മാന്യന്മാരായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ഗുണ്ടാ ആക്ടും

അംബാനിയുടെ സ്വന്തം ചാനല്‍ ന്യൂസ് 18 കേരളയില്‍ മണിക്കൂറില്‍ നിരവധി തവണ കാണുന്ന ഒരു അശ്ലീല ദൃശ്യമുണ്ട്. റൈസിംഗ് കേരള എന്ന പേരില്‍ കേരള വികസനത്തിനെന്നവകാശപ്പെട്ട് ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണത്. വികസനത്തിനെതിരെ നില്‍ക്കുന്നവരെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഗുണ്ടകളാണെന്നാണ്. വെറും ഗുണ്ടകളല്ല, മാന്യന്മാരായ ഗുണ്ടകള്‍. അവര്‍ക്കെതിരെ ഗുണ്ടാനിയമമുപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ കാണികളുടെ പൊട്ടിച്ചിരിയുടെ ശബ്ദമാണ് ഏറ്റവും അശ്ലീലം. മറ്റെല്ലാ മേഖലയിലുമെന്നപോലെ ലോകത്തിന്റെ പല ഭാഗത്തും പാരിസ്ഥിതികമേഖലയില്‍ ഭീകരവാദ – തീവ്രവാദ […]

ppp

അംബാനിയുടെ സ്വന്തം ചാനല്‍ ന്യൂസ് 18 കേരളയില്‍ മണിക്കൂറില്‍ നിരവധി തവണ കാണുന്ന ഒരു അശ്ലീല ദൃശ്യമുണ്ട്. റൈസിംഗ് കേരള എന്ന പേരില്‍ കേരള വികസനത്തിനെന്നവകാശപ്പെട്ട് ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണത്. വികസനത്തിനെതിരെ നില്‍ക്കുന്നവരെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഗുണ്ടകളാണെന്നാണ്. വെറും ഗുണ്ടകളല്ല, മാന്യന്മാരായ ഗുണ്ടകള്‍. അവര്‍ക്കെതിരെ ഗുണ്ടാനിയമമുപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ കാണികളുടെ പൊട്ടിച്ചിരിയുടെ ശബ്ദമാണ് ഏറ്റവും അശ്ലീലം.
മറ്റെല്ലാ മേഖലയിലുമെന്നപോലെ ലോകത്തിന്റെ പല ഭാഗത്തും പാരിസ്ഥിതികമേഖലയില്‍ ഭീകരവാദ – തീവ്രവാദ പ്രവണതകള്‍ പ്രകടമാണ്. എന്നാല്‍ കേരളത്തിലെ പോരാട്ടങ്ങള്‍ എത്രയോ സമാധാനപരമാണ്. എന്നിട്ടാണ് ഗുണ്ടാ ആക്ട് ഭീഷണിയുമായി മുഖ്യമന്ത്രി മുന്നോട്ടുവരുന്നത്. അത് അംബാനിയുടെ ചാനലിലാണെന്നതും അര്‍ത്ഥഗര്‍ഭമാണ്. ബസിനുപോകാനുള്ള റോഡ് നിര്‍മ്മാണമോ കുടിവെള്ളത്തിനുള്ള കിണര്‍ നിര്‍മ്മാണത്തിനോ എതിരെ ഇവിടെ ആരെങ്കിലും പ്രതിഷേധമുയര്‍ത്തുന്നുണ്ടോ? എന്നാല്‍ ക്രമാതാതമായ സ്വകാര്യവാഹനങ്ങള്‍ക്കായി ന്യായമായ നഷ്ടപരിഹാരം പോലും നല്‍കാതെ വന്‍തോതില്‍പാവപ്പെട്ടവരുടെ ഭൂമി പിടിച്ചെടുത്ത് ടോള്‍ റോഡ് നിര്‍മ്മിക്കാനാണെങ്കില്‍ ചിലപ്പോള്‍ എതിര്‍പ്പുവരും. അതുപോലെ കുടിവെള്ള കച്ചവടക്കമ്പനിക്കോ വാട്ടര്‍ തീമ പാര്‍ക്കിനോ വേണ്ടി പുഴകളെ തിരിച്ചുവിട്ടാല്‍ എതിര്‍പ്പുയരും. വികസനത്തിന്റെ ദിശ എന്താണെന്നതുതന്നെയാണ് വിഷയം എന്നര്‍ത്ഥം.
സര്‍ക്കാരുകള്‍ പറയുന്ന വികസന പദ്ധതികള്‍ക്കെതിരെ കേരളത്തില്‍ നടന്ന പ്രധാന സമരങ്ങള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ എത്രമാത്രം ബാലിശമാണെന്നു ബോധ്യമാകും. സൈലന്റ് വാലിയില്‍ നിന്നാണ് ഇത്തരം സമരങ്ങള്‍ ശക്തിയാര്‍ജ്ജിച്ചത്. അന്നു സൈലന്റ് വാലി പദ്ധതിക്കായി ശക്തമായി രംഗത്തിറങ്ങിയ പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ ഇന്നവരത് പറയില്ലല്ലോ. കേരളത്തില്‍ പാരിസ്ഥിതികാവബോധം ശക്തമാകുന്നതില്‍ മുഖ്യപങ്കു വഹിച്ചത് ആ സമരമായിരുന്നു. പെരിങ്ങോം ആണവനിലയം, മാവൂര്‍ റയോണ്‍സ്, പ്ലാച്ചിമട, പൂയംകുട്ടി തുടങ്ങി ജനകീയസമരം മൂലം ഉപേക്ഷിക്കപ്പെട്ട മിക്കവാറും പദ്ധതികളുടെ കാര്യത്തിലും മുഖ്യമന്ത്രിയുടെ പാര്‍്ട്ടി എതിര്‍ പക്ഷത്തായിരുന്നു. പിന്നീട് ഒരുപരിധിവരെയെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയുകയും ചെയ്തു. ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാന്‍ കഴിയും. ഇപ്പോള്‍ സജീവമായ പുതുവൈപ്പിന്‍, കീഴാറ്റൂര്‍, കാതിക്കുടം, അതിരപ്പിള്ളി, ക്വാറിവിരുദ്ധ സമരങ്ങള്‍ പോലുള്ള സമരങ്ങളിലും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ മുഖ്യമന്ത്രി ഏറെകാലമെടുക്കും. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അതിനായി കാത്തിരിക്കാനാവില്ലല്ലോ. ഗുണ്ടാനിയമമല്ല, യുഎപിഎ ഉപയോഗിച്ചാലും തലതിരിഞ്ഞ വികസനത്തിനെതിരെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുകയേ ഉള്ളു.
