മാധ്യമങ്ങള്‍ സുവര്‍ണ്ണപ്രതിപക്ഷമാകണം, സാമൂഹ്യപ്രവര്‍ത്തകരും

സിപിഎമ്മിനെ വിമര്‍ശിക്കലാണ് മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പ്രധാന പരിപാടിയെന്നത് കാലാകാലങ്ങളായി കേള്‍ക്കുന്ന വാദമാണ്. സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോള്‍ കാര്യമായി കേള്‍ക്കാറില്ലെങ്കിലും അധികാരത്തിലെത്തിയാല്‍ സ്ഥിരം പരിപാടിയാണിത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനുശേഷം ഈ പ്രചരണം വ്യാപകമാണ്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ച സംഭവവികാസങ്ങളെ തുടര്‍ന്ന് ഈ പ്രചരണം ഉച്ചസ്ഥായിയിലായി.. ഇപ്പോഴിതാ മന്ത്രി ശശീന്ദ്രനെ രാജിയിലേക്കു നയിച്ച് സംഭവവികാസങ്ങള്‍ അന്വേഷിച്ച കമ്മീഷന്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കണമെന്നു പറഞ്ഞതും ആഘോഷിക്കപ്പെടുന്നു. ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളം ചാനല്‍ ചെയ്തത് കേരളത്തില്‍ ഒരു മാധ്യമവും ന്യായീകരിച്ചിട്ടില്ല. നിലവിലെ […]

mm

സിപിഎമ്മിനെ വിമര്‍ശിക്കലാണ് മാധ്യമപ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പ്രധാന പരിപാടിയെന്നത് കാലാകാലങ്ങളായി കേള്‍ക്കുന്ന വാദമാണ്. സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോള്‍ കാര്യമായി കേള്‍ക്കാറില്ലെങ്കിലും അധികാരത്തിലെത്തിയാല്‍ സ്ഥിരം പരിപാടിയാണിത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനുശേഷം ഈ പ്രചരണം വ്യാപകമാണ്. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ച സംഭവവികാസങ്ങളെ തുടര്‍ന്ന് ഈ പ്രചരണം ഉച്ചസ്ഥായിയിലായി.. ഇപ്പോഴിതാ മന്ത്രി ശശീന്ദ്രനെ രാജിയിലേക്കു നയിച്ച് സംഭവവികാസങ്ങള്‍ അന്വേഷിച്ച കമ്മീഷന്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കണമെന്നു പറഞ്ഞതും ആഘോഷിക്കപ്പെടുന്നു.
ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളം ചാനല്‍ ചെയ്തത് കേരളത്തില്‍ ഒരു മാധ്യമവും ന്യായീകരിച്ചിട്ടില്ല. നിലവിലെ നിയമങ്ങള്‍ ഉപയോഗിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ അതിന്റെ മറവില്‍ മാധ്യമങ്ങളുടെ വായ് മൂടികെട്ടാനുള്ള നീക്കം അംഗീകരിക്കാനാവില്ല. എല്ലാ മേഖലയിലുമെന്ന പോലെ ഈ മേഖലയിലും മത്സരം രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രിയുടെയും മറ്റും പുറകില്‍ മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍ പോകുന്ന കാഴ്ച അശ്ലീമാണ്. അതൊക്കെ നേതാക്കള്‍ വിചാരിച്ചാല്‍ സ്വയം അവസാനിക്കുമെന്നുറപ്പ്. അത്തരം ചെറിയ വിഷയങ്ങളൊക്കെ ഊതിവീര്‍പ്പിക്കുന്നതിന്റഎ ലക്ഷ്യം മറ്റെന്തോ ആണ്.
സത്യത്തില്‍ പിണറായിയാണോ മാധ്യമങ്ങളാല്‍ ഏറ്റവും പീഡിപ്പിക്കപ്പെട്ട നേതാവ്? അല്ല എന്നതാണ് സത്യം. ആ പട്ടികയില്‍ ഒരുപക്ഷെ നമ്പര്‍ വണ്‍ കരുണാകരനായിരിക്കും. ചാരകേസ് ഏറ്റവും വലിയ ഉദാഹരണം. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയും സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയും നേരിട്ടതിന്റെ നാലിലൊന്നു മാധ്യമവിചാരണ പിണറായി നേരിട്ടിട്ടുണ്ടോ.. ഇല്ല എന്നതാണ് വാസ്തവം. സത്യത്തില്‍ തങ്ങള്‍ വിമാര്‍ശനാതീതരായ വിശുദ്ധപശുവാണെന്ന വിശ്വാസമാണ് ഇത്തരം പ്രചരണത്തിന്റെ അടിസ്ഥാനം. പലപ്പോഴും അത് ഏറ്റവും അശ്ലീലമാകുന്നതും കാണാം. തോമസ് ചാണ്ടിയുടെ വിഷയത്തില്‍ പിണറായിക്കു പറ്റിയ ജാഗ്രതകുറവിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, കാനത്തെ പോലുള്ളവരും എത്രമാത്രം ആക്ഷേപങ്ങള്‍ കേട്ടു എന്നതിന് അവരുടെ പ്രൊഫൈല്‍ പോയി നോക്കിയാല്‍ കാണാം. ഇപ്പോഴിതാ ഏഷ്യെനെറ്റ് എം ഡി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല എന്നാണ് പരാതി. സ്വകാര്യസ്ഥാപനങ്ങളായ മാധ്യമങ്ങള്‍ ചര്‍ച്ച നടത്താതാണോ, ദേശാഭിമാനി കൊണ്ടുവന്ന വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണോ കൂടുതല്‍ ഗുരുതരം എന്നതാകട്ടെ ഇവര്‍ ആലോചിക്കുന്നതുപോലുമില്ല.
വാസ്തവത്തില്‍ എന്താണ് മാധ്യമപ്രവര്‍ത്തകരുട ഉത്തരവാദിത്തം.? മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും അവരത് സന്തോഷത്തോടെ വാങ്ങുന്നതിനെ കുറിച്ചുമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി സായ്നാഥിന്റെ അഭിപ്രായം എത്രയോ പ്രസക്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പുറമെ നിന്നുള്ള ഓഡിറ്ററായതിനാല്‍ അത് ഉചിതമല്ല എന്നാണ് അദ്ദേഹം പറയുന്നത്. സത്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല എഴുത്തുകാര്‍, കലാകാരന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്. സര്‍ക്കാര്‍ പുരസ്‌കാരം നല്‍കേണ്ടത് മികച്ച സേവനം നടത്തുന്ന വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍, കളക്ടര്‍, പോലീസ്, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ്.
മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണ്. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യമാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തുിനില്‍ക്കേണ്ടവരാണല്ലോ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നു വിളിക്കപ്പെടുന്ന മാധ്യമങ്ങളും പിന്നെ മുകളില്‍ സൂചിപ്പിച്ച കലാകാരന്മാരും എഴുത്തുകാരും മറ്റും മറ്റും. അവര്‍ കൊടി പിടിച്ച് സമരത്തിനിറങ്ങണമെന്നല്ല. അങ്ങെ ഇറങ്ങുന്നതും ശരിയാണെന്നു പറയാനാകില്ല. കാരണം അങ്ങനെ ഇറങ്ങി ആ കൊടിയുടെ അവകാശികള്‍ അധികാരത്തിലെത്തിയാലും ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടെയിരിക്കും. അതിനാലാണ് യഥാര്‍ഥ എഴുത്തുകാരനോ മാധ്യമപ്രവര്‍ത്തകനോ ഒരു പാര്‍ട്ടിയുയുടേയും പക്ഷം പിടിക്കാനാവാത്തത്. അവരെന്നും ജനകീയ പ്രതിപക്ഷത്തായിരിക്കും. വൈലോപ്പിള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സുവര്‍ണ്ണപ്രതിപക്ഷം. ഇതൊന്നുമല്ല നടക്കുന്നത് എന്നു പറഞ്ഞാല്‍ അതു ശരിയാകാം. മിക്കവാറും മാധ്യമഉടമകള്‍ കോര്‍പ്പറേറ്റുകളായതിനാല്‍ അതു നടക്കുകയുമില്ല. ദളിത് രാഷ്ട്രപതിയും ഗവര്‍ണ്ണറും വൈസ് ചാന്‍സലറുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ദളിത് പത്രാധിപര്‍ ഉണ്ടാകുന്നില്ല എന്ന സായ്‌നാഥിന്റെ തുടര്‍ ചോദ്യങ്ങളെല്ലാം പ്രസക്തം തന്നെ. പക്ഷെ ചെയ്യേണ്ടത് ഇതല്ല എന്നും രാജസ്തുതിയാണെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ല. സംഘപരിവാര്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തങ്ങളെ വിമര്‍ശിക്കുന്നവരേയും സംഘികളാക്കി ചിത്രീകരിക്കുന്ന പ്രവണതയും ശരിയല്ല.
ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരായ ഇത്തരം വിമര്‍ശനങ്ങളും. സത്യത്തില്‍ മുഖ്യധാരാപ്രസ്ഥാനങ്ങളുടെ പിന്തുണ കാര്യമായി ഇല്ലാതെ നടക്കുന്ന ജനകീയ സമരങ്ങളുടേയെല്ലാം എതിര്‍പക്ഷത്ത് വരുന്നതാരാണ് എന്നു പറിശോധിക്കുക. സൈലന്റ് വാലി മുതല്‍ ഗെയ്ല്‍ വരെയുള്ള നൂറുകണക്കിനു ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവരില്‍ മുന്നില്‍ സിപിഎം തന്നെയായിരുന്നു. അത് ഭരിക്കുമ്പോഴായാലും പ്രതിപക്ഷത്തായാലും വലിയ വ്യത്യാസമില്ല. പരിസ്ഥിതി, ദളിത്, ആദിവാസി, ജെന്‍ഡര്‍ തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെ്ട്ട സമരങ്ങളിലും ഈ പ്രവണത കാണാം. സ്വാഭാവികമായും ആ സമരങ്ങളില്‍ ഇടപെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകര്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്നത് സ്വാഭാവികമല്ലേ.. അതിനേയും ഗൂഢാലോചനയായി കാണുന്ന സമീപനമാണ് സത്യത്തില്‍ ജനാധിപത്യവിരുദ്ധം. ഇത്തരം തെറ്റായ നിലപാടുകള്‍ തിരുത്താനാണ് പാര്‍ട്ടിയും അണികളും ഇനിയെങ്കിലും തയ്യാറാകേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply