മുതലാളി – തൊഴിലാളി ഐക്യം സിന്ദാബാദ്. പൊതുജനം തുലയട്ടെ

വര്‍ഗ്ഗസമരം എന്ന കമ്യൂണിസ്റ്റ് ആശയത്തെ ഉയര്‍ത്തിപിടിക്കുന്നവരാണല്ലോ വലിയൊരു വിഭാഗം മലയാളികള്‍. ചൂഷണത്തിനെതിരെ തൊഴിലാളിവര്‍ഗ്ഗം മുതലാളിവര്‍ഗ്ഗത്തിനെതിരായി നടത്തുന്ന പോരാട്ടം !! സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരാണ് തൊഴിലാളികള്‍ എന്നതിനാല്‍ അവരുടെ മോചനം സമൂഹത്തിന്റെ മുഴുവന്‍ മോചനവുമാകുന്നു !!! സത്യമെന്താണ്? തൃശൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടക്കുന്ന നാലു സമരങ്ങള്‍ ഇതിനു മറുപടി നല്‍കും. മുതലാളികളും തൊഴിലാളികളും ഒന്നായി നിസ്സഹായരായ ജനങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി പാവപ്പെട്ട നാട്ടുകാരുടെ സമരത്തിനും കളക്ടറേറ്റ് സാക്ഷ്യം […]

iii

വര്‍ഗ്ഗസമരം എന്ന കമ്യൂണിസ്റ്റ് ആശയത്തെ ഉയര്‍ത്തിപിടിക്കുന്നവരാണല്ലോ വലിയൊരു വിഭാഗം മലയാളികള്‍. ചൂഷണത്തിനെതിരെ തൊഴിലാളിവര്‍ഗ്ഗം മുതലാളിവര്‍ഗ്ഗത്തിനെതിരായി നടത്തുന്ന പോരാട്ടം !! സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരാണ് തൊഴിലാളികള്‍ എന്നതിനാല്‍ അവരുടെ മോചനം സമൂഹത്തിന്റെ മുഴുവന്‍ മോചനവുമാകുന്നു !!!
സത്യമെന്താണ്? തൃശൂര്‍ കളക്ടറേറ്റിനു മുന്നില്‍ നടക്കുന്ന നാലു സമരങ്ങള്‍ ഇതിനു മറുപടി നല്‍കും. മുതലാളികളും തൊഴിലാളികളും ഒന്നായി നിസ്സഹായരായ ജനങ്ങള്‍ക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായി പാവപ്പെട്ട നാട്ടുകാരുടെ സമരത്തിനും കളക്ടറേറ്റ് സാക്ഷ്യം വഹിക്കുന്നു.
അവിണിശേരി ഗ്രാമപഞ്ചായത്തിലെ ചെറുവത്തേരിയില്‍ പതിനൊന്നാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്ക്‌സ് സൃഷ്ടിക്കുന്ന ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിനെതിരെയാണ് നാട്ടുകാര്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ചെറുവത്തേരിയിലെ കിണറുകളെല്ലാം മലിനീകരിക്കപ്പെട്ടതായി അവര്‍ പറയുന്നു. കമ്പനി അടച്ചു പൂട്ടിയാല്‍ നൂറോളം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന തൊഴിലാളി സംഘടനകളുടെ പ്രചാരണം വ്യാജമാണെന്ന് കമ്പനിയ്‌ക്കെതിരെ പൗരസമിതിയും ശാസ്ത്ര സാഹിത്യ പരിഷത്തും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത സമരസമിതി ചൂണ്ടികാട്ടുന്നു. കമ്പനിയുടെ ലൈസസന്‍സ് റദ്ദ്് ചെയ്യുന്നത് വരെ സമരം തുടരാനാണ് സമിതിയുടെ തീരുമാനം. പ്രദേശവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന വാദത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും സമിതി അംഗങ്ങള്‍ ആരോപിക്കുന്നു. ഇരുപത്തഞ്ചോളം പ്രദേശവാസികള്‍ മാത്രമാണ് കമ്പനിയില്‍ തൊഴിലെടുക്കുന്നതെന്നു വിവരാവകാശരേഖകള്‍ പ്രകാരം വ്യക്തമാണ്. കിണര്‍ വെള്ളത്തില്‍ ആസിഡ് സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നു ചെറുവത്തേരി നിവാസികള്‍ക്കു കുടിവെള്ളം എത്തിച്ചു കൊടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. 2007 ല്‍ ആരംഭിച്ച കമ്പനിക്കു 2015 വരെ മാലിന്യ നിര്‍മാര്‍ജനത്തിന് ട്രീറ്റ്്‌മെന്റ് പ്ലാന്റ്് നിര്‍മിച്ചിട്ടില്ല. മാലിന്യം ടാങ്കില്‍ ശേഖരിച്ചതിന് ശേഷം കൃഷിഭൂമിയിലേക്ക് ഒഴുക്കി വിടുന്നതാണ് കിണറുകള്‍ മലിനപ്പെടാന്‍ കാരണമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജലത്തിന്റെ പി.എച്ച് സംബന്ധിച്ച് വിദഗ്ധ പഠനം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കമ്പനിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട്് നല്‍കിയിരുന്നു. ഇതിനെതിരെ ഹൈകോടതിയില്‍ കേസ് നടക്കുകയാണ്.ഡി.എം.ഒ നല്‍കിയതടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമത്വം കാട്ടി മാലിന്യ പ്രശ്‌നമില്ലെന്ന്് കമ്പനി അനുകൂലികള്‍ വ്യാജപ്രചരണം നടത്തുകയാണെന്നും സമരക്കാര്‍ പറയുന്നു. ഗ്രാമപഞ്ചായത്തും കലക്ടറും കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്് പിന്തുണ നല്‍കുകയാണെന്നും സമരക്കാര്‍ ആരോപിക്കുന്നു.
അതേസമയം ജ്വല്ലറി വര്‍ക്ക്‌സിനെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തി സ്വര്‍ണാഭരണശാല അടച്ചു പൂട്ടിക്കാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും സമരമാരംഭിച്ചിരിക്കുകയാണ്. സമരത്തിനുള്ള മുഴുവന്‍ സഹായവും സ്വാഭാവികമായും മുതലാളിമാര്‍ നല്‍കുന്നു. സി.ഐ.ടി.യു, ബി.എം.എസ്, എ.എന്‍.ടി.യു.സി, ജെ.എം.എ സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് സമരത്തിന് നേതൃത്വം വഹിക്കുന്നത്. ആഭരണ നിര്‍മാണ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക, ആസിഡ് മലിനീകരണത്തിന്റെ പേരില്‍ സ്ഥാപനം പൂട്ടിക്കാനുള്ള തല്‍പര കക്ഷികളുടെ നീക്കം അവസാനിപ്പിക്കുക, കുപ്രചരണത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തൊഴിലാളികള്‍ ഉന്നയിച്ചു. പത്തില്‍ കൂടുതല്‍ ഏജന്‍സികള്‍ പ്രദേശത്തെ കിണര്‍ വെള്ളം പരിശോധിച്ചെങ്കിലും ആസിഡിന്റെ ഒരംശം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാപനം പൂട്ടാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറുന്നതുവരെ തൊഴിലാളി സംഘടനകള്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അവര്‍ പറയുന്നു. അധികൃതരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പ്രദേശവാസികള്‍ ആരോപിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും സെന്റ് ആന്റണീസ് ജ്വല്ലറി വര്‍ക്ക്‌സ് ഉടമകള്‍ തയാറാണെന്നും തൊഴിലാളി നേതാക്കള്‍ കൂട്ടിചേര്‍ക്കുന്നു. തങ്ങള്‍ക്ക് അനൂകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനാണ് തൊഴിലാളി – മുതലാളി സഖ്യത്തിന്റെ പരിപാടി.
മറുവശത്ത് നടത്തറ പഞ്ചായത്തിലെ വലക്കാവ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി, ക്രഷര്‍ യൂണിറ്റുകളുടെ ലൈസന്‍സും പട്ടയവും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്് നാട്ടുകാരുടെ അനിശ്ചിത കാല സത്യഗ്രഹം തുടരുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും മാരക രോഗങ്ങളും ഉണ്ടാക്കുന്നു എന്നാരോപിച്ചാണ് സത്യഗ്രഹം ആരംഭിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിയമവിധേയമാണെന്ന്് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും നടത്തുന്നതെന്നാണ് മലയോരസംരക്ഷണ സമിതിയുടെ ആരോപണം. പൊല്യൂഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കേറ്റ് പ്രകാരം ഈ മേഖലയില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ടായിട്ടും നടപടികള്‍ നീണ്ടു പോകുന്നത് ഇക്കാരണം കൊണ്ടാണെന്നും ഇവര്‍ പറയുന്നു. ക്വാറികള്‍ തുറക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പില്‍ 2 മാസം മുമ്പ് അവസാനിപ്പിച്ച സമരമാണ് വാഗ്ദാനലംഘനത്തെ തുടര്‍ന്ന് പുനരാരംഭിച്ചിരിക്കുന്നത്.
സ്വാഭാവികമായും നാട്ടുകാര്‍ക്കെതിരെ മുതലാളി – തൊഴിലാളി സഖ്യം സജീവമായി സമരരംഗത്തുണ്ട്. മേഖലയിലെ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ക്വാറി, ക്രഷര്‍ തൊഴിലാളികള്‍ കലക്ടറേറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടരുകയാണ്. പട്ടയം ലഭിച്ച ഭൂമിയില്‍ ഭൂ നികുതിയടക്കമുള്ള കരങ്ങള്‍ അടച്ചു പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ സ്ഥാപിത താല്‍പര്യക്കാര്‍ അനധികൃതമായി പൂട്ടിച്ചു എന്നാരോപിച്ചാണ് സമരം. മലയോര സംരക്ഷണ സമിതി ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജമാണെന്നും ഒന്നു പൊളിയുമ്പോള്‍ മറ്റൊന്നുമായി അവര്‍ രംഗത്ത് വരികയാണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള നിയമപരമായ അനുമതി നേടും വരെ സമരം തുടരാനാണ് നീക്കം. ക്വാറികള്‍ അടച്ചു പൂട്ടിയതോടെ ഇരുന്നൂറോളം കുടുംബങ്ങള്‍ പട്ടിണിയായെന്നും ഇവര്‍ പറയുന്നു. ക്വാറികളുടെ പ്രവര്‍ത്തനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വീടുകളുടെ നാശത്തിനും ഇടയാക്കുന്നു എന്ന വാദം സ്ഥാപിത താല്‍പര്യത്തിന് പുറത്തുണ്ടായതാണെന്നാണ് തൊഴിലാളി സമര സമിതിയും ഉടമകളും പറയുന്നത്. എല്ലാവിധ വിദഗ്ധ പഠനത്തേയും സ്വാഗതം ചെയ്യാനും സമിതി തയാറാണ്.
ഇവ രണ്ടും ചെറിയ പ്രശ്‌നങ്ങളാകാം. എന്നാല്‍ പാരിസ്ഥിതികമായി നിലനില്‍ക്കുന്ന നിയമങ്ങലെല്ലാം ലംഘിച്ചും മലിനീകരണം തടയാനുള്ള നടപടികളൊന്നും സ്വീകരിക്കാതേയും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊറുതി മുട്ടുന്ന ജനങ്ങള്‍ രംഗത്തുവരുമ്പോഴെല്ലാം ബദല്‍ സമരങ്ങളും അക്രമങ്ങളുമായി മുതലാളികളും തൊഴിലാളികളും ഒന്നിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണ്. മാവൂരും പ്ലാച്ചിമടയും കാതിക്കുടത്തും പെരിയാറുമെല്ലാം നടന്നതിതാണ്. നിമയവിധേയമായും പരാസിഥിത നശീകരണമില്ലാതേയും കമ്പനികള്‍ പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെടേണ്ട തൊഴിലാളികളും അവരുടെ നേതാക്കളും തൊഴിലിന്റെ പേരു പറഞ്ഞ് മുതലാളിയുടെ നിയമലംഘനങ്ങള്‍ക്കും ജനദ്രോഹത്തിനും കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് എവിടേയും കാണുന്നത്. ലാലൂര്‍ പോലുള്ള മാലിന്യ വിരുദ്ധ സമരങ്ങലിലും ചെങ്ങറ പോലുള്ള ഭൂസമരങ്ങളിലുമെല്ലാം സമാനമായ ഐക്യങ്ങള്‍ പ്രകടമായിരുന്നു. എങ്ങെയാണ് ഈ തൊഴിലാളിവര്‍ഗ്ഗം മനുഷ്യസമൂഹത്തെ മുഴുവന്‍ മോചിപ്പിക്കുന്ന വര്‍ഗ്ഗമായി മാറുക എന്നാണ് മനസ്സലാകാത്തത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply