മാറണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി
ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമാണ് കേരളം എന്ന അവകാശവാദം നിരന്തരമായി നാം കേള്‍ക്കുന്നതാണ്. അത് ശരിയോ തെറ്റോ എന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രാകൃതമായ ശൈലിയാണ് ഇപ്പോളും കേരളത്തില്‍ നിലനില്‍ക്കുന്നതെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകള്‍ മുതല്‍ കക്ഷിരാഷ്ടീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വരെ അതിനു ദൃഷ്ടാന്തങ്ങള്‍. കുടിപ്പകയുടേയും അന്ധമായ കക്ഷിരാഷ്ട്രീയത്തിന്റേയും നേതാക്കളോടുള്ള താരാരാധനയുടേയും ഈ വൃത്തികെട്ട രാഷ്ട്രീയ ശൈലി ഇനിയെങ്കിലും മാറിയേതീരൂ. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തിയ സമരാഭാസങ്ങള്‍ കൊണ്ട് […]
ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമാണ് കേരളം എന്ന അവകാശവാദം നിരന്തരമായി നാം കേള്‍ക്കുന്നതാണ്. അത് ശരിയോ തെറ്റോ എന്ന തര്‍ക്കം അവിടെ നില്‍ക്കട്ടെ. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രാകൃതമായ ശൈലിയാണ് ഇപ്പോളും കേരളത്തില്‍ നിലനില്‍ക്കുന്നതെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹര്‍ത്താലുകള്‍ മുതല്‍ കക്ഷിരാഷ്ടീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വരെ അതിനു ദൃഷ്ടാന്തങ്ങള്‍. കുടിപ്പകയുടേയും അന്ധമായ കക്ഷിരാഷ്ട്രീയത്തിന്റേയും നേതാക്കളോടുള്ള താരാരാധനയുടേയും ഈ വൃത്തികെട്ട രാഷ്ട്രീയ ശൈലി ഇനിയെങ്കിലും മാറിയേതീരൂ.
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നടത്തിയ സമരാഭാസങ്ങള്‍ കൊണ്ട് ചില ഗുണങ്ങള്‍ കേരളത്തിലുണ്ടായി എന്നു പറയാതെ വയ്യ. കേരളം പ്രബുദ്ധമാണെന്നും ജാതി – മത രഹിതമാണെന്നും ലിംഗനീതിയില്‍ ഒന്നാമതാണെന്നും മറ്റുമുള്ള മിത്തുകള്‍ തകര്‍ന്നു എന്നതാണ് ഒന്ന്. അതേ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയുടെ ജനവിരുദ്ധതയാണ് മറ്റൊന്ന്. ഏറെകാലമായി നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ഈ വിഷയം ഉന്നയിക്കുന്നതാണെങ്കിലും പൊതുമൂഹത്തിനു മുന്നില്‍ ഏറ്റവും സജീവമായി ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നതിന് ഈ സംഭവങ്ങള്‍ നിമിത്തമായി. അതിനാല്‍ തന്നെ സംഘപരിവാറിനോട് നന്ദി പറയാം.
അടിച്ചേല്‍പ്പിക്കുന്ന ഹര്‍ത്താലുകള്‍, ഏറെ നേരം പൊതുനിരത്തുകള്‍ സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും സമരങ്ങളും, കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും കൊലപാതകങ്ങളും, നേതാക്കളോടുള്ള അന്ധമായ ആരാധനയും സ്വന്തം ചിന്താശേഷി അവര്‍ക്കടിയറ വെച്ച് ന്യായീകരണ തൊഴിലാളികളുടെ വേഷം കെട്ടലും, പൊതുമുതല്‍ നശിപ്പിക്കല്‍, മുഴുവന്‍ സമയ പ്രവര്‍ത്തകാരണെന്ന അവകാശവാദത്തില്‍ തൊഴിലെടുക്കാതെ ജീവിക്കല്‍ തുടങ്ങി കാലഹരണപ്പെട്ട നമ്മുടെ പ്രവര്‍ത്തനശൈലികളിലാണ് അടിയന്തിരമായി മാറേണ്ടത്. ഇക്കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാമെങ്കിലും എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇവിയില്‍ ചില വിഷയങ്ങളെങ്കിലും ഇപ്പോള്‍ പൊതുധാരയില്‍ സജീവമായി എത്തിയത് സ്വാഗതം ചെയ്യണം.
ജനാധിപത്യ സംവിധാനത്തില്‍ ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യാനുളള അവകാശമുണ്ടെങ്കിലും അതില്‍ പങ്കെടുക്കാനുള്ള അവകാശം പോലെ പങ്കെടുക്കാതിരിക്കാനുള്ള അവകാശവുമുണ്ടെന്നും അടിച്ചേല്‍പ്പിച്ച് ഹര്‍ത്താലുകള്‍ വിജയിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സാമാന്യരാഷ്ട്രീയ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. എന്നാല്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരളത്തില്‍ നടക്കുന്നത് ഗുണ്ടായിസമാണ്. കടകളടക്കുന്നതും പൊതുവാഹനങ്ങള്‍ നിരത്തിലിറങ്ങാത്തതും ഭയം കൊണ്ടു മാത്രമാണ്. അവ രണ്ടുമില്ലാതായാല്‍ തന്നെ ജനജീവിതം കുറെയൊക്കെ സ്തംഭിക്കുമല്ലോ. സ്വകാര്യവാഹനങ്ങളുള്ളവരെ മിക്കവാറും തടയുന്നില്ല എന്നത് മറ്റൊരു കാപട്യം. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ പ്രതിരോധിക്കാനായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിനാണ് എന്തെങ്കിലും പ്രസക്തിയുള്ളത്. എന്നാല്‍ കുടിപ്പക കൊലകളുടെപേരിലും എന്തിന് ആത്മഹത്യയുടെ പേരില്‍ പോലും ഹര്‍ത്താല്‍ നടത്തുന്ന അവസ്ഥയില്‍ കേരളം എത്തി എന്നതാണ് ദുരന്തം.
എന്തായാലും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍സടത്തിയ അക്രമഹര്‍ത്താലുകള്‍ ഈ കാലഹരണപ്പെട്ട സമരരീതിക്കെതിരായ പ്രതിഷേധത്തെ ശക്തമാക്കി. വ്യാപാരികള്‍, ബസുടമകള്‍, ടൂറിസം മേഖല, സ്‌കൂള്‍ അധികൃതര്‍, തിയറ്ററുടമകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ നിര്‍ബന്ധിത ഹര്‍ത്താലുകള്‍ക്കെതിരെ രംഗത്തുവന്നു. സാധാരണപോലെ പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം പൂര്‍ണ്ണമായി നടപ്പാക്കാനായില്ലെങ്കിലും വരും ദിവസങ്ങലില്‍ അതിനാകുമെന്നുറപ്പ്. തൊട്ടടുത്ത രണ്ടുദിവസങ്ങളില്‍ നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ കാര്യങ്ങള്‍ കുറെകൂടി മെച്ചപ്പെട്ടു. പണിമുടക്കാനുകൂലികള്‍ പലയിടത്തും അക്രമം നടത്തിയെങ്കിലും ജനജീവിതം പൂര്‍ണ്ണമായി സ്തംഭിച്ചില്ല. വരുംകാലങ്ങളില്‍ നിര്‍ബന്ധിത ഹര്‍ത്താലുകള്‍ ജനം തള്ളിക്കളയുമെന്നുറപ്പ്. അതിനര്‍ത്ഥം ചിലര്‍ ആവശ്യപ്പെടുന്ന പോലെ ഇത്തരമൊരു സമരരൂപം നിരോധിക്കണമെന്നല്ല, പങ്കെടുക്കാനുള്ള അവകാശം പോലെ പങ്കെടുക്കാതിരിക്കാനുള്ള അവകാശവും ജനാധിപത്യത്തിലുണ്ടെന്നതാണ്.
ഹര്‍ത്താലില്‍ മാത്രമല്ല, തുടക്കത്തില്‍ സൂചിപിച്ച എല്ലാ വിഷയത്തിലും നമ്മുടെ പ്രവര്‍ത്തന ശൈലി ഇനിയെങ്കിലും ജനാധിപത്യപരമാകണം. മുഷ്ടിചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാര്‍ച്ചുകളും സംഘട്ടനങ്ങളും കൊലപാതകപരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ് ? ജനത്തെ ബോധവല്‍ക്കരിക്കാനോ? അത്തരത്തില്‍ ബോധവല്‍ക്കരിക്കേണ്ടവിധം ബുദ്ധിശൂന്യരാണോ ജനം? ഇപ്പറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയാകെ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു. പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങള്‍ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളില്‍ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയസംവാദം നടത്തുകയല്ലേ വേണ്ടത്? അത്തരത്തിലുള്ള സംവാദത്തെ വികൃതമായ രൂപമാണ് ഇപ്പോള്‍ ചാനലുകളിലെ ന്യൂസ് അവര്‍ ചര്‍ച്ചകള്‍. അവയുടെ ശൈലി മാറണം. അവതാരകരുടേയും ഉച്ചത്തില്‍ സംസാരിക്കുന്നവരുടേയും ആധിപത്യത്തില്‍ നിന്നു മോചിതമാക്കി, തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഇത്തരം ചര്‍ച്ചകളെ മാറ്റിയെടുക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും സോഷ്യല്‍ മീഡിയയും ഇതിനായി ഉപയോഗിക്കാം. സോഷ്യല്‍ മീഡിയയുടെ കരുത്ത് എത്രമാത്രം ശക്തമാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടല്ലോ. ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്. അതില്‍ നിന്ന് ഏതാണ് ശറിയെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. തീര്‍ച്ചയായും അമിതമായ കക്ഷിരാഷ്ട്രീയ അന്ധവിശ്വാസം വലിച്ചെറിയാന്‍ ജനങ്ങളും തയ്യാറാകണം.
ഇത്തരത്തിലുള്ള പ്രവര്‍ത്തനഘട്ടങ്ങളിലും ചില നിര്‍ണ്ണായക സമയങ്ങളില്‍ നിരത്തിലിറങ്ങേണ്ടിവന്നേക്കാം. എന്നാല്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ ജനങ്ങളുടെ ജീവിക്കാനും ചലിക്കാനുമൊക്കെയുള്ള അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടായിരിക്കരുത് അത്. ഇന്ത്യയില്‍ പോലും പല നഗരങ്ങളിലുമുള്ള പോലെ പ്രതിഷേധ പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കുമെല്ലാം ചില വേദികള്‍ തീരുമാനിക്കുകയാണ് വേണ്ടത്. താല്‍പ്പര്യമുള്ളവര്‍ അവിടെയെത്തും. തീര്‍ച്ചയായും മീഡിയയും എത്തും. അത്തരത്തിലുള്ള ജനാധിപത്യ ശൈലി ജനാധിപത്യപ്രസ്ഥാനങ്ങള്‍ തന്നെ വളര്‍ത്തിയെടുക്കാതെ ജനങ്ങളെ വെല്ലുവിളിക്കുന്ന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കലാലയങ്ങളില്‍ പോലും ഇന്നു നടക്കുന്നത് ഇത്തരത്തിലള്ള ഫാസിസ്റ്റ് ശൈലിയാണ്. കലാലയരാഷ്ട്രീയത്തിനെതിരായ കോടതിയുടേയും ജനങ്ങളുടേയും വികാരത്തിനു പ്രധാന കാരണവും അതുതന്നെ.
നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരുടെ ശരീരഭാഷതന്നെ നോക്കൂ. തങ്ങള്‍ യജമാനന്മാരാണെന്ന പ്രഖ്യാപനം അതില്‍ കാണാം. തങ്ങള്‍ മാത്രമാണ് ശരിയെന്നും. ഇക്കാര്യത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരെന്നഭിമാനിക്കുന്നവരുടെ പങ്ക് വളരെ വലുതാണ്. തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. അതുവഴി ഇവരില്‍ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും ജനാധിപത്യപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്. ആധുനിക സാങ്കേതികവിദ്യയും വാര്ത്താവിനിമയ സംവിധാനങ്ങളും ഇത്രമാത്രം വളര്‍ന്ന ഒരു സാഹചര്യത്തില്‍ മുഴുവന്‍ സമയവും രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ട എന്തു സാഹചര്യമാണുള്ളത്? തൊഴില്‍ ചെയ്ത് ബാക്കിസമയമാകട്ടെ രാഷ്ട്രീയ പ്രവര്‍ത്തനം. ജനപ്രതിനിധികള്‍ മാത്രമേ മുഴുവന്‍ സമയപ്രവര്‍ത്തകരാകേണ്ടതുളളു. മാത്രമല്ല രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മേല്‍ ജനങ്ങള്‍ക്കുള്ള അവകാശം കൂടുതല്‍ ശക്തമാക്കണം. അതിനായി പാര്‍ട്ടികള്‍ക്കും വിവരാവകാശ നിയമം ബാധകമാക്കണം. തിരിച്ചുവിളിക്കാനുള്ള അവകാശവും നടപ്പാക്കണം.
ലോകം ഇന്നോളം പരീക്ഷിച്ച സാമൂഹ്യസംവിധാനങ്ങളില്‍ ഏറ്റവും മികച്ചത് ജനാധിപത്യം തന്നെയാണ്. എന്നാലത് പല രീതിയിലും ഭീഷണി നേരിടുകയാണ്. അഴിമതിയും അക്രമവുമാണ് ഇത്തരം ഭീഷണികളില്‍ ഏറ്റവും പ്രധാനം. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി – മത – വര്‍ഗ്ഗീയ ചിന്തകളും ജനാധിപത്യത്തിനു ഭീഷണിയാണ്. അതുപോലെയാണ് അന്ധമായ കക്ഷിരാഷ്ട്രീയവും. തല നേതാക്കള്‍ക്ക് പണയം വെച്ച അണികളെ കൊണ്ട് ഈ നാടിനെന്തു ഗുണം. പലപ്പോഴും തമിഴി് നാട്ടിലും മറ്റും സിനിമാ മേഖലയേക്കാള്‍ കഷ്ടമാണ് നമ്മുടെ രാഷ്ട്രീയരംഗം. ഇത്തരം പ്രവണതകളെ അതിജീവിച്ച് ജനാധിപത്യസംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാനാകില്ലെങ്കില്‍ ഫാസിസത്തിന്റെ കടന്നുകയറ്റം ശക്തമാകുമെന്നുറപ്പ്. അതിലൊരു പ്രധാനഘടകമാണ് മുഷ്ടിചുരുട്ടുന്ന രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്നത്. ആ ലക്ഷ്യത്തോട് നാമടുക്കുന്നതിന്റെ സൂചനകള്‍ സ്വാഗതാര്‍മാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in