മുല്ലപ്പെരിയാര്‍ : വേണ്ടത് സംയമനം
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം തമിഴ്‌നാടിന് വിട്ടുകിട്ടണമെന്ന നിലപാടിന്റെ നിയമസാധുതയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് സംശയം പ്രകടിപ്പിച്ചത് കേരളത്തിനു പ്രതീക്ഷ നല്‍കുന്നു. ഇനി വേണ്ടത് കോടതിയുടെ സംശയത്തില്‍ പിടിച്ച് കേസ് ശക്തമാക്കുകയാണ്. അതേസമയം വിഷയത്തെ സംയമനത്തോടെ കൈകാര്യം ചെയ്യാനും അമിതാവേശം കാണിക്കാതിരിക്കാനും ശ്രദ്ധിക്കണം. തമിഴരാണ് പൊതുവില്‍ വൈകാരികമായി പ്രതികരിക്കുക എന്നാണ് പൊതുവില്‍ പറയാറുള്ളത്. മലയാളികള്‍ മാന്യരാണെന്നും. അതിനു രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങള്‍ ഉണ്ട്. അതവിടെ നില്‍ക്കട്ടെ. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ടുവര്‍ഷം മുമ്പ് കണ്ടത് തിരിച്ചായിരുന്നു. കേരളമാണ് ആധികാരികമല്ലാത്ത റിപ്പര്‍ട്ടുകളുടെ […]
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം തമിഴ്‌നാടിന് വിട്ടുകിട്ടണമെന്ന നിലപാടിന്റെ നിയമസാധുതയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് സംശയം പ്രകടിപ്പിച്ചത് കേരളത്തിനു പ്രതീക്ഷ നല്‍കുന്നു. ഇനി വേണ്ടത് കോടതിയുടെ സംശയത്തില്‍ പിടിച്ച് കേസ് ശക്തമാക്കുകയാണ്. അതേസമയം വിഷയത്തെ സംയമനത്തോടെ കൈകാര്യം ചെയ്യാനും അമിതാവേശം കാണിക്കാതിരിക്കാനും ശ്രദ്ധിക്കണം.
തമിഴരാണ് പൊതുവില്‍ വൈകാരികമായി പ്രതികരിക്കുക എന്നാണ് പൊതുവില്‍ പറയാറുള്ളത്. മലയാളികള്‍ മാന്യരാണെന്നും. അതിനു രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങള്‍ ഉണ്ട്. അതവിടെ നില്‍ക്കട്ടെ. എന്നാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ടുവര്‍ഷം മുമ്പ് കണ്ടത് തിരിച്ചായിരുന്നു. കേരളമാണ് ആധികാരികമല്ലാത്ത റിപ്പര്‍ട്ടുകളുടെ വെളിച്ചത്തില്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതെന്ന് പറയാതെ വയ്യ. ഡാമിന്റെ ബലം കൂട്ടണമെന്നും ജലനിരപ്പിന്റെ ഉയരം കുറക്കണമെന്നും വാദിക്കാം. തെറ്റില്ല. എന്നാല്‍ പുതിയ ഡാം എന്ന തെറ്റായ ആവശ്യമുന്നയിച്ചായിരുന്നു കേരളം രംഗത്തിറങ്ങിയത്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും പ്രശ്‌നം ഏറ്റെടുത്തു. ലോകം മുഴുവന്‍ വന്‍കിട ഡാമുകള്‍ക്കെതിരെ രംഗത്തിറങ്ങുമ്പോഴാണ് പുതിയ ഡാമിനായി നാം സമരമാരംഭിച്ചത്. ഭൂകമ്പമുണ്ടെങ്കില്‍ അതു പുതിയ ഡാമിനേയും ബാധിക്കുമെന്ന കാര്യം പോലും നാം മറന്നു. തമിഴ് നാടിനു കൊടുക്കുന്ന വെള്ളം അവിടെ ചെറുസംഭരണികള്‍ ഉണ്ടാക്കി സംരക്ഷിക്കാനാവശ്യപ്പെടണമെന്ന വിവേകപൂര്‍വ്വമായ നിര്‍ദ്ദേശം പോലും അവഗണിച്ചായിരുന്നു ഇവിടത്തെ കോലാഹലം. നാലഞ്ചുജില്ലകള്‍ ഇല്ലാതാകുമെന്നുപോലും പ്രചരണം നടന്നു. ആലുവയില്‍ എപ്പോള്‍ വേണമെങ്കില്‍ രക്ഷപ്പെട്ട് വടക്കോട്ടുപോകാന്‍ വാഹനം തയ്യാറാക്കി നിര്‍ത്തിയവര്‍ പോലുമുണ്ടായിരുന്നു. കൂടാതെ തമിഴ് നാടിനെതിരേയും വ്യാപക പ്രചരണം നടന്നു. കളകൂറ്റനെ അഴിച്ചുവിട്ട് രണ്ടു സംസ്ഥാന മന്ത്രിമാരെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചു എന്നുപോലും ഒരു പത്രം എഴുതി.