എന്തൊക്കയാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എന്നത് വ്യക്തമല്ല. എന്തായാലും കീഴാറ്റൂരും പുതുവൈപ്പിനും അതിരപ്പിള്ളിയുമൊക്കെയായിരിക്കുമല്ലോ അത്. ഏതുതന്നെയായാലും കേരളത്തിലെ അവശേഷിക്കുന്ന പ്രകൃതി സമ്പത്തുകള്‍ നശിപ്പിക്കുന്നതും അന്തരീക്ഷമലിനീകരണം ശക്തമാക്കുന്നതും പാവപ്പെട്ട ജനവിഭാഗങ്ങളെ കുടിയൊഴിപ്പിക്കുന്നതുമാണെന്ന് വ്യക്തം. ഈ പറഞ്ഞ ഉദാഹരണങ്ങള്‍ തന്നെ പരിശോധിച്ചാല്‍ അതു വ്യക്തം.പുതുവൈപ്പിന്‍ ഗ്യാസ് പദ്ധതി വൈപ്പിന്‍ ജനതക്കുമീതെ സ്ഥാപിക്കുന്ന ആറ്റം ബോംബല്ലാതെ മറ്റെന്താണ്? കടലില്‍ നിന്നുള്ള മിനിമം ദൂരം എന്ന നിയമം പോലും അവിടെ ലംഘിക്കപ്പെടുകയാണ്. അതിരപ്പിള്ളി പദ്ധതി കാടിനേയും പുഴയേയും ആദിവാസികളേയുമെല്ലാം എങ്ങനെ ബാധിക്കുമെന്ന് എത്രയോ പഠനങ്ങള്‍ വന്നു കഴിഞ്ഞു. കീഴാറ്റൂരാകട്ടെ തകര്‍ക്കുന്നത് ഇനിയൊരു പദ്ധതിക്കായും പാടം നികത്തില്ല എന്ന സര്‍ക്കാര്‍ നിലപാടിനെ തന്നെയാണ്. പ്രധാനപ്പെട്ട മറ്റൊന്ന് വികസനത്തിന്റെ പേരില്‍ പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന ക്വാറികളാണ്. ഇത്തരത്തിലുള്ള ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ പദ്ധതികള്‍ക്കെതിരെ ശബ്ദിക്കുന്നവരെയാണ് മുഖ്യമന്ത്രി മാന്യരായ ഗുണ്ടകള്‍ എന്നു വിളിക്കുന്നത്. കുടിവെള്ളമില്ലാത്ത, മഴയില്ലാത്ത, മലയില്ലാത്ത, പുഴയില്ലാത്ത, പാറക്കെട്ടുകളില്ലാത്ത, പശ്ചിമഘട്ടം ഇല്ലാത്ത നവകേരളമാണോ മുഖ്യമന്ത്രി ലക്ഷ്യം വെക്കുന്നത്? നിര്‍ഭാഗ്യമെന്നു പറയട്ടെ കക്ഷി വ്യത്യാസമില്ലാതെ ഈ വികസനത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇവിടെ സംഭവിച്ച റിയല്‍ എസ്റ്റേറ്റ്/നിര്‍മ്മാണ വികസനമാണ് കേരളത്തെ തകിടം മറച്ചതില്‍ മുഖ്യപങ്കുവഹിച്ചത്. നാട്ടിന്‍പുറത്തെ തുണ്ടു ഭൂമികള്‍ റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതിയ ഇടത്തരക്കാരില്‍ നല്ലൊരു പങ്ക് മലയോരങ്ങളിലെ കന്നിമണ്ണിലാണ് കണ്ണ് വെച്ചത്. സംഘടിത വനംകയ്യേറ്റം പ്രോത്സാഹിപ്പിച്ചു. ഭൂമി മറിച്ചുവില്‍ക്കുന്ന ലോബികള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ രംഗത്തെത്തി. ടൂറിസം വികസനത്തിന്റെയും റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പേരില്‍ വനമേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനും നിയമം ലഘിച്ച് നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനും സംഘടിതമായ ശ്രമങ്ങള്‍ നടന്നു. വന്‍കിട വികസന പദ്ധതികള്‍ക്കും ഫ്‌ളാറ്റ് നിര്‍മ്മാണ വ്യവസായത്തിനും വിഭവങ്ങളൊരുക്കാന്‍ കുന്നുകള്‍ ഇടിച്ചുനിരത്തപ്പെട്ടു. പാറമടകളും കല്ലുടക്കുന്ന യന്ത്രഭീമന്മാരും പാറമണല്‍ ഫാക്ടറികളും പശ്ചിമഘട്ടത്തില്‍ വ്യാപകമായി. രാഷ്ട്രീയ നേതാക്കള്‍ നേരിട്ടും ബിനാമിയായും പെട്ടെന്ന് കോടീശ്വരന്‍മാരാകുന്നതിനുള്ള എളുപ്പവഴിയെന്ന നിലയില്‍ പാറമടകളിലേയ്ക്കും ചാടിയിറങ്ങി. കേന്ദ്രമന്ത്രിമാര്‍ മുതലുള്ളവര്‍ ഈ പുതുപ്പണക്കാരുടെ സംരക്ഷക വേഷം കെട്ടി. ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലെത്തി. അതോടൊപ്പം കാടുകയ്യേറ്റം, കാട്ടുതീയിടല്‍, അണക്കെട്ടുകളുടെയും റോഡുകളുടെയും വ്യാപനം, കുന്നിടിക്കല്‍, പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍, ഏകവിളത്തോട്ടങ്ങള്‍, രാസകൃഷി, നിയന്ത്രണമില്ലാത്ത തീര്‍ത്ഥാടനങ്ങള്‍. വിനോദസഞ്ചാരം, വനവിഭവക്കൊള്ള, നായാട്ട്, അനിയന്ത്രിതമായ കെട്ടിടനിര്‍മ്മാണങ്ങള്‍, പട്ടണവികസനം, അനഭിമത വ്യവസായങ്ങള്‍ തുടങ്ങിയവ പശ്ചിമഘട്ടത്തെ മുന്‍പില്ലാത്തവിധമുള്ള ദുരന്തത്തിലേക്ക് നയിച്ചു. മാറി മാറി ഭരിച്ച സര്‍ക്കാരുകളും പാര്‍ട്ടികളുമെല്ലാം അതിനുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു.
ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്. എന്നാല്‍ അതട്ടിമറിക്കാന്‍ എല്ലാവരും ഒന്നിക്കുകയായിരുന്നു.
മറുവശത്ത് 1960-62 കാലയളവില്‍ 7.90ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍പ്പാടങ്ങള്‍ അരനൂറ്റാണ്ടിനുള്ളില്‍ 1.91 ലക്ഷം ഹെക്ടറായി ചുരുങ്ങി. എന്നിട്ടും പാടങ്ങള്‍ നികത്താനുള്ള സംഘടിതനീക്കങ്ങള്‍ നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞ മാന്യന്മാരായ ഗുണ്ടകള്‍ നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നെല്‍പ്പാട – നീര്‍ത്തട സംരക്ഷണനിയമം പോലും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു. വ്യാവസായിക വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അവതരിപ്പിക്കപ്പെട്ട രാസവ്യവസായങ്ങള്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ചയിലോ തൊഴില്‍ മേഖലയിലോ ഗണ്യമായ മാറ്റങ്ങളൊന്നും വരുത്തിയില്ല. അക്കാര്യത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മ വന്‍തോതിലുള്ള പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായി. അതോടൊപ്പം തന്നെ പെരിയാറടക്കമുള്ള നദികള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ വിഷലിപ്തമാക്കി മാറി. ഇതിനെല്ലാം പുറമെ ജൈവവൈവിധ്യങ്ങളുടെ നാശത്തിലേക്കും താപനിലയിലെ വര്‍ദ്ധനവിനോടൊപ്പം സമുദ്രനിരപ്പ് ഉയരുന്നതിലേക്കും കാര്‍ഷിക ഉത്പാദന മേഖലയുടെ തകര്‍ച്ചയിലേക്കും കേരളത്തെ നയിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തിലാണ് മുഴുവന്‍ ജനാധിപത്യമര്യാദകളേയും വെല്ലുവിളിച്ചും താനലങ്കരിക്കുന്ന സ്ഥാനത്തെ വിലക്കെടുക്കാതേയും മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്ഥാവന നടത്തുന്നതും അംബാനിയുടെ ചാനല്‍ അത് നിരന്തരമായ പ്രക്ഷേപണം ചെയ്യുന്നതും. തീര്‍ച്ചയായും ഈ വാക്കുകള്‍ ഭാവി തലമുറയോടുകൂടിയുള്ള വെല്ലുവിളിയായി തന്നെ കാണേണ്ടിയിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply