മാണിയുടെ തുടര്‍ചലനങ്ങളും കേരളരാഷ്ട്രീയവും
കെ എം മാണി സൃഷ്ടിച്ച രാഷ്ട്രീയ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാല്‍ കേരള രാഷ്ട്രീയം വീണ്ടും സജീവമായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പുവരെ അഴിമതിക്കാരനായിരുന്ന മാണി മൂന്നു മുന്നണികള്‍ക്കും വിശുദ്ധനായി മാരിയെന്നതാണ് ഭൂകമ്പത്തിന്റെ അവസാനഫലം. മാണിക്കു പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും. മനം തുറക്കാതെയാണ് മാണിയുടെ പ്രയാണം. അപ്പോഴും യുഡിഎഫിനെതിരെ ശക്തമായ കടന്നാക്രമണമാണ് മാണി നടത്തുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്നോട് അനീതി കാണിച്ചു എന്നു തന്നെയാണ് മാണിയുടെ വിശ്വാസം. അല്ലെങ്കില്‍ നിയമസഭാംഗത്വത്തിന്റെ 50-ാം വര്‍ഷത്തില്‍ നാണം കെട്ട് മന്ത്രിസ്ഥാനത്തുനിന്ന് […]
കെ എം മാണി സൃഷ്ടിച്ച രാഷ്ട്രീയ ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാല്‍ കേരള രാഷ്ട്രീയം വീണ്ടും സജീവമായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പുവരെ അഴിമതിക്കാരനായിരുന്ന മാണി മൂന്നു മുന്നണികള്‍ക്കും വിശുദ്ധനായി മാരിയെന്നതാണ് ഭൂകമ്പത്തിന്റെ അവസാനഫലം. മാണിക്കു പരവതാനി വിരിച്ച് കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും.
മനം തുറക്കാതെയാണ് മാണിയുടെ പ്രയാണം. അപ്പോഴും യുഡിഎഫിനെതിരെ ശക്തമായ കടന്നാക്രമണമാണ് മാണി നടത്തുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്നോട് അനീതി കാണിച്ചു എന്നു തന്നെയാണ് മാണിയുടെ വിശ്വാസം. അല്ലെങ്കില്‍ നിയമസഭാംഗത്വത്തിന്റെ 50-ാം വര്‍ഷത്തില്‍ നാണം കെട്ട് മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങേണ്ടിവരുമായിരുന്നില്ല എന്നദ്ദേഹം കരുതുന്നു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നാണ് മാണിയുടെ ആരോപണം. കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ പലരും സംശയത്തോടെയാണ് നോക്കിക്കണ്ടതെന്നും തങ്ങളെ കോണ്‍ഗ്രസ് ഒന്നാം നമ്പര്‍ ശത്രുവായി കണ്ടെന്നും മാണി പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തെ യുഡിഎഫിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭവന നല്‍കിയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. യുഡിഎഫില്‍ ഭദ്രത ഇല്ലെന്ന് കണ്ടതിനാലാണ് മുന്നണി വിട്ടത്. സ്വന്തം വീട്ടില്‍ ഭദ്രത ഇല്ലെങ്കില്‍ നില്‍ക്കാന്‍ പറ്റില്ല. അതിനാല്‍ വീടുവിട്ടിറങ്ങി. സന്തോഷത്തോടെയല്ല അങ്ങേയറ്റം ദുഖത്തോടെയാണ് തീരുമാനം എടുത്തതന്നാണ് മാണി ഇപ്പോഴും പറയുന്നത്. മുന്നണി വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായാണ് എടുത്തതെന്നും മാണി വ്യക്തമാക്കി. ഇനി തങ്ങള്‍ ഒറ്റയ്ക്ക് നിന്ന് ശക്തിതെളിയിക്കുമെന്ന് മാണി വ്യക്തമാക്കി. 65 ലും 71 ലും ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ച പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. തങ്ങള്‍ എങ്ങോട്ട് പോകുന്നു എന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കുന്നതല്ലെന്ന് മാണി പറയുന്നു. പൊതുവഴിയില്‍ വിഴുപ്പലക്കുന്ന പണി തങ്ങള്‍ക്കില്ല. വഴിനീളെ പരാതി പറഞ്ഞ് നടന്നില്ല എന്നത് തങ്ങളുടെ മാന്യതയാണ്, ദൗര്‍ബല്യം അല്ല എന്നും മാണി കഴിഞ്ഞ ദിവസം കൂട്ടിചേര്‍ത്തു.
ഒറ്റക്കു നില്‍ക്കുമെന്നൊക്കെ പറയുമ്പോഴും അതു സാധ്യമല്ലെന്ന് മാണിക്കറിയാം. യുഡിഎഫില്‍ നിന്നിട്ടുപോലും തനിക്കു ലഭിച്ച് ഭൂരിപക്ഷം അദ്ദേഹത്തിനു പേടിസ്വപ്‌നമാണ്. ഒറ്റക്കുനിന്നാല്‍ ഒരുപക്ഷെ പിജെ ജോസഫ് ഒഴികെ ആരും വിജയിക്കില്ല എന്നും മാണിക്കറിയാം. മാണിയെ തിരിച്ചു കൊണ്ടുവരാന്‍ യുഡിഎഫ് തയ്യാറാണ്. ഉടനെ സ്വീകരിക്കാന്‍ എന്‍ ഡി എ തയ്യാറാണ്. അല്‍പ്പം സമയം കഴിഞ്ഞ് സ്വീകരിക്കാന്‍ എല്‍ ഡി എഫ് തയ്യാറാണ്. മൂന്നുകൂട്ടരും ഇന്നു മാണിക്കു നല്‍കുന്നത് ഗുഡ് സര്‍ട്ടിഫിക്കറ്റ്. അതാണ് കേരളരാഷ്ട്രീയത്തില ഏറ്റവും വലിയ സമകാലിക മാറ്റം. മാണിയോട് വളരെ സ്‌നേഹമുണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിയാക്കാന്‍ ആലോചിച്ചെങ്കിലും ബാര്‍ കോഴ കേസ് പുറത്തുവന്നതോടെ അദ്ദേഹത്തെ പെരുങ്കള്ളനായിട്ടായിരുന്നു എല്‍ ഡി എഫ് ചിത്രീകരിച്ചത്. മാണിയുടെ രാജിക്കായി എത്ര സമരങ്ങള്‍. ബജറ്റവതരണത്തിനെതിരെ നിയമസഭ കണ്ട കോപ്രായങ്ങള്‍.. അതെല്ലാം വി എസ് ഒഴികെയുള്ള സിപിഎം നേതാക്കള്‍ മറക്കുന്നു. സിപിഐ പതിവുപോലെ പിറുപിറുക്കുന്നു. ഉടനെ മാണിയെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും അധികം താമസിയാതെ എല്‍ ഡി എഫ് അതിനു തയ്യാറാകുമെന്നു കരുതാം. കാരണം വളരെ ലളിതം. ഭരണത്തുടര്‍ച്ച എന്നത് എല്‍ ഡി എഫിന്റേയും 10 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയാകുക എന്നത് പിണറായിയുടേയും സ്വപ്‌നമാണ്. അതിനുള്ള ഏക സാധ്യത കേരള കോണ്‍ഗ്രസ്സിനെ മുന്നണിയിലെടുക്കുക എന്നതാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനു വലിയ ശക്തിയൊന്നുമില്ലെന്നു ബോധ്യപ്പെട്ടു. ഇനി മാണി തന്നെ ശരണം. കുറച്ചുകാലം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്ന ശേഷം മാണി ഇടത്തോട്ടുതന്നെ വരുമെന്നുതന്നെയാണ് അവരുടെ പ്രതീക്ഷ. അപ്പോഴേക്കും മന്നണിക്കകത്തെ മുറുമുറുപ്പുകള്‍ അവസാനിപ്പിക്കാമെന്നും.
ഇതുതന്നെയാണ് യുഡിഎഫും ഭയപ്പെടുന്നത്. എന്തൊക്കെ പറഞ്ഞാലും മാണി ഇത്ര കഠിനമായ തീരുമാനെമെടുക്കുമെന്നവര്‍ കരുതിയിരുന്നില്ല. എന്തായാലും എല്ലാം പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കുകഴിയുമെന്ന് മറ്റു നേതാക്കള്‍ കരുതിയിരുന്നു. എന്നാല്‍ ചെന്നിത്തലയടക്കമുള്ളവരോട് കടുത്ത കലിയാണ് മാണിക്ക്. കെ ബാബുവടക്കമുള്ളവര്‍ക്ക് ലഭിച്ച സ്വാഭാവിക നീതി ഇത്രയും സീനിയറായ തനിക്കു ലഭിച്ചില്ല എന്നു തന്നെയാണ് മാണി ഇപ്പോഴും കരുതുന്നത്. മാണിയെ ആശ്വസിപ്പിച്ച് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ഇപ്പോള്‍ സജീവമാണ്. അതാണ് യുഡിഎഫിലെ എല്ലാ നേതാക്കളും മത്സരിച്ച് മാണിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
ഇനി എന്‍ ഡി എയുടെ കാര്യം. എത്രയോ കാലമായി അവര്‍ മാണിക്കായി പരവതാനി വിരിച്ചിരിക്കുന്നു. മാണിയെകൂടി കിട്ടിയാല്‍ ശരിക്കും ഒരു മുന്നണിയായി മാറുമെന്ന് അവര്‍ കരുതുന്നു. ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനമെന്ന വാഗ്ദാനം ഇപ്പോഴും നിലവിലുണ്ടെന്നാണറിവ്. എന്നാല്‍ എന്‍ഡിഎക്ക് ഈ ബന്ധം ഗുണം ചെയ്യുമെങ്കിലും തങ്ങള്‍ക്കത് ദോഷമാകുമെന്നാണഅ കേരള കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുതുന്നത്. എന്‍ഡിഎക്ക് വോട്ടുകൂടും, പക്ഷെ തങ്ങള്‍ക്ക് സീറ്റു കുറയുമെന്നവര്‍ക്കറിയാം. അതിനാല്‍ കുമ്മനത്തിന്റെ സ്വപ്‌നം നടക്കാനിടയില്ല. എങ്കിലും മാണിയുടെ സമദൂര സിദ്ധാന്തത്തിലാണവരുടെ പ്രതീക്ഷ.
അതിനിടെ ഈ സംഭവങ്ങള്‍ക്കിടയില്‍ ഒരു രക്തസാക്ഷിയുണ്ട്. സാക്ഷാല്‍ പിജെ ജോസഫ്. തൊടുപുഴക്ക് ജോസഫ് പ്രിയങ്കരനാണെങ്കിലും പാര്‍ട്ടിയില്‍ ഏറെക്കുറെ ഏകനാണ്. കൂടെയുണ്ടായിരുന്നവര്‍ നേരത്തെതന്നെ എല്‍ഡിഎഫിലെത്തി. ഇപ്പോള്‍ മാണിക്കും ഭാവി നേതാവാകാന്‍ പോകുന്ന മകനും മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണദ്ദേഹം. അതിനാല്‍ മൗനമായി മാണിയെ അനുസരിക്കാന്‍ മാത്രമാണ് ജോസഫിനാകുക.
സംഗതികളിങ്ങനെയാണെങ്കിലും രാഷ്ട്രീയനിരൂപകര്‍ ചൂണ്ടികാണിക്കുന്ന ഒരു പ്രധാന വിഷയമുണ്ട്. ഏറെക്കുറെ തുല്ല്യശക്തിയായി എല്‍ ഡി എഫും യുഡിഎഫും നിലനില്‍ക്കുകയും മാറി മാറി അധികാരത്തിലെത്തുകയും ചെയ്യുന്നത് സംസ്ഥാനത്തെ ജനാധിപത്യ സംവിധാനത്തിന് എത്രയോ ഗുണകരമാണെന്നതാണത്. യുഡിഎഫ് തകരുകയാണെങ്കില്‍ നഷ്ടപ്പെടുക ഈ സന്തുലനാവസ്ഥയായിരിക്കും. അതാദ്യം ഗുണം ചെയ്യുക എല്‍ഡിഎഫിനും ഭാവിയില്‍ ഗുണം ചെയ്യുക എന്‍ഡിഎക്കുമായിരിക്കും. എന്തായാലും അത് സൃഷ്ടിക്കുനന്ത് ഗുണകരമായ ഒരു അന്തരീക്ഷമായിരിക്കില്ല. അത്തരമൊരു സാഹചര്യം ഒഴിവാക്കുകയാണ് കേരളരാഷ്ട്രീയത്തിനു ഗുണകരമായി തീരുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in