ഈ കോലാഹലം ഇവിടെ മൂര്‍ച്ഛിച്ചപ്പോഴാണ് തമിഴ് നാട്ടില്‍ മലയാളികള്‍ക്കെതിരായ കലാപം പൊട്ടിപ്പുറപ്പെട്ടത്. അവര്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു. സ്വാഭാവികമായും നഷ്ടം നമുക്കായിരുന്നു. ഏറെകാലത്തിനുശേഷമാണ് ആ മുറിവ് ഉണങ്ങിയത്. സുപ്രിം കോടതിയുടെ പുതിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അമിതമായ ആഹ്ലാദപ്രകടത്തിനാണ് നാം പോകുന്നതെങ്കില്‍ പ്രശ്‌നം വീണ്ടും വഷളാകുകയേ ഉള്ളു. അതേ സമയം കോടതി നടപടികളില്‍ വേണ്ടത്ര ശുഷ്‌കാന്തി കാണിക്കണം. അക്കാര്യത്തില്‍ നാം പലപ്പോഴും പുറകലിലാണുതാനും. എത്രയോ തവണ അതു തെളിയിക്കപ്പെട്ടിരിക്കുന്നു. ഇക്കുറി കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയതും നമ്മുടെ ശുഷ്‌കാന്തി കൊണ്ടൊന്നുമാകാന്‍ സാധ്യതയില്ല.
തമിഴ്‌നാടിനു ജലം വിട്ടുനല്‍കാനുള്ള 1886 ലെ കരാറിന്റെ നിയമസാധുതയിലാണു ജസ്റ്റിസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചത്. 1886 ല്‍ തിരുവിതാംകൂര്‍ മഹാരാജാവുമായി ഉണ്ടാക്കിയ 999 വര്‍ഷത്തെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാറിലെ ജലം ലഭിക്കാനുള്ള അവകാശം തമിഴ്‌നാട് നിരത്തിയപ്പോഴാണ് കോടതി ഇടപെട്ടത്. കരാര്‍ ഉടമ്പടി ഉണ്ടാക്കിയത് ബ്രിട്ടീഷ് ഇന്ത്യയുടെ പ്രതിനിധിയായ സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയും തിരുവതാംകൂര്‍ മഹാരാജാവിന്റെ പ്രതിനിധിയും തമ്മിലായിരുന്നു. ഈ ഉടമ്പടിയില്‍ തമിഴ്‌നാടിന്റെ പങ്കാളിത്തം എന്താണെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. പഴയ മദ്രാസ് പ്രവിശ്യയിലെ ജലത്തിനുള്ള കരാറില്‍ തങ്ങള്‍ക്ക് പിന്തുടര്‍ച്ചാവകാശമുണ്ടെന്നു തമിഴ്‌നാടിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വിനോദ് ബോബ്‌ഡേ വ്യക്തമാക്കിയെങ്കിലും കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.
പഴയ മദ്രാസ് പ്രവിശ്യയുമായി കരാറിനു ബന്ധമുള്ളതായി കാണുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഉടമ്പടിയില്‍ ഒരിടത്തുപോലും തമിഴ്‌നാടിന്റേയോ പഴയ മദ്രാസ് പ്രവിശ്യയുടേയോ കാര്യം പരാമര്‍ശിക്കുന്നില്ല. തമിഴ്‌നാടിന്റെ അവകാശങ്ങളും അതുതെളിയിക്കാന്‍ ഹാജരാക്കിയ രേഖകളും ഒരുമിച്ച് പോകുന്നില്ല.
1970 ലെ കരാര്‍ പുതുക്കിയത് തങ്ങളുടെ വാദത്തെ ബലപ്പെടുത്തുന്നതാണെന്നു തമിഴ്‌നാട് ചൂണ്ടിക്കാട്ടി. പക്ഷേ 1886 ലെ കരാര്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ളതല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. തമിഴ്‌നാടിന്റെ വാദത്തില്‍ ചില പോരായമകള്‍ ഉണ്ടെന്നു ബെഞ്ച് നിരീക്ഷിച്ചു. 1886 ലെ പ്രധാന കരാര്‍ മുല്ലപ്പെരിയാര്‍ കരാറിന്റെ നട്ടെല്ലാണ്. കരാറിന്റെ കാര്യം തല്‍ക്കാലം പരിഗണിക്കുന്നില്ല. ആലോചിച്ചു കുടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും അതിനായി അവര്‍ ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ നടത്തും. 99 വര്‍ഷത്തെ കരാര്‍ ഒരു 9 കൂടി കൂട്ടി ചേര്‍ത്ത് 999 ആക്കിയതാണെന്ന ആരോപണം പോലുമുണ്ട്. അക്കാലത്ത് എല്ലാം പാട്ടത്തിനു നല്‍കിയിരുന്നത് 99 വര്‍ഷത്തേക്കായിരുന്നു. ഈ സാഹചര്യത്തില്‍ നാം അലസരായാല്‍ ഡാമിന്റെ അവകാശം തിരിച്ചുകിട്ടാനുള്ള ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെടും. ഇവിടത്തെ രാഷ്ട്രീയ കോലാഹലത്തിനുള്ളില്‍ എന്താണ് സംഭവിക്കുക. നാടിന്റെ പൊതുവായ ആവശ്യങ്ങളില്‍ ഒന്നിച്ചുനിന്ന് പോരാടുന്ന തമിഴ് നാടിനോടാണ് നാം നിയമയുദ്ദം നടത്തുന്നതെന്നു മറക്കാതിരുന്നാല്‍ നന്ന്.
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പഴയപടി തന്നെ തമിഴ് നാടിനു വെള്ളം കൊടുക്കാന്‍ നാം ബാധ്യസ്ഥരാണ്. അത് കരാറിന്റെ മാത്രം പ്രശ്‌നമല്ല. മുമ്പൊരു തമിഴ് നാട് എം എല്‍ എ മലയാളം ചാനലില്‍ പറഞ്ഞപോലെ നമുക്ക് വെള്ളം കിട്ടിയിട്ട് എന്തു ഗുണം? തമിഴരാണെങ്കില്‍ ഒരു തുള്ളി നഷ്ടപ്പെടുത്താതെ കൃഷിക്കായി ഉപയോഗിക്കും. ഞങ്ങള്‍ക്കാവശ്യമായ വെള്ളം തരൂ, കേരളത്തിനാവശ്യമായ പച്ചക്കറി മുഴുവന്‍ തരാമെന്നാണ് അദ്ദേഹം പറഞ്ഞത്. തമിഴ് നാട്ടില്‍ ലോറി പണിമുടക്കുണ്ടായാല്‍ കേരളം പട്ടിണിയാകുമെന്നും പറയാറുണ്ട്. അതു പൂര്‍ണ്ണമായും ശരിയല്ല. കാരണം കേരളത്തില്‍ പച്ചക്കറിയും കോഴിയും മുട്ടയുമൊന്നും വില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തമിഴ് നാടും പട്ടിണി കിടക്കും. പലവട്ടം അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. പരസ്പര സാഹോദര്യമാണ് ഈ സഹോദര സംസ്ഥാനങ്ങള്‍ തമ്മില്‍ വേണ്ടത്. സത്യത്തില്‍ നാലു തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. അതേസമയം ഭക്ഷ്യവിഭവങ്ങളുടെ വിഷയത്തില്‍ സ്വയം പര്യാപ്തമാകാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കേണ്ടതുമുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
BABURAJ
July 24, 2013 at 4:34 pm
സെന്‍സേഷനലിസത്തിനപ്പുറത്ത് ഒരു നിലപാടെടുത്ത ഡോക്ടര്‍ റോയിയെ കേരളീയര്‍ ചാരനായാണ് കണ്ടത്. എന്താണ് നാമിങ്ങനെ?