മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം: ക്ഷേത്രപ്രവേശനം പോരാ – ശ്രീകോവില്‍ പ്രവേശനം തന്നെ വേണം
ഇ എം സതീശന്‍ 1917 മെയ് 29നാണ് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ മിശ്രഭോജനം എന്ന അയിത്തവിരുദ്ധ പ്രക്ഷോഭണം നടന്നത്. നാരായണഗുരുവിന്റെ പ്രചോദനഹേതുവായി നടന്ന മിശ്രഭോജനത്തില്‍ പങ്കെടുത്ത ഭിന്നസമുദായക്കാരായ പന്ത്രണ്ടുപേര്‍ അടങ്ങിയ സദസിനെ സാക്ഷിനിര്‍ത്തി ‘ജാതി പോകണം’ എന്ന് അയ്യപ്പന്‍ ആഹ്വാനം ചെയ്തു. താഴ്ന്നജാതിക്കാരോടൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വി വി സഭയില്‍ (വിജ്ഞാനവര്‍ധിനി) നിന്ന് പുറത്താക്കുകയും അയ്യപ്പന് ‘പുലയന്‍ അയ്യപ്പന്‍’ എന്ന കുറ്റപ്പേര് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തതെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റ […]
ഇ എം സതീശന്‍
1917 മെയ് 29നാണ് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ മിശ്രഭോജനം എന്ന അയിത്തവിരുദ്ധ പ്രക്ഷോഭണം നടന്നത്. നാരായണഗുരുവിന്റെ പ്രചോദനഹേതുവായി നടന്ന മിശ്രഭോജനത്തില്‍ പങ്കെടുത്ത ഭിന്നസമുദായക്കാരായ പന്ത്രണ്ടുപേര്‍ അടങ്ങിയ സദസിനെ സാക്ഷിനിര്‍ത്തി ‘ജാതി പോകണം’ എന്ന് അയ്യപ്പന്‍ ആഹ്വാനം ചെയ്തു. താഴ്ന്നജാതിക്കാരോടൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വി വി സഭയില്‍ (വിജ്ഞാനവര്‍ധിനി) നിന്ന് പുറത്താക്കുകയും അയ്യപ്പന് ‘പുലയന്‍ അയ്യപ്പന്‍’ എന്ന കുറ്റപ്പേര് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തതെല്ലാം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റ ചരിത്രത്തില്‍ വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ട വിപ്ലവകരമായ പ്രവര്‍ത്തനമായിരുന്നു മിശ്രഭോജനം. അതിനുശേഷമാണ് തിരുവിതാംകൂര്‍ നിയമസഭയില്‍ ടി കെ മാധവന്‍ ആയിത്തോച്ചാടന പ്രമേയം അവതരിപ്പിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തന അജന്‍ഡയായി ‘അയിത്തോച്ചാടനം’ മാറുന്നത് മിശ്രഭോജനത്തെ തുടര്‍ന്നാണ്. പില്‍ക്കാലത്ത് അയിത്തത്തിനെതിരെ വഴിനടക്കാനും ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് പ്രവേശിക്കാനുമൊക്കെയായി വൈക്കത്തും ഗുരുവായൂരിലും പാലിയത്തും ഇരിങ്ങാലക്കുടയിലുമൊക്കെ നടന്ന എണ്ണമറ്റ സമരങ്ങള്‍ക്കും പ്രചോദനമായി തീര്‍ന്നത് ചെറായിയില്‍ അയ്യപ്പന്റെ കാര്‍മ്മികത്വത്തില്‍ നടന്ന മിശ്രഭോജനവും മറ്റു സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളുമാണ്.
നവോത്ഥാന മുന്നേറ്റങ്ങളുടെയും ദേശീയ സ്വാതന്ത്ര്യസമരങ്ങളുടേയുമെല്ലാം ഫലമായി മതപരമോ ജാതീയമോ ആയി പ്രത്യക്ഷവിവേചനം ഇല്ലാത്ത മതനിരപേക്ഷ കേരളം ഇന്ന് സാധ്യമായെങ്കിലും അയ്യപ്പനും ഇതര സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ലക്ഷ്യംകണ്ട ജാതിരഹിത കേരളം എന്ന സ്വപ്നം ഇന്നും വിദൂരതയിലാണ്. ‘ജാതി പോകണം’ എന്ന അയ്യപ്പന്റെ ആഹ്വാനത്തിനപ്പുറത്ത് ജാതി ചോദിക്കുന്ന ജാത്യാഭിമാന കേരളമാണ് ഇപ്പോള്‍ നിലവിലുള്ളത്. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉദയംകൊണ്ട സംഘടനകള്‍ എല്ലാംതന്നെ ജാതി സംഘടനകള്‍ മാത്രമായി അധഃപതിച്ചു. പുതിയതായി ജാതിതിരിച്ച് രൂപംകൊണ്ട ചെറുതും വലുതുമായ ജാതിസമുദായസംഘടനകള്‍ ‘മനുഷ്യരെ ജാതിവാദികള്‍’ ആക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. വിവിധ ജാതികള്‍ക്കകത്തെ വളരെ ചെറിയ ഒരു സമ്പന്ന ന്യൂനപക്ഷത്തിന്റെ സാമ്പത്തികരാഷ്ട്രീയഅധികാരതാല്‍പ്പര്യങ്ങളുടെ ചട്ടുകങ്ങളായി ഈ സമുദായസംഘടനകള്‍ മാറിയിട്ടുണ്ട്. സവര്‍ണ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ നിഗൂഢ രാഷ്ട്രീയഅജണ്ടകള്‍ നടപ്പാക്കാന്‍ വെമ്പല്‍കൊള്ളുന്ന കേവല ഉപകരണങ്ങള്‍ മാത്രമായി നവോത്ഥാന മൂല്യങ്ങള്‍ കൊഴിഞ്ഞുപോയ ഈ സമുദായസംഘടനകള്‍ മാറിയിരിക്കുന്നു. സാമ്പത്തികഅധികാരക്കൊതിമൂത്ത സമുദായ സംഘടനാ നേതൃത്വങ്ങള്‍ സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്നു. സവര്‍ണാധിപത്യപരവും ജാതി വിവേചനാത്മകവുമായ അവസ്ഥകള്‍ തിരിച്ചറിയാനോ മനസിലാക്കുവാനോ കഴിയാത്തവിധം അധഃപതിച്ചിരിക്കുന്നു.
മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ‘ജാതി പോകണ’മെന്ന അയ്യപ്പന്റെ സന്ദേശത്തിന്റെ സമകാലിക അവസ്ഥ പരിശോധിച്ചാല്‍ സവര്‍ണാവര്‍ണ വിവേചനം ശക്തിപ്പെട്ടിരിക്കുന്നതായി കാണാം. അയിത്തോച്ചാടനത്തിന്റെ ഭാഗമായി അവര്‍ണര്‍ക്ക് ലഭിച്ച ക്ഷേത്ര പ്രവേശനം കടന്നുചെന്നയിടത്തുതന്നെ പതിറ്റാണ്ടുകളായി നിലയുറപ്പിച്ചിരിക്കുകയാണ്. സവര്‍ണരിലെ തന്നെ അബ്രാഹ്മണജാതി വിഭാഗങ്ങള്‍ കൊട്ടിപ്പാടി സേവനടത്തിയും മാലകെട്ടിയും അടിച്ചുതെളിച്ചും കിട്ടുന്നതുവാങ്ങി ഉപജീവനം നടത്തിക്കൊണ്ടിരിക്കുന്നു. സവര്‍ണരിലെ അബ്രാഹ്മണ ജാതിവിഭാഗങ്ങള്‍ക്കോ പട്ടികജാതിപിന്നാക്ക ജനവിഭാഗങ്ങള്‍ക്കോ ശ്രീകോവില്‍ പ്രവേശനം നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ജനായത്ത ഭരണവ്യവസ്ഥയിലും രാജഭരണകാലത്തും നിലനിന്ന അതേ സവര്‍ണാധിപത്യവാഴ്ച കേരളത്തിലെ കേന്ദ്രങ്ങളില്‍ കൊടികുത്തിവാഴുകയാണ്. ശബരിമലയിലും ഗുരുവായൂരിലും ഉള്‍പ്പെടെ ആയിരക്കണക്കായ മഹാക്ഷേത്രങ്ങളില്‍ ബ്രാഹ്മണര്‍ മാത്രമാണ് മേല്‍ശാന്തിമാരും പൂജാരിമാരുമായി നിയമിക്കപ്പെടുന്നത്. അബ്രാഹ്മണ ജനതയ്ക്ക് അതിനുള്ള അധികാരമോ അവകാശമോ അനുവദിക്കപ്പെടുന്നില്ല. അതു ചോദിക്കാന്‍ കാര്യമായി ആരും രംഗത്തുവരാറുമില്ല. കേരളത്തിലെ മിക്കവാറും ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതികളില്‍ വിവിധ സമുദായസംഘടനകളുടെ പ്രതിനിധികള്‍ നിയമിക്കപ്പെടാറുണ്ടെങ്കിലും അവരാരും തന്നെ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ കൊടുകുത്തിവാഴുന്ന ജാതിവിവേചനങ്ങള്‍ക്കെതിരെ ഒരു ചെറുവിരല്‍പോലും അനക്കാന്‍ മുതിരാറില്ല. അതുകൊണ്ട്, ക്ഷേത്രപ്രവേശനം എന്ന മഹാവിപ്ലവം തുടങ്ങിയയിടത്തുതന്നെ നില്‍ക്കുകയും മിശ്രഭോജനം ഉയര്‍ത്തിയ ആശയങ്ങളുടെ തുടര്‍ച്ചയായി ഉണ്ടാകേണ്ടിയിരുന്ന അബ്രാഹ്മണജനതയുടെ ശ്രീകോവില്‍ പ്രവേശനം തടയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ‘ക്ഷേത്രപൗരോഹിത്യം അബ്രാഹ്മണ ജനതയുടെ ജനാധിപത്യ അവകാശമാണ്’ എന്ന ആശയം പ്രസക്തമാവുന്നത്.
സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യസമരവും സാധ്യമാക്കിയ പ്രത്യക്ഷത്തില്‍ ജാതിവിവേചനരഹിതമായ കേരളത്തിന്റെ അനുകൂലാവസ്ഥ ഉപയോഗിച്ചുകൊണ്ട്, ആ ചരിത്രസമരങ്ങളിലൊന്നും യാതൊരു സംഭാവനകളും നല്‍കിയിട്ടില്ലാത്ത ‘രാഷ്ട്രീയ ഹിന്ദുത്വശക്തികള്‍’ നിഷ്‌കളങ്ക ഹൈന്ദവജനതയുടെ ആചാരവിശ്വാസങ്ങളെ മുതലെടുത്ത് കപട ‘ഹിന്ദുഐക്യം’ ഉദ്‌ഘോഷിച്ചുവരികയാണ്. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ ഉള്‍പ്പെടെ, സവര്‍ണരും പിന്നാക്കക്കാരും പട്ടികജാതിക്കാരുമായ മഹാഭൂരിപക്ഷം അബ്രാഹ്മണ ജനതയുടെ ക്ഷേത്രപൗരോഹിത്യാവകാശം നഗ്‌നമായി നിഷേധിക്കപ്പെടുമ്പോഴാണ് ‘നമ്പൂതിരി മുതല്‍ നായാടി വരെയുള്ള’ ജാതിജനങ്ങളുടെ ഐക്യമെന്ന കപട മുദ്രാവാക്യം രാഷ്ട്രീയ ഹിന്ദുത്വശക്തികള്‍ വായ്ത്താരി മുഴക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി സവര്‍ണഹിന്ദുത്വശക്തികള്‍ നിഗൂഢമായി നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ ജനവഞ്ചന തിരിച്ചറിഞ്ഞ്, ക്ഷേത്രാങ്കണത്തില്‍ മാത്രം പ്രവേശനം നേടിയ അവര്‍ണ ജനങ്ങളുടെയും ക്ഷേത്രത്തില്‍ പ്രവേശമുണ്ടായിട്ടും നൂറ്റാണ്ടുകളായി ശ്രീകോവില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സവര്‍ണരായ അബ്രാഹ്മണ ജനതയുടെയും ശ്രീകോവില്‍ പ്രവേശനം അഥവാ ക്ഷേത്ര പൗരോഹിത്യത്തിനുള്ള ജനാധിപത്യ അവകാശം നേടിയെടുക്കുവാനുള്ള പോരാട്ടങ്ങള്‍ക്ക് തയ്യാറാവാനാണ് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന മിശ്രഭോജനം എന്ന മഹാവിപ്ലവം ഇന്ന് ആഹ്വാനം ചെയ്യുന്നത്.
ജനയുഗം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in