികതയും മോശവും തെറ്റുമാണെന്നു വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ അത്തരം എഴുത്തിന്റെ പ്രധാന വിഷയം ലൈംഗികതയാകുന്നത് സ്വാഭാവികം. മൂത്രമൊഴിക്കാനുള്ള ആഗ്രഹം അടക്കിപിടിച്ച് അവസാനം ലഭിക്കുമ്പോഴുള്ള സന്തോഷത്തിനു സമാനമാണ് ഇവയെഴുതുമ്പോള്‍ ലഭിക്കുന്ന താല്‍ക്കാലിക ആശ്വാസം. ഇവിടെ അതു മുഖ്യമായും ലൈംഗികതയുമായി ബന്ധപ്പെട്ടാണെങ്കില്‍ ലൈംഗികത ഒരു വിഷയമല്ലാത്ത രാഷ്ട്രങ്ങളില്‍ മറ്റു വിഷയങ്ങളാണ് മൂത്രപ്പുരകളില്‍ കാണുന്നത്. എന്തായാലും അവ സ്വാതന്ത്ര്യത്തിനായുള്ള ദാഹവും അടക്കി വെച്ച വികാരങ്ങളുടെ ബഹിര്‍സ്ഫുരണവുമാണ്. എന്തിനേറെ, സിപിഎമ്മില്‍ പിണറായി – വി എസ് പോരു മുറുകിയ കാലത്ത് അതുമായി ബന്ധപ്പെട്ട എഴുത്തുകള്‍ തീവണ്ടികളിലെ ടോയ്‌ലെറ്റുകളില്‍ വ്യാപകമായിരുന്നു. അവയെഴുതിയത് അസംതൃപ്തരായ പാര്‍ട്ടിക്കാരല്ലാതെ മറ്റാര്? പുറത്തു പറയാന് അവര്‍ക്കന്ന് ധൈര്യമുണ്ടായിരുന്നില്ല.
തീര്‍ച്ചയായും മൂത്രപ്പുരക്കു സമാനമായ ചില സാധ്യതകള്‍ ഫേസ് ബുക്കിലുമുണ്ട്. ഏകാന്തമായി ഇരുന്ന് മറ്റുള്ളവരെ അഭിസംബോധന ചെയ്യാമെന്നതു തന്നെ മുഖ്യം. അതിനാല്‍ രണ്‍ജിത് പറഞ്ഞ പ്രവണത അവിടേയും ഉണ്ടാകും. എന്തായാലും അത് നമ്മുടെ സമൂഹത്തിന്റെ സമകാലികാവസ്ഥയുടെ പ്രതിഫലനമാണ്. ഒരാളേയും കുറ്റപ്പെടുത്തുന്നതു ശരിയല്ല. മൂത്രപ്പുരകളും മൂത്രപ്പുരസാഹിത്യവുംതന്നെ ഒരു ജനതയുടെ രാഷ്ട്രീയബോധം മനസ്സിലാക്കാന്‍ ഏറ്റവും എളുപ്പവഴി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply