മുഖ്യമന്ത്രി ആഭ്യന്തരവകുപ്പൊഴിയണം

പിണറായി വിജയന്‍ മന്ത്രിസഭ രണ്ടാം വാര്‍ഷികത്തിലേക്കു പ്രവേശിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി. അതദ്ദേഹത്തിന്റെ അവകാശം. എന്നാല്‍ അദ്ദേഹം ഭരിക്കുന്ന വകുപ്പുള്‍ക്ക് പരീക്ഷയില്ല എന്നാണ് കേള്‍ക്കുന്നത്. ഈ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന ആഭ്യന്തവകുപ്പാണെന്നതില്‍ ആര്‍ക്കും അഭിപ്രായഭിന്നതയില്ല. 26ഓളം ലോക്കപ്പ് മരണങ്ങള്‍ നടന്നു കഴിഞ്ഞതായി നിയമസഭയില്‍ തന്നെ സര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ശ്രീജിത് എ്ന്ന നിരപരാധിയായ ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയാണ് മന്ത്രിസഭ രണ്ടാം വാര്‍ഷികമാഘോഷിക്കുന്നത്. ഈ സാഹചര്യത്തില്‍ […]

pinarayi

പിണറായി വിജയന്‍ മന്ത്രിസഭ രണ്ടാം വാര്‍ഷികത്തിലേക്കു പ്രവേശിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി. അതദ്ദേഹത്തിന്റെ അവകാശം. എന്നാല്‍ അദ്ദേഹം ഭരിക്കുന്ന വകുപ്പുള്‍ക്ക് പരീക്ഷയില്ല എന്നാണ് കേള്‍ക്കുന്നത്. ഈ മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ഏറ്റവും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത് മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന ആഭ്യന്തവകുപ്പാണെന്നതില്‍ ആര്‍ക്കും അഭിപ്രായഭിന്നതയില്ല. 26ഓളം ലോക്കപ്പ് മരണങ്ങള്‍ നടന്നു കഴിഞ്ഞതായി നിയമസഭയില്‍ തന്നെ സര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ശ്രീജിത് എ്ന്ന നിരപരാധിയായ ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയാണ് മന്ത്രിസഭ രണ്ടാം വാര്‍ഷികമാഘോഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് സ്ഥാനം മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് മൂന്നാം വര്‍ഷത്തേക്ക് പ്രവേശിക്കുന്നതായിരിക്കും മുഖ്യമന്ത്രിക്ക് അഭികാമ്യം.
ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ എസ്.പിയുടെ സ്പെഷല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു അംഗങ്ങള്‍ അറസ്റ്റിലാണ്. തങ്ങള്‍ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഉന്നതരെ രക്ഷിക്കാന്‍ ബലിയാടുകളാക്കുകയാണെന്നും ഇവര്‍ പരസ്യമായി പറഞ്ഞു കഴിഞ്ഞു. മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ സൂത്രധാരന്‍ എറണാകുളം റുറല്‍ എസ്.പിയെന്നും തങ്ങള്‍ കേവലം ഇരകള്‍ മാത്രമാകുകയായിരുന്നുവെന്നുമുള്ള ഇവരുടെ മൊഴികള്‍ പരസ്യമായിട്ടുണ്ട്. അതില്‍ ശരിയുണ്ടാകാം. എന്നാല്‍ ഇവരും മര്‍ദ്ദിച്ചിട്ടുണ്ടാകാം. അതിനു ദൃക്‌സാക്ഷികളുണ്ട്. ആരുടെ മര്‍ദ്ദനമാണ് മരണത്തിനു കാരണണായതെന്ന സാങ്കേതികപ്രശ്‌നാണ് അവശേഷിക്കുന്നത്. കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചിരുന്നതെങ്കില്‍ ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അടിവയറ്റില്‍ മാരകക്ഷതമാണ് ശ്രീജിത്തിനേറ്റത്. ഇത്തരത്തില്‍ ക്ഷതമേറ്റാല്‍ ആറുമണിക്കൂര്‍ വരെയേ പിടിച്ചുനില്‍ക്കാനാവു എന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയാണെങ്കിലും മര്‍ദ്ദിക്കാനുള്ള അവകാശം പോലീസിനില്ലാത്ത ഒരു നാട്ടിലാണ് ഈ തര്‍ക്കം എന്നതാണ് കൗതുകകരം. പോലീസ് മര്‍ദ്ദനത്തിലും ലോക്കപ്പ് കൊലയിലും ഒരു പോലീസുകാരും, ഉന്നതരായാലും താഴെക്കിടയിലുള്ളവരായാലും, ശിക്ഷിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപവാദം നക്‌സല്‍ വര്‍ഗ്ഗീസിനെ വെടിവെച്ച ുകൊന്ന കേസില്‍ ലക്ഷ്മണ ശിക്ഷിക്കപ്പെട്ടതു മാത്രമാണ്. അതാകട്ടെ രാമചന്ദ്രന്‍ നായര്‍ എന്ന പോലീസുകാരന്‍ വാര്‍ദ്ധക്യത്തില്‍ പശ്ചാത്താപം കൊണ്ട് സത്യം തുറന്നു പറഞ്ഞതിനാല്‍. പരമാവധി ഏതാനും ദിവസം സസ്‌പെന്‍ഷന്‍, അല്ലെങ്കില്‍ സ്ഥലം മാറ്റം. ഇതാണ് പോലീസിനു ലഭിക്കുന്ന ശിക്ഷ. ഇവിടെ മറിച്ചായാല്‍ അത് അല്‍ഭുതമായിരിക്കും. വരാപ്പുഴ ദേവസ്വംപാടത്ത് വീടാക്രമിച്ചതിനെത്തുടര്‍ന്ന് വാസുദേവന്‍ ജീവനൊടുക്കിയപ്പോള്‍ ഉരുത്തിരിഞ്ഞ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് ശ്രീജിത് കൊല്ലപ്പെട്ടതിലേക്ക് കാര്യങ്ങളെത്തിയത്. വാസുദേവന്റെ മരണത്തില്‍ ഹര്‍ത്താല്‍ നടത്തിയ സിപിഎമ്മിന്റഎ സമ്മര്‍ദ്ദമാണ് കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കാതെ നിരപരാധികളെ പിടികൂടാനും തല്ലിക്കൊല്ലാനും പോലീസിനു ധൈര്യം നല്‍കിയതെന്ന ആരോപണവും സജീവമാണ്.
ഏതാനും വര്‍ഷങ്ങളായി പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുതായി കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാസ കമ്മീഷനുമൊക്കെ നിരന്തരമായി സര്‍ക്കാരിനു മുന്നില്‍ ചൂണ്ടികാണിക്കാട്ടുമ്പോഴാണ് വീണ്ടും കസ്റ്റഡി കൊലകള്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പോലീസിനു കവചമൊരുക്കുന്നത്. പ്രതേകിച്ച് മുഖ്യമന്ത്രി. അതുകൊണ്ടാകാം അടുത്ത കാലത്തായി പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളുടെ ലിസ്റ്റ് ആരേയും ഞെട്ടിപ്പിക്കുന്നത്. ലോക്കപ്പുകളില്‍ സി സി ടി വി കാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇപ്പോഴും നടപ്പായിട്ടില്ല. ദളിതുകളും ദുര്‍ബ്ബലുമായവര്‍ തന്നെയാണ് പീഡനങ്ങള്‍ക്ക് ഏറ്റവും വിധേയരാകുന്നവര്‍. ട്രാന്‍സ്ജെന്റര്‍ സൗഹൃദ സംസ്ഥാനമെന്നു പറയുമ്പോഴും അവരെ കേരളത്തില്‍ വെച്ചേക്കില്ല എന്ന തീരുമാനത്തിലാണെന്നു തോന്നുന്നു പോലീസ്. ജനകീയ സമരങ്ങളോടുള്ള സമീപനം പുതുവൈപ്പിനിലും ജിഷ്ണുവിന്റെ അമ്മക്കുനേരെയുള്ള അക്രമത്തിലും മറ്റും പോലീസ് വ്യക്തമാക്കി കഴിഞ്ഞു. വര്‍ഗ്ഗീസ് വധത്തിനുശേഷം വീണ്ടും വ്യാജഏറ്റുമുട്ടല്‍ കൊല അരങ്ങേറി. സദാചാരപോലീസിംഗ് അനുവദിക്കില്ല എന്നു പറയുമ്പോഴും പോലീസ് തന്നെ സദാചാരപോലീസാകുന്ന സംഭവങ്ങളും നിരന്തരം അരങ്ങേറുന്നു. യുഎപിഎക്ക് എതിരാണെന്നു അവകാശപ്പെടുമ്പോഴും രാഷ്ട്രീയതാല്‍പ്പര്യത്തോടെ അത് പ്രയോഗിക്കുന്നു.
പോലീസിലെ സംഘപരിവാര ഘടകവും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവിയാണ് സര്‍ക്കാരിനുവേണ്ടി രംഗത്തിറങ്ങിയിരിക്കുന്നവരുടെ വാദം. സര്‍ക്കാരിന്റെ പോലീസ് നയം എന്താണെന്നത് ഇവിടെ പ്രസക്തമല്ല. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഓരോ പൗരനും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണിവിടെ നിഷേധിക്കപ്പെടുന്നത്. ഇവിടെ നിലനില്‍ക്കുന്നത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്ന വസ്തുതയാണ് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്നെ മറക്കുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് ആക്ടിലും മറ്റു സംവിധാനങ്ങളിലും ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. ബ്രിട്ടനില്‍ അതെല്ലാം മാറിയെന്നത് വേറെ കാര്യം. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം എന്നൊക്കെ പറയുമ്പോഴും നിര്‍ഭാഗ്യവശാല്‍ അങ്ങനെ മാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കമ്യൂണിസ്റ്റുകാര്‍ സാധാരണപറയുന്നപോലെ ഇപ്പോഴും പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതെങ്കിലും ഒന്നു വായിച്ചു നോക്കാന്‍ മുഖ്യമന്ത്രിയും ഉന്നതപോലീസ് ഉദ്യാഗസ്ഥരും തയ്യാറാകണം. ആക്ഷന്‍ ഹീറോ ബിജുമാര്‍ പോലീസില്‍ ഉണ്ടാകാന്‍ പാടില്ല. സത്യത്തില്‍ ഏറ്റവും വലിയ ഭീരുക്കളായാണ് പോലീസ് മാറുന്നത്. നിസ്സഹായനായി ലോക്കപ്പിലടച്ച ഒരാളെ തല്ലിക്കൊല്ലാന്‍ ഭീരുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും ഏറ്റെടുത്തപ്പോള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പലരും പലതും പ്രതീക്ഷിച്ചു. കര്‍ക്കശക്കാരനെന്നറിയപ്പെടുന്ന അദ്ദേഹം പോലീസിന്റെ അതിക്രമങ്ങള്‍ക്ക് അറുതി വരുത്തുമെന്നതായിരുന്നു അതില്‍ പ്രധാനം. മാത്രമല്ല, അടിയന്തരാവസ്ഥകാലത്ത് താന്‍ നേരിട്ട പോലീസ് മര്‍ദ്ദനം എന്നും അദ്ദേഹത്തിന്റഎ രാഷ്ട്രീയ മൂലധനവുമാണ്. എന്നാല്‍ സംഭവിക്കുന്നതെല്ലാം തിരിച്ചാണ്. പോലീസ് അതിക്രമങ്ങളെക്കുറിച്ച് പറയുമ്പോള്‍ സ്വിച്ചിട്ടപോലെ പോലീസിന്റെ അടിസ്ഥാന സ്വഭാവം മാറില്ലെന്നും ഇന്ത്യന്‍ ഭരണവ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പരിമിതിയാണ് ഇതിനു കാരണമെന്നുമൊക്കെയാണ് ന്യായീകരണങ്ങള്‍. ആരോപണങ്ങള്‍ വര്‍ദ്ധിച്ചുവന്നപ്പോള്‍ എം വി ജയരാജനെ സെക്രട്ടറിയാക്കുകയാണ് പിണറായി ചെയ്തത്. എന്നാല്‍ അതുകൊണ്ടൊന്നും ഒരു ഗുണവുമുണ്ടായിട്ടില്ല. സത്യത്തില്‍ കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന ചില ഗുണകരമായ മാറ്റങ്ങള്‍ പോലും ഇല്ലാതായിരിക്കുകയാണ്. ജനമൈത്രി സ്‌റ്റേഷനുകളിലാണ് പല അക്രമങ്ങളും അരങ്ങേറുന്നത്. പോലീസ് ജനങ്ങളുടെ സുഹൃത്താകണമെന്ന നിലപാടിനോട് ഭരണ – പ്രതിപക്ഷഭേദമില്ലാതെ മി്കക നേതാക്കളും മിക്ക ഉന്നത പോലീസ് ഉദ്യാഗസ്ഥരും എതിരാണ്. ജനങ്ങളെ ഭയപ്പടുത്തുകയാണ് പോലീസിന്റെ രീതി എന്ന നയത്തിനു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ഈ അവസരത്തിലാണ് പിണറായി ആഭ്യന്തരവകുപ്പ് ഒഴിയുക എന്ന ആവശ്യം പ്രസക്തമാകുന്നത്. ഒരു പൂര്‍ണ്ണസമയ മന്ത്രിതന്നെ ആഭ്യന്തരവകുപ്പിനാവശ്യമാണ്. മറ്റു പാര്‍്ട്ടികള്‍ക്ക് ആ വകുപ്പ് പിണറായി നല്‍കില്ലെന്നുറപ്പ്. എങ്കില്‍ ജി സുധാകരനേയോ മറ്റോ ആഭ്യന്തവകുപ്പ് ഏല്‍പ്പിക്കാവുന്നതാണ്. എന്തായാലും കവിതയെഴുതുന്ന ഒരാള്‍ക്ക് ഇത്തരത്തിലുള്ള അതിക്രമങ്ങളെ അത്മവീര്യത്തിന്റെ പേരില്‍ ന്യായീകരിക്കാനാവില്ല എന്നുറപ്പ്. മൂന്നാം വര്‍ഷത്തേക്കു കടക്കുമ്പോഴെങ്കിലും അത്തരമൊരു തീരുമാനത്തിനു മുഖ്യമന്ത്രി തയ്യാറായാല്‍ അതു ഏറ്റവും ഗുണകരമാകുക സര്‍ക്കാരിനു തന്നെയായിരിക്കും. പിന്നെ ജനങ്ങള്‍ക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply