മാവോയിസ്റ്റുകള്‍ കാടുവിടുക

നിലമ്പൂരില്‍ നടന്നത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുന്നതുമായ വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. കൊലക്കെതിരെ ഒരു വശത്തുയരുന്ന വ്യാപകമായ പ്രതിഷേധം ആശാവഹമാകുമ്പോഴും മറുവശത്ത് പോലീസിന്റെ ആത്മവീര്യത്തിന്റെ പേരില്‍ സംഭവത്തെ ന്യായീകരിക്കുന്നവരു നിരവധിയാണ്. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇക്കാര്യത്തില്‍ ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. മാവോയിസ്റ്റാണെന്നു മുദ്രയടിച്ചാല്‍ ഒരാളെ എങ്ങനേയും കൊലചെയ്യാമെന്നു വരുന്നത് ഭരണകൂടഭീകരതയുടേയും ഫാസിസത്തിന്റേയും മറയില്ലാത്ത ലക്ഷണമാണ്. ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മാവോയിസ്റ്റുകളുടെ രാഷ്ട്രീയവും പരിശോധിക്കപ്പെടേണ്ടതുതന്നെ. എന്താണവര്‍ കാടിനുള്ളില്‍ ചെയ്യുന്നതെന്നു ചോദിക്കാന്‍ കാടിനേയും കാടിന്റെ […]

mmm

നിലമ്പൂരില്‍ നടന്നത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവും സുപ്രിംകോടതി നിര്‍ദ്ദേശങ്ങള്‍ അട്ടിമറിക്കുന്നതുമായ വ്യാജ ഏറ്റുമുട്ടല്‍ കൊലകളാണെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നു. കൊലക്കെതിരെ ഒരു വശത്തുയരുന്ന വ്യാപകമായ പ്രതിഷേധം ആശാവഹമാകുമ്പോഴും മറുവശത്ത് പോലീസിന്റെ ആത്മവീര്യത്തിന്റെ പേരില്‍ സംഭവത്തെ ന്യായീകരിക്കുന്നവരു നിരവധിയാണ്. നിര്‍ഭാഗ്യവശാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇക്കാര്യത്തില്‍ ഒന്നിക്കുന്ന കാഴ്ചയാണ് കാണുന്നത്. മാവോയിസ്റ്റാണെന്നു മുദ്രയടിച്ചാല്‍ ഒരാളെ എങ്ങനേയും കൊലചെയ്യാമെന്നു വരുന്നത് ഭരണകൂടഭീകരതയുടേയും ഫാസിസത്തിന്റേയും മറയില്ലാത്ത ലക്ഷണമാണ്.
ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മാവോയിസ്റ്റുകളുടെ രാഷ്ട്രീയവും പരിശോധിക്കപ്പെടേണ്ടതുതന്നെ. എന്താണവര്‍ കാടിനുള്ളില്‍ ചെയ്യുന്നതെന്നു ചോദിക്കാന്‍ കാടിനേയും കാടിന്റെ മക്കളേയും സ്‌നേഹിക്കുന്നവര്‍ക്ക് അവകാശമുണ്ട്. ആ ചോദ്യം ഒരിക്കലും ഭരണകൂടം ചോദിക്കുന്നതുപോലെ ഫാസിസത്തിന്റെ ചോദ്യമല്ല, രാഷ്ട്രീയമായ ചോദ്യമാണ്. കേരളത്തിലെ കാടുകളില്‍ മറഞ്ഞിരുന്ന് എന്തു സായുധപോരാട്ടമാണവര്‍ നടത്തുന്നത്? കേരളത്തിലെ മാവോയിസ്റ്റുകളില്‍ നായകപരിവേഷമുള്ള രൂപേഷ് എന്താണ് ഈ സമൂഹത്തിനു വേണ്ടി ചെയ്തിരിക്കുന്നത്? ഒന്നും ചെയ്യാതെയല്ലേ സത്യത്തില്‍ രൂപേഷിനെ അകത്തിട്ടിരിക്കുന്നത്?
ഇന്ത്യയില്‍ മവോയിസ്റ്റ് പ്രവര്‍ത്തനം ഏതെങ്കിലും രീതിയില്‍ പ്രസക്തമാണെങ്കില്‍ അത് ഛത്തിസ്ഗഡ്, ജാര്‍ഖണ്ട് പോലുള്ള മഖലകളിലാണ്. പ്രകൃതിവിഭവങ്ങളുടെ മേലുള്ള കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിനായി സ്വന്തം ജനതക്കുമേല്‍ സര്‍ക്കാര്‍ യുദ്ധം നടത്തുന്ന മേഖലകളാണവ. അപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന മുഴുവന്‍ വിഭാഗങ്ങളേയും ഐക്യപ്പെടുത്തി ജനാധിപത്യപോരാട്ടത്തിനു പകരം മാവോയിസ്റ്റുകള്‍ നടത്തുന്ന സായുധസമരം ആത്യന്തികമായി നേടുന്നതെന്താണ്? ആയുധമേന്തിയ ഭരണകൂടത്തിനും മാവോയിസ്റ്റുകള്‍ക്കുമിടയില്‍ നിസ്സഹായരാകുന്ന ആദിവാസികളുടെ ദയനീയചിത്രം എന്തിന്റെ സൂചനയാണ്? സോണിസോറിയെ പോലുള്ളവര്‍ പറയുന്നതല്ലേ യാഥാര്‍ത്ഥ്യം?
ഒഡീഷ, ബംഗാള്‍, ആന്ധ്ര, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ എട്ടു വലിയ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ദണ്ഡകാരണ്യ മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം അതിശക്തം തന്നെയാണ്. കല്‍ക്കരി, ഇരുമ്പ്, ബോക്‌സൈറ്റ് തുടങ്ങി അതീവ പ്രാധാന്യമുള്ള ധാതുക്കള്‍ ഇവിടെയുണ്ട്. ഇവിടത്തെ ഇരുമ്പയിര് ലോകത്തില്‍ വച്ചേറ്റവും വിശിഷ്ടമാണ്. ഇതിനുപുറമെ ചെമ്പും ക്രോമിയവും മാംഗനീസും നാകവും സ്വര്‍ണവും ഇവിടെയുണ്ട്. കൂടാതെ ചുണ്ണമ്പുകല്ല്, ഫോസ്‌ഫൈറ്റ് തുടങ്ങിയ അനേകം മറ്റു ധാതുവിഭവങ്ങളും ഇവിടെയുണ്ട്. അനിയന്ത്രിതമായി ഈ ധാതുസമ്പത്ത് കൊള്ളയടിക്കുന്നതിനും അതിനായി മുഖ്യമായും ആദിവാസികളെ സ്വന്തം മണ്ണില്‍ നിന്നും ആട്ടിയിറക്കുന്നതിനുമെതിരായ പോരാട്ടങ്ങള്‍ തന്നെയാണ് മാവോയിസ്റ്റ് വളര്‍ച്ചയുടെ അടിസ്ഥാനകാരണം. അതുകൊണ്ടാണ് ‘ദേശീയ അഖണ്ഡത’യ്ക്കും ‘വികസന’ ത്തിനും ഏറ്റവും വലിയ ഭീക്ഷണി മാവോയിസ്റ്റുകളാണെന്ന് ഇന്ത്യന്‍ ഭരണകൂടം പ്രഖ്യാപിച്ചത്. അവിടെ നടക്കുന്നത് യുദ്ധം തന്നെയാണ്. അതിന്റെ വിധി കാലം തീരുമാനിക്കും. നേരത്തെ ആന്ധ്രയിലും ബീഹാറിലും മറ്റും ഇത്തരം യുദ്ധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചന്ദ്രബാബുനായിഡുവിന്റേയും ലാലുപ്രസാദ് യാദവിന്റേയും മറ്റും രാഷ്ട്രീയമായ ഇടപെടലാണ് പ്രശ്‌നത്തിന്റെ രൂക്ഷത കുറച്ചത്. എന്നാലിവിടെ ഭരണകൂടവും മാവോയിസ്റ്റുകളും സായുധപാതയിലാണ്. നിരവധി മേഖലള്‍ മാവോയിസ്റ്റുകളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുമാണ്.
ഇന്ത്യയെന്നത് ഒരിക്കലും ഏകീകൃതസാമ്രാജ്യമല്ല. വൈവിധ്യങ്ങളാണ് അതിന്റെ മുഖമുദ്ര. ഒരിക്കലും മേല്‍പറഞ്ഞ സാമൂഹ്യസാഹചര്യമല്ല കേരളത്തിലേത്. കേരളം നേരിടുന്ന പ്രശ്‌നങ്ങളും അവക്കുള്ള പരിഹാരങ്ങളും എത്രയോ വിഭിന്നമാണ്. കാടുകളില്‍ ഒളിഞ്ഞിരുന്നല്ല, ജനമധ്യത്തിലേക്കിറങ്ങി വന്ന് ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളെ ഏകോപിപ്പിച്ച് നടത്തേണ്ട ജനാധിപത്യസമരങ്ങളാണ് കേരളം ആവശ്യപ്പെടുന്നത്. ആദിവാസികള്‍ക്കു പുറമെ ദളിതര്‍, സ്ത്രീകള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, അസംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നവര്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ തുടങ്ങി ലക്ഷകണക്കിനു വിഭാഗങ്ങളാണ് ജീവിതം കരുപിടിപ്പിക്കാന്‍ പാടുപെടുന്നത്. പരമ്പരാഗതമേഖലകള്‍ തകരുമ്പോള്‍ തന്നെ ആധുനിക മേഖലകള്‍ വളരുന്നില്ല. പരിസ്ഥിതി തകര്‍ന്നു തരിപ്പണമായി. കൃഷിഭൂമി ഇല്ലാതായി. പുഴകള്‍ വരണ്ടു. കൊടും വരള്‍ച്ച കണ്‍മുന്നില്‍. പശ്ചിമഘട്ടത്തെ തുരന്നുകൊണ്ടേയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ ഉണ്ടായിരുന്ന നേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. വന്‍കിടകുത്തകകളുടെ ഏറ്റവും മികച്ച മാര്‍ക്കറ്റാണ് ഇന്നു കേരളം. പുരുഷാധിപത്യവും സവര്‍ണ്ണാധിപത്യവും കൈകോര്‍ത്തിരിക്കുന്നു. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ സംവിധാനത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥയെയാണ് ഏതാനും ആയുധങ്ങളുമായി ഒരുപിടിപോര്‍ കാട്ടിലൊളിച്ചിരുന്ന് മാറ്റിതീര്‍ക്കാമെന്നു കരുതുന്നത്. സത്യത്തില്‍ മാവോയിസ്റ്റുകള്‍ പോലും ഇത്തരത്തില്‍ ചിന്തിക്കുന്നില്ലേ..? പണ്ട് ഏതാനും നക്‌സലൈറ്റ് ആക്ഷനുകള്‍ നടന്നു എങ്കിലും മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുശേഷം ഒരു കൊലയും ഇവര്‍ നടത്തിയിട്ടില്ലല്ലോ. അതിന്റെ കാരണം ഇതുതന്നെയല്ലേ..? ഇവിടെയിതാ ആദ്യകൊലകള്‍ നടത്തിയിരിക്കുന്നത് ഭരണകൂടമാണ്.
നഗരങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കുമിറങ്ങിവന്ന്, പഴയകാലത്തു ഇവിടെ നടന്നിട്ടുളള ആത്മാര്‍ത്ഥമായ രാഷ്ട്രീയപ്രവര്‍ത്തനം തിരിച്ചുപിടിക്കുകയാണ് കാലത്തിന്റെ കടമ. അതിന് ജനങ്ങളില്‍ നിന്ന് മറഞ്ഞിരിക്കുകയല്ല, അവരിലൊരാളാകുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ അതല്ല മാവോയിസ്റ്റുകള്‍ ചെയ്യുന്നത്. അറിഞ്ഞോ അറിയാതേയോ മറ്റൊരു തെറ്റുകൂടി അവര്‍ ചെയ്യുന്നു. കേരളത്തിലെ ആദിവാസികളും ദളിതുകളും കുറച്ചുകാലമായി ഭൂമിക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ പരോക്ഷമായെങ്കിലും തകര്‍ക്കാന്‍ സഹായിക്കുന്നു എന്നതാണത്. അവരുടെ രക്ഷാകര്‍ത്താക്കളാകാനല്ല, പിന്തുണക്കാനാണ് യഥാര്‍ത്ഥ രാഷ്ട്രീയബോധമുള്ളവര്‍ ഇന്നു ചെയ്യേണ്ടത്. രക്തസാക്ഷികളാകാന്‍ ഇനിയും ദത്തുപുത്രന്മാര്‍ ആവശ്യമില്ല. വിപ്ലവം തൊഴിലാക്കിയവരും വേണ്ട. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുകയും ജനാധിപത്യത്തെ കൂടുതല്‍ കൂടുതല്‍ ജനകീയമാക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ യഥാര്‍ത്ഥ വിപ്ലവപ്രവര്‍ത്തനം. ഫാസിസത്തിനെതിരായ യഥാര്‍ത്ഥ പ്രതിരോധവും അതുതന്നെ. നിര്‍ഭാഗ്യവശാല്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഈ ലക്ഷ്യത്തില്‍ നിന്ന് എത്രയോ ദൂരെയാണ്.
മറ്റൊന്നുകൂടി. ലോകം പരീക്ഷിച്ച സാമൂഹ്യവ്യവസ്ഥകളില്‍ തമ്മില്‍ ഭേദം ജനാധിപത്യമാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. തമ്മില്‍ ഭേദം എന്നത് അടിവരയിടുന്നു. രാജഭരണവും ഫ്യൂഡലിസവും മതാധിപത്യവും മാത്രമല്ല സോഷ്യലിസമെന്ന പേരില്‍ നിലവില്‍ വന്ന വ്യവസ്ഥകളും ചരിത്രപരമായി ജനാധിപത്യത്തേക്കാള്‍ പുറകിലാണ്. ആദ്യം സൂചിപ്പിച്ച മൂന്നു വ്യവസ്ഥകളെ കുറിച്ചും തര്‍ക്കത്തിനു സധ്യത കുറവാണല്ലോ. എന്നാല്‍ സോഷ്യലിസത്തേക്കാള്‍ ജനാധിപത്യമാണ് പുരോഗമനപരം എന്ന വാദമാണല്ലോ എതിര്‍പ്പിനു കാരണമാകുന്നത്. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലേക്കും അതുവഴി കമ്യൂണിസത്തിലേക്കും സമൂഹത്തെ നയിക്കുന്നതിന്റെ ഇടയിലെ ഘട്ടമാണല്ലോ സോഷ്യലിസം. എന്താണ് യാഥാര്‍ത്ഥ്യം? തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണി പോരാളി കമ്യൂണ്സ്റ്റ് പാര്‍്ട്ടി എന്ന നിര്‍വ്വചനത്തിലൂടെ പാര്‍ട്ടി സര്‍വ്വാധിപത്യവും ജനാധിപത്യകേന്ദ്രീകരണം എന്ന ഓമനവാക്കിലൂടെ ഉള്‍പാര്‍ട്ടി സര്‍വ്വാധിപത്യവുമാണ് സോഷ്യലിസമെന്ന് കൊട്ടിഘോഷിച്ച എല്ലാ രാജ്യങ്ങളിലും നടപ്പായത്. ആയുധപ്രയോഗത്തിലൂടെ സ്ഥാപിക്കുന്ന വ്യവസ്ഥയെ നിലനിര്‍ത്താന്‍ ആയുധമില്ലാതെ കഴിയുമോ? ക്യൂബയിലടക്കം. അത്തരമൊരു സംവിധാനമാണ് നിലവില്‍ വന്നത്. നകാലഹരണപ്പെട്ട സായുധസമരമെന്ന ആശയത്തിലൂടെ മാവോയിസ്റ്റുകളും അടവും തന്ത്രവും എന്നു പറഞ്ഞ് തെരഞ്ഞെടുപ്പിലൂടെ ഔദ്യോഗിക കമ്യൂണിസ്റ്റുപാര്‍ട്ടികളും ശ്രമിക്കുന്നത്. ജനാധിപത്യത്തോടുള്ള തങ്ങളുടെ സത്യസന്ധത ഔദ്യോഗിക കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലല്ലോ. ബിജെപിയെ പോലുള്ളവര്‍ മതരാഷ്ട്രവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇവയെല്ലാം ആധുനികകാലത്ത് കേരളം പോലുള്ള ഒരു സമൂഹത്തിന് ആശാസ്യമാകുന്നതെങ്ങിനെയാണ്?
ആരംഭത്തില്‍ പറഞ്ഞപോലെ ഭരണകൂടത്തിന്റെ ജനാധിപത്യധ്വംസനങ്ങളെ ന്യായീകരിക്കുകയല്ല, അതിനെതിരെ യഥാര്‍ത്ഥ ജനകീയ പ്രതിരോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറിപ്പ്. അതിനാവശ്യം കാടുകളിലിരുന്നുള്ള ഗറില്ലാ പോരാട്ടമല്ല. അത് ഫലത്തില്‍ ആദിവാസികള്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമാണ്. കേരളത്തിലെ അവശേഷിക്കുന്ന വനങ്ങള്‍ യദ്ധമേഖലകളാക്കികൂട. നമുക്കാവശ്യം ജനാധിപത്യസമരങ്ങളാണ്. അവിടെയാണ് മാവോയിസ്റ്റുകള്‍ കാടുവിടുക എന്ന മുദ്രാവാക്യം പ്രസക്താകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